ജോൺസൺ ചെറിയാൻ.
അകാരണമായി ചില സ്ഥാപനങ്ങളും കടകളും അമിതമായി ബില്‍ ഈടാക്കുന്നത് വലിയ അനീതിയെന്ന തരത്തില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ കൃത്യമായി കാരണം പറഞ്ഞ് ഈടാക്കിയ അമിത തുക കണ്ട് അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാത്ത അവസ്ഥയാണ് ചൈനയിലെ ഒരു യുവതിയ്ക്ക് ഉണ്ടായിരിക്കുന്നത്. വിശ്രമവേളകളെ ആനന്ദകരമാക്കാന്‍ ഒരു പബ്ബിലെത്തിയ അവരെ പബ്ബ് അധികൃതര്‍ തള്ളിവിട്ടത് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കാണ്. പബ്ബില്‍ ഊര്‍ജസ്വലയായി നിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടി വന്ന ദുരവസ്ഥയ്ക്കാണ് ചൈനയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി ഇരയായത്. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ ബൂം ഷേക്ക് ബാറില്‍ സുഹൃത്തുക്കളോടൊപ്പം അല്‍പ സമയം ചെലവഴിക്കുന്നതിനായി ഒരു വിഐപി ബൂത്ത് ബുക്ക് ചെയ്തതായിരുന്നു യുവതി. ആഘോഷമെല്ലാം കഴിഞ്ഞ് ബില്‍ വന്നപ്പോള്‍ യുവതിയ്ക്ക് ഒരു പന്തികേട് തോന്നി. ബില്ലില്‍ അധികമായി 300 യുവാന്‍ (ഏകദേശം 3400 രൂപ) എഴുതിയിട്ടുണ്ട്. അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി കേട്ട് യുവതിയുടെ തലചുറ്റിപ്പോയി. പബ്ബിലെ വൈബിന് സെറ്റാകാത്ത പെരുമാറ്റമായിരുന്നു അവരുടേതെന്നും വേണ്ടത്ര ഊര്‍ജസ്വലയായിരുന്നില്ലെന്നും വിശദീകരിച്ച് പിഴയായി ഈടാക്കിയതാണേ്രത ആ തുക.