ജോൺസൺ ചെറിയാൻ.
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും സിദ്ദിഖും തമ്മിൽ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാനാണ് ഫർഹാന ബാഗിൽ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടർന്ന് സുദ്ദിഖിനെ ആഷിക് ചവിട്ടി വീഴ്ത്തി. ഫർഹാന നൽകിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.
ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ പറഞ്ഞു.