പി പി ചെറിയാൻ.
ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും ഇരുമ്പഴുക്കൾക്കുള്ളിൽ ചെലവഴിക്കുകയും ചെയ്ത റൈറ്റിന് ഒടുവിൽ കാത്തിരുന്ന വിമോചനം ലഭിച്ചു.
ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുന്പ് ഗൽവുഡ് പരിസരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ 17 വയസ്സുകാരനെ മാസങ്ങൾക്കു ശേഷമാണ് ചിക്കാഗോ പോലീസ് പിടികൂടുന്നത്.ആ 17 വയസ്സുകാരന് ഇപ്പോൾ 46 വയസ്സായി . 28 വർഷത്തെ തടവിന് ശേഷം, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് കുറ്റങ്ങൾ പിൻവലിക്കുകയായിരുന്നു
റൈറ്റിന്റെ അറസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ കൗമാരക്കാരനെ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടത് .ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇരട്ടക്കൊലപാതകത്തിന് കുടുക്കിയെന്നാണ് ഡേവിഡ് റൈറ്റ് പറയുന്നത്
“17 വയസ്സുള്ള കുട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് 14 മണിക്കൂർ ചോദ്യം ചെയ്യുക,. “ദിവസാവസാനം, അവനെക്കൊണ്ട് കുറ്റസമ്മതത്തിൽ ഒപ്പിടുവിപ്പിക്കുകയും ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ഒരു ജുവനൈൽ എന്ന നിലയിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തതായി ” റൈറ്റിന്റെ അഭിഭാഷകൻ ഡേവിഡ് ബി. ഓവൻസ് പറഞ്ഞു
സുഹൃത്തുക്കളായ ടൈറോൺ റോക്കറ്റിനെയും റോബർട്ട് സ്മിത്തിനെയും കൊലപ്പെടുത്തിയതിന് 1994 ഓഗസ്റ്റിലാണ് ഡേവിഡ് റൈറ്റ് ആദ്യമായി അറസ്റ്റിലാകുന്നത്. ശിക്ഷാവിധിക്ക് ശേഷവും നിരപരാധിയാണെന്ന് വാദിച്ചു സമർപ്പിച്ച അപേക്ഷയിൽ, കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുന്ന ശാരീരിക തെളിവുകളൊ,അല്ലെങ്കിൽ ഒരു ദൃക്‌സാക്ഷിയും കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായെന്നു റൈറ്റ് വാദിച്ചിരുന്നു .