ജോൺസൺ ചെറിയാൻ.
ചെന്നൈ : ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ തുടർന്നാണിത്. 12% ശതമാനം വരെ വില വർധിക്കാനിടയുണ്ടെന്നു മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അറിയിച്ചു.അവശ്യമരുന്നുകളുടെ ദേശീയ പട്ടികയുടെ ഭാഗമായ 384 മരുന്നു തന്മാത്രകൾ (മോളിക്യൂൾസ്) ഉൾപ്പെടുന്ന 900 മരുന്നുകളുടെ (ഫോർമുലേഷൻസ്) വിലയാണു വർധിക്കുക. ഇവ നിലവിൽ വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടവയാണ്. വില നിയന്ത്രണത്തിനു പുറത്തുള്ള നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും 10 % വർധനയുണ്ടാകും. തുടർച്ചയായി രണ്ടാം വർഷമാണു വില നിയന്ത്രണ പട്ടികയിലുള്ള മരുന്നുകളുടെ വില നോൺ-ഷെഡ്യൂൾഡ് മരുന്നുകളെക്കാൾ വർധിക്കുന്നത്.