നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ ജനുവരി 22 ഞായറാഴ്ച ‘എക്യൂമിനിക്കല്‍ സണ്ടെ’ യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ആരാധനയില്‍ വചന ശ്രുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റവ.ഷൈജു.
ക്രിസ്തീയ സഭകളില്‍ ഇന്ന് കാണുന്ന അധികാര തര്‍ക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ എന്തിനു പള്ളിയില്‍ പോകണം, അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചന്‍ പറഞ്ഞു.
എക്യൂമിനിസം എന്ന വാക്കിന് സഭകള്‍ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങള്‍ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തില്‍ അനുയോജ്യമായിരിക്കുന്നത്.
എല്ലാ മതങ്ങള്‍ക്കും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവത്തില്‍ വിശ്വാസമുണ്ട്. ഈ തലത്തില്‍ നിന്നുകൊണ്ടു ലോകത്തിന്റെ നന്മക്കും, പുരോഗതിക്കും വേണ്ടി വൈവിധ്യങ്ങള്‍ നിലിനല്‍ക്കുമ്പോള്‍ തന്നെ ഒന്നിച്ചു പ്രവര്‍ത്തുക്കുവാന്‍ സാധിക്കുമ്പോള്‍ മാത്രമേ എക്യൂമിനിസത്തിന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ കഴിയൂ എന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.
മാര്‍ത്തോമാ, സി.എസ്.ഐ., സി.എന്‍.ഐ. സഭകളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണ് എക്യൂമിനിക്കല്‍ ഞായര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആരംഭത്തില്‍ തന്നെ മാര്‍ത്തോമാ സഭക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അച്ചന്‍ കൂട്ടിചേര്‍ത്തു. പ്രത്യേക ശു്ശ്രൂഷക്ക് ജോതം പി. സൈമണ്‍, ബിനു തര്യന്‍, അലക്‌സ് കോശി, അനിയന്‍ മേപ്പറും ഡോ.തോമസു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.