ജോൺസൻ ചെറിയാൻ.
മല്ലപ്പള്ളി : രണ്ടുദിവസം മുൻപ് തങ്ങളോട് യാത്രപറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അഞ്ചംഗ സംഘത്തിലെ 3 പേരുടെ വേർപാടിന്റെ വാർത്ത മല്ലപ്പള്ളി നൂറോമ്മാവ് പ്രദേശത്തെ കണ്ണീരിലാഴ്ത്തി.നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് മരിച്ച റാബിൻ ഹമൽ, രാജു ഠാക്കൂർ, അനിൽ ഷാഹി എന്നിവർ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം 2 ദിവസം മുൻപാണ് നൂറോമ്മാവിൽ വന്നു മടങ്ങിയത്. ഈ മടക്കയാത്രയ്ക്കിടെയാണ് അവർ അപകടത്തിൽപെട്ടതും. 4 പതിറ്റാണ്ടിലേറെ നേപ്പാളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്ന തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചൻ–76) സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ നൂറോമ്മാവിലെത്തിയത്.മാത്യു ഫിലിപ് ഇവർക്ക് പിതൃതുല്യനായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുറ്റത്തുമാവ് ബ്രദറൻ സഭാ സെമിത്തേരിയിൽ നടന്ന മാത്യു ഫിലിപ്പിന്റെ സംസ്കാര ശുശ്രൂഷയിൽ സജീവമായി പങ്കെടുത്ത ഇവർ ഗാനങ്ങളും ആലപിച്ചിരുന്നു.പുലർച്ചെ 5ന് മല്ലപ്പള്ളിയിൽ എത്തിയ ഇവർ ചടങ്ങുകൾ പൂർത്തിയാക്കി വൈകുന്നേരം 7 മണിയോടെയാണ് നേപ്പാളിലേക്ക് മടങ്ങിയത്.മാത്യു ഫിലിപ്പിന്റെ സംസ്കാരശുശ്രൂഷയോടനുബന്ധിച്ച് ഇന്നലെ നേപ്പാളിലും നാട്ടിലുമുള്ള പ്രിയപ്പെട്ടവരെ ഉൾപ്പെടുത്തി ഓൺലൈൻ യോഗം ചേരാനിരിക്കെയാണ് മൂവരുടെയും ആകസ്മിക വേർപാട്.