Friday, May 24, 2024
HomeLiteratureഅജ്ഞാതസഹായഹസ്തം. (കഥ)

അജ്ഞാതസഹായഹസ്തം. (കഥ)

ഷെരീഫ് ഇബ്രാഹിം.
(അനേക വർഷങ്ങളായി ആദ്യമൊക്കെ മാസികകളിലും പിന്നെ ഫേസ്ബുക്കിലും എഴുതിയിട്ടുള്ള നൂറോളം കഥകൾക്ക് ഞാൻ തന്നെയാണ് ക്ലൈമാക്സ്‌ എഴുതാറ്. എന്നാൽ ആദ്യമായി ഈ കഥയ്ക്ക് ഞാൻ ക്ലൈമാക്സ്‌ എഴുതാതെ പകരം രണ്ടു ഓപ്ഷൻ എഴുതുന്നു. മാന്യവായനക്കാർ അതിൽ നിന്ന് ഒരെണ്ണം എടുത്തെഴുതുക – നിങ്ങളുടെ ഷെരീഫുക്ക)
ആകസ്മികമായി എന്റെ ഭർത്താവിന്റെ അപകടമരണത്തിന് ശേഷം പലപ്പോഴും ആൽമഹത്യ ചെയ്യാൻ തോന്നുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ദൈവം തന്ന ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ദൈവത്തിന് മാത്രമേയുള്ളൂവെന്നും അല്ലാത്തപക്ഷം ആൽമഹത്യ ചെയ്‌താൽ സ്ഥിരമായി നരകത്തിലേക്കായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.
നടന്നു വന്നിരുന്ന ഭർത്താവിന്റെ ദേഹത്ത് വളരെ വേഗതയിൽ വന്ന ഒരു കാറിടിച്ചു. അപ്പോൾ തന്നെ എല്ലാം കഴിഞ്ഞു. അഞ്ചു വയസ്സായ അലെക്സിനെ എന്നെ ഏൽപ്പിച്ചു സ്റ്റീഫൻ ചേട്ടൻ അന്ത്യകൂദാശകളെല്ലാം കൈകൊണ്ട് കർത്താവിലെക്കു യാത്രയായി. വണ്ടി ഓടിച്ചിരുന്ന ആൾക്ക് ലൈസെൻസ് ഇല്ലാതിരുന്നത് കൊണ്ടും മദ്യപിച്ചു വാഹനം ഓടിച്ചത് കൊണ്ടും ഇൻഷൂരൻസ് കിട്ടിയില്ല.
‘മേരിയുടെ വീടല്ലേ?’ പുറത്ത് നിന്നാരോ ചോദിക്കുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.
‘ഒരു മണിയോർഡർ ഉണ്ട്’. പോസ്റ്റ്‌മാൻ പറഞ്ഞിടത്ത് ഒപ്പിട്ട് സംഖ്യ കൈപ്പറ്റി. അയക്കുന്ന ആളുടെ വിലാസം നോക്കി. അത് യഥാർത്ഥമല്ലെന്ന് എനിക്കറിയാം. ചേട്ടൻ മരണപ്പെട്ട മാസം മുതൽ ഒരു മാസത്തെ ചിലവിനുള്ള പൈസ അയച്ചു തരുന്നു, എല്ലാ മാസവും. ആദ്യം മലപ്പുറം വളാഞ്ചേരിയിൽ നിന്നും ഒരു കാദെർ ആയിരുന്നു പണം അയച്ചത്.
ആ പണം തിരിച്ചയച്ചു. പക്ഷെ, അങ്ങിനെ ഒരു അഡ്രസ്‌കാരൻ ഇല്ലെന്ന് പറഞ്ഞു തുക മടക്കി. പിന്നെ തൃശ്ശൂർ തൃപ്രയാറിൽ നിന്നും ഒരു കൃഷ്ണൻകുട്ടി, കോട്ടയം പാലയിൽ നിന്നും ഒരു ജോസ്. അതൊക്കെ തന്നെ ഇത് പോലെ തിരിച്ചയച്ചെങ്കിലും അഡ്രസ്‌കാരൻ ഇല്ലെന്നു പറഞ്ഞ് തിരിച്ചു വന്നു. പള്ളിയിലെ അച്ചന്റെ ഉപദേശപ്രകാരം പിന്നെ വരുന്ന പൈസകൾ തിരിച്ചയക്കാതെയായി.
മകനെ സ്കൂളിൽ ചേർക്കേണ്ട സമയമായി. പച്ചമാങ്ങ വേഗം പഴുക്കാനായി തല്ലിപ്പഴുപ്പിച്ചാൽ അതിന്റെ സ്വാദ് കുറയുമല്ലോ? അത് പോലെ സൊസൈറ്റിയിൽ ഗമ കാണിക്കാൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർക്കുന്ന ഒരു പ്രവണത കാണാറുണ്ട്‌. എന്നാൽ നല്ല സമർത്ഥരായ കുട്ടികളെ അങ്ങിനെ ചേർക്കുന്നതിൽ തെറ്റില്ല, ചേർക്കണമെന്നാണ് എന്റെ അഭിപ്രായം.
എന്റെ മകനുമായി അച്ഛൻ സംസാരിച്ചു. അവനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുന്ന കാര്യം നോക്കണമെന്ന് എന്നോട് ഉപദേശിക്കുകയും ചെയ്തു.
‘ അച്ചോ.. അതിന് ഒരു പാട് പണച്ചിലവ് ഇല്ലേ?’ ഞാനെന്റെ സംശയം പ്രകടിപ്പിച്ചു.
‘മകളേ….. കേട്ടിട്ടില്ലേ… ആകാശത്തിലെ പറവകൾ കൊയ്യുന്നില്ല, വിതക്കുന്നില്ല എന്ന്..’ ഇത് പറഞ്ഞു അച്ഛൻ മേടയിലേക്ക് പോയി.
വരുന്നിടത്ത് കാണാം എന്ന് കരുതി മകനെയും കൊണ്ട് സ്കൂളിലേക്ക് ചെന്നു. കയ്യിലുണ്ടായിരുന്ന വള പണയം വെച്ച് ആ പണം കരുതിയാണ് ചെന്നത്.
എല്ലാ പണികളും തീർത്ത് പണമടക്കാനായി കാഷ് കൌണ്ടറിൽ ചെന്നു. കണക്ക് പറഞ്ഞ സംഖ്യ കൊടുക്കാൻ തുനിഞ്ഞപ്പോൾ ആ പണം അഞ്ചു മിനിറ്റ് മുമ്പ് ഒരാൾ അടച്ചു എന്നാണ് കേഷ്യർ പറഞ്ഞത്. ഇതെന്തൊരു മറിമായം എന്ന് ഞാൻ ആലോചിച്ചു. അപ്പോൾ ആ കേഷ്യർ തുടർന്ന് പറഞ്ഞു..’മാഡം, നിങ്ങളുടെ മകന്റെ ഒരു വർഷത്തെ ഫീസും മറ്റെല്ലാ ചിലവുകളും അഡ്വാൻസായി അടച്ചത് ഒരു രവി മേനോനാണ്. ഞാൻ ആ രവി മേനോന്റെ ഫോൺ നമ്പർ വാങ്ങി ഫോൺ ചെയ്തു. അങ്ങിനെ ഒരു നമ്പർ ഇല്ലെന്നായിരുന്നു കമ്പ്യൂട്ടർ മറുപടി തന്നത്.
വർഷങ്ങൾ കഴിഞ്ഞു. മകൻ നല്ല മാർക്കോടെ പാസ്സായി. ഇന്നവൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. എല്ലാ വർഷത്തേക്കുള്ള ഫീസുകളും ചിലവുകളും ആരോ അടക്കുന്നു. എന്റെ സ്റ്റീഫെൻ ചേട്ടൻ മരിച്ചത് മുതൽ എല്ലാ മാസവും വീട്ടുചിലവിനായി ആരൊക്കെയോ പൈസ അയക്കുന്നു. ആദ്യമൊക്കെ ആ വ്യക്തികളെ കണ്ടു പിടിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ.. പിന്നീട് ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്മാറി.
ഒരു ദിവസം പനിച്ചു കൊണ്ടാണ് അലക്സ്‌ മോൻ സ്കൂളിൽ നിന്നും വന്നത്. എത്രയും പെട്ടെന്ന് അടുത്തുള്ള ഒരാശുപത്രിയിൽ കൊണ്ട് പോയി. ഉടനെ മറ്റൊരു ആശുപത്രിയിൽ കൊണ്ട് പോകാൻ റെഫർ ചെയ്തു. എന്തൊക്കെ പരീക്ഷണമാണ് ദൈവമേ എന്ന് ഞാൻ ആലോചിച്ചു.
ആ വലിയ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നു. മകനെ കാണാൻ അച്ഛൻ വന്നു.
‘അച്ചോ ഈശോമിശിയാക്ക് സ്തുതിയായിരിക്കട്ടെ’. ഞാൻ അഭിവാദ്യം ചെയ്തു.
‘എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..’ അച്ഛൻ പ്രത്യാഭിവാദ്യം ചെയ്തു.
ഞാൻ കരഞ്ഞു കൊണ്ട് അച്ഛനോട് പറഞ്ഞു..’അച്ചോ…..’ ഞാൻ പറയുന്നത് മുഴുമിപ്പിക്കുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞു. ‘മോളേ, നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്കറിയാം… പൈസയെപ്പറ്റിയല്ലേ? അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് അത്താഴം കൊടുത്ത ഈശോമിശിഹാ ഒരു വഴികാണിക്കും മകളെ’ എന്നും പറഞ്ഞു അച്ചൻ ഡോക്ടറെ കാണാൻ പോയി.
ഒരാഴ്ച്ചകൊണ്ട് മകന്റെ അസുഖമെല്ലാം മാറി. ബില്ലടക്കാൻ ചെന്നപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ ആരോ കുറച്ചു മുമ്പ് അടച്ചു കഴിഞ്ഞു എന്ന മറുപടിയാണ് കിട്ടിയത്. പഴയപോലെ അതാരാണെന്ന് ഞാൻ അന്വേഷിക്കാൻ പോയില്ല.
ഇന്ന് നവംബർ രണ്ട്. എല്ലാ വർഷത്തേയും പോലെ ഇന്നും ചേട്ടന്റെ കല്ലറയിലേക്ക് പോയി. ഇന്നാണ് മരിച്ചവരോടുള്ള ഓർമദിനം. ഞാൻ കല്ലറയിലേക്ക് ചെല്ലുമ്പോൾ ഒരാൾ അവിടെ നിന്നും പോകുന്നത് കണ്ടു. ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. കല്ലറയിൽ കണ്ട മനുഷ്യൻ അച്ഛനുമായി സംസാരിക്കുന്നത് കണ്ടു. ഞാൻ മാറി നിന്നു.
‘അച്ചോ, ലൈസെൻസില്ലാതെ മദ്യപിച്ചു വണ്ടി ഓടിച്ചത് കൊണ്ടാണല്ലോ ആ അപകടം ഉണ്ടായത്. അതിനെ എന്നെ കോടതി തടവിന് ശിക്ഷിച്ചു. പക്ഷെ, ആ കുടുംബത്തിന് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. ഞാനാണച്ചോ പല പേരുകളിൽ പൈസ അയച്ചു കൊണ്ടിരുന്നത്. എന്റെ പേര് സൈമൺ എന്നാണു.’
അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഇടയിൽ കയറി അച്ഛൻ പറഞ്ഞു. ‘അതെനിക്കറിയാം. നീ ആശുപത്രിയിൽ ബില്ലടക്കുന്നത് ഞാൻ കണ്ടു.’
‘ഞാനൊരു കാര്യം പറയാനും ഉപദേശം തെടാനുമാണ്‌ അച്ഛന്റെ അടുത്ത് വന്നത്’.
‘പറയൂ കേൾക്കട്ടെ’. അച്ഛന്റെ സംസാരത്തിൽ ഒരു മിതത്വം. വിവരം അറിയാൻ ഞാൻ കാത്കൂർപ്പിച്ചു നിന്നു.
‘ഞാൻ ഒന്നും ഉദ്യേശിച്ചല്ല ഇത് ചെയ്തത്. പക്ഷെ ആ സ്ത്രീയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കയ്യബദ്ധം കൊണ്ടുണ്ടായ തെറ്റ് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതോടെ മദ്യം കഴിക്കൽ നിറുത്തി അച്ചോ. ഞാനിത് വരെ വിവാഹം കഴിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു നിറുത്തി.
‘മദ്യമാണ് ഇതൊക്കെ ഉണ്ടാവാൻ കാരണം അല്ലെ?’ ഇതായിരുന്നു അച്ഛന്റെ മറുപടി. എന്നിട്ട് അച്ചൻ തുടർന്നു. ‘സൈമൺ ഇപ്പോൾ പോവുക. മേരി ഇന്ന് പള്ളിയിലേക്ക് വരാൻ ചാൻസ് ഉണ്ട്. ഞാൻ അവളുമായി സംസാരിക്കട്ടെ.’
അദ്ദേഹം പുറത്തേക്ക് വരുന്നു എന്ന് മനസ്സിലായപ്പോൾ ആ മനുഷ്യൻ കാണാതിരിക്കാൻ ഞാൻ മാറി നിന്നു. അയാൾ പോയപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.
‘മേരി, ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഇപ്പോൾ ഉദേശിക്കുന്നത്. നിനക്ക് ചിലവിന് പൈസ പല പേരുകളിൽ അയച്ചു തന്നതും മറ്റു ചിലവുകളും അയച്ചു തന്നതും സ്റ്റീഫെന്റെ മരണത്തിന് കാരണക്കാരനായ സൈമൺ എന്നയാളാണ്‌. ഒന്നും ഉദ്യേശിച്ചല്ല അയാൾ ഇത് ചെയ്തത്. ഇപ്പോൾ നിന്നെ വിവാഹം കഴിക്കാൻ സൈമൺ ആഗ്രഹിക്കുന്നു. അയാൾ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. നീ വിവാഹത്തിന് സമ്മതിച്ചാലും ഇല്ലെങ്കിലും അവൻ നിന്റെ കുടുംബത്തെ നോക്കും’. അച്ചൻ പറഞ്ഞുനിറുത്തി.
‘എനിക്കൊന്നും ആലോചിക്കാനില്ല. ഇപ്പോൾ തന്നെ മറുപടി പറയാം. അച്ചോ…………………………………………..’
———————————————————-
മേരിയുടെ മറുപടി പ്രിയപ്പെട്ട എന്റെ വായനക്കാർ പൂരിപ്പിക്കുക.
1. അച്ചോ.. എന്തൊക്കെ പറഞ്ഞാലും എന്റെ സ്റ്റീഫൻ ചേട്ടന്റെ മരണത്തിന് കാരണക്കാരനായ എന്നെ ചെറുപ്പത്തിലെ വിധവയാക്കിയ അയാളുമായി ഒരു ബന്ധം വേണ്ട. എനിക്കയാളെ വെറുപ്പാണ്.
2. അച്ചോ.. മദ്യത്തിന്റെ അടിമത്തത്തിന് വഴിയായി അയാൾക്ക്‌ വന്ന ഒരു കയ്യബദ്ധം അല്ലെ? അത് മാത്രമല്ല, അയാൾ മദ്യം ഉപേക്ഷിച്ചു. ഒന്നും ഉദ്ദേശിക്കാതെ ഞങ്ങൾക്ക് ചിലവിന് തന്നു. എനിക്ക് സമ്മതമാണ്.
RELATED ARTICLES

Most Popular

Recent Comments