Thursday, April 25, 2024
HomeLiteratureഅമരം. (കഥ)

അമരം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അവളെ ഇനിയും പഠിപ്പിക്കണമെന്ന തീരുമാനം ആദ്യമേ എടുത്തു. പ്ലസ് ടൂ പാസ്സായ എന്റെ മകൾ സൈരാഭാനുവിനെ എന്ത് പഠിപ്പിക്കണം എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ 3rd year SSLC പാസായ എനിക്കും BA (ലിറ്ററെച്ചർ) പാസ്സായ എന്റെ ഭാര്യ സാറക്കും നടന്നും ഇരുന്നും മൂന്ന് ദിവസം ആലോചിച്ചിട്ടും കഴിഞ്ഞില്ല.
അങ്ങിനെയിരിക്കെ എന്റെ മാമ പറഞ്ഞ കാര്യം ഒരു വഴിത്തിരിവായി.
‘ജബ്ബാറെ അവളെ കൊയമ്പത്തൂർ കോളേജിൽ എഞ്ചിനീയറിങ്ങിനു ചേർത്തിക്കൂടെ?’
ആ വാക്ക് നടപ്പാക്കാൻ തീരുമാനിച്ചു. മുസ്ലിം പെണ്കു്ട്ടികളെ ഇത്ര ദൂരത്തേക്ക് പഠിപ്പിക്കാൻ വിടുന്നതിൽ എതിർപ്പുകൾ. അതൊക്കെ തൃണവൽഗണിച്ചു. ചീത്തയാവാൻ വിചാരിച്ചാൽ നാട്ടിലും ചീത്തയായിക്കൂടെ?
ഫോണിലൂടെ കോളേജ് പ്രിൻസിപ്പാളിനോട് സീറ്റ്‌ ആവശ്യപ്പെട്ടു. എന്തോ ദൈവാധീനം ഒരു സീറ്റ്‌ എന്റെ പുന്നാരമകൾ സൈരഭാനുവിന്നായി റിസേർവ് ചെയ്യാമെന്ന് ഉറപ്പ് കിട്ടി. മേൽകാര്യങ്ങൾക്കായി കോയമ്പത്തൂരിലെ തന്നെ എന്റെ ഒരു ബന്ധുവിനെ കാര്യങ്ങൾ ഏല്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു ബന്ധുവിന്റെ ഒരു ഫോണ്‍കാൾ ‘ജബ്ബാർക്ക, കോളേജിൽ അഡ്മിഷൻ ഇല്ല’.
എനിക്ക് തലചുറ്റുന്നത്‌ പോലെ തോന്നി. തന്റെ മകളുടെ ഒരു വർഷത്തെ നഷ്ടം ആലോചിക്കാൻ വയ്യ. പ്രിൻസിപ്പൽ ഈ കൊലച്ചതി ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു ‘ആരാണ് പൈസയും കൊണ്ട് കോളേജിൽ പോയത്?’
ഇവിടെ ജോലി ചെയ്യുന്ന ഒരു തമിഴൻ പയ്യനാണെന്ന് മറുപടി.
അവന്റെ കയ്യിൽ ഫോണ്‍ കൊടുക്കാൻ പറഞ്ഞു. അറിയാവുന്ന തമിഴിൽ ചോദിച്ചു ‘ഉങ്കൾ കാളേജിൽ പോയോ?’
പോയിരുന്നെന്നും അഡ്മിഷൻ ഇല്ലെന്ന് ബോർഡ് ഉണ്ടെന്നും അവന്റെ മറുപടി.
ആ ബോർഡിൽ എന്താണ് എഴുതിയതെന്ന് വീണ്ടും ചോദിച്ചു.
ആ പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലുള്ള ബോർഡിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ ഓരോന്നായി അവൻ പറഞ്ഞു. അത് ഇതായിരുന്നു. NO ADMISSION. പിന്നെ വീണ്ടും കോളെജിലേക്ക് ആളെ പറഞ്ഞയച്ച് അഡ്മിഷൻ നേടി. എനിക്കും സാറക്കും പെരുത്ത്‌ സന്തോഷം.
ഇനി ചച്ചര മോളെ (സൈരഭാനുവിന്റെ സംസാരരീതി കടമെടുത്തതാണ്, ‘ക’ എന്ന് പറയേണ്ടിടത്ത് ‘ച’ എന്നെ പറയാറുള്ളൂ.) കോളേജിൽ കൊണ്ട് ആക്കണം. ആലോചിക്കാൻ വയ്യ. അല്ലെങ്കിലും ഇതൊക്കെ ഒരു ജീവിതമല്ലേ, അവളെ ഇനി വിവാഹം കഴിച്ചു കൊടുത്താലും അവൾ മറ്റൊരു കുടുംബത്തിലേക്ക് പോകില്ലേ. എല്ലാം സഹിക്കുക തന്നെ എന്ന് ആശ്വസിച്ചു.
കോളേജിൽ സൈരായെ കൊണ്ട് ചെന്നാക്കേണ്ട ദിവസമായി. അല്ലെങ്കിലും ഞാൻ ഒരു പ്രത്യേക സ്വാഭാവക്കാരനാണ്. മക്കളോടെന്നല്ല ആരോടുമുള്ള സ്നേഹം പുറത്ത് കാണിക്കാതെ മനസ്സിൽ മാത്രം കൊണ്ട് നടക്കുന്ന ഒരു സ്വഭാവം.
പുലർച്ചെ തന്നെ വണ്ടിയിൽ കുടുംബസമേതം കൊയമ്പത്തൂർക്ക് പോയി. മകളുടെ ‘ക’ എന്നതിന്ന് പകരം ‘ച’ എന്ന് കേൾക്കാൻ വേണ്ടി മാത്രം കുറെ സംസാരിച്ചു.
കോയമ്പത്തൂർ കോളേജിൽ എത്തി. അഡ്മിഷൻ ശെരിയാക്കി. നോമ്പ് മാസമാണ്. തന്റെ മോൾക്ക്‌ നോമ്പ് എടുക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാവുമോ എന്ന വേവലാതിക്ക് തടയിട്ടു കൊണ്ട് അഡ്മിഷനു വന്ന ഒരു തട്ടമിട്ട കുട്ടിയെ കണ്ടു. പരിചയപ്പെട്ടു. ജസ്മി എന്നാണ് പേര്, വീട് കോഴിക്കോട്. ആ കുട്ടിയുടെ ഉപ്പയുമായി പരിചയപ്പെട്ടു. ആ കുട്ടിയേയും തന്റെ മകളെയും ഒരേ റൂമിൽ ആക്കാമോ എന്ന് പ്രിൻസിപ്പളിനോട് ചോദിച്ചു. അദ്ധേഹത്തിന്നു നൂറുവട്ടം സമ്മതം. (പിന്നീടാണ് ഒരു കാര്യം മനസ്സിലായത്‌, നിസ്കരിക്കാനും നോമ്പേടുക്കാനും എല്ലാ സൌകര്യങ്ങളും ആ ഹൊസ്റ്റലിലെ ഇതര മതസ്ഥരായ കുട്ടികൾ ചെയ്തു കൊടുത്തു)
ഹൊസ്റ്റലിനു കുറച്ചു മുമ്പായി ഒരു ഗേറ്റ്. അവിടെ ഒരു നല്ല വാച്ച്മാൻ. പെണ്കുട്ടികൾക്കൊഴികെ മറ്റാർക്കും ആ ഹൊസ്റ്റലിന്റെ ഭാഗത്തേക്ക് പ്രവേശനമില്ല, മറ്റു സ്ത്രീകൾക്കും സ്വന്തം അമ്മമാർക്കും പോലും. തന്റെ മകൾ ആ വലിയ സഞ്ചിയും തൂക്കിയുള്ള, യാത്ര പറഞ്ഞുള്ള പോക്ക് കണ്ടു നിൽക്കാൻ കഴിയാതെ അടുത്തുള്ള മുരിങ്ങകായ് നോക്കി നിന്നു.
കാർ ഡ്രൈവ് ചെയ്തു തിരിച്ച് പോന്നു. വാളയാർ എത്തുന്നത്‌ വരെ സ്വതവേ വാചാലനായ ഞാൻ നിശബ്ദജീവിയായി. അടുത്തുള്ള ബൂത്തിൽ കയറി സൈരാഭാനുവിന് ഫോണ്‍ ചെയ്തു, ആ ശബ്ദം കേട്ട് സന്തുഷ്ടിയടഞ്ഞു.
ഒരു ഞായറാഴ്ച സൈരാഭാനുവിന്റെ ഫോണ്‍ കാൾ
‘ഉപ്പച്ചി ഇന്ന് എന്നെ കാണാൻ വരോ?’
ഇല്ല എന്ന് ഉടനെ മറുപടി കൊടുത്ത് ഞാൻ അടുത്ത ബസ്സിന്നു കൊയമ്പത്തൂർക്ക് പോയി. അവൾ പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോൾ ഉപ്പച്ചീ എന്ന് വിളിച്ചു കൊണ്ട് പടിയിറങ്ങി ഓടി വന്നു. നന്നായി വീഴുകയും ചെയ്തു. സങ്കടം തോന്നി.
‘മോളെ വേദനിച്ചോ’ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ നുണ പറഞ്ഞു. ആ ഹൊസ്റ്റലിലുള്ള എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി.
മിക്ക കുട്ടികളും ഞായറാഴ്ച്ച ആയതു കൊണ്ട് പുറത്തു പോയിരിക്കുകയാണ്. സൈരാഭാനുവും ജസ്നയും ചുരുക്കം ചില കുട്ടികൾ മാത്രം അടച്ചിട്ട തത്തയെ പോലെ ഹൊസ്റ്റലിന്നുള്ളിൽ. മനസ്സിലൊരു നെരിപ്പോട്.
‘വേഗം യാത്രയാവുക. നമുക്ക് പുറത്തൊക്കെ പോകാം’ അവളോട്‌ ഞാൻ പറഞ്ഞു.
ഞങ്ങൾ ഗാന്ധിപുരം ബസ്‌ സ്റ്റോപ്പിൽ നിന്നും ബസ്‌ കയറി. റെയിൽവേ സ്റെഷനിൽ ഇറങ്ങി. അടുത്തുള്ള ഇലങ്കൈ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
‘മോളെ, സൈരാ ഈ ഹോട്ടലിൽ ഉപ്പച്ചി രണ്ട് മാസം ജോലി ചെയ്തിട്ടുണ്ട്’.എന്റെ മകളുടെ കണ്ണിൽ ഒരു നനവ്.
ജബ്ബാർക്കാക്ക് എന്നെ മനസ്സിലായോ എന്ന് ചോദിച്ചു ഒരാൾ അടുത്ത് വന്നു’. എന്റെ വിഷമം കണ്ടപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
‘ഞാൻ കാട്ടൂരുള്ള ലത്തീഫ്’
ഞങ്ങൾ കുറച്ചു നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞു.
അവിടെ നിന്നും ഞാനും സൈരയും നടന്നു. രാജവീഥി വഴി ഉക്കടത്തേക്ക്. വഴിയിൽ സൈരയുടെ കൂടെ പഠിക്കുന്ന ചില കുട്ടികളെ കണ്ടു. അപ്പോൾ എന്റെ മകളോട് ഇഷ്ടം കൂടി.
കുറെ കറങ്ങിയതിന്നു ശേഷം വീണ്ടും ഉക്കടത്ത് നിന്നും ഗാന്ധിപുരത്തേക്ക് ബസ്സിൽ കയറി.
‘ഉപ്പച്ചിക്ക് ഈ സ്ഥലത്തിന്റെ പേരറിയുമോ?’ അത് പറഞ്ഞിട്ട് അവൾ തുടർന്നു ‘ഇതാണ് ഉച്ചടം’
‘ഇത് ഉച്ചടമല്ല ഉക്കടമാണ്’ ഞാൻ തിരുത്തി
‘അതെനിക്കറിയാം ഉപ്പച്ചീ, ഉപ്പച്ചിയുടെ അടുത്ത് ഞാൻ പണ്ടത്തെ സൈര ആയതാ’
ഞങ്ങൾ ഗാന്ധിപുരത്തെത്തി.
അവിടെ നിന്നും കോളെജിലേക്ക് നടന്നു.
സമയം നാല് മണിയാവാറായി. കോളേജിന്റെ പുറത്തുള്ള മരങ്ങൾക്കിടയിലെ സിമന്റ്‌ ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ഉച്ചക്ക് ഒരു മയക്കം പതിവുള്ളതാ. അത് മനസ്സിലാക്കിയ സൈര അവളുടെ മടിയിൽ കിടന്നോളാൻ പറഞ്ഞു.
‘മോളെ ഉപ്പച്ചിയുടെ തലയിൽ പേൻ ഉണ്ട്. ഒന്നെടുക്കണം’
അവൾ എന്റെ തലമുടിയിലൂടെ കയ്യോടിച്ചു പേൻ എടുത്ത് വിരലുകൾക്കിടയിൽ വെച്ച് ആ പേനിനെ കൊന്നു. പേൻ ചാവുന്ന ശബ്ദം കേട്ടു.
അവൾ പേൻ എടുക്കുന്ന പോലെ അഭിനയിച്ചതാണെന്നും ശബ്ദം അവൾ ഉണ്ടാക്കിയതാണെന്നും എനിക്കറിയാം.
ഒരു അഞ്ചു നിമിഷം മയങ്ങി.
എഴുനേറ്റിട്ട് ഞാൻ പറഞ്ഞു ‘നമുക്ക് ആ ബേക്കറിയിൽ നിന്നും ചായ കുടിക്കാം’
പിന്നെയും ഞങ്ങൾ കുറെ നേരം പലതും സംസാരിച്ചു. സമയം അഞ്ച് മണിയായി. എനിക്ക് പോകേണ്ട സമയമായി. മകളെ വിട്ട്പിരിയാൻ വിഷമം.
വാച്ച്മാന്റെ അടുത്തെത്തി. അവളോട്‌ ഞാൻ പറഞ്ഞു ‘ഉപ്പച്ചി പോട്ടെ, ഇനി പിന്നെ ചാണാം.’ അവൾ പറയുന്ന പോലെ കാണാം എന്നുള്ളത് മാറ്റിപ്പറഞ്ഞതാണ്.
അവൾ ഹോസ്റ്റലിൽ എത്തുന്നത്‌ വരെ അവളെ തന്നെ നോക്കി നിന്നു.
ജീവിതം ഇത്തരം യാഥാര്ത്യങ്ങളുടെ ആകത്തുകയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.
——————————————-
മേമ്പൊടി: മറക്കാൻ പറയാനെന്തെളുപ്പം -മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം.
RELATED ARTICLES

Most Popular

Recent Comments