Friday, April 19, 2024
HomeLiteratureഎന്റെ അദ്ധ്യാപകര്‍. (അനുസ്മരണം)

എന്റെ അദ്ധ്യാപകര്‍. (അനുസ്മരണം)

ഷെരീഫ് ഇബ്രാഹിം.
എന്റെ അദ്ധ്യാപകരില്‍ ആരാണ് മികച്ചത്, ആരെയാണ് എനിക്കിഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടും. എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അവരില്‍ ഓര്മ യില്‍ വരുന്ന ചിലരെപ്പറ്റി ഞാന്‍ എഴുതാം.
ഞാന്‍ ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് തൃശ്ശൂര്‍ ജില്ലയിലെ മുനയം LP സ്കൂളിലായിരുന്നു. അഞ്ചു മുതല്‍ പത്ത് വരെ പഠിച്ചത് കാട്ടൂര്‍ പോമ്പേ സെന്റ്‌ മേരീസ് ഹൈസ്കൂളിലായിരുന്നു. ഞാന്‍ ഡിപ്ലോമക്ക് പോയത് തൃപ്രയാര്‍ ശ്രീരാമ പോളീടെക്ക്നിക്കിലും.
അവരില്‍ ആദ്യം എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ പത്താംക്ലാസ്സിലെ ഇംഗ്ലീഷ് മാഷും ഹെഡ്മാഷും ആയ T.L. ജേക്കബ്‌ മാഷെയാണ്. തെക്കേപ്പുറം ലോനപ്പന്‍ മകന്‍ ജേക്കബ് എന്നാണു മുഴുവന്‍ പേര്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹെഡ്മാസ്റെര്‍ ആയിരുന്നു ജേക്കബ് മാസ്റ്റര്‍. നല്ല ഒത്തശരീരം. അദ്ധേഹത്തിന്റെ ഡ്രസ്സ്‌ വളരെ വ്യത്യസ്തമായിരുന്നു. വെള്ള ഫുള്‍ കൈഷര്‍ട്ട്, അതിന്റെ മുകളില്‍ മുണ്ട്. അതായത് പേന്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതിന് പകരം മുണ്ട് ഇന്‍സര്‍ട്ട് ചെയ്യും. പിന്നെ ടയ്, അതിനു മുകളില്‍ കോട്ട്, പിന്നെ ഷൂസ്. മുണ്ട് വളരെ ടയിറ്റു ആയി ഉടുക്കും. അതിനു കാരണം ഉണ്ട്. കുട്ടികളെ അടിക്കുമ്പോള്‍ അവര്‍ കൈവലിച്ചാലും മാഷുടെ ദേഹത്ത് കൊള്ളില്ല.
ഞാന്‍ 10 Cയിലെ ക്ലാസ്സ് ലീഡര്‍ ആയിരുന്നു. കുറച്ചൊക്കെ എഴുതുന്നത് കൊണ്ടായിരിക്കാം എന്നെ സെലെക്റ്റ് ചെയ്തത് എന്ന് ഞാന്‍ കരുതുന്നു. ആ വര്‍ഷം എന്റെ ഒരു കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടി. കഥയുടെ പേര് “പച്ചത്തട്ടം”. യൂത്ത്ഫെസ്റ്റിവലിന് ഞാന്‍ ചുറ്റുപാട് ഉണ്ടായിട്ടും ഞാന്‍ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയില്ല. അവര്‍ പല പ്രാവശ്യം എന്റെ പേര് അനൗൺസ് ചെയ്തു. സ്റ്റേജിലേക്ക് പോകാഞ്ഞതിന്റെ കാരണം എന്താണെന്നോ. എലുമ്പിച്ച എനിക്ക് സ്റ്റേജില്‍ കയറാന്‍ ഒരു അപകര്‍ഷതാബോധം. പിന്നീട് സ്റ്റാഫ് റൂമില്‍ കയറി ഞാന്‍ സമ്മാനം വാങ്ങി. ആ കഥ അന്ന് കയ്യെഴുത്ത് മാഗസിനില്‍ വന്നു. ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആ കഥയെ ഒന്ന് മോഡിഫൈ ചെയ്തു അതെ പേരില്‍ പോസ്റ്റ്‌ ചെയ്തു.
എല്ലാ മാസത്തിലും ഒടുവിലെ ശെനിയാഴ്ചയിലെ ഒടുവിലെ പിരീഡ് ക്ലാസ്സ് മീറ്റിംഗ് ആണ്. അന്നാണ് എലുമ്പിച്ച ഞാന്‍ ഷൈന്‍ ചെയ്യുന്നത്. കാരണം ക്ലാസ് മീറ്റിംഗ് നിയന്ത്രിക്കുന്നത് ഞാനായിരിക്കും. ഏക് പീരീഡ്‌ കാ രാജ. അപ്പോള്‍ സ്വതവേ നിശബ്ദമാകാറുള്ള ക്ലാസ്സ് ശബ്ദമയാനമാകും. ആ സമയത്താണ് ഹെഡ് മാസ്റ്ററുടെ വരാന്തയിലൂടെയുള്ള നടത്തം. ഉടനെ ക്ലാസ്സില്‍ ശബ്ദം കുറയും. ഫുള്‍ കഷണ്ടിയായ മാഷ്‌ തലയില്‍ നിന്നും പെന്‍ എടുക്കുന്ന പോലെ അഭിനയിച്ചു കൈ കൊണ്ട് എന്നോടൊരു സിഗ്നല്‍ തരും. ‘പൊളിച്ചോ മക്കളെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഫുള്‍ അടിച്ചു പൊളിക്കാം’ എന്നാണു ആ സിഗ്നലിന്റെ അര്‍ത്ഥം.
ഹെഡ് മാസ്റ്റര്‍ തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ക്ലാസ്സില്‍ വന്നാല്‍ ഉടനെ രണ്ടു പേരെ മാഷ്‌ എഴുനേറ്റ് നിറുത്തി ഓരോ അടി അടിക്കും. കാരണം ചോദിക്കാന്‍ പാടില്ല. അതില്‍ ഒന്ന് ഞാനും മറ്റൊന്ന് ഒരു ജോര്‍ജും ആയിരുന്നു. സഹികെട്ട് ഞാന്‍ ഉപ്പാട് പരാതി പറഞ്ഞു. ഉപ്പ തന്ന മറുപടി എന്താണെന്നോ? പഠിക്കാന്‍ വേണ്ടിയല്ലേ മാഷ്‌ തല്ലുന്നത് എന്നാണു. ഇന്നത്തെ വാപ്പമാരാണെങ്കിലോ?
എന്റെ ഉപ്പാടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ജേക്കബ് മാഷ്‌ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഞാനും ഇക്കയും പത്താം ക്ലാസ് പാസ്സാവണമെന്ന്. ഉപ്പാടെ ആ ആഗ്രഹം സഫലമായി.
എന്നെ കണക്ക് പഠിപ്പിച്ച മാഷാണ് കവലക്കാട്ട് മാഷ്‌. ഈ കവലക്കാട്ട് എന്നത് വീട്ടുപേരാണ്. ശെരിയായ പേര് ലോനപ്പന്‍ എന്നാണു. ഞാന്‍ പഠിച്ചത് ഷിഫ്റ്റ്‌ സമ്പ്രദായത്തിലുള്ള സമയത്താണ്. ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്. അതില്‍ രണ്ടു ഇന്റര്‍വല്‍. ഇന്റര്‍വല്‍ കഴിഞ്ഞാല്‍ കണക്ക് പിരീഡ്. ഇത്രയധികം പേടിക്കുന്ന ഒരു ക്ലാസ് ഇല്ല. കാരണം ക്ലാസ്സില്‍ മാഷ്‌ എത്തിയ ഉടനെ ഗുണനപ്പട്ടിക ചോദിക്കും. വലിയ സംഖ്യകളാണ്. ആരുടെ അടുത്തേക്കാണ് ചോദ്യം വരുന്നതെന്ന് അറിയില്ല. കുറെ അടി എല്ലാവര്‍ക്കും കിട്ടിയ പോലെ എനിക്കും കിട്ടി. അത് കൊണ്ട് എന്തുണ്ടായെന്നോ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ എനിക്ക് കണക്കില്‍ നൂറില്‍ തൊണ്ണൂറ്റിരണ്ട് മാര്‍ക്ക് കിട്ടി.
പിന്നെ എനിക്ക് മറക്കാന്‍ പറ്റാത്ത മാഷാണ് വാരാപ്പുഴ മാഷ്‌ എന്ന് വിളിക്കുന്ന വിതയത്തില്‍ അന്തോണി മാഷ്‌. വാരാപ്പുഴ മാഷുടെ ജന്മനാടാണ്. ഞാനൊരിക്കല്‍ ഗള്‍ഫി്ല്‍ നിന്ന് ലീവിന് വന്ന് തൃപ്രയാറില്‍ നിന്ന് കാട്ടൂരിലേക്ക് പോകാന്‍ എടമുട്ടത്ത് നിന്ന് തിരിയുമ്പോള്‍ വാരാപ്പുഴ മാഷും ഭാര്യയും ഒരു കടത്തിണ്ണയില്‍ നില്‍ക്കുന്നു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു മാഷുടെ അടുത്തേക്ക് പോയി. അന്നും എന്നും മാഷുടെ വേഷം വെള്ളയാണ്. ഭാര്യയുടെ വേഷം ചട്ടയായിരുന്നു. പഴയ ക്രിസ്ത്യന്‍ സ്ത്രീകളുടെ വേഷം.
മാഷെ അടുത്ത് ചെന്ന് ഞാന്‍ ഭവ്യതയോടെ കൈകൂപ്പിയിട്ട് ചോദിച്ചു. ‘മാഷുക്ക് എന്നെ മനസ്സിലായോ?ഞാന്‍ മാഷേ ഒരു പഴയ വിദ്യാര്‍ഥി്യാണ്’.
മാസ്റ്റര്‍ക്ക് മനസ്സിലാവാന്‍ ഞാനെന്റെ പേര് പറഞ്ഞു. എന്നിട്ടും എന്നെ മാസ്റ്റര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ പീടിക നടത്തിയിരുന്ന ഇബ്രാഹിംകുട്ടിയുടെ മകനാണ് എന്ന്.
‘ഉവ്വ്. ഇപ്പോൾ എനിക്ക് മനസ്സിലായി. ഇബ്രാഹിംകുട്ടി മാപ്പിളയെ എനിക്ക് വളരെ ഇഷ്ടമാണ്’. മാഷ്‌ അത് പറയുമ്പോള്‍ മുഖത്ത് ഒരു സന്തോഷം കാണാന്‍ കഴിഞ്ഞു.
‘താന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?’.മാഷുടെ ചോദ്യം.
‘ഞാന്‍ അബൂദാബിയില്‍ ജോലി ചെയ്യുകയാണ് മാഷേ’. ഞാന്‍ വിവരം പറഞ്ഞു.
‘അവിടെ തനിക്കെന്താ പണി?’.മാഷ്‌ എല്ലാം അന്വേഷിക്കുകയാണ്.
ഞാനവിടെ ഒരു ഷെയ്ഖിന്റെ മേനെജരാണ് എന്ന് മറുപടി കൊടുത്തു.
എന്താണ് ഷെയ്ഖ് എന്നായിരുന്നു അടുത്ത ചോദ്യം. രാജകുടുംബാംഗം ആണെന്ന് മനസ്സിലാക്കി കൊടുത്തു.
‘മാഷേ എന്താ ഇവിടെ?’.ഞാന്‍ ചോദിച്ചു.
വരാപ്പുഴക്ക്‌ പോകാന്‍ ബസ്സ്‌ കാത്ത്നില്‍ക്കുകയാണെന്ന് മാഷ്‌ മറുപടി പറഞ്ഞു.
മാഷേ ഞാന്‍ അങ്ങോട്ട്‌ എന്റെ കാറില്‍ കൊണ്ട് വിടാം എന്ന് എത്ര പറഞ്ഞിട്ടും മാഷ്‌ സമ്മതിച്ചില്ല.
എടൊ തന്റെ കൈ ഒന്ന് കാണിച്ചേ.. എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൈ കാണിച്ചു കൊടുത്തു.
എന്റെ കൈ ഭാര്യക്ക് കാണിച്ചു കൊടുത്ത് മാഷ്‌ പറഞ്ഞു. കണ്ടോ ഇവനെ ഞാന്‍ കുറെ തല്ലിയിട്ടുണ്ട്. (അപ്പോഴും ഇതെഴുതുമ്പോഴും എന്റെ കണ്ണിലൊരു നനവ്). എങ്കിലും താന്‍ നന്നാവും എന്നൊരു വാക്കും മാസ്റ്റര്‍ എനിക്ക് തന്നു.
എന്റെ ഗുരു കാരണവരുടെ ഇങ്ങിനെയുള്ള വാക്കുകള്‍ കാരണമായിരിക്കും ഞാനിന്ന് പട്ടിണികൂടാതെ ജീവിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഇനി എനിക്ക് ഓർമ വരുന്ന മാഷാണ് ഞങ്ങളുടെ മലയാളം പണ്ഡിറ്റ്‌. പൊഞ്ഞനം ആണ് മാഷുടെ വീട്. ഒരിക്കല്‍ പോലും ആരെയും വടി എടുത്ത് അടിക്കാത്ത, വടി ഉപയോഗിക്കാത്ത മാഷ്‌. പഠിക്കാത്തവരെ ഒരു കളിയാക്കലുണ്ട്. അത് മതി പഠിക്കാന്‍. എന്റെ കുത്തിക്കുറിക്കലുകള്‍ക്ക് പ്രചോദനം മാഷാണ്. ഉല്‍പ്രേക്ഷ, ഉപമ എന്ന് വേണ്ട ഒരു പാട് കവിതകളും ശ്ലോകങ്ങളും പഠിച്ചത് മാഷില്‍ നിന്നാണ്.
എന്നെ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചത് ജോസ് മാഷ് ആയിരുന്നു. കാട്ടൂരിൽ ആദ്യമായി ഒരു ഓലമേഞ്ഞ സിനിമ കൊട്ടക സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1967ൽ SSLC പാസ്സായവരുടെ ഒരു സംഗമം 2013 ഏപ്രിൽ 30നു ഞങ്ങൾ നടത്തി. അന്ന് ജോസ് മാഷ് പങ്കെടുത്തിരുന്നു. പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോൾ മാഷ് മരിച്ചു.
ഇവരെയൊക്കെ എഴുതുന്നതിനു മുമ്പ് ഇവരുടെ അടുത്തേക്ക് എത്താന്‍ കാരണക്കാരിയായ ഒരു ഒന്നാം ക്ലാസ്സിലെ ടീച്ചറെപ്പറ്റി എഴുതാതെ ഈ ഓര്‍മക്കുറിപ്പ്‌ അവസാനിപ്പിച്ചാല്‍ അത് എന്നോട് ഞാന്‍ ചെയ്യുന്ന ഒരു തെറ്റായിരിക്കും.
എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറുടെ പേര് എനിക്ക് ഓര്‍മ യില്ല. ഒരു ത്രേസ്യ എന്ന് പേരുള്ള ടീച്ചര്‍ ആയിരുന്നു. വേഷമാണെങ്കില്‍ ചട്ട ആയിരുന്നു. ആ ടീച്ചറുമായി എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
എന്റെ ഉമ്മാടെ വീട് ചുലൂര്‍ ആണ്. അന്നെനിക്ക് അഞ്ചുവയസ്സ്. വെള്ളിയാഴ്ച വൈകീട്ട് ഈ ടീച്ചറുടെ കൈ പിടിച്ചാണ് ഞാന്‍ ചൂലൂരെ ഉമ്മാടെ വീട്ടിലേക്ക് പോകാറ്. അല്ലാതെ ഉമ്മ ഒറ്റയ്ക്ക് ഒരിടത്തും എന്നെ പറഞ്ഞയക്കില്ല. എന്റെ യാത്രക്ക് കൈ പിടിച്ച ടീച്ചറുടെ പുണ്യമായിരിക്കാം, അതിനു ശേഷം ഒരു പാട് വിദേശയാത്രകള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനിയും ഒരു പാട് മാഷുമാര്‍ ഉണ്ട്. അവരെ ആരെയും ഞാന്‍ മറന്നിട്ടില്ല. ഹിന്ദി പഠിപ്പിച്ച രാമന്‍ മാഷ്‌, ക്രാഫ്റ്റ് പഠിപ്പിച്ച കുട്ടപ്പന്‍ മാഷ്‌, ഫിസിക്സ് പഠിപ്പിച്ച ജോസഫ് മാഷ്‌ തുടങ്ങി ഒരു പാട് പേര്.
SSLC പാസ്സായി അമ്പത് വര്ഷം തികഞ്ഞപ്പോള്‍ ഞങ്ങളൊരു സംഗമം നടത്തി. അതില്‍ ജോസഫ് മാസ്റ്റര്‍ക്ക് പൊന്നാട അണിയീക്കാന്‍ എനിക്ക് കഴിഞ്ഞു.
അവരുടെയെല്ലാം പാവനസ്മരണക്ക് മുന്നില്‍ ഞാനീ ഓർമക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments