അതിജീവനം. (കവിത)

അതിജീവനം. (കവിത)

0
1037
നീന.
വശ്യമായ കണ്ണുകളും മധുരമൊഴികളുമായി
ചിത്രശലഭത്തെപ്പോലെ പാറിനടന്നവള്‍
ഒരാണ്ടു നീണ്ട മംഗല്യഭാഗ്യവും കടന്നു,
ഒറ്റക്കൊരുത്തിയായി കണ്ണില്‍ മൂര്‍ച്ചയും,
ചുണ്ടില്‍ ചിരിയില്ലാത്തവളുമായി
വൈരാഗിയായെതെങ്ങെനെയാണെന്ന്
എനിക്ക് മാത്രം അറിയാവുന്നതാണെന്ന്
കഴുത്തില്‍ തൂങ്ങിയ കെട്ടുതാലി മാത്രം
പിറുപിറുക്കുന്നുണ്ടായിരുന്നു..
ആകാശം അതിരിട്ടിരുന്ന വര്‍ണസ്വപ്നങ്ങള്‍
തല്ലികൊഴിച്ചിട്ട കുഞ്ഞുനെല്ലിക്ക പോലെ
ചവര്‍ക്കുന്നുണ്ടായിരുന്നു
ദുരിതക്കയങ്ങളില്‍ തള്ളിയിട്ടവര്‍
സഹനം സഹജമല്ലേയെന്നോതി
വിരല്‍ ചൂണ്ടുന്നിടത്തവള്‍
അഭിശപ്തയാകുന്നു.
ഉയിര്‍ത്തെഴുന്നേല്‍ക്കാനൊരു
വരം തേടുന്നവള്‍ക്കുമുന്നില്‍
അടയുന്ന വാതിലുകള്‍
പിന്‍വാതില്‍ തുറന്നു സ്വാഗതമോതുന്നു.
ഇന്നവള്‍ രാവിന്‍റെ കാമുകിയാകുന്നു
ഒറ്റയൊറ്റ രാത്രികളുടെ പൂമ്പാറ്റയാകുന്നു

Share This:

Comments

comments