Thursday, April 25, 2024
HomePoemsമുടിയഴിച്ചിട്ട രാത്രി. (കവിത)

മുടിയഴിച്ചിട്ട രാത്രി. (കവിത)

മുടിയഴിച്ചിട്ട രാത്രി. (കവിത)

രശ്മി ബിജു. (Street Light fb group)
ഓർമ്മകളുടെ
അതി തീഷ്ണദംശനത്താൽ
പൊള്ളിയടർന്ന തൂവലുകൾ
പൊഴിച്ചു കൊണ്ട് സായം സന്ധ്യ
മറവിയുടെ ഏറുമാടത്തിൽ
കയറിപ്പോയപ്പോൾ
ഉറക്കം നഷ്ടപ്പെട്ട പകലുകൾ
കിഴക്ക് മൺചിരാത്
പൊൻ പട്ടണിയുന്നതും
കാത്ത് കാത്തങ്ങനെ…
എത്രയോ സൗമ്യനായ്
ഗന്ധർവ്വരൂപിയായ്
നിലാപ്പൂ വിതറിയ
അസ്ഥിത്തറകളിലിരുന്ന്
ഒളിമങ്ങാതെ നീ
പുഞ്ചിരിക്കുന്നത്
എത്രയോ പകലുകളെ
കുടിച്ച് വറ്റിച്ചാണെന്ന്
ആർക്കാണറിയാത്തത്?
നിശാഗന്ധികളുടെ
ശുഭ്രവസ്ത്രങ്ങളിൽ
അടയിരിക്കുന്ന തേളുകൾ
വാലുകളിൽ കരുതുന്നത്
പേടിയുടെ വിഷമല്ല
വിശുദ്ധിയുടെ
വെൺപട്ടിനാൽ മറയി-
ട്ടൊതുക്കിയ പേ പിടിച്ച
പകലിന്റെ ,ശവംനാറി പൂക്കളുടെ
ഉള്ളകങ്ങളിൽ വേവുന്ന
ജീർണതയുടെ തേങ്ങലുകളാണ്.
RELATED ARTICLES

Most Popular

Recent Comments