ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അടിമലത്തുറ സന്ദര്‍ശിക്കുന്നതിനിടെ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. ഓഖി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ പോരായ്മകളും, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
തങ്ങള്‍ക്ക് ലഭിക്കുന്ന റേഷനരി നിലവാരമില്ലാത്തതാണെന്ന് അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. തീരദേശങ്ങളിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക നിസാരമാണെന്നും അതുകൊണ്ട് തങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ തീരദേശ മേഖലയിലാകെ സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു.