Friday, April 19, 2024
HomeLiteratureപോലീസ്‌ സ്റ്റേഷനും ഞാനും. (അനുഭവ കഥ)

പോലീസ്‌ സ്റ്റേഷനും ഞാനും. (അനുഭവ കഥ)

പോലീസ്‌ സ്റ്റേഷനും ഞാനും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.

ഒരു ഇരുപത്തിനാലു വർഷത്തിനു മുൻപ്‌ എന്റെ പേരിൽ ഒരാൾ കേസ്‌ കൊടുത്തു. അങ്ങനെ രണ്ട്‌ പോലീസുകാർ വീട്ടിൽ വന്ന് എന്നെ തിരക്കി. എന്നെ കയ്യോടെ കൊണ്ടു പോകാനാ വന്നത്‌.

അപ്പോൾ ഞാൻ എന്റെ മാമന്റെ മകൻ അപ്പു അണ്ണന്റെ കൂടെ വയറിങ്ങിനും പ്ലമ്പിങ്ങിനും പോകുവാ അതുകൊണ്ട്‌ വീട്ടിൽ ഇല്ലായിരുന്നു. (എന്റെ ജീവിധത്തിൽ ചെയ്ത ജോലികളിൽ ഒരു വിധത്തിലും ദെഹിക്കാത്ത ജോലി ആയിരുന്നു വയറിങ്ങും പ്ലമ്പിങ്ങും) അമ്മ പോലീസുകാരോട്‌ പറഞ്ഞു മകൻ ഇവിടെ ഇല്ല. അപ്പോൾ പറഞ്ഞു വരുമ്പോൾ പറയുക കൊട്ടിയം പോലീസ്‌ സ്റ്റേഷനിൽ വരുവാൻ.

അങ്ങനെ ഞാൻ വന്നപ്പോൾ അമ്മ പറഞ്ഞു. ഞാൻ പോയി എന്റെ പെങ്ങളുടെ ഭർത്താവിനെ (അളിയൻ) കണ്ടു കാര്യം പറഞ്ഞു. അടുത്ത ദിവസം അളിയനുമായി ഞാൻ കൊല്ലത്ത്‌ ഒരു നേതാവിനെ കാണാൻ പോയി. അപ്പോൾ ആ നേതാവ്‌ പറഞ്ഞു. ഈ പ്രശ്നത്തിൽ ഞാൻ ഇടപെടണ്ട ആവശ്യമില്ല നിങ്ങൾ പോയി നിങ്ങളുടെ പഞ്ചായത്തു പ്രസിഡന്റിനെ കണ്ട്‌ കാര്യം പറഞ്ഞാൽ മതി തീരുവാനെ ഒള്ളു.

അങ്ങനെ ഞങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിനെ കാണാൻ ചെന്നു. കാര്യങ്ങൾ പറഞ്ഞു. അപ്പോൾ പഞ്ചായത്തു പ്രസിഡന്റ്‌ പറഞ്ഞു നിങ്ങൾക്ക്‌ എതിരെ കേസ്‌ കൊടുത്തിരിക്കുന്നവരുമായി എനിക്ക്‌ ഇടപെടാൻ പറ്റില്ല. എന്ന് പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു.

പിന്നീട്‌ ഞാൻ എന്റെ കൂടേ ടൈപ്പ്‌ പഠിച്ച ഒരു വക്കീൽ ഉണ്ട്‌ അദ്ദേഹത്തിനെ പോയിക്കണ്ടു. അദ്ദേഹം പറഞ്ഞു നാള രാവിലെ എട്ട്‌ മണിക്ക്‌ പോലീസ്‌ സ്റ്റേഷനിൽ വാ. ഞാൻ അങ്ങ്‌ വരാം.

അടുത്ത ദിവസം രാവിലെ എട്ട്‌ മണിക്ക്‌ ഞാൻ പോലീസ്‌ സ്റ്റേഷനിൽ എത്തി. അപ്പോൾ വക്കീൽ എത്തിയില്ല. അന്നത്തേ എസ്‌ ഐ യുടെ പേരു ഇ ഡി രാജൻ എന്നാണു. എല്ലാവരും ഇടിരാജൻ എന്നാണു പറയുന്നത്‌. അതുകൊണ്ട്‌ എനിക്ക്‌ ഇത്തിരി പേടിയും ഉണ്ട്‌.

ഞാൻ സ്റ്റേഷനിൽ നിൽക്കുന്നത്‌ കണ്ടിട്ട്‌ ഒരു പോലീസുകാരൻ വന്നിട്ട്‌ എന്നോട്‌ ചോദിച്ചു. നിങ്ങളുടെ പേരിൽ ആരു പരാതി കൊടുത്തു? ഞാൻ ആളിന്റെ പേരുപറഞ്ഞു കൊടുത്തു. അപ്പോൾ ആ പോലീസുകാരൻ പറഞ്ഞു. നീ ആ സർവ്വേക്കല്ല് മാറ്റുയിട്ട കേസ്‌ അല്ലെ? ഇഞ്ഞോട്ട്‌ മാറി നില്ല്. ഞാൻ പറഞ്ഞു അല്ല സാർ. അപ്പോൾ അദ്ദേഹം – അത്‌ തന്നെടാ ഇഞ്ഞോട്ട്‌ മാറി നിൽക്ക്‌. ഞാൻ ആകേ വിരണ്ടു.

കുറച്ച്‌ കഴിഞ്ഞപ്പോൾ വേറേ ഒരു പോലീസുകാരൻ അങ്ങോട്ടു വന്നു. മറ്റേ പോലീസുകാരനോട്‌ ചോദിക്കുന്നത്‌ കേട്ടു ഇവനെതാ? അപ്പോൾ അദ്ദേഹം പറയുന്നു ഇവൻ ആ സർവ്വേക്കല്ല് മാറ്റുയിട്ട കേസ്‌. എനിക്കാണെങ്കിൽ ശരീരം മുഴുവൻ ഒരു വിറയലും തുടങ്ങി.

കുറച്ച്‌ നാളായതെ ഒള്ളു യാത്ര സിനിമ വന്നിട്ട്‌. അതിൽ ചെയ്യാത്തകുറ്റത്തിനു ജയിലിൽ കയറേണ്ടി വന്നതും പിന്നെ കുറ്റം ചെയ്തിട്ട്‌ ജയിലിൽ കിടക്കുന്നതും. ഇനി അതുപോലെ ഞാനും അകത്താകുമോ എന്നൊക്കേ ആലോചിച്ചു കൊണ്ട്‌ നിൽക്കുമ്പോൾ എന്റെ വക്കീൽ വന്ന് എന്റെ അടുത്തുകൂടെ അങ്ങ്‌ അകത്തോട്ട്‌ കയറി പോയി. കുറച്ച്‌ കഴിഞ്ഞപ്പോൾ തിരിച്ച്‌ ഇറങ്ങി വന്നു. അപ്പോൾ പോലീസുകാരൻ ചോദിച്ചു സാറേ ഇവൻ ആ സർവ്വേ കല്ല് മാറ്റിയിട്ട കേസിലെ പ്രതി അല്ലെ? അപ്പോൾ അദ്ദേഹം പറഞ്ഞു അല്ല. ഇത്‌ കേസ്‌ വേറേയാ. അപ്പോഴാണു എനിക്ക്‌ സമാധാനം ആയത്‌.

അപ്പോഴേക്കും എന്റെ പേരിൽ കേസ്‌ കൊടുത്ത ആളും അവിടെ വന്നു. എസ്‌ ഐ യുടെ മുറിയിൽ എന്നെ വിളിപ്പിച്ചു. ഞാനും വക്കീലും കൂടി ചെന്നു. അപ്പോൾ എസ്‌ ഐ എന്നോട്‌ ചോദിച്ചു. നിന്റെ പെങ്ങളുടെ കല്ല്യാണത്തിനു ഇവർ സംഭാവന തന്നിരുന്നോ?
ഞാൻ പറഞ്ഞു – തന്നിരുന്നു
എന്നാൽ അത്‌ തിരിച്ചു കൊടുക്കണം.
ഞാനും വക്കീലും പറഞ്ഞു അത്‌ നാട്ടിൽ നടപ്പാണു. ഇനി അവരുടെ വീട്ടിൽ എന്തെങ്കിലും വിശേഷം വരുമ്പോൾ അത്‌ തിരിച്ചു കൊടുക്കും.
എസ്‌ ഐ – അത്‌ പറ്റില്ല അവർക്ക്‌ ഇപ്പോൾ വേണം.
ഞാൻ പറഞ്ഞു സാർ ഒരു കാര്യം ചെയ്യ്‌ കേസ്‌ കോടതിയിൽ വിട്‌.
എസ്‌ ഐ – നീ എന്നെ നിയമം പഠിപ്പിക്കണ്ട. അവർക്ക്‌ അത്‌ കൊടുത്തേ പറ്റു.

ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസ ഒന്നുമില്ല.
എസ്‌ ഐ – ഇന്നേയ്ക്ക്‌ പത്തിന്റെ അന്ന് ഇവിടെ പൈസ കൊണ്ട്‌ വന്ന് കൊടുത്തിരിക്കണം എന്ന് പറഞ്ഞു വിട്ടു.

ഒന്ന് രണ്ട്‌ അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ്‌ ഒൻപതിന്റെ അന്ന് രാവിലെ വക്കീലിനെ കാണാൻ പോയി. അവിടെ ചെന്നപ്പോൾ വക്കീലു ചോദിച്ചു എന്തായി? ഞാൻ പറഞ്ഞു എന്റെ കയ്യിൽ ഒരു പൈസയും ഇല്ല. അപ്പോൾ വക്കീൽ പറഞ്ഞു നാള രാവിലെ സ്റ്റേഷനിൽ ചെന്നിട്ട്‌ പറഞ്ഞാൽ മതി പൈസ ഒന്നുമില്ല സാറേ എന്ന്. അപ്പോൾ ഇഞ്ഞ്‌ വിടും. അദ്ദേഹം വരില്ലാ.

അന്ന് വൈകുന്നേരം. ഞാൻ പഠിച്ച സ്കൂൾ അങ്കണത്തിൽ ഉള്ള കൊച്ചു നട ഭഗവതിയുടെ ഉത്സവം. ഉത്സവം കാണാൻ എന്റെ സുഹൃത്തുക്കളായ രാജുവണ്ണൻ അപ്പുവണ്ണൻ മച്ചുണേണ്ണൻ ചന്ദ്രേണ്ണൻ തങ്കരാജണ്ണൻ തുടങ്ങിയവർ എല്ലാം ഉണ്ട്‌. ഇതിൽ തങ്കരാജണ്ണന്റെ അടുത്ത സുഹൃത്താണു അന്നത്തേ പരവൂർ സർക്കിൾ ഇൻസ്പെക്റ്റർ വിജയകുമാർ സാർ അദ്ദേഹവും ഞങ്ങളുടെ കൂടെ ഉത്സവം കാണാൻ ഉണ്ട്‌.

എന്റെ പ്രശ്നങ്ങൾ ഞാൻ അവരൊട്‌ പറഞ്ഞു.
അപ്പോൾ വിജയകുമാർ സാർ പറഞ്ഞു. നാളെ രാവിലെ പൈസ ഇല്ല എന്ന് പറഞ്ഞു കൊണ്ട്‌ ഒറ്റക്ക്‌ സ്റ്റേഷനിൽ പോകരുത്‌. പോയാൽ കേസ്‌ കൊടുത്തിരിക്കുന്നവരുടെ പൈസയുടെ ബലത്തിൽ ചിലപ്പോൾ അവർ ഇടിക്കും.

ഇത്‌ കേട്ടപാടെ അപ്പു അണ്ണൻ ഉത്സവം കാണൽ നിറുത്തി എന്നെയും കൂട്ടി മയ്യനാട്‌ ശ്രീ ഈപ്പൻ വക്കീലിന്റെ അടുത്തു വന്നു. ഈപ്പൻ വക്കീലിനോട്‌ കാര്യങ്ങൾ എല്ലാം പറഞ്ഞു.

ഈപ്പൻ വക്കീൽ എന്നെക്കൊണ്ട്‌ മൂന്നാലു പേപ്പർ ഒപ്പിട്ടു വാങ്ങി. എന്നിട്ടു പറഞ്ഞു നമുക്ക്‌ ഒരു പരാതി അങ്ങ്‌ കൊടുക്കാം. എന്റെ കക്ഷിയേ സംഭാവന തന്ന പൈസ തിരിച്ചു വേണം എന്ന് പറഞ്ഞു പീഡിപ്പിക്കുന്നു. കൊല്ലം എസ്‌ പിക്ക്‌ എതിരെയും ഒരു പരാതി കൊടുക്കാം. അപ്പോൾ ഞാൻ പറഞ്ഞു അത്‌ വേണ്ടാ. പിന്നെ ഇല്ലാത്ത പരാതിയുടെ പേരിൽ എന്നെ പിടിച്ച്‌ അകത്തിടും. എന്നിട്ട്‌ വക്കീൽ പറഞ്ഞു ഇപ്പോൾ മുതലോ അല്ലെങ്കിൽ നാളെ രാവിലെ മുതലോ ഈ പോലീസ്‌ സ്റ്റേഷൻ അതിർത്തി വിട്ടു നിൽക്കണം. ഞാൻ പറഞ്ഞിട്ടല്ലാതെ തിരിച്ചു വരരുത്‌.

അങ്ങനെ ഞാൻ അടുത്ത ദിവസം രാവിലെ കണ്ണനെല്ലൂർ വഴി അഞ്ചൽ പോകുന്ന മയ്യനാടൻ ബസ്‌. ഷൈജുവിൽ കയറി നേരേ മുട്ടക്കാവിൽ പോയി. എന്റെ പേരിൽ പരാതി കൊടുത്തവർക്ക്‌ എതിരെ വക്കീൽ നോട്ടീസ്‌ അയച്ചു. ആ നോട്ടീസ്‌ അവരുടെ കയ്യിൽ കിട്ടും വരെ ഞാൻ മുട്ടയ്ക്കാവിൽ വല്ല്യമ്മച്ചിയുടെ വീട്ടിലും കുണ്ടുമൺ ആറ്റിൽ കുളിയുമൊക്കയായി ഒരാഴ്ച്ച കഴിച്ചു കൂട്ടി. പിന്നീട്‌ വീട്ടിൽ നിന്ന് വിളി വന്നു. ഞാൻ തിരിച്ചു വീട്ടിൽ പോയി.

ഞാൻ അന്ന് രാവിലെ ബസിൽ മുട്ടയ്ക്കാവിലെക്ക്‌ തിരിച്ചു കഴിഞ്ഞ്‌ കുറച്ച്‌ കഴിഞ്ഞപ്പോൾ രണ്ട്‌ പോലീസുകാർ വീട്ടിൽ വന്ന് എന്നെ തിരക്കിയിട്ട്‌ പോയി എന്ന് അമ്മ പറഞ്ഞു.

എന്തായാലും പരാതി കോടതിയിൽ ആയതിനു ശേഷം ഒരു പ്രശ്നവും ഇല്ലായിരുന്നു. കോടതിയിൽ അവർ വരില്ലായിരുന്നു. അതുകൊണ്ട്‌ എനിക്കും കോടതിയിൽ പോകേണ്ടി വന്നില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കോടതി വിളിപ്പിച്ച്‌ ഒരു പ്രശ്നവും ഇല്ലാ എന്ന് പറഞ്ഞ്‌ ഒരു പേപ്പർ തന്നു.

RELATED ARTICLES

Most Popular

Recent Comments