Wednesday, April 24, 2024
HomePoems"പ്രത്യാനയനം". (കവിത)

“പ്രത്യാനയനം”. (കവിത)

"പ്രത്യാനയനം". (കവിത)

മഞ്ജുള ശിവദാസ്‌ റിയാദ്.

പരിദേവനങ്ങളല്ലിനിയുമീ ധരണിക്കു-
പരിരക്ഷയല്ലയോ നല്‍കിടേണ്ടൂ.

പരിതാപ ഗീതങ്ങളല്ല നമുക്കിനി-
പരിഹാര ഗീതങ്ങളാലപിക്കാം.

കേട്ടുമറന്നതാം പ്രകൃതിസംഗീതങ്ങ-
ളിനിയുമൊഴുകേണം പ്രപഞ്ചമാകെ.

ശിഥില ബന്ധങ്ങള്‍ തന്‍ കഥകേട്ട-
കര്‍ണ്ണങ്ങള്‍, ശാന്തിഗീതം ശ്രവിക്കട്ടെ.

പദമൂന്നിനില്‍ക്കാനിടം തന്ന മണ്ണിതില്‍-
പക രുധിര നൃത്തമാടുന്നു.

ഇനി നമുക്കൊരു ശുദ്ധികലശമാകാം-
നഷ്ടമെണ്ണിയെണ്ണിത്തപിക്കാതെ.

ആദിത്യദേവനില്‍ പഴിചുമത്താതെ,
പെയ്യാത്ത മേഘത്തെ കണ്ണുരുട്ടാതെ,

ധരണിതന്‍ ദയനീയ ചിത്രം പകര്‍ത്താതെ,
പൂര്‍വ പ്രതാപത്തെ വീണ്ടെടുക്കാം.

ദുരയൊടുങ്ങാത്തൊരീ നരനുവേണ്ടി-
സ്വയം ബലിയാകുവാന്‍ ധരയൊരുങ്ങി നില്‍ക്കേ,

വരളുന്ന പുഴനോക്കി നയനനീര്‍ തൂകാതെ,
ഇടിയുന്ന കുന്നിന്‍റെ പൂര്‍വകഥ പാടാതെ,

കടയറ്റ തരു നോക്കി ശിലയായി നില്‍ക്കാതെ,
വംശനാശങ്ങളില്‍ നിശ്ശബ്ദരാകാതെ,

ഇനിയൊന്നു പ്രതികരിച്ചീടാം,
നമുക്കൊരുമയോടരുതായ്മ തടയാം.

നേര്‍വഴിക്കാദ്യം ഗമിക്കാം-
ഉലകമെല്ലാര്‍ക്കുമായ് കാത്തുവയ്ക്കാം.

RELATED ARTICLES

Most Popular

Recent Comments