Wednesday, April 24, 2024
HomeLiteratureമലമുകളിലെ മാതാവ്‌ - റീനി മമ്പലം

മലമുകളിലെ മാതാവ്‌ – റീനി മമ്പലം

കറുത്ത പുഴപോലെ റോഡ് ഇടക്കിടെ വളഞ്ഞു കിടന്നു. ട്രാഫിക്കുള്ളതിനാൽ ആക്സിലറേറ്ററിലും ബ്രേക്കിലും മാറിമാറി കാലമർന്നു. ഡ്രൈവറുടെ സഹായമില്ലാതെതന്നെ വഴിയറിയാമെന്ന മട്ടിൽ ഈ കാർ എത്രയോതവണ ഇതേ റോഡിലൂടെ ഓടിയിരിക്കുന്നു, എന്നും ഒരേസമയത്ത്, മിക്കവാറും ഒരേവേഗത്തിൽ….ഇന്ന് കരിങ്കല്ലിൽ പണിതിരിക്കുന്ന പള്ളിയോടടുക്കുമ്പോൾ വലത്തോട്ടുള്ള റോഡിലേക്ക് തിരിയണം. കയറ്റം കയറിയാൽ മഗ്നോളിയമരങ്ങൾ പൂത്തുനില്ക്കുന്ന ഡ്രൈവേ ചെന്നവസാനിക്കുന്ന കെട്ടിടത്തിൽ, നിശബ്ദവേദനകൾ കടിച്ചമർത്തി, മൗനം മാറാലകെട്ടിയ മനസുമായി മറ്റുകുട്ടികൾക്കൊപ്പം അവനുണ്ടാവും.
അൻപതുദിവസം നോമ്പ്നോക്കി, കുമ്പസാരിച്ച് കുർബാന സ്വീകരിച്ച്, നോമ്പ് അവസാനിക്കുന്നയന്ന്‌ എന്തുതിന്നാലും കുഴപ്പമില്ല എന്ന മട്ടിൽ സമാധാനത്തിന്റെ സന്ദേശവുമായി ഈസ്റ്റർദിവസം എത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഈസ്റ്ററിന്റെ ബാക്കിയായ അലങ്കാരങ്ങൾ, പ്ലാസ്റ്റിക്ക് ഈസ്റ്റർബണ്ണികളും പലനിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് മുട്ടകളും വീടുകൾക്കുമുന്നിലുള്ള ചെറുമരങ്ങളിൽ തൂങ്ങിക്കിടക്കുന്നു. ഈസ്റ്റർ വസന്തത്തിന്റെ വരവിനെ അറിയിക്കുന്നു. വസന്തത്തിന്റെ പ്രതീകമായ ഈസ്റ്റർബണ്ണികൾ, ഈസ്റ്റെർമുട്ടകൾ വീടിനുള്ളിലും പുൽത്തകിടികളിലും ഒളിപ്പിച്ചുവെക്കുമെന്നാണ്‌ ഐതീഹ്യം.
ആരോ പിന്നിൽനിന്നും ഡ്രൈവർസീറ്റിൽ ആഞ്ഞ് ചവുട്ടിയോ? തിരിഞ്ഞുനോക്കി. ആരുമില്ല. പിന്നിലത്തെ സീറ്റിൽ ചിതറിക്കിടക്കുന്ന കുറച്ചുപുസ്തകങ്ങളും അവന്റെ ജാക്കറ്റും.
“ആർ വി ദെയർ യെറ്റ്” വീണ്ടും തിരിഞ്ഞുനോക്കാതിരിക്കുവാൻ ശ്രമിച്ചു. ഇല്ല, ജാക്കറ്റ് സംസാരിക്കുകയില്ല. പുസ്തകങ്ങൾ ഒച്ചയില്ലാത്ത ശബ്ദത്തിൽ മാത്രം ആശയവിനിമയം നടത്തുന്നു.
അവന്റെ ആദ്യത്തെ ഈസ്റ്റർ മനസ്സിൽ തെളിഞ്ഞു.‘ഹി ഈസ് സോ ക്യൂട്ട്, ഹി ലുക്സ് ജസ്റ്റ് ലൈക്ക് ഹിസ് മാം“ ഒക്കത്തിരുന്ന അവനെ നോക്കി ഒരു മദാമ്മ പറഞ്ഞു. കറുത്ത മുടിയും കറുത്ത കണ്ണുകളും മാത്രം ബന്ധങ്ങളുടെ ബയോളജി സ്ഥിരീകരിക്കുന്നു. അവരുടെ കണ്ണുകളിൽ എല്ലാ ഇന്ത്യക്കാരും ഒരുപോലെ. അവൾ അവരെ നോക്കി ഊറിച്ചിരിച്ചതേയുള്ളു. അപരിചിതർക്ക് വിശദീകരണം കൊടുക്കേണ്ടതില്ലല്ലോ. ചോക്കലേറ്റ് അലിഞ്ഞിരുന്ന ചുണ്ടുകൾ കോട്ടി അവനും മദാമ്മയെ നോക്കി ചിരിക്കുവാൻ ശ്രമിച്ചു. റോട്ടറിക്ലബ്ബിന്റെ ഈസ്റ്റർഎഗ്ഗ് ഹണ്ടിങ്ങ് നടന്ന ദിവസമായിരുന്നുവന്ന്‌. പുൽത്തകിടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ചോക്കലേറ്റ് മുട്ടകൾ കയ്യിലിരുന്ന ചെറിയ ബാസ്ക്കറ്റിൽ അവൻ ശേഖരിച്ചിരുന്നു.
വർഷങ്ങൾക്കുമുമ്പ് ചിൽഡ്രൻസ് സെന്ററിന്റെ മുറ്റത്ത് നില്ക്കുമ്പോൾ തലേന്ന് പെയ്തമഴയുടെ ഈർപ്പം ചരലിൽ തണുത്തിരുന്നു. മുറിയിൽ കളിത്തൊട്ടിലിൽ ഇരുന്ന അവന്റെ മുഖത്ത് കണ്ണീരിന്റെ നനവുണ്ടായിരുന്നു. അവന്റെ നേരെ നീട്ടിയ കൈകളിലേക്ക് അവന്റെ കൈകളും നീളുകയായിരുന്നു, ജന്മാന്തരങ്ങളായി അടുപ്പമുള്ളതുപോലെ. ആ കൈയിൽനിന്നാണ്‌ ചോരയൊഴുകി ബോധമറ്റനിലയിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് അവനെ ബാത്ത്റൂമിൽ കണ്ടെത്തിയത്. ഓർക്കുമ്പോൾ മുള്ളുവേലിയിൽ ഇഴഞ്ഞ പാമ്പിനെപ്പോലെ ഹൃദയം നീറുന്നു.
അവൻ പലപ്പോഴും അടച്ചിട്ട മുറിക്കുള്ളിൽ ഇരുന്നപ്പോൾ കൗമാരപ്രായത്തിലെത്തിയ ഏതൊരു ആൺകുട്ടിയെയും പോലെ സ്വകാര്യത തേടിയാണന്നും അകാരണമായുള്ള ദേഷ്യം അവന്റെ പ്രായത്തിന്റെ പ്രതീകരണമാണന്നും അവൾ വിശ്വസിച്ചു. അവൾ വളരുമ്പോൾ ഡിപ്രഷൻ ഉള്ള കുട്ടികൾ അവൾക്ക് അപരിചിതരായിരുന്നു.
-മക്കൾ ഓലപ്പന്തുകൾപോലെയാണ്‌. മെടഞ്ഞെടുക്കാൻ പഠിക്കണം. തറയിലേക്ക് ഉരുട്ടിയെറിഞ്ഞാൽ ഏണുകളും കോണുകളുംകൊണ്ട് ഉദ്ദേശ്യ സ്ഥലത്ത് എത്തിച്ചേരുവാൻ സമയമെടുക്കും. തിരികെയെടുത്ത് വീണ്ടും എറിയുവാനവസരം തരാതെ എവിടെയൊക്കെയോ എത്തിയെന്നും വരാം-
സൈഡ് റോഡിലേക്ക് തിരിഞ്ഞ കാർ എന്തോ ആന്തരികപ്രേരണപോലെ പള്ളിവളപ്പിൽ കയറ്റി. പള്ളിയിൽ നിറഞ്ഞുനിന്ന നിശബ്ദതയും ആത്മീയതയും അവളെ വിഴുങ്ങി. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം ചൊരിഞ്ഞ മെഴുതിരികളുടെ ചൂടേറ്റിട്ടാവാം മാതാവിന്റെ കാലുകൾ ചുവന്നിരിക്കുന്നുവെന്ന് അവൾക്കുതോന്നി. ജീവിതവ്യഥകൾ ചുമക്കുന്ന ചുമലുകൾ താഴ്ത്തി മാതാവിന്റെ കാല്ക്കൽ വണങ്ങി. നോമ്പുനോക്കിയ അൻപതുദിവസങ്ങളിലെ ഭക്തിയുടെ ഭാണ്ഡം അവൾ ഇറക്കിവെച്ചു. -നീ കാണുന്നില്ലേ എന്റെ ദുഃഖം?-ചൂടുള്ള കണ്ണീർ ചോദ്യഭാവത്തിലൊഴുകി. “എനിക്കൊന്നുമറിയില്ലായിരുന്നു” അവൾ തേങ്ങിക്കരഞ്ഞു.
ആരോ സ്പർശിച്ചു. “ഗീതേ”പിടിച്ചെഴുന്നേല്പ്പിച്ച കയ്യിൽ പിടിവിടാതെ മുറുകെപ്പിടിച്ചു. അവർ നടന്നു. വഴിയരുകിലെ പൂക്കൾ കടലാസുപൂക്കളെയോർപ്പിച്ചു. ഒലീവ് മരങ്ങളിൽ ചെറുപ്രാവുകൾ കുറുകി. -മാതാവേ, നീ കാണുന്നില്ലേ എന്റെ ദുഖം- ഒഴുകിയ കണ്ണീർ ചോദ്യം ആവർത്തിച്ചു. സംസാരിക്കുവാൻ അവളുടെ ശബ്ദം ഉയർന്നില്ല. മാതാവ് മലമുകളിലേക്ക് കയറിത്തുടങ്ങി. അവരുടെ നീളമുള്ള മേൽവസ്ത്രത്തിൽ ചവുട്ടാതിരിക്കുവാൻ അവളല്പ്പം പുറകെയായി നടന്നു.- ഒരുപക്ഷേ നീയെന്റെ ദുഃഖം കാണുന്നില്ലായിരിക്കാം- അവളുടെ മനസ്സുവായിച്ചറിഞ്ഞതുപോലെ മാതാവ് തിരിഞ്ഞുനോക്കി. കണ്ണുകളിൽ ആർദ്രഭാവത്തോടൊപ്പം ചിരിയുടെ തിളക്കമുണ്ടായിരുന്നു.
“നിന്റെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. ഞാനും ഒരു അമ്മയല്ലേ? മുപ്പതിലേറെ വർഷങ്ങൾ ഞാൻ വളർത്തിയ എന്റെ പൊന്നുമകനെ, ദേഹത്ത് ആണികൾ തറച്ച് കുരിശിൽ തൂക്കിയില്ലേ? ഞാനതെല്ലാം കണ്ടുകൊണ്ട് നിസ്സഹായതയോടെ നോക്കി നിന്നില്ലേ?” മാതാവിന്റെ കണ്ണുകളിൽ ഉപ്പുരസം നിറഞ്ഞു തുളുമ്പി.
“അവനൊടുവിൽ വേദന തിന്ന് മരിച്ചു“ മാതാവ് തേങ്ങിക്കരഞ്ഞു. ”എല്ലാവരും അവരുടെ ദുഃഖവുമായി എന്റടുത്തെത്തും. എനിക്ക് എന്തെങ്കിലും ദുഃഖമുണ്ടോ എന്ന് അവരാരും ഇന്നുവരെ ചോദിച്ചിട്ടില്ല. എന്റെ പുത്രൻ കാരുണ്യവാനും ദയാശീലനുമായിരുന്നു. എന്റെ പിതാവെ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് അറിയില്ലാത്തതിനാൽ ഇവരോട് ക്ഷമിക്കേണമെ എന്നവൻ കുരിശിൽ കിടക്കുമ്പോൾ പ്രാർഥിച്ചു. അത്തിപ്പഴത്തിന്റെ കാലമല്ലാതിരുന്നതിനാൽ പഴമില്ലാതിരുന്ന അത്തിമരത്തിനെ മാത്രം ഒരിക്കൽ അവൻ ശപിച്ചു. അത് വിശപ്പുകൊണ്ടായിരുന്നു. ഭൂമിയിൽ പിറന്നാൽ വിശക്കില്ലേ?“
”അമ്മാ, ഐ ആം സോറി. എന്റെ വേദനകളിൽനിന്നൊരു വിടുതൽ മാത്രം ഞാൻ ആഗ്രഹിച്ചു. എന്റെ പ്രവൃത്തി, എന്നെ സ്നേഹിക്കുന്നവരിൽ നിന്നും എന്നേക്കുമായി വിടുവിച്ച് അവരെ വേദനിപ്പിക്കുമന്ന്‌ ഞാൻ ചിന്തിച്ചതേയില്ല. ആ നിമിഷത്തിൽ ഞാൻ എന്റെ കാര്യം മാത്രം നോക്കിയൊരു തൻകാര്യക്കാരനായിരുന്നു . പറഞ്ഞറിഞ്ഞ അനാഥത്വവും ഓർമ്മയിൽ തങ്ങാത്ത മാതാപിതാക്കളും ആത്മാവിനെ വ്രണപ്പെടുത്തുമെന്ന് നിങ്ങൾ അറിഞ്ഞില്ല. അംഗീകാരത്തിനുവേണ്ടിയുള്ള എന്റെ ശ്രമങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. തകരപ്പാട്ടക്കുള്ളിൽ ഇഴയുന്ന അനേകം പുഴുക്കളിലൊന്നുപോലെ ഞാനും വികാരങ്ങളുടെ വലയത്തിൽനിന്ന്‌ വെളിയിലേക്കിറങ്ങുവാൻ ശ്രമിച്ച് തളർന്നുതുടങ്ങിയത് നിങ്ങൾ കണ്ടില്ല. അമ്മാ, ഐ ആം റിയലി, റിയലി സോറി“. തലേന്ന് ആശുപത്രിയിലെ പുൽത്തകിടിയിൽ നടക്കുമ്പോൾ അവൻ കരഞ്ഞു.
-ആത്മഹത്യ- നൊമ്പരപ്പെടുന്ന മനസിന്‌ വ്രണപ്പെട്ട ആത്മാവിനോടൊന്നിക്കുവാൻ മോഹം. ശരീരം വെടിഞ്ഞ് മനസ് ആത്മാവിനെ പ്രാപിക്കുന്നു. അലൗകീകമായൊരാനന്ദം-
തരുന്നതിലേറെ അവന്‌ തിരികെ കൊടുത്തു. വാങ്ങാവുന്നതിലേറെ അവൻ വാങ്ങി, സ്നേഹവും ലാളനവും, എല്ലാമെല്ലാം. ആ കൊച്ചുമനസ്സിന്റെ കോണിൽ ഒട്ടിയിരുന്ന അനാഥത്വം അവൾ അറിഞ്ഞില്ല.

”ഒരമ്മയുടെ ദുഃഖമറിയാവുന്ന നീ എന്തുകൊണ്ട് എന്നെ ദുഃഖിപ്പിക്കുന്നു? എന്റെ പ്രാർഥന കേൾക്കുന്നില്ല?“ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് അണ്ണാറക്കണ്ണന്റെ വേഗത്തിൽ അവനെക്കുറിച്ച് പരക്കുന്ന വാർത്തകൾ – അവൾക്കു സഹിക്കാനായില്ല.

”മനുഷ്യർ തിരഞ്ഞെടുക്കുന്ന വഴികൾ പിന്നീട് ദുഃഖത്തിനിടയാക്കാം. ചിലവഴികൾ തിരിഞ്ഞുനടക്കാനാവാത്തവിധം എന്നേക്കുമായി അടയുന്നു. ഭൂമിയിൽ പിറന്ന മനുഷ്യന്‌ ഒന്നും മുൻകൂട്ടി കാണുവാൻ കഴിയില്ലല്ലോ“? മാതാവിന്റെ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഹൃദയം വീണ്ടും മുള്ളുവേലിയിൽ ഇഴഞ്ഞ പാമ്പായി.
അവൾ കണ്ണുകൾ തുടച്ചു. മാതാവിനടുത്തേക്ക് ചെന്നു. ”മാതാവെ, നിങ്ങളുടെ കണ്ണുനീർ തുടക്കുവാൻ എനിക്ക് യോഗ്യതയില്ല“
”എനിക്കും നിനക്കും തമ്മിൽ എന്ത്‌ വ്യത്യാസം? കന്യക ഗർഭിണിയായതിന്റെ ഏഷണികൾ ഞാനും കേട്ടതല്ലേ? ഭൂമിയിൽ പിറന്നതിനാൽ ജീവിച്ചിരിക്കും കാലമത്രയും ഭൂമിയിലുള്ള ദുഃഖം നീയും അനുഭവിച്ചേ തീരു“. മാതാവിന്റെ കണ്ണുകളിൽ ദുഃഖം തിരയടിച്ചു.
”സ്ത്രീയുടെ മനസിന്‌ ഈ മലയിലെ പാറകളുടെ ഉറപ്പുണ്ടാവണം. സ്ത്രീ, ചൂടേറുന്നദിവസങ്ങളിൽ ഒലീവ് വൃക്ഷങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ആശ്വാസം പകരണം, ഭൂമിയിൽ നിറഞ്ഞൊഴുകുന്ന വായുവിന്റെ ശാന്തതയുണ്ടാവണം. ജീവിതത്തിൻ അനുഭവങ്ങളുടെ തീച്ചൂളകളും മലമുകളിലെ മഞ്ഞിന്റെ മരവിപ്പും ഉണ്ടാവാം, അതിനാൽ താൻ അബലയെന്നു സ്ത്രീക്ക് പലപ്പോഴും തോന്നും“.
സുനാമിത്തിരകൾ ഒഴുക്കിക്കളഞ്ഞ വേളാങ്കള്ളി ഭക്തരുടെ മരണം ഭൂമിയിലെ ദുഃഖങ്ങളിൽ ഒന്നായിരുന്നു. യേശുവിനെപ്പോലെ അങ്കിയണിഞ്ഞ്, താടിയും മുടിയും വളർത്തി മരുഭൂമിയിലൂടെ നടന്ന ബിൻലാഡനും ‘നയൻ ഇലവനിൽ’ നിരപരാധികളായ അനേകായിരങ്ങളുടെ മരണവും ഭൂമിയിലെ അനവധി ദുഃഖങ്ങളിൽ പലതായിരുന്നു. ഉത്തരം കിട്ടാതെ കിടന്നിരുന്ന പലചോദ്യങ്ങൾ ഉരുകിയില്ലാതായി.
”നീ പ്രപഞ്ചത്തിൽ നിറഞ്ഞുനില്ക്കുന്ന സർവ്വശക്തിയെ അറിയു. എല്ലാം നേരിടാനുള്ള ശക്തി അപ്പോൾ ആർജിക്കും“.
അസ്തമന സൂര്യന്റെ വെളിച്ചത്തിൽ മാതാവിന്റെ മുഖം വീണ്ടും പ്രസന്നമായി. മാതാവ് മലഞ്ചരിവിലൂടെ തിരിച്ചു നടന്നു. ആട്ടിൽ പറ്റത്തെ നയിച്ചുകൊണ്ട് ഇടയച്ചെറുക്കന്മാർ മടങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിത്തുടങ്ങിയതിനാൽ ഇടയന്റെ പിന്നാലെ വഴിയറിഞ്ഞ് അവർ മലയിറങ്ങി.
വാതിൽതുറക്കുന്ന ശബ്ദം കേട്ട് കണ്ണുകൾ തുറന്നപ്പോൾ മെഴുതിരികളുടെ വെളിച്ചത്തിൽ, രൂപക്കൂടിനുള്ളിലെ മാതാവിന്റെ കാലുകൾ കൂടുതൽ ചുവന്നിരിക്കുന്നതായും മുഖം ക്ഷീണിച്ചിരിക്കുന്നതായും അവൾ കണ്ടു.
///റീനി മമ്പലം/// യു.എസ് മലയാളി///
reenimambalam@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments