Friday, March 29, 2024
HomeLiterature"നമ്മുടെ ഇഷ്ടത്തിനു വഴങ്ങാത്ത പ്ലാവില." (അനുഭവ കഥ)

“നമ്മുടെ ഇഷ്ടത്തിനു വഴങ്ങാത്ത പ്ലാവില.” (അനുഭവ കഥ)

"നമ്മുടെ ഇഷ്ടത്തിനു വഴങ്ങാത്ത പ്ലാവില." (അനുഭവ കഥ)

മിലാല്‍ കൊല്ലം.
നമ്മൾ മലയാളികൾ മുണ്ടുടുക്കുമ്പോൾ ഉടുക്കുന്ന ആളിനു ഇഷ്ടമുള്ള പോലെ ഉടുക്കാം. ഇടതു വശം ഉടുക്കാം. വലതു വശം ഉടുക്കാം.
ഇനി വേണമെങ്കിൽ മുണ്ടുടുത്തിട്ട്‌ ഷർട്ട്‌ ഇൻ ചെയ്ത്‌ കോട്ടുമിട്ടു വേണമെങ്കിലും നടക്കാം.
കൊട്ടിയത്ത്‌ മുൻപൊരു ബാക്ഷ ഉണ്ടായിരുന്നു. വലിയ പ്രേം നസീറിന്റെ ആരാധകനായിരുന്നു. ഇദ്ദേഹം പലപ്പോഴും മുണ്ടുടുത്ത്‌ ഷർട്ട്‌ ഇൻ ചെയ്ത്‌ കോട്ടുമിട്ടു നടക്കുമായിരുന്നു. ചോദിച്ചാൽ പറയും. വസ്ത്രം ധരിച്ചു നടക്കണം എന്നേ ഒള്ളൂ. അല്ലാതെ ഇങ്ങനെയേ ഉടുക്കാവു എന്നോന്നും ഇല്ല.
അതുപോലെ നമ്മൾ മുഖ പുസ്തകക്കാർ പറയും. എന്റെ മതിൽ ഞാൻ എനിക്ക്‌ ഇഷ്ടമുള്ളത്‌ എഴുതും. ആരും ചോദിക്കാൻ വരണ്ടാ.
എന്നാൽ നമ്മളുടെ ഇഷ്ടത്തിനു ചെയ്യാൻ പറ്റാത്ത ഒരു സാധനം. അതാണു ഞാൻ പറയാൻ പോകുന്നത്‌.
കുറച്ച്‌ നാളിനു മുൻപ്‌ ഒരു മരണ വീട്ടിൽ പോയി. അടക്കം എല്ലാം കഴിഞ്ഞ്‌ അടുത്ത ദിവസം രാവിലെ ഒരു ഒൻപത്‌ മണിക്കാണു പോയത്‌. ഞാൻ ചെല്ലുമ്പോൾ അവിടെ കഞ്ഞിയും പയറും ആൾക്കാർക്ക്‌ വിളമ്പുകയാണു.
എന്റെ മനസിൽ തോന്നി നല്ല കാര്യം. എന്റെ ഇന്ന ആൾ മരിച്ചതിന്റെ പേരിൽ ഇത്തിരി കഞ്ഞിയും പയറും കഴിച്ചുകളയാം. പണ്ടുള്ള ആൾക്കാർ ഉണ്ട്‌ അവർക്ക്‌ കാര്യം അറിയാം. അവർ മരണ വീട്ടിൽ പോയാൽ വേറേ ഒന്നും കഴിച്ചില്ലെങ്കിലും ഇത്തിരി പഷ്ണിക്കഞ്ഞി ചോദിച്ചു വാങ്ങി കുടിക്കും. അത്‌ ആ മരിച്ച ആളിനോടുള്ള കടപ്പാടാണന്നാ പറയുന്നത്‌. അതിനെ കുറിച്ച്‌ അധികം ഒന്നും എനിക്ക്‌ അറിയില്ല.
അങ്ങനെ ഞാൻ ചെന്ന് കഞ്ഞി കുടിക്കാനിരുന്നു. അപ്പോഴതാ കാണുന്നു. പാത്രത്തിൽ കഞ്ഞിയും ഇലയിൽ കറിയും കോരിക്കുടിക്കാൻ പ്ലാവില കോട്ടിയതും. ഇത്‌ കണ്ടപ്പോൾ കുറച്ച്‌ കഞ്ഞി കൂടുതൽ കുടിച്ച്‌ കളയാം എന്നു വിചാരിച്ചു.
എന്റെ കൊച്ചിലെ വീട്ടിൽ കഞ്ഞി കോരി കുടിച്ചിരുന്നത്‌ സ്ഥിരമായി പ്ലാവില ഉപയോഗിച്ചായിരുന്നു. അന്ന് പ്ലാവില കോട്ടാനും അറിയുമായിരുന്നു. അന്ന് ഉള്ളവർ പ്ലാവില കോട്ടാൻ അറിവുള്ളവരായിരുന്നു.
എനിക്കങ്ങനെ കഞ്ഞി കൊണ്ടു തന്നു. കുടിക്കാനായി പ്ലാവില എടുത്തപ്പോൾ മനസിലായി അത്‌ പുതിയ തലമുറ കോട്ടിയ പ്ലാവില ആണെന്ന്. കാരണം പ്ലാവില കോട്ടണ്ടത്‌ വലതു വശം ഇല മടക്കി ഈർക്കിൽ കുത്തണം. അല്ലാതെ ഇടതു വശം ഇല മടക്കി ഈർക്കിൽ കുത്തിയാൽ കഞ്ഞി കോരി കുടിക്കാൻ കഴിയില്ല.
അതാണു പറഞ്ഞത്‌ നമുക്കിഷ്ടമുള്ളത്‌ പോലെ പ്ലാവില കോട്ടിയാൽ കഞ്ഞി കുടിക്കാൻ പറ്റില്ല. എനിക്ക്‌ മാത്രമല്ല അവിടെ ഇരുന്ന എല്ലാവർക്കും കിട്ടിയത്‌ ഇതുപോലെ ഉള്ളതായിരുന്നു. പിന്നെ അവിടെ ഒരു വയസായ അമ്മച്ചി ഓടി നടന്ന് എല്ലാവർക്കും പ്ലാവില ശരിക്കു കോട്ടിക്കൊടുത്തു. അതാണു പറഞ്ഞത്‌ പഠിപ്പും പത്രാസും കോട്ടും ഒക്കേയുണ്ടെങ്കിലും ചില കാര്യങ്ങൾ അതിന്റെ രീതിയ്ക്ക്‌ ചെയ്തില്ലെങ്കിൽ പണി പാളും.
RELATED ARTICLES

Most Popular

Recent Comments