കൊടിയത്തൂർ: ജനവാസ മേഖലയിലൂടെ ഗെയിൽ പൈപ്പ് ലൈൻ കൊണ്ടുപോവാനുള്ള ശ്രമം അനുവദിക്കില്ലന്ന് പി.കെ.ബഷീർ എം.എൽ.എ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗെയിലിനെതിരെ സമരം നടത്താൻ ഇന്ന് പാലം വലിച്ച സി.പി.എം നേതാക്കളും എം.എൽ.എമാരും ഉണ്ടായിരുന്നതായും പി.കെ. ബഷീർ പറഞ്ഞു. ഗെയിൽ വിരുദ്ധ സമരസമിതി എരഞ്ഞിമാവിൽ നടത്തിയ മാർച്ചും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയും രാഷ്ടീയ പാർട്ടികളും ജനപ്രതിനിധികളുമായി ചർച്ച നടത്താൻ തയ്യാറായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് ഭരണകാലത്ത് പ്രവൃത്തി നടക്കാതിരുന്നത്. ഇപ്പോൾ ഒരു ചർച്ചക്ക് പോലും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും തയ്യാറാവുന്നില്ല.ബംഗാളിലെ നന്ദിഗ്രാം പോലെ ഗെയിൽ സമരവും ആളിപടരുമെന്നും എം.എൽ.എ പറഞ്ഞു. എരഞ്ഞിമാവിൽ നിന്ന് പ്രകടനമായെത്തിയ 1500 ഓളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാർ പദ്ധതി പ്രദേശത്തുള്ള,അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു പിടിച്ചു വിവിധ സംഘടനകളുടെ കൊടിനാട്ടി. മുസ്ലീം ലീഗ്, വെൽഫെയർ പാർട്ടി, കോൺഗ്രസ് ആം ആദ്മി, എസ്.വൈ.എസ് തുടങ്ങിയവക്കായി സംസ്ഥാന നേതാക്കളാണ് കൊടി നാട്ടിയത്.
തുടർന്ന് എരിഞ്ഞിമാവിൽ നടന്ന പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിൻകുട്ടി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ല പ്രസിഡന്റ് എം.ഐ റശീദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ, ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ, നജീബ് കാന്തപുരം, എസ് വൈ.എസ് സംസ്ഥാന സെക്രട്ടറി അലി അബ്ദുല്ല, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുതിയോട്ടിൽ, വിക്ടിംഗ് സ് ഫോറം ജില്ല കൺവീനർ കെ.സി അൻവർ ചെറുവാടി, സി.പി. ചെറിയമുഹമ്മദ്, അലവിക്കുട്ടി കാവനൂർ സംസാരിച്ചു. പി.എ.സലാം അധ്യക്ഷതവഹിച്ചു. അസ്‌ലം ചെറുവാടി, സി.കെ. കാസിം, കൃഷ്ണൻ കുനിയിൽ, ബാവ പവർവേൾഡ്, കരീം പഴങ്കൽ, സാലിം ജി.റോഡ്, അബ്ദുൽ ജബ്ബാർ സഖാഫി, ടി.കെ.ജാഫർ പ്രകടനത്തിന് നേത്രത്വം നൽകി
Photo : വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ സമര ഭൂമിയിലേക്ക് മാർച്ചു നടത്തുന്നു.