ധര്‍മ്മദീക്ഷ.. (കവിത)

ധര്‍മ്മദീക്ഷ.. (കവിത)

0
721
ഉഷ ചന്ദ്രൻ. (Street Light fb group)
എന്‍റെ പ്രത്യാശകള്‍ക്കതിരുകള്‍ മെനയുന്നു
അഭ്യുദയത്തിന്നദൃശ്യമാം കന്മതില്‍
എങ്കിലുമുണ്ടൊരഭിവാഞഛയുള്ളിലായ്
ബന്ധനം തച്ചു തകര്‍ക്കുവാന്‍ സജ്ജമായ്!
കാണണമൊരുവട്ടമെന്‍ പ്രാണനാഥനെ
കാതരമായൊരു കഥയുണര്‍ത്തീടുവാന്‍
ആശിപ്പതുണ്ടവന്നാത്മാവു പേറുന്നൊ-
രാകാരസൗഷ്ടവം സ്വായത്തമാക്കുവാന്‍
ഒഴുകുന്ന നൌകതന്നമരത്തു കയറാം
ആഴിക്കടിത്തട്ടിലൂളിയിട്ടെത്തിടാന്‍
കാറ്റിന്‍റെ ചിറകിലങ്ങേറിക്കുതിക്കാം
കാര്‍മുകില്‍പ്പാളികള്‍ക്കിടയില്‍ തിരഞ്ഞിടാന്‍
മഴവില്ല് തീര്‍ക്കുന്ന പാലത്തിലേറിടാം
ചക്രവാളത്തിന്‍റെ സീമ താണ്ടീടുവാന്‍
മിന്നല്‍പ്പിണരിന്‍റെ തുഞ്ചത്തിരുന്നിടാം
ആകാശവീഥിതന്‍ ഓരത്തിറങ്ങിടാന്‍
പര്‍വ്വതസാനുക്കളില്‍ പോയി നിന്നിടാം
പുകയുന്ന ശിഖരിയെ നെഞ്ചിലേറ്റാം
വിരഹതാപത്തിനാലുരുകുന്ന ലാവയില്‍
വിലയിച്ചുചേരുവാനവനെ ക്ഷണിച്ചിടാം
ഭൂമിതന്‍ വിള്ളുന്ന മാറില്‍പ്പതിക്കാം
ഭൂഗര്‍ഭമാര്‍ഗ്ഗേ ബഡവാഗ്നി പൂകിടാം
പ്രിയനെന്‍റെ പ്രാണന്‍ പകുത്തങ്ങു നല്‍കാം
പ്രിയതരമാമൊരു ചുംബനം നല്‍കിടാം
കാണണം വീണ്ടുമൊരാവര്‍ത്തിയെങ്കിലും
കൂടുവെടിഞ്ഞകന്നെന്നിണപ്പക്ഷിയെ
തമ്മില്‍ പിരിഞ്ഞതിന്‍ കാര്യം തിരക്കണം
താളം പിഴയ്ക്കാത്ത താരാട്ട് പാടണം
ആത്മദു:ഖങ്ങള്‍ പകുത്തുനല്‍കീടണം
ആ വിരിമാറില്‍ തലചായ്ച്ചിരിക്കണം
ആശ്വാസ നിശ്വാസ താളം ശ്രവിച്ചവ-
ന്നരികത്തു നിത്യമായ് നിദ്ര പൂണ്ടീടണം

Share This:

Comments

comments