Wednesday, May 1, 2024
HomeNewsനഗരമധ്യത്തിലെ മാലിന്യം നിറഞ്ഞ വഴി മനോഹര ഉദ്യാനമാക്കി വിദ്യാര്‍ത്ഥികള്‍.

നഗരമധ്യത്തിലെ മാലിന്യം നിറഞ്ഞ വഴി മനോഹര ഉദ്യാനമാക്കി വിദ്യാര്‍ത്ഥികള്‍.

നഗരമധ്യത്തിലെ മാലിന്യം നിറഞ്ഞ വഴി മനോഹര ഉദ്യാനമാക്കി വിദ്യാര്‍ത്ഥികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
സമീപത്തെ കടക്കാര്‍ക്കും മറ്റും മാലിന്യം നിക്ഷേപിക്കാനുള്ള ഇടം, വഴിയാത്രക്കാര്‍ക്ക് ‘അത്യാവശ്യം’ കാര്യം സാധിക്കാനുള്ള സ്ഥലം, നേരമിരുട്ടിയാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം.. ആലുവ റെയില്‍വേ ഓവര്‍ബ്രിഡ്ജിലേക്കുള്ള പ്രവേശനഭാഗം കഴിഞ്ഞ ദിവസം വരെ ഇതൊക്കെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കഥമാറി. വഴിയാത്രക്കാര്‍ക്ക് സുഗമമായി നടക്കാനുള്ള സൗകര്യമുണ്ടായെന്നു മാത്രമല്ല നഗരമധ്യത്തില്‍ ഒരു ചെറു വിശ്രമത്തിനുള്ള ഉദ്യാനം കൂടിയായിയിരിക്കുന്നു ഇവിടം.
ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ ദിവസങ്ങള്‍ നീണ്ട പരിശ്രമമാണ് ആലുവയില്‍ കാല്‍നട യാത്രക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വഴി മനോഹരമായ ഉദ്യാനമാക്കിത്തീര്‍ത്തത്. വാഴക്കുളം ഹോളി ക്രെസെന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളാണ് മാതൃകാപരമായ ചുവടുവെയ്പ് നടത്തിയിരിക്കുന്നത്.
ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ആര്‍ക്കിടെക്ചറിന്റെ (നാസ) ഒരു കോംപറ്റീഷനാണ് തങ്ങളെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അസോസിയേഷന്റെ ഇത്തവണ ഒരു ലൈവ് സ്ട്രക്ചര്‍ ചെയ്യാനായിരുന്നു നിര്‍ദേശം. അത് ജനോപകാരപ്രദമായി എങ്ങനെ ചെയ്യാമെന്ന ചിന്തയാണ് തങ്ങളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിയായ നിധിന്‍ പറയുന്നു.
ഇരു വശവും മാലിന്യം നിറഞ്ഞ് ഒരു മഴ പെയ്താല്‍ ചെളി നിറയുന്ന പ്രദേശമായിരുന്നു ഇത്. കാല്‍ നടക്കാരെ കൂടാതെ ബ്രിഡ്ജിനപ്പുറത്തെ സ്കൂളിലേക്കും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ?പോകുന്നതും ഇതുവഴി തന്നെ. മുനിസിപ്പാലിറ്റിയില്‍ നിന്നും റെയില്‍വേയില്‍ നിന്നും അനുമതി നേടിയ ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെല്‍ഡിങ്ങിനും മറ്റുമുള്ള വൈദ്യുതിയും റെയില്‍വേ നല്‍കി. പ്രദേശം മനോഹരമായതോടെ വഴിവിളക്കില്ലാത്ത ഇവിടെ റെയില്‍വേ ?ലൈറ്റും ഇട്ടിട്ടുണ്ട്.
പ്രൊജക്ടിനായി ആദ്യംതന്നെ ഇവിടത്തെ മാലിന്യം നീക്കംചെയ്യുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്. പിന്നീട് വഴിയിലിട്ടിരുന്ന സ്ലാബുകള്‍ ഇളക്കിയെടുത്ത് മണ്ണിട്ട് നിരപ്പാക്കി അവ വീണ്ടും ക്രമമായി സ്ഥാപിച്ചു. പോസ്റ്ററുകളും മറ്റും പതിച്ചിരുന്ന ചുവരുകള്‍ വൃത്തിയാക്കി മനോഹരമായ പെയിന്റിങുകള്‍ വരച്ചു. വശങ്ങളില്‍ പുല്ല് പിടിപ്പിച്ചു. ഒരു മൂലയില്‍ മോടി കൂട്ടാനായി മുളകള്‍ വെച്ചു. ചെങ്കല്ല് അടുക്കി മുകളില്‍ സ്ലാബ് വെച്ച്‌ ഏതാനും ഇരിപ്പിടങ്ങള്‍ തീര്‍ത്തു. അലുമിനിയം പൈപ്പുകള്‍ കൊണ്ട് മുകളില്‍ ചെറിയൊരു സ്ട്രക്ചറും നല്‍കി.
നാലു ദിവസത്തെ രാപ്പകല്‍ നീണ്ട അധ്വാനം കൊണ്ടാണ് തങ്ങള്‍ ഇത് നിര്‍മിച്ചതെന്ന് ഹോളി ക്രസന്റിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്‍ജുന്‍ ഗിരി പറഞ്ഞു. അവിടെ തന്നെയുണ്ടായ സ്ലാബുകളാണ് തറയ്ക്കും ഇരിപ്പിടങ്ങള്‍ക്കുമായി ഉപയോഗിച്ചത്. അലുമിനിയം പൈപ്പുകളും മറ്റും സ്ക്രാപ്പുളില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ലോണിനുള്ള പുല്ലും മുളയും കോളേജില്‍ നിന്ന് കൊണ്ടുവരികയായിരുന്നു. പല ഷിഫ്റ്റുകളിലായി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത് അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

Most Popular

Recent Comments