Wednesday, April 24, 2024
HomeAmericaകലയുടെ "പൂമരം" ഒരുക്കി എം ബി എൻ ഫൗണ്ടേഷൻ.

കലയുടെ “പൂമരം” ഒരുക്കി എം ബി എൻ ഫൗണ്ടേഷൻ.

കലയുടെ "പൂമരം" ഒരുക്കി എം ബി എൻ ഫൗണ്ടേഷൻ.

വിനീത നായര്‍.
ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ മലയാളികളെ സംഗീതത്തിന്റെയും,ചിരിയുടെയും ലോകത്തേക്ക് കൊണ്ടു പോകുവാൻ വൈക്കം വിജയലക്ഷ്മിയും സംഘവും “പൂമരം” ഷോയുമായി എത്തുന്നു. കലാമൂല്യമുള്ള ഈ പരിപാടി ന്യൂജേഴ്സിയിലെ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത് എം ബി എൻ ഫൗണ്ടേഷൻ. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മാധവൻ ബി നായർ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ. “പ്രോമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത്” എന്ന ആശയവുമായി ആരംഭിച്ച എം ബി എൻ ഫൗണ്ടേഷന്റെയും ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (MANJ), കേരളാ കൾച്ചറൽ ഫോറം (KCF),നോർത്ത് അമേരിക്കൻ മലയാളിസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് (NAMAM) എന്നിവയുടെ പിന്തുണയോടും കൂടിയാണ് പൂമരം ഷോ അവതരിപ്പിക്കുന്നത്. ഒക്ടോബർ പതിനഞ്ചിനു വൂഡ്ബ്രിഡ്ജ് മിഡിൽ സ്കൂളിൽ (525 ബാരൻ അവന്യു) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി വ്യത്യസ്‌തകൾ നിറഞ്ഞതാകും.
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ “ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. “ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം,സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വദകരുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ “സെല്ലുലോയി”ഡിലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവർ കുറവായിരിക്കും.
ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. മാത്രമല്ല,വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. അതോടെ കൂടുതൽ അവസരങ്ങളും കൈവന്നു. കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരുങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള സംവിധാനം അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. ‘ബയോണിക് ഐ’ എന്ന ഈ സംവിധാനം വിജയലക്ഷ്മിക്കു ഗുണപ്രദമാകുമോ എന്നും പൂമരം സംഘം അന്വേഷിക്കുന്നുണ്ട്.
വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എത്തുന്ന പരിപാടി എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ പുല്ലാംകുഴലിൽ വിസ്മയം തീർക്കുന്ന ചേർത്തല രാഗേഷും, ബിനോയിയും അടങ്ങുന്ന സംഗീത സംഘം ഒരുക്കുന്ന നാദവിസ്മയം ന്യൂജേഴ്‌സി മലയാളികൾക്ക് നവ്യാനുഭവം ആയിരിക്കും. ഇവർ മൂവരും ഗായത്രി വീണയും, പുല്ലാങ്കുഴലും, കീബോർഡും, വയലിനും കോർത്തിണക്കി ഒരുക്കുന്ന സംഗീത പ്രപഞ്ചം കാണാൻ പോകുന്ന പൂമരകാഴ്ച തന്നെയാകും.
അനുശ്രീ, റേയ്ജൻ രാജൻ , രൂപശ്രീ , സജ്‌ന നജാം , ശ്രുതി തമ്പി ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് സജ്‌ന നജാം ആണ് കൊറിയോഗ്രാഫർ. അബിയും , അനൂപ് ചന്ദ്രനും ,ആക്ഷൻ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതുമ നിറഞ്ഞതാകും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷൻ ബാൻഡും ഒപ്പമുണ്ട് .
കൂടുതൽ വിവരങ്ങൾക്ക്
മാധവൻ ബി നായർ, ചെയർമാൻ, 732 718 7355
വിനീത നായർ, പി ർ ഒ, 732 874 3168
RELATED ARTICLES

Most Popular

Recent Comments