Friday, May 3, 2024
HomeLiteratureജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ (കഥ -ഭാഗം ഒന്ന്)

ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ (കഥ -ഭാഗം ഒന്ന്)

ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ (കഥ -ഭാഗം ഒന്ന്)

ബെന്നി ടി ജെ.
കോട്ടയത്തുനിന്നും തീവണ്ടിവിടുമ്പോൾ ഏലിയാസ് തന്റെ നാടിനേയും തനിക്കു പരിചയമില്ലാത്തവരായ എല്ലാവരേയും ഒന്നു കൂടി നോക്കി കൈകൾ വീശി. അതെ ഇതൊരു വിടപറച്ചിലാണ് തിരികെയെത്താൻ വേണ്ടിയുള്ള ഒളിച്ചോട്ടം. തിരിഞ്ഞു ബോഗിക്കുള്ളിലേക്ക് നോക്കി . തിരിഞ്ഞു വീണ്ടും ഫ്ലാറ്റ്ഫോമിലേക്കും. ചൂളം കുത്തി മെല്ലെ മെല്ലെ കുലുങ്ങി കുലുങ്ങി നീങ്ങുന്ന വണ്ടിയിൽ നിന്നും ഉറക്കെ ചിന്നം വിളി കണക്കെ ഹോണുയർന്നു.പതിയെ പതിയെ വണ്ടിയുടെ കുലുക്കം കുറയുകയും വേഗത കൂടിക്കൊണ്ടേയിരുന്നു. അവൻ മെല്ലെ വാതിലിനരുകിൽ നിന്നും തന്റെ സീറ്റിനരികിലേക്ക് വന്നിരുന്നു. വിശപ്പും,ഭയവും,ക്ഷീണവും കാരണം അവൻ വല്ലാതെ തളർന്നിരുന്നു. ടിക്കറ്റെടുത്തതിന്റെ ബാക്കി ചില്ലറ അവന്റെ തുണി സഞ്ചിക്കുള്ളിലിട്ടത് ചുരുട്ടി നെഞ്ചോടു ചേർത്തു പിടിച്ചു.എങ്ങോട്ടെന്നോരു നിശ്ചയവുമില്ലതെയൊരു യാത്ര .. ഒരേ ഒരു ലക്ഷ്യം ഇനിയും കൗമാരം വിടപറയാത്ത മനസ്സിൽ വിശപ്പിനൊപ്പം ആളിക്കത്തിക്കൊണ്ടിരുന്നു. ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
വണ്ടിയുടെ വേഗതയ്ക്കൊപ്പം കാഴ്ചകളും പുറകോട്ടോടുന്നു.പുറത്തെ സ്ഥലങ്ങളിലെല്ലാം ഇരുട്ടും മഞ്ഞും വ്യാപിച്ചുകൊണ്ടിരിക്കുന്നു. അകലങ്ങളിൽ തെളിഞ്ഞു കത്തുന്ന മഞ്ഞ വിളക്കുകൾ അവന്റെ ദൃഷ്ടിപഥത്തിൽ നിന്നും അകന്നകന്നുപോയ്ക്കൊണ്ടിരുന്നു. തണുത്ത കാറ്റ് ജനാലയിൽക്കൂടി ഇരച്ചെത്തി മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. കണ്ണുകളിൽ നിദ്ര മെല്ലെ മുട്ടിവിളിയ്ക്കാൻ തുടങ്ങി. പതിയെപ്പതിയെ അവന്റെ കണ്ണുകളടഞ്ഞു. മയക്കത്തിലേക്കു വഴുതി വീണു…. പിന്നെ നിദ്രയിലേയ്ക്കും. അപ്പോൾ ഉപബോധമണ്ഡലത്തിൽനിന്നും കുറേ നിഴലുകൾ പുറത്തിറങ്ങി ചുറ്റും നൃത്തം ചവിട്ടുന്നതവൻ കാണാൻ തുടങ്ങി.ആ നിഴലുകൾക്കെല്ലാം അവനറിയുന്നവരുടെ ഛായയായിരുന്നു.. അതവന്റെ ഇന്നലകളിലേയ്ക്കൂളിയിട്ടു … .
രാമപുരത്തെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു വെട്ടുകാട്ടിൽ കുടുംബക്കാർ. ഏക്കർ കണക്കിന് ഭൂസ്വത്ത്… ഏകദേശം രാമപുരത്തിന്റെ മൂന്നിലൊന്നിനവകാശികളായിരുന്നു വെട്ടുകാടൻമാർ.. കുരുമുളകും, കാപ്പിയും, ഏലവും, റബ്ബറും കശുമാവും എല്ലാം നിറഞ്ഞ ഒന്നാംതരം തോട്ടങ്ങളായിരുന്നു അവരുടേത്.പുൽതൈലക്കച്ചവടം അവരെ കേരളത്തിന്റെ മറ്റു കുടിയേറ്റ മേഘലകളുമായി ബന്ധപ്പെടുത്തിയിരുന്നു. ആ കുടുംബത്തിന്റെ മൂത്ത പുത്രനായിരുന്നു പ്രതാപിയായ ജേക്കബ് ഏലിയാസ് തരകൻ.ബോട്ടുകളും, വഞ്ചികളും വള്ളങ്ങളും ഒരുപാടുണ്ടായിരുന്നു. കേളകം കന്നുകാലി ചന്തയിൽ വില്ക്കുന്ന മാടുകൾക്ക് തരകൻ ഒരു വിലയിട്ടാൽ അതിന്റെ മുകളിൽ പരുന്തും പറക്കില്ല എന്നായിരുന്നു പ്രമാണം. തരകന്റെ ആദ്യ ഭാര്യ മോളമ്മ എന്നു വിളിയ്ക്കുന്ന മേരിക്കുട്ടി എലിയാസിന്റ ജനനത്തോടെ മരിച്ചപ്പോൾ ജേക്കബ് തരകൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും ഒരു വിവാഹം കഴിച്ചു. തന്റെ അനുജൻ തോമസ് തരകന്റെ ഭാര്യയുടെ അകന്നബന്ധത്തിലുള്ള സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായിരുന്ന ജാനമ്മയെ. ആദ്യമൊക്കെ അവർക്ക് ഏലിയാസിനോട് വളരെ സ്നേഹമായിരുന്നു .അവന് മൂന്നു വയസ്സ് പ്രായമായപ്പോഴാണ് ജാനമ്മ ആദ്യമായി പ്രസവിച്ചത്.
അവർക്കും മക്കൾ പിറന്നതോടെ ഏലിയാസിനോടുള്ള സ്നേഹം കുറഞ്ഞു കുറഞ്ഞു അത് രണ്ടാനമ്മപ്പോരായിമാറി. സ്ക്കൂളിൽ നിന്നും സമയത്തിനെത്തിയില്ലെങ്കിൽ വഴക്കും, നല്ലതല്ലും, ഭക്ഷണവും കൊടുക്കില്ല… കളിക്കാനും വിടില്ല, ആരുമായി കൂട്ടുകൂടാനും വിടില്ല മൊത്തത്തിൽ അടച്ചു പൂട്ടിയ ജീവിതം . ജാനമ്മയെ സഹായിക്കാനെന്ന പേരിൽ ആ വീട്ടിൽ കയറിപ്പറ്റിയ ജാനമ്മയുടെ അമ്മ കൊച്ചുത്രേസ്യ അവനെ ഓരോ കാരണം ഉണ്ടാക്കി ജാനമ്മയുടെ കൈയ്യിൽ നിന്നും വഴക്കുകേൾപ്പിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും ജേക്കബ് തരകൻ ചോദിച്ചാൽ ജാനമ്മയ്ക്ക് വ്യക്തമായ മറുപടിയുമുണ്ട്…
“അമ്മയില്ലാത്ത കൊച്ചാണേ… എന്തെങ്കിലും ഏനെക്കേട് വന്നാലേ… നിങ്ങടെ അനിയൻമ്മാരും കുടുംബക്കാരും എന്നക്കുറ്റം പറയും .. രണ്ടാനമ്മയുടെ വളർത്തുദോഷം കൊണ്ടാണെന്ന്…. അതിനിപ്പം എന്നകിട്ടൂല …! ഞാമ്പെറ്റ എന്റെ വയറ്റിപ്പെറന്നോനേപ്പോലെയാ… ഞാനവനെ നോക്കുന്നതേ…”
ജാനമ്മ മൂക്ക് പിഴിയും അപ്പോൾ ജേക്കബ് തരകൻ നിശബ്ദനാവും അയാളുടെ മുമ്പിൽ അവൾ തന്റെ അഭിനയപാടവം പുറത്തെടുക്കും…. അമ്മവീട് കാഞ്ഞിരപ്പള്ളിയിലായതുകൊണ്ട്‌ ജേക്കബ് അവനെ അമ്മ വീട്ടിൽ വിടാറില്ല.. അധികം ദുഃഖം വരുമ്പോൾ അവൻ വേലക്കാരി മറിയത്തള്ളയുടെ മടിയിൽ കിടന്നു കരയും. അവന്റെ അമ്മ മരിച്ച ശേഷം തരകൻ രണ്ടാംവിവാഹം കഴിക്കുന്നത് വരെ രണ്ടു വർഷത്തോളം അവരാണ് അവന്റെ അമ്മയായിരുന്നത്..ജാനമ്മയെങ്ങാനും കണ്ടു പോയാൽ അപ്പോൾ തുടങ്ങും ശകാരിക്കാൻ അത് തുടങ്ങുന്നത് തന്നെയിങ്ങനെയാണ്
”… തള്ളേക്കൊല്ലി… അസുരവിത്ത്… നെന്റെയൊക്കെ കാലു ബൂമീതൊട്ടപ്പോളേക്കും തള്ളേക്കൊന്നു… തെക്കോട്ടുകെട്ടീ… ഇവനെയൊക്കെ… കണികണ്ടാലന്നു പച്ചവെള്ളം കുടിക്കാൻ കിട്ടൂല.. ഇനിയാരെടെ തലയാണോ തെറിപ്പിക്കാൻ പോണെതെന്റെ കർത്താവേ..!”
അന്നത്തേക്ക് പട്ടിണി തന്നെ. ആകെയൊരാശ്വാസം അനിയൻ പീറ്ററാണ്.പീറ്ററടക്കം മൂന്ന് മക്കളാണ് ജാനമ്മയ്ക്ക്. തോബിയാസ്സും, റോസിലിയും എല്ലാരും ഈരണ്ടുവയസ്സിനിളപ്പമാണ്. ബാക്കി രണ്ടാളും ജാനമ്മേന്റെ സ്വഭാവക്കാരും. എന്തെങ്കിലും കുറ്റം പറഞ്ഞ് ചേട്ടനെ വഴക്കു കേൾപ്പിക്കുന്നതവർക്ക് സന്തോഷമുള്ള കാര്യവും. കൃഷികാര്യങ്ങളും, കച്ചവടവുമായി ജേക്കബ് തരകൻ യാത്രയിലായിരിക്കും. ഒരു ബുള്ളറ്റ് ബൈക്കും, അംബാസഡർകാറും ഉണ്ടെങ്കിലും.. തന്റെ ഇഷ്ട വാഹനമായ അംബാസഡർ കാറിൽ ഡ്രൈവർ ചാക്കോയും, കാര്യസ്ഥൻ കേശു നായരുമാണ് തരകനെ അകമ്പടിസേവിക്കുന്നത്.
ഏതാനും വർഷങ്ങൾ പൊറുത്തും, സഹിച്ചും അവൻ കഴിഞ്ഞു പഠിക്കാൻ മിടുക്കനായിരുന്ന ഏലിയാസ് സ്ക്കൂൾ ഫൈനൽ ഫസ്റ്റ് ക്ലാസിൽ പാസായി. കോട്ടയം സി എം എസ് കോളേജിൽ ചേർന്നു പഠിക്കണമെന്ന അവന്റെ ആഗ്രഹം കൊച്ചുത്രേസ്യ മെല്ലെ ജാനമ്മയുടെ ചെവിയിലെത്തിച്ചു
“ഡീ.. യീചെറക്കനെ പടിക്കാൻ വിട്ടാലേ…. കാര്യം നടക്കേലാ… അവനെങ്ങാനും പടിച്ചു ടെപ്പൂട്ടിക്കുണസറായാലേ…. നെന്നേം മക്കളേം ചവിട്ടിപ്പൊറത്താക്കും…. നോക്കിക്കോ…”
അതുകേട്ടു ജാനമ്മ അനുസരണയുള്ള മകളായി മാറി
” അതിനിപ്പോ ഞാനെന്തോ ചെയ്യാനാ… അതിയാനും പറഞ്ഞവനെ സീയമ്മെസ് കാളേജിവിടണോംന്നു…”
കൊച്ചുത്രേസ്യയിലെ മന്ഥര ഉണർന്നു….
“ഡീ… ഞാനൊരു കാര്യം ചെയ്യാം…നെന്റെ മാപ്ലയിങ്ങു വരട്ടേ.. പിന്നപറയാം… കാര്യോക്കെ…”
രാത്രിയായപ്പോൾ തരകൻ വന്നു… അത്താഴ സമയത്ത്.. ഏലിയാസ് അപ്പനോട് ചോദിച്ചു..
” അച്ചാച്ചോ… എനിക്കൊരു മുന്നൂറു രൂപ… കാശു വേണായിരുന്നു… “
“ഉം… നെനക്കെന്തിനാടാ… അത്രേം പൈസ… എന്തോ കാണിക്കാന…?”
” പുതിയ കുപ്പായോം,മുണ്ടും… ജൂബേം.. വാങ്ങാനാച്ചാച്ചാ….”
അവൻ മെല്ലെ പറഞ്ഞു.
”ശരി … ആ നായരോട് ചോദിച്ചു വാങ്ങിക്കോ… നാളേ രാവിലെ..ഞാമ്പറയാം…!!”
ഭക്ഷണം ചവച്ചു തലയാട്ടിക്കൊണ്ട് തരകൻ പറഞ്ഞു.
അടുത്തിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജാനമ്മയുടെ കാലിൽ കൊച്ചുത്രേസ്യ പെരുവിരൽ കൊണ്ടമർത്തി…
കാര്യം മനസിലായ അവൾ പെട്ടന്നിടയിൽ കയറിപ്പറഞ്ഞു
“ഞാനൊരു കൂട്ടം പറഞ്ഞാൽ… ഇച്ചായനൊന്നും തോന്നരുതു… കേട്ടോ… അല്ല ‘..അതിപ്പോ… ഞാനേ…. രണ്ടാനമ്മയാണല്ലോ.. എന്നാ പറഞ്ഞാലും കുറ്റം പറയാന്നേ തോന്നു…. “
ജാനമ്മ മെല്ലെ മുനവെച്ചു പറഞ്ഞു കൊണ്ട് തരകന്റെ പ്ലേറ്റിലേക്ക് ഇഷ്ടപ്പെട്ട വിഭവമായ കൊഞ്ചുകറി ഒഴിച്ചു കൊടുത്തുകൊണ്ട് ഒളികണ്ണിട്ടു അമ്മയെ നോക്കി എങ്ങനെയുണ്ടെന്നർത്ഥത്തിൽ. കൊച്ചുത്രേസ്യ.. അവളെ അഭിനന്ദിക്കുന്ന തരത്തിൽ ചെറുതായി മന്ദഹസിച്ചു കൊണ്ട് തലയാട്ടിക്കൊണ്ട് തീറ്റ തുടർന്നു. കഴിക്കുന്നതു നിർത്തിക്കൊണ്ട് തരകൻ ജാനമ്മയോട് ചോദിച്ചു
“എനിക്കൊന്നും മനസിലായില്ല…? കാര്യേന്താന്നു വച്ചാൽ … പറഞ്ഞു തൊലയ്ക്ക്… മനുഷനെ പൊട്ടനാക്കാതേ….”
കിട്ടിയ അവസരം മുതലാക്കി അവൾ വെടി പൊട്ടിച്ചു…
” അതേ… ഈ… മീശ മൊളക്കാത്ത ചെക്കന്റെ കൈയ്യിലിത്രോം… രൂപ കൊടുത്താൽ അതു ശര്യാകുവോ…? നാളേ.. ഇതിനേക്കാൾ കൂടുതൽ ചോതിക്കും… അപ്പോന്നാചെയ്യും…? പണോം കൊടുത്തു പൊറത്തേക്കു വിട്ടാലേ…. പിള്ളേരുപൊഴച്ചു പോകാനതു മതീ..!!”
“അല്ലെട്യേ…. ഇതുനല്ലപുകില്… വല്യ കൊമ്പത്തെ തരകന്റെ മോനല്യോ… അപ്പോ.. കളസോം…കുളസോം ജൂബേന്നും ഇടാഞ്ഞാലേ… കൊറച്ചിലല്യോ… കൊറച്ചിൽ…അല്ലപിന്നേ… “
കൊച്ചുത്രേസ്യ എരികേറ്റി… എൽദോ ഒന്നും പറയാതെ അപ്പന്റെ മുഖത്തേക്കു നോക്കി. അവന്റെ ഹൃദയം പട പടാന്നുമിടിച്ചു കൊണ്ടിരുന്നു. അവനു കാര്യങ്ങളുടെ കിടപ്പു പിടി കിട്ടി. താൻ പണം ചോദിച്ചതിന്റെ കെറുവാണവർക്കെന്നു മനസിലായി. എങ്കിലും പ്രതീക്ഷയോടെ അവൻ അപ്പന്റെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കൈകഴുകി തിരിഞ്ഞപ്പോൾ കൈയ് തുടയ്ക്കാൻ ഒരു തോർത്ത് തരകന്റെ നേരേ നീട്ടിക്കൊണ്ട് ജാനമ്മ അടുത്ത നമ്പറിട്ടു.
“ഇവനിപ്പം കാളേജിപ്പോയി പടിച്ചു സമ്പാതിച്ചട്ട് വേണ്ടേ ഈ കുടുമ്മത്തരി വാങ്ങാൻ… ആ കേശു നായർക്ക് വയസായില്ലേ.. എന്നാ ചോതിച്ചാലും ചെവീംകേക്കൂല.. എഴുതണ കണക്കും കേമം… ഇവനെയാപ്പണിയേൽപ്പിച്ചാൽ.. അത്രേം പൈസായും.. ലാഭം…കാളേജി പോയിട്ടെന്നാ കാണിക്കാന…ചുമ്മാ…പൈസ കളേന്നതു മെച്ചം…. പിന്നേ… ഇവനിപ്പോ കളട്ടറാവും…”
തരകൻ ഒന്നും മിണ്ടാതെ വീടിന്റെ പൂമുഖത്തേക്കു നടന്നു… പുറകേ ചെവി തിന്നുകൊണ്ട് ജാനമ്മയും…
”ഇവിടെന്നു… പലപ്പോഴും പൈസയൊക്കെ കാണാതെ പോകുന്നൊണ്ട്… ആരാ ഏതാന്നറിയാത്തോണ്ട് .. ഞാനൊന്നും മിണ്ടീട്ടില്ല… ഇങ്ങനെയൊക്കെയല്ലേ ദൈവോരോന്നു കാണിച്ചു തരണത്… ഇപ്പൊ മുന്നൂറു ചെലവാക്കും നാളെയൊ ..ആയിരോം.. രണ്ടായിരോം…പ്പം നെലക്കുനിർത്ത്യാൽ കൊള്ളം… വെട്ടുകാട്ടിത്തരകൻമാർക്കു പെറന്നത് കള്ളനാന്ന് നാട്ടാരു പറയൂല.. ”
അവൾ പറയുന്നതു കേട്ടുകൊണ്ടയാൾ മീശ പിരിച്ചു കൊണ്ട് മുറ്റത്തേക്കു നോക്കിക്കൊണ്ടു നിന്നു അതവൾക്ക് കൂടുതൽ ശക്തി നൽകി.
അവൾ വീണ്ടും തുടങ്ങി…
” അതോണ്ടാ പറേണത് ഇവിടെന്തോരം നല്ല നല്ല ജുബേം..ചട്ടേം…. മുണ്ടെക്കെയൊണ്ടല്ലോ… അതക്കങ്ങുടുത്താൽ… പോരെ വെറുതേ കാശ് കളയണോ…? ജൗളിക്കിക്കെന്നാ വെലയായിപ്പോൾ…”
“ഹും…. അവനെയിങ്ങോട്ടോന്നു… വിളിച്ചേടി… ജാനമ്മേ… ഞാമ്പറയാം…!!”
തരകൻ പൂമുഖത്തേ ചാരുകസേരയിലിരുന്നു കൊണ്ട് പറഞ്ഞു.
“ഏലിയാസേ…. എടാ…. ഏലീയാസേ… ഹും…. അതെങ്ങനെയാ…. വാക്കിയൊള്ളോൻ പട്ടിയെപ്പോലിവിടെ കെടന്നലറിയാലും… അവനൊന്നു തിരിഞ്ഞു പോലും നോക്കൂലാ..കേട്ടാലുംമിണ്ടൂലാ… … വേലക്കാരിത്തള്ളയൊന്നു മൂളിയാമതി…. യെവിടെയൊണ്ടേലും പറന്നു വന്നോളും… നിങ്ങടെ പുന്നാരമോൻ….!”
മറിയത്തള്ളയോടുള്ള ദേഷ്യമവർ മറച്ചുവെച്ചില്ല.
” എന്നാ… കുഞ്ഞമ്മേ… വിളിച്ചോ…?”
അവനോടി വന്നു.
” ങ്ങാ… ഞാനല്ല…നെന്റെപ്പനാ… വിളിച്ചെത്… യിങ്ങോട്ടു വരാമ്പറഞ്ഞു…”
അതും പറഞ്ഞവൾ ഊണുമുറിയിലേക്കു പോയി.അപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ അവന് ഒരു കാര്യം ഉറപ്പായി തുടർന്നു പഠിക്കാനുള്ള തന്റെ ആഗ്രഹത്തിന്റെ കടയ്ക്കൽ കുഞ്ഞമ്മ കത്തിവെച്ചെന്ന്. എങ്കിലുമവൻ പ്രതീക്ഷയോടെ അപ്പന്റെ മുഖത്തേക്കു നോക്കി.
“എന്താടാ… നെന്നേക്കുറിച്ചു ഞാങ്കേക്കണേ… ഒരു കാര്യം ചെയ്യ്…. നീയിനി കാളേജിലേക്കെന്നുപറഞ്ഞ് .. പൊറത്തേക്കൊന്നും പോണ്ട… ആ കേശുനായരോട്… ചോദിച്ച് കണക്കും കാര്യങ്ങളൊക്കെയൊന്നു പടിക്കണം.. എഴുതാനും വായിക്കാനുമറിയാലോ… ഇനി കൂപ്പിലെ കണക്കുനോക്കിപ്പടിച്ചാമതി… പറഞ്ഞതു കേട്ടല്ലോ… അറിയാലോ ന്റെ .. സൊവാവം….കേറിപ്പോ….”
” അച്ചാച്ച… എനിക്ക് പഠിക്കണം.. ഞാനച്ചാച്ചൻ പറയുമ്പോലെല്ലാം കേക്കാം…. “
അവൻ വീണ്ടും കേണപേക്ഷിച്ചു….
“കേറിപ്പോകാന നെന്നോടു പറഞ്ഞേ… ഇവടൊരാളോടി നടക്കുവ… പകലെന്നാേ… രാത്രിയെന്നോയില്ലാതെ…. ഇതെക്കെ ഒണ്ടാക്കി വച്ചിരിക്കുന്നത് തെക്കോട്ടു പോകുമ്പോനിക്ക് കൊണ്ടോകാനല്ല….നിങ്ങക്കനുഭവിക്കാനുള്ളതാ…. അല്ലേലും തരകമ്മാരുടെ കുടുമ്മത്തിലാരും… ജോലിക്കെന്നു പറഞ്ഞു തെണ്ടാൻ പോയിട്ടില്ല…. ഇനിയിപ്പോ അതിനാവിശോല്ല….!”
അയാളുടെ കൊമ്പൻ മീശ കിടുകിടാന്നു വിറച്ചു.അവനു മനസ്സിലായി ജാനമ്മച്ചീടെ തലയണമന്ത്രം ഫലിച്ചിരിക്കുന്നു. അവൻ ഭിത്തിയിൽ ഫ്രയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്ന തന്റെ അമ്മയുടെ ചിത്രത്തിലേക്കു നിറകണ്ണുകളോടെ നോക്കി. അവസാന ശ്രമം എന്ന നിലയിൽ ഒന്നു കൂടി ചോദിച്ചു.
“എനിക്കു മുന്നൂറു രൂപ വേണ്ടച്ചാച്ച …ഞാമ്പഴയ ജൂബേം, മുണ്ടുമിട്ടോളാം… ഞാമ്പഠിക്കാൻ പൊയ്ക്കോട്ടേ…?”
അവരുടെ സംസാരം മറഞ്ഞു നിന്നുകേട്ടുകൊണ്ടിരുന്ന ജാനമ്മ പെട്ടന്നങ്ങോട്ടു വന്നു പറഞ്ഞു.
“എന്തോരനുസരണയാ…. നിങ്ങടെ മോന്…. മൊട്ടേന്നു വിരിഞ്ഞില്ല…. ഇപ്പോയിങ്ങനെ.. ഇവന്റെ തലയെങ്ങാനും പൊന്തിയാപ്പിന്നേ.. ഭൂലോകം കീഴ്മേൽ മറിക്കൂലോ….! വെറുതെയല്ല പെറ്റപ്പത്തന്നെ തള്ള ചത്തത്…..! ചന്ത വെറപ്പിക്കുന്ന മൊതലാളിക്ക്.. മകനെ മര്യാദ പടിപ്പിക്കാനറിയില്ല…”
തന്റെ അമ്മയെ പറഞ്ഞതവന് സഹിക്കാൻ കഴിഞ്ഞില്ല… അവൻ പൊട്ടിത്തെറിച്ചു…
” ജാനമ്മച്ചിയിനിയെന്റെ അമ്മേപ്പറയരുത്… ഞാങ്കണ്ടിട്ടില്ലെന്റെമ്മേനേ…. നിങ്ങളെന്നുമെന്റമ്മേനെ…. കുറ്റപ്പെടുത്തുവാണല്ലോ … ആ പാവം ശവക്കോട്ടേലെങ്കിലും സമാധാനമായി കെടക്കെട്ടെന്റ ജാനമ്മച്ചി…”
അവന്റെ ശബ്ദമുയർന്നാദ്യമായി… ജാനമ്മയ്ക്കു നേരേ. ഒരു നിമിഷം ജാനമ്മ സ്തംഭിച്ചു നിന്നു.പിന്നെ നെഞ്ചത്തടിച്ചു കരഞ്ഞു.
“എനിക്കിതു വേണം… വേറെയെത്രപേരുടെ ആലോചന വന്നതായെനിക്ക്… രണ്ടാങ്കെട്ടുകാരനെ കെട്ട്യേതിന്റെ ശിക്ഷയാണല്ലോ… കർത്താവേ….നെന്റെ തീട്ടോം മൂത്രോം… കോരിയേന്റെ കൂലികിട്ടിയല്ലോ… മാതാവേ….. നീയൊരു കാലത്തും കൊണംപിടിക്കൂല…”
നെഞ്ചത്തടിച്ചവൾ തരകന്റെ മുന്നിൽ തകർത്തഭിനയിച്ചു…. അതിനു ഫലമുണ്ടായി. അവളുടെ അഭിനയം കഴിയുന്നതിനു മുൻപു തന്നെ തരകന്റെ ശബ്ദത്തിനൊപ്പം തടിച്ച കൈപ്പത്തി എൽദോയുടെ മുഖത്ത് ആഞ്ഞു പതിച്ചു ഒന്നല്ല പലവട്ടം…
“ഫ്ഭാ… മൂത്തോരോടു തറുതലപറയുന്നോടാ…?”
മനസ്സും കവിളുകളും മരവിച്ചതുകൊണ്ടവൻ ഒന്നനങ്ങാതെ വേദന സഹിച്ചു മിണ്ടാതെ നിന്നു.അതു കണ്ടപ്പോൾ ജാനമ്മ എരിതീയിൽ എണ്ണയൊഴിച്ചു.
“കണ്ടില്ലേ കരിങ്കല്ലിന് കാറ്റുപിടിച്ച മാതിരി അനങ്ങാതെ നിക്കുന്നത്… അടക്കയാണേ… മടീലു വെക്കാം…കവുങ്ങാണെങ്കിലെന്തോ ചെയ്യും…. ഇത്ര കിട്ടീട്ടും…. കൂസലില്ലാതെ… നിക്കണ കണ്ടില്ലേ…. തള്ളേക്കൊല്ലി… “
അതു കേട്ടപ്പോൾ തരകന്റെ ദേഷ്യം വീണ്ടും കൂടി.. പഴയതുപോലെ അടിച്ചു കൈകഴച്ചപ്പോൾ അയാൾ നിർത്തിയിട്ട് തന്റെ റൂമിൽ കയറി വാതിൽ വലിച്ചടച്ചു. അടികൊണ്ട് വീർത്ത മുഖവുമായി ഏലിയാസ് താൻ കിടക്കുന്ന സ്ഥലത്തേക്കുപോയി. കട്ടിലിൽ മലർന്നു കിടന്നപ്പോൾ ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്രൂശിത രൂപത്തിൽ അവന്റെ കണ്ണുകളുടക്കി.അന്നാദ്യമായി ആ വീടവന് അന്യരുടേയെന്ന തോന്നൽ നൽകി. അവൻ അവിടുന്നു മെല്ലെയെണീറ്റ് വീടിന്റെ പൂമുഖത്തേക്ക് വന്നു അൽപ്പസമയം തന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി നിന്നപ്പോൾ അവനു തോന്നി അമ്മയുടെ കല്ലറയിൽ പോകണമെന്ന്. അവന്റെ പെരുമാറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്ന ജാനമ്മയും കൊച്ചുത്രേസ്യയും അകത്തിരുന്നടക്കം പറഞ്ഞു.
” ചെറക്കൻ… തള്ളയോട് സങ്കടം പറയുവാന്നു തോന്നുന്നു… ഈ പിടുത്തം മുറുകേപ്പിടിക്കണം ഇല്ലേലേ…. നെന്റെ മക്കക്കൊന്നും കിട്ടൂല…. തന്ത തല്ലീതൊന്നും നോക്കണ്ട…. എപ്പഴാ സൊവാവം മാറുന്നേന്നറിയില്ല തരകന്റെ… ആ ചെറക്കന്റെമ്മവീട്ടിലിതെങ്ങാനറിഞ്ഞാൽ അവരു വന്നു വഴക്കൊണ്ടാക്കും.. ഒരു കാരണവശാലും അവരും തരകൻമ്മാരും ഒന്നിച്ചു ചേർന്നു പോകാതെ നോക്കണം.. “
അവരിങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഏലിയാസ് ആരുമറിയാതെ മെല്ലെ വീട്ടിൽ നിന്നും പുറത്തിറങ്ങി രാത്രിയിലെ വിജനതയിൽക്കൂടി ഏകനായ് നടന്നു പോയി….. (തുടർച്ച)
RELATED ARTICLES

Most Popular

Recent Comments