ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: കാറിടിച്ച് പരിക്കേറ്റ അജ്ഞാതനെ ആശുപത്രയിലെത്തിക്കാന്‍ വൈകിയതിനെതുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ ചവറ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിനെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. പരിക്കേറ്റ് റോഡില്‍ കിടന്നയാളെ സ്ഥലത്തുണ്ടായിരുന്ന പോലീസ് അകമ്ബടി വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.വ്യാഴാഴ്ച രാത്രി 11 മണിക്ക് നീണ്ടകര വേട്ടുതറ ജംഗക്കഷന് സമീപമായിരുന്നു വാഹന അപകടം ഉണ്ടായത്. പരിക്കേറ്റയാള്‍ രാത്രി 12 മണിയോടെ മരിച്ചു.
പോലീസ് വാഹനം സംഭവ സ്ഥലത്തിന് അധികം അകലയല്ലാതെ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവിനെ അകമ്ബടി പോകണമെന്ന കാരണത്താല്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അതുവഴിപോയ പല വാഹനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് പോലീസ് വാഹനത്തിനടുത്ത് ബൈക്കില്‍ എത്തിയ നാട്ടുകാര്‍ വിവിരം അറിയിച്ചത്.
കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറിയെന്നായിരുന്നു പരാതി. ഗുരുകതരമായി പരിക്കേറ്റയാളെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡും ഉപരോധിച്ചിരുന്നു.