ജോണ്‍സണ്‍ ചെറിയാന്‍.
അമേരിക്കയിലെ പിയോറിയയിലെ വീട്ടില്‍ റോബര്‍ട്ടിന്റെയും ഭാര്യ ജേക്കി ഹാന്‍സ്ബെര്‍ഗറിന്റെയും സന്തോഷം നിറഞ്ഞ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ വന്ന ഒരു അതിഥി ‘ബോട്ടുലിസം’. കേട്ടാല്‍ വലിയ ഏതോ ഒരു ആളു വന്നതുപോലെ.. എന്നാല്‍ സത്യം മറ്റൊന്നാണ്. ബോട്ടുലിസം വന്നത് ആറ്റുനോറ്റു വളര്‍ത്തിയ തങ്ങളുടെ പിഞ്ചോമനയായ ‘കോളിന്റെ’ ജീവനെടുക്കാന്‍ വന്ന മാരകരോഗമാണെന്ന് പറഞ്ഞ നിമിഷം ആ അമ്മയുടെ ഹൃദയം വിങ്ങിപ്പൊട്ടി. കോളിന്റെ ആദ്യപിറന്നാളായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന്.
ആദ്യപിറന്നാളിന്റെ തലേന്ന് വന്ന ക്ഷീണത്തില്‍ നിന്ന് എണീക്കാന്‍ ഇതുവരെയും ഈ പിഞ്ചോമനക്ക് സാധിച്ചിട്ടില്ല. കോളിന്റെ അച്ഛനും അമ്മയും പിറന്നാളിന്റെ ആഘോഷങ്ങളുടെ തിരക്കില്‍ ഓടി നടക്കുന്നതിനിടെയിലാണ് ഏറെ പ്രസരിപ്പുള്ള കോള്‍ ഒരുഭാഗത്ത് മൂടികെട്ടി ഇരിക്കുന്നത് ജേക്കിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉറങ്ങാനുള്ള ക്ഷീണമായിരിക്കാം ഉഷാറില്ലാതെ വാടിയിരിക്കുന്നതെന്ന് വിചാരിച്ച് കോളിനെ ഉറക്കി. അതിനടുത്ത ദിവസം പിറന്നാള്‍ ആഘോഷിക്കാനായി കോളിനെ ഉണര്‍ത്തിയപ്പോഴും ക്ഷീണം മാറാതെ എണീറ്റു ഇരിക്കാനോ നിക്കാനോ ആകാത്ത അവസ്ഥയില്‍ തന്നെ. ആഘോഷങ്ങള്‍ക്കിടയിലേക്ക് കോളിനെ പുതിയ ഉടുപ്പുംപാവകളുമൊക്കെ നല്‍കി മുറിയിലേക്ക് കൂട്ടി. പിറന്നാള്‍ കേക്ക് മുറിച്ച് പങ്കുവെക്കുന്നതിനിടെ കോള്‍ തളര്‍ന്നു വീണു. വാരിയെടുത്ത ജാക്കിയുടെ ചങ്ക് പിടച്ചു. വാടിയ താമര പോലെ അനക്കമില്ലാതെ തളര്‍ന്നു പോയിരിക്കുന്നു തന്റെ മകന്‍ എന്നറിഞ്ഞ നിമിഷം തന്നെ വണ്ടിയുമെടുത്ത് പാഞ്ഞു ആശുപത്രിയിലേക്ക്.
പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞതും ഡോക്ടര്‍മാര്‍ പറഞ്ഞു: കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഉടനെ മാറ്റുക. ഒട്ടും സമയം കളഞ്ഞില്ല, ആ മാതാപിതാക്കള്‍ കലിഫോര്‍ണിയയിലെ ഗ്ലെന്‍ഡെയ്ലിലുള്ള മികച്ച ആശുപത്രികളിലൊന്നില്‍ കോളിനെ അഡ്മിറ്റ് ചെയ്തു. വിദഗ്ധ പരിശോധനയിലാണറിഞ്ഞത്, കുഞ്ഞിന് ബോട്ടുലിസം ബാധിച്ചതാണ്. അമേരിക്കയില്‍ പ്രതിവര്‍ഷം 110 പേരെ എന്ന കണക്കില്‍ ബാധിക്കുന്ന രോഗമാണിത്. അവരില്‍ത്തന്നെ 72 ശതമാനവും കുഞ്ഞുങ്ങളും. വൃത്തിഹീനമായ പരിസത്തു നിന്നും മണ്ണില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമെല്ലാം ഒരു തരം ബാക്ടീരിയ (ക്ലോസ്ട്രീഡിയം ബൊട്ടുലിനം) വഴി പടരുന്ന രോഗമാണിത്. അടുത്തിടെ ന്യൂസീലന്‍ഡില്‍ നിന്നുള്ള പാലില്‍ ഈ ബാക്ടീരിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ ചൈന നിരോധിച്ചിരുന്നു.
കോളിന് എങ്ങനെയാണ് ബോട്ടുലിസം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. പക്ഷേ ഓഗസ്റ്റ് ആറു മുതല്‍ കോള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്. ആശുപത്രിയില്‍ അഡ്മിറ്റാക്കിയ ശേഷം അമ്മ ജേക്കി ഇതുവരെയും വീട്ടില്‍ പോയിട്ടില്ല. മുഴുവന്‍ സമയവും കോളിനു സമീപത്തുള്ള മോണിറ്ററില്‍ നോക്കി, മകന്റെ ഓരോ ശ്വാസവും ശ്രദ്ധിച്ച് ഇരിക്കുകയാണ് ആ അമ്മ. വീട്ടില്‍ കോളിന്റെ നാലു വയസ്സുകാരന്‍ ചേട്ടന്റെ കാര്യങ്ങള്‍ നോക്കുന്നത് റോബര്‍ട്ടാണ്. ചില നേരത്ത് ഇതൊരു ദു:സ്വപ്നമായിരുന്നെങ്കിലെന്നു പോലും താന്‍ ആലോചിച്ചു പോകുകയാണെന്നു പറയുന്നു റോബര്‍ട്. പക്ഷേ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തുമ്ബോള്‍ നിശബ്ദനായി കിടക്കുന്ന മകന്റെ കണ്ണുകളില്‍ നോക്കി കരയാനേ സാധിക്കുന്നുള്ളൂ. രണ്ടാഴ്ചയോളമായി, അവനെയൊന്ന് എടുക്കാന്‍ പോലും ആ അമ്മയ്ക്കോ അച്ഛനോ സാധിക്കുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസം പെട്ടെന്ന് കോളിന്റെ ശ്വാസഗതിയിലുമുണ്ടായി വ്യതിയാനം. പേശികള്‍ തളരുകയെന്നതാണ് ബോട്ടുലിസത്തിന്റെ പ്രധാന ലക്ഷണം. ശ്വസിക്കാന്‍ സഹായിക്കുന്ന പേശികളെ പോലും ഇത് തളര്‍ത്തിക്കളയും. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പ്. ഇപ്പോള്‍ വെന്റിലേറ്ററിലാണ് കോള്‍. അടുത്തിടെ കോളിന്റെ കാലുകള്‍ക്കും കൈകള്‍ക്കും നേര്‍ത്ത ചലനമുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ മടങ്ങി വരാനുള്ള സാധ്യതയില്‍ ഉറച്ചു വിശ്വസിക്കുകയാണ് ഈ അമ്മയും അച്ഛനും. കൃത്രിമ ശ്വസനോപകരണങ്ങളാല്‍ ജീവവായു നല്‍കിയും തൊണ്ട വഴി ട്യൂബിട്ട് പോഷകവസ്തുക്കള്‍ നല്‍കിയും ജീവന്‍ നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
പേശികള്‍ക്ക് ബലം തിരികെ നല്‍കാനുള്ള ഫിസിയോതെറപ്പി ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ട്. പക്ഷേ അതിനു മാസങ്ങളെടുക്കും. എങ്കിലും കോള്‍ മിടുക്കന്‍കുട്ടനായി തിരികെ വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അരലക്ഷത്തോളം ഡോളറാണ് ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വരിക. സഹായം തേടി റോബര്‍ട് ‘ഗോഫണ്ട്മി’ വെബ്സൈറ്റില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വിലാസം https://www.gofundme.com/bfc5py-baby-cole. ഒട്ടേറെ പേര്‍ കോളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറായിരത്തിലേറെ ഡോളര്‍ ഇതിനോടകം സമാഹരിച്ചു. കോളിനു വേണ്ടി പ്രാര്‍ഥനകളും നിറയുകയാണ്. ആ മാതാപിതാക്കളും അതുതന്നെയാണ് ആവശ്യപ്പെടുന്നത്- ‘നിങ്ങളുടെ പ്രാര്‍ഥനകളില്‍ അല്‍പനേരമെങ്കിലും ഞങ്ങളുടെ കുരുന്നിനു വേണ്ടി മാറ്റി വയ്ക്കണേ.’