Friday, April 26, 2024
HomeKeralaകോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും.

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും.

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: ലോഡിനായി പണം മുന്‍കൂര്‍ അടച്ചിട്ടും പെട്രോളെത്തിക്കാന്‍ തയ്യാറാവാത്ത ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടുമെന്ന് കോട്ടയം ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. സൂചനാ പണിമുടക്കുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കേരളത്തില്‍ വ്യാപകമായി പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോവും. ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പമ്പുകളാണ് പണിമുടക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉല്‍പ്പന്നവുമായി വരുന്ന ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ‘ടിപ്പ്’ നല്‍കേണ്ടതില്ലെന്ന് ഡീലര്‍മാര്‍ തീരുമാനമെടുത്തതോടെയാണ് പമ്പുകളിലേക്ക് പെട്രോള്‍ കൊണ്ടുവരുന്നതില്‍നിന്ന് ഡ്രൈവര്‍മാര്‍ പിന്‍മാറിയത്. ഒരു ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് 200 മുതല്‍ 500 രൂപ വരെയാണ് നല്‍കിവന്നിരുന്നത്. ഒരുമാസം ഇത്തരത്തില്‍ 10,000 രൂപയോളം ചെലവുണ്ടാവുന്നു. ഇത് പെട്രോളിയം വില്‍പ്പനരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ചില ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ടാങ്കര്‍ ലോറി തൊഴിലാളി യൂനിയനും തമ്മിലുള്ള അവിശുദ്ധബന്ധത്താലാണ് ഡീലര്‍മാര്‍ക്ക് ലോഡ് നിഷേധിക്കുന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഓയില്‍ കമ്പനികളും ഡീലര്‍മാരും തമ്മില്‍ ഒപ്പുവയ്ക്കുന്ന ഡീലര്‍ഷിപ്പ് കരാര്‍ അനുസരിച്ച് പമ്പുകളിലെ ലോഡ് യഥാസമയമെത്തിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഓയില്‍ കമ്പനികള്‍ക്കാണ്. എന്നാല്‍, തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഓയില്‍ കമ്പനികള്‍ ഡിപ്പോകളിലുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പുകളിലേക്കുള്ള സപ്ലൈ നിര്‍ത്തിവയ്ക്കുകയാണ്. ഈ പ്രവണത ആശാസ്യകരമല്ല. കൂടാതെ ഓയില്‍ കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിലൂടെ അനാരോഗ്യകരമായ മല്‍സരം ഈ രംഗത്തുണ്ടായിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments