Thursday, March 28, 2024
HomeLiteratureവിശുദ്ധ ചുവപ്പു.... (കഥ)

വിശുദ്ധ ചുവപ്പു…. (കഥ)

ഷിബു കൊല്ലം. (Street Light fb group)
ഇന്റർവെൽ സമയത്ത് ബോർഡ്‌ തുടയ്ക്കുമ്പോൾ ആയിരുന്നു അവളുടെ കണ്ണുകളിലേക്ക് ചോക്ക് പൊടി വീണത്‌.. പൊടി വീണ കണ്ണ് അവൾ കയ്യ് കൊണ്ടു പൊത്തി പിടിച്ചു പിടഞ്ഞപ്പോൾ അവളുടെ കയ്യ് തട്ടി മാറ്റി അവളെ പിടിച്ചു നിർത്തി കണ്ണിലെ ചോക്ക് പൊടി ഊതി കൊടുത്തത് സഹപാഠിയായ നന്ദു ആണ്…. അവൾ പൊടി പോയ ഉടനെ അവനിൽ നിന്നും ദൂരേക്ക് മാറി നിന്നു… മലയ്ക്ക് പോകാൻ ഉള്ള മാല അവന്റെ കഴുത്തിൽ കിടക്കുന്നു… അവളുടെ ചങ്കിലെ പിടച്ചിൽ കൂടി വന്നു… അവൾ വേഗം പോയി അവളുടെ ഇരിപ്പിടത്തിൽ ഇരുന്നു……
ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ അവൾ അടുത്തിരുന്ന കൂട്ടുകാരിയോട് മെല്ലെ ചോദിച്ചു,,
” എടീ,, ഈ നമ്മക്ക് പാടില്ലാതെ ഇരിക്കുന്ന സമയത്ത് മലയ്ക്ക് പോകാൻ മാലയിട്ട സാമിയെ തൊട്ടാൽ എന്തേലും കുഴപ്പം ഉണ്ടോ…. “
കൂട്ടുകാരി അവളെ രൂക്ഷമായി നോക്കി…
” നീ എന്ത് പാപം ആണീ പറയണേ…. “
കൂട്ടുകാരിയുടെ മറുപടിയിൽ വളരെ പേടിയോടെ അവൾ വീണ്ടും ചോദിച്ചു..
” എടീ, ശരിക്കും എന്തേലും കുഴപ്പം ഉണ്ടാകുമോ… “
” മണ്ണാങ്കട്ട,, മിണ്ടാതിരുന്നേ നീ….. “
അവളുടെ ഉള്ളു പേടിയോടെ ചിന്തിക്കാൻ തുടങ്ങി… ഇനി എന്തേലും ഞങ്ങൾക്ക് സംഭവിക്കുമോ… അവൾ ഇടയ്ക്ക് ഇടയ്ക്ക് പിറകിലേക്ക് മെല്ലെ തിരിഞ്ഞ് കാണാത്ത രീതിയിൽ നന്ദുവിനെ നോക്കി കൊണ്ടിരുന്നു…. ഇല്ല, അവനു ഒന്നും സംഭവിച്ചില്ല…….
ദേശീയഗാനം കഴിഞ്ഞു അവസാന ബെൽ അടിച്ചു. അവളുടെ നോട്ടം മുഴുവൻ നന്ദുവിൽ ആയിരുന്നു.. അവനും തനിക്കും ഒന്നും സംഭവിച്ചില്ല… അപ്പോൾ ഈ പേടിപ്പെടുത്തുന്ന കഥകൾ ഒക്കെ,,,,, അവളുടെ മനസ്സിൽ ഒരു ചിരി വിടർന്നു….
തിരക്കുള്ള ബസ്സിലേക്ക് അവൾ ഒതുങ്ങി കേറി… തീരൂർക്കുള്ള പ്രൈവറ്റ് ബസ്സ്‌ ആണ്. അവൾ സീറ്റ്‌ കമ്പിയിൽ കയ്യ് പിടിച്ചു ആ തിരക്കിൽ നിന്നു യാത്രചെയ്തു… അടുത്തു നിൽക്കുന്ന ചേച്ചിമാർ തന്നെ മുട്ടുന്നുണ്ട്.. അപ്പോൾ ഇതിനൊന്നും കുഴപ്പം ഇല്ലേ….അവർ തന്നെ തൊട്ടു… ആരെയും തൊടരുത് എന്ന് പിന്നെ എന്തിനാ തന്നോടു അമ്മ പറയുന്നേ.. അങ്ങനെ എങ്കിൽ ഇവർകൊക്കെ എന്തേലും സംഭവിക്കുമോ…
ജംഗ്ഷനിൽ ബസ്സ്‌ ഇറങ്ങി അവൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് കയറി.. അവിടെ നല്ല ആളുണ്ട്.. ഒരുപാട് ആണുങ്ങൾ… കടക്കാരനോട് എല്ലാരും കേൾക്കേ ചോദിക്കാൻ മടിച്ചു അവൾ നിന്നു…
ഒടുവിൽ ബാഗിൽ നിന്നും ബുക്ക്‌ എടുത്ത് അതിൽ നിന്നും പേപ്പർ കീറി നാപ്കിന്റെ പേരെഴുതി അവൾ കടക്കാരന് നൽകി… കടക്കാരൻ നാപ്കിൻ പൊതിയുമ്പോൾ ചുറ്റും ഉള്ളവർ അവളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.. കയ്യിൽ കരുതിയ പണം കടക്കാരന് നൽകി അവൾ അത് വാങ്ങി ബാഗിൽ വെച്ചു വേഗത്തിൽ നടന്നു… എന്തിനാണ് തന്നെ എല്ലാരും ഇങ്ങനെ നോക്കിയത്.. ഞാൻ എന്താ തുണി ഇല്ലാതെ നിൽക്കുവായിരുന്നോ… ഇവന്റെയൊക്കെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും മകൾക്കും ഒന്നും ഇതിന്റെ ആവശ്യം ഇല്ലേ…… ഇത്ര അതിശയം ഇതിൽ കാണിക്കാൻ എന്താണ് ഇത്രമേൽ ഉള്ളത്….
വീട്ടിലേക്കു കേറിയ ഉടനെ അമ്മയുടെ ശാസന അവളിൽ നിറഞ്ഞു,,
“വിനിയുടെ കല്യാണത്തിന് നീ വരണ്ട, അമ്പലത്തിൽ വെച്ചാണ്. നിനക്ക് കേറാൻ പറ്റില്ലെല്ലോ “
“അമ്മെ അതിനു ഓഡിറ്റോറിയത്തിൽ വെച്ചല്ലേ കല്യാണം “
“ഓഡിറ്റോറിയം അമ്പലം വക അല്ലേ… അപ്പോ കേറാൻ പറ്റില്ല… തർക്കുത്തരം പറയണ്ട നീ… മറ്റെന്നാൾ അല്ലേ കല്യാണം, നീ വേണേൽ നാളെ അവളുടെ വീട്ടിൽ പോയിക്കോ, ആരേം തൊടാതെ അടങ്ങി ഒതുങ്ങി ഒരു മൂലയ്ക്ക് നിന്നില്ലേൽ ആണ് എന്റെ കയ്യീന്ന് വീക്ക് വാങ്ങുന്നെ”
തൊടരുത് തൊടരുത് അവൾ പുലമ്പികൊണ്ടു പത്രം എടുത്ത് വേഗത്തിൽ മറിച്ചു… ഇത് കണ്ട അമ്മ അവളോട്‌ ചോദിച്ചു
” നീ എന്താ ഇത്ര കാര്യമായി പേപ്പറിൽ അന്വേഷിക്കുന്നെ “
” ഒന്നും ഇല്ല അമ്മെ, ഇങ്ങനെ ഇരുന്ന സമയത്ത് ഏതേലും പെണ്ണ് തൊട്ട് ആർക്കേലും എന്തേലും എവിടേലും സംഭവിച്ച വാർത്ത ഉണ്ടോന്നു നോക്കിയതാ.. “
തുമ്പ ഗവേഷണ കേന്ദ്രത്തിലെ റോക്കറ്റിൽ കൊടുത്ത തീ പോലെയുള്ള അമ്മയുടെ നിൽപ്പ് കണ്ടു അവൾ വേഗത്തിൽ മുറിയിലേക്ക് നടന്നു… വസ്ത്രം മാറി ഒരു മൂലയിൽ കൂട്ടി, മൂലയോടു ചേർന്നിരുന്ന മുറിപ്പായ എടുത്ത് അവൾ നിലത്തിട്ടു വയറ്റിൽ കയ്യ് വെച്ചു കമഴ്ന്നു കിടന്നു..
പ്രായം ആയ സമയത്ത് പൊട്ടിച്ചു കഴിപ്പിച്ച പച്ചമുട്ടയ്ക്ക് ബന്ദനം എന്നൊരു അർത്ഥം ഉള്ളത് ഇപ്പോൾ അവൾ തിരിച്ചറിയുന്നു…. അദൃശ്യമായ കാരിരുമ്പു ചങ്ങലപൂട്ടിട്ടു അതിർവരമ്പുകൾ തീർക്കുകയായിരുന്നു.. അച്ഛന്റെ മടിയിൽ ഇരിക്കരുത്, അനിയന്റെ കൂടെ ഉറങ്ങരുത്. എന്ത് ചോദിച്ചാലും വലിയ പെണ്ണായി,,, ഈ വലിയ പെണ്ണായാൽ എന്താ കുഴപ്പം… അച്ഛൻ എന്റെ അച്ഛൻ ആവാതെ ഇരിക്കുവോ, അനിയൻ എന്റെ അനിയൻ ആവാതെ മാറുമോ……. വൃത്തികെട്ട കുറേ നിയമങ്ങൾ…….. അവൾ സ്വയം തന്റെ മനസ്സിനോട് ചോദിച്ചു കൊണ്ടിരുന്നു…
ഓരോ പെണ്ണും എപ്പോഴും ആരുടെയെങ്കിലും വിലക്കിൻ മേലെ ആകും ജീവിക്കുന്നത്.. ശരീരഘടന ഇങ്ങനെ ആയത് കൊണ്ടാണോ ആണിനേയും പെണ്ണിനേയും വേർതിരിച്ചപ്പോൾ പെണ്ണിനെ ഒരൽപ്പം ദൂരം മാറ്റി ചട്ടകൂടുണ്ടാക്കി നിർത്തിയത്……
പണ്ടാരോ നല്ലതിന് വേണ്ടി പറഞ്ഞ ചില ചട്ടങ്ങൾ.. ഓരോരുത്തരും അവരുടേതായ തെറ്റായ കാഴ്ചപ്പാടിനെ ശരി എന്ന് സ്ഥാപിച്ചു തലമുറകൾക്ക് കയ്യ്മാറി വന്നു…. ചീഞ്ഞു നാറിയ ഒരു മാലിന്യ സംസ്കാരം ആണ് വിശുദ്ധിയെ അശുദ്ധിയാക്കി മാറ്റിയത്……..
അവൾ പല്ല്മുറുകെ കടിച്ചു പിടിച്ചു….. സമൂഹം കല്പിച്ച വിലക്കുകളുടെ അശുദ്ധി അവളിൽ നിന്നും പൊടിഞ്ഞു കൊണ്ടിരുന്നു……..
…കാലം മാറിയെന്ന് ചിന്തിക്കുന്നവരോട്… കാലം എത്ര മാറിയാലും കോലങ്ങൾ ഒന്നും ഇതുവരെ ഒരു മാറ്റവും സംഭവിക്കാതെ തുടരുന്നു…
 
RELATED ARTICLES

Most Popular

Recent Comments