Tuesday, April 23, 2024
HomeLiteratureഈയാംപാറ്റകള്‍. (കഥ)

ഈയാംപാറ്റകള്‍. (കഥ)

ഈയാംപാറ്റകള്‍. (കഥ)

അജിന സന്തോഷ്. (Street Light fb group)

ജനാലയിലൂടെ പുറത്ത് തിമിര്‍ത്തു പെയ്യുന്ന മഴ നോക്കി നില്‍ക്കുകയായിരുന്നു അവള്‍..
പുറത്തു പെയ്യുന്ന മഴയെക്കാളും ശക്തമായി അവളുടെ കണ്ണുകളും പെയ്തു കൊണ്ടിരുന്നു..

”എന്തിനാണ് താന്‍ കണ്ണീര്‍ വാര്‍ക്കുന്നത്.. ”

അവള്‍ സ്വയം ചോദിച്ചു..

ഇന്നലെ അവനെ കണ്ടു പിരിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ സങ്കടപ്പെരുമഴ.. ഒരു കാര്യവുമില്ലാതെ വെറുതേ പെയ്തു കൊണ്ടേയിരിക്കുന്നു..

പെട്ടെന്ന് അവളുടെ മുറിയിലെ വെളിച്ചത്തിലേക്ക് കുറച്ച് ഈയാംപാറ്റകള്‍ പറന്നെത്തി..
നിമിഷനേരം കൊണ്ട് അവയെല്ലാം ചിറകു കരിഞ്ഞ് നിലത്തു വീണു പിടഞ്ഞു..
ആ കാഴ്ച കണ്ടപ്പോള്‍ താനും അതുപോലൊരു ഈയാംപാറ്റയാണെന്ന് അവള്‍ക്ക് തോന്നി..
അവനാകുന്ന വെളിച്ചത്തിനു ചുറ്റും പറന്നിരുന്ന ഇയാംപാറ്റ..
ചിറകു കരിഞ്ഞു വീഴാന്‍ ഇനി അധികം താമസമില്ല..

അവനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ നെഞ്ച് പിളരുന്നതുപോലെ തോന്നി..
അവന്‍…
സ്കൂളില്‍ പഠിക്കുമ്പോള്‍ കുടയെടുക്കാന്‍ മറന്ന ഒരു മഴദിനത്തില്‍ കുടക്കീഴില്‍ തന്നെയും കൂടെക്കൂട്ടി നനയാതെ വീട്ടിലെത്തിച്ച് തന്‍റെ മനസ്സിലേക്ക് കയറി വന്നവന്‍..
അന്നു മുതല്‍ സുഖത്തിലും ദുഃഖത്തിലും തന്‍റെ കൂടെ നിന്നവന്‍..

വളരുന്തോറും അവനോടുള്ള അടുപ്പവും കൂടിക്കൂടി വന്നു..
എന്തായിരുന്നു തന്‍റെ മനസ്സില്‍.. വെറും സൗഹൃദം മാത്രമായിരുന്നോ?
ഒരിക്കലും അത് വെറും സൗഹൃദം മാത്രമായിരുന്നില്ല എന്നതാണ് സത്യം..
അഗാധമായ പ്രണയമായിരുന്നു തനിക്ക് അവനോട്…
ജീവിതാവസാനം വരെ ഒരു കെെത്താങ്ങായി അവന്‍ കൂടെയുണ്ടാകണം എന്ന് ആഗഹിച്ചിരുന്നു..

അവനും തന്നോട് പ്രണയമുണ്ടാകുമെന്നായിരുന്നു ഇന്നലെ വരെ കരുതിയത്..
പക്ഷേ ഇന്നലെത്തെ അവന്‍റെ വാക്കുകള്‍ തന്‍റെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു കളഞ്ഞു..

ഒന്നു കാണണമെന്ന് പറഞ്ഞ് അവന്‍ വിളിച്ചപ്പോള്‍ ചങ്കിടിപ്പോടെയാണ് പോയത്..
പ്രണയം തുറന്നു പറയാനായിരിക്കുമെന്ന് കരുതി..
പക്ഷേ അവനു പറയാനുള്ളത് കേട്ടപ്പോള്‍ തകര്‍ന്നുപോയി..

”എടീ .. വീട്ടില്‍നിന്ന് ഒരേ നിര്‍ബന്ധമാണ് പെണ്ണുകെട്ടണമെന്ന് പറഞ്ഞ്.. അവസാനം എല്ലാരും ചേര്‍ന്ന് ഒരു പെണ്ണിനെ കണ്ടു പിടിച്ചിട്ടുണ്ട്.. ഞാനും സമ്മതം മൂളി.. കെട്ടിക്കളയാം..”
”നിനക്ക് ഞാന്‍ സ്ഥാനക്കയറ്റം തരികയാണ്.. ഇത്ര നാളും നീയെന്‍റെ സുഹൃത്ത് മാത്രമായിരുന്നല്ലോ .. ഇനിയൊരു സഹോദരി കൂടിയാവണം.. എന്നിട്ടു മുന്നില്‍ നിന്ന് വിവാഹത്തില്‍ പങ്ക് ചേരണം..”

സഹിക്കാന്‍ കഴിഞ്ഞില്ല…
പക്ഷേ വേദന കടിച്ചമര്‍ത്തി ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു..

”അതിനെന്താ.. ഒരു സഹോദരിയുടെ എല്ലാ അവകാശത്തോടെയും വിവാഹത്തിന് ഞാനുണ്ടാവും”..

ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും തനിക്ക് എങ്ങനെ അപ്പോള്‍ ചിരിക്കാന്‍ കഴിഞ്ഞു എന്നറിയില്ല..

താനൊരു വിഡ്ഢിയാണ്.. സ്വന്തം കുറവുകള്‍ മനസ്സിലാക്കാതെ അവന്‍റെ പ്രണയം ആഗ്രഹിച്ച പമ്പര വിഡ്ഢി..

അവള്‍ ജന്‍മനാ തന്നെ ജീവനില്ലാതെ പോയ തന്‍റെ വലതു കാല്‍ തലോടി..

അപ്പോള്‍ വിളക്കിന്‍റെ വെട്ടത്തില്‍ നിന്ന് ചിറകു കരിഞ്ഞ ഒരു ഈയാംപാറ്റ കൂടി അവളുടെ മുന്നിലേക്ക് വീണു..

 

RELATED ARTICLES

Most Popular

Recent Comments