രശ്മി സജയൻ.
വിജനതയിലെ ഒറ്റമരം
വസന്തത്തിൽ പൂവിട്ടു ശിശിരത്തിലിലകൾ പൊഴിക്കും മരം
കൂടുകൂട്ടാനും കൂടണയാനും കിളികളില്ലാ മരം
തണലുതേടാൻ മനുഷ്യരില്ലാ മരം
നിശയിൽ താരങ്ങളും തിങ്കളും
പകലിൽ അർക്കനും മാത്രം കൂട്ടുകാർ
ഋതുഭേദങ്ങൾ നിറഭേദങ്ങളായി
കാലവും കാല്പനികതയുമായി
ഞാനെന്നയെന്നെ ഒറ്റപ്പെടുത്തും ഒറ്റുകാരനാര്?
സങ്കടമറിഞ്ഞോരിലകൾ കൂട്ടമായിപ്പൊഴിഞ്ഞ്
ഒറ്റപ്പെടലിൻ നൊമ്പരത്തിൽ പൂത്തു തളിർത്ത്
കൂടണയാനായി കൂട്ടു തേടി
രാവണയാനിണയെത്തേടി
കാലത്തിനു മുന്നിലെ കാവൽക്കാരനായി
വിധിയുടെ മുന്നിലെ യാചകനായി
ഒച്ചയനക്കവുമില്ലാതെ ഞാനെന്നയൊറ്റമരം
വിജനതയുടെമറവിൽ തെളിഞ്ഞുനില്ക്കും പൂമരം…