Friday, March 29, 2024
HomeLiteratureകാക്കിക്കുള്ളിലെ സാഹിത്യകാരനായ സുരേന്ദ്രന്‍ മങ്ങാട്ട് സാറുമായുള്ള എന്റെ സമാഗമം. (അനുഭവം)

കാക്കിക്കുള്ളിലെ സാഹിത്യകാരനായ സുരേന്ദ്രന്‍ മങ്ങാട്ട് സാറുമായുള്ള എന്റെ സമാഗമം. (അനുഭവം)

കാക്കിക്കുള്ളിലെ സാഹിത്യകാരനായ സുരേന്ദ്രന്‍ മങ്ങാട്ട് സാറുമായുള്ള എന്റെ സമാഗമം. (അനുഭവം)

ഷെരീഫ് ഇബ്രാഹിം. (Street Light fb group)
സുരേന്ദ്രൻ മങ്ങാട്ട് സാറിനെ കാണണം എന്നൊരാഗ്രഹം തുടങ്ങിയിട്ട് ഒരുപാട് നാളായി. ഒരാഴ്ച്ച മുമ്പാണ് ആദ്യമായി ഞാൻ അദ്ദേഹത്തെ ഫോൺ ചെയ്തു കാണണമെന്ന ആഗ്രഹം അറിയീച്ചത്. സാധാരണ ദിവസങ്ങളിൽ ആണെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ടാവും ജോലിക്ക് പോകേണ്ടതാണല്ലോ എന്നത് ഞങ്ങൾക്ക് പരസ്പരം അറിയാവുന്നത് കൊണ്ട് സംസാരിച്ചിരിക്കാൻ നല്ലത് ഞായറാഴ്ച്ചയാണെന്ന കാര്യം തീരുമാനിച്ചു.
അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ അടുത്തുള്ള സ്റ്റേറ്റ് ഹൈവെയിലൂടെ ഒരു പാട് പ്രാവശ്യം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ, കോൾനിലങ്ങൾ അതിരിടുന്ന ആ ഗ്രാമം എന്റെ മനോമുകുരത്തിലുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. നിറയെ വീടുകൾ. ടാറിട്ട, വൃത്തിയുള്ള ഒരു പാട് കൈവഴികൾ. അവിടെ ഒരു ബോർഡ് കണ്ടപ്പോൾ എനിക്ക് സന്തോഷം. കാട്ടൂരിലെ മുനയം എന്ന സ്ഥലത്താണ് എന്റെ ബാല്യവും തറവാടും. സുരേന്ദ്രൻ സാറിന്റെ വീടും അരിമ്പൂരിന്നടുത്തുള്ള എറവിലെ മുനയം എന്ന പാടത്തിന്നടുത്ത്. ഇനിയും തൂര്‍ക്കപ്പെടാത്ത മുനയം പാടശേഖരങ്ങള്‍ക്കിടയിലാണ് ഏറവ് എന്ന ആഗ്രാമം. ആ ബോർഡ് കുറച്ചു നേരം ഞാൻ നോക്കി നിന്നു.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ എം. സുരേന്ദ്രൻ സാറിനെയല്ല ഞാനവിടെ കണ്ടത്, മറിച്ച് സാഹിത്യകാരനായ സുരേന്ദ്രൻ മാങ്ങാട്ട് സാറിനെ ആയിരുന്നു.
അധികം വൈകാതെ ഞങ്ങളുടെ ചർച്ച ആരംഭിച്ചു. സാറിന്റെ ബാല്യകാലങ്ങളെപ്പറ്റി ഞാൻ ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ഒരു പാട് പുസ്തകങ്ങൾ വായിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അന്നൊക്കെ ഒന്നര രൂപയുള്ള ബുക്ക് വാങ്ങാൻ കൊതിച്ചിരുന്ന കാലം. അന്ന് ഒന്നര രൂപ എന്ന് പറയുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലുതാണ്. കയ്യിൽ ഒരു രൂപയെ ഉള്ളൂ. ബാക്കി വേണ്ട അമ്പത് പൈസ (എട്ടണ) മാത്രമല്ല, പലപ്പോഴും അമ്മ എട്ടണക്ക് പകരം ഒരു രൂപ പോലും കൊടുക്കും. അന്നൊക്കെ എന്നെ പോലെ തന്നെ സാറും വായിച്ചിരുന്നത് ഉറൂബ്, കാനം, പാറപ്പുറത്ത്, വൈക്കം മുഹമ്മദ് ബഷീർ, എം.ടീ. വാസുദേവൻ നായർ എന്നിവരുടെ കഥകളും നോവലുകളും എസ് കെ പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങൾ, ബാറ്റൺ ബോസ് പോലെയുള്ളവരുടെ ഡിക്റ്ററ്റിവ് നോവലുകൾ ആയിരുന്നു.
സാറിന്റെ ഈ വിജയത്തിന് മുമ്പിൽ, അത് സാഹിത്യമായാലും പോലീസ് ജോലിയായാലും സാറിന്റെ അമ്മയുടെ പ്രാർത്ഥനയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇന്നസെന്റ് സാറും, സത്യൻ അന്തിക്കാടും എന്നോട് ചോദിച്ച അതെ ചോദ്യം സുരേന്ദ്രൻ സാർ എന്നോട് ചോദിച്ചു. ‘ഷെരീഫ് എങ്ങിനെയാണ് ആദ്യമായി ഗൾഫിൽ പോയത്?’
അത് പറയുന്ന കാര്യത്തിൽ ഞാൻ ആയിരം നാവുള്ള അനന്തനാണെങ്കിലും സമയം നഷ്ടപ്പെടാതിരിക്കാൻ വാചകങ്ങൾ കുറച്ചു മാത്രം ആ യാത്രയെപ്പറ്റി പറഞ്ഞു. വിൽപ്പനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ പത്തേമാരി സിനിമയിലെ മമ്മുട്ടിയുടെ അഭിനയമികവിനെപ്പറ്റി സാർ പറഞ്ഞു.
എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഞാൻ സാറിനോട് ചോദിച്ചു.
‘സാറിന്റെ ഈ ഔദ്യോഗികജോലി കഴിഞ്ഞു ഇങ്ങിനെ എഴുതാൻ എവിടുന്ന് സമയം കിട്ടുന്നു?’
ഞാനിത് ചോദിക്കാൻ ഒരു കാരണമുണ്ട്. ഞാൻ inputtools/try എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നേരിട്ട് ടൈപ്പ് ചെയ്യുകയാണ്. സാറാണെങ്കിൽ കടലാസും പേനയും ഉപയോഗിച്ചും.
‘എഴുതാൻ ഇരുന്നാൽ ഞാൻ വേഗം എഴുതും. ഷെരീഫ് ഇങ്ങിനെ കമ്പ്യൂട്ടറിൽ എഴുതുന്നത് കൊണ്ട് അത് ശീലമായി. ഞാൻ കൈകൊണ്ട് എഴുതുന്നത് കൊണ്ട് എനിക്കത് ശീലമായി. എത്ര തിരക്കാണെങ്കിലും ഞാന്‍ എഴുതാന്‍ തുടങ്ങിയാല്‍ നിര്‍ഗളം എഴുതും. അത് പോലെ വായനയും എനിക്ക് വളരെ ഹരമാണ്.’
ഇതിനിടെ സുരേന്ദ്രൻ സാറിന്റെ ഭാര്യ സ്മിത ഞങ്ങൾക്ക് ചായയും സ്നേക്‌സും കൊണ്ട് വന്നു.
സുരേന്ദ്രന്‍ സാര്‍ ഭാര്യക്ക് എന്നെ പരിചയപ്പെടുത്തി. ‘ഇന്ന് ഒരു ഷെരീഫ് എന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നില്ലേ, ആ ഷെരീഫാണിത്’.
അവരെ കണ്ടപ്പോൾ ഞാനൊരു ചോദ്യം സാറിനോട് ചോദിച്ചു.
‘ഞാൻ എന്റെ കഥകളിൽ സംഭവിച്ചതാണെന്ന് തോന്നിപ്പിക്കാൻ എന്റെ ഭാര്യയെ കഥാപാത്രം ആക്കാറുണ്ട്. സാർ സാറിന്റെ ഭാര്യയെ കഥാപാത്രം ആക്കാറുണ്ടോ?’
ചോദ്യം സാറിനോടായിരുന്നെങ്കിലും അതിന് സാറിന്റെ ഭാര്യ സ്മിത മന്ദസ്മിതത്തോടെ മറുപടി പറഞ്ഞത് ‘ഇല്ല’ എന്നായിരുന്നു.
‘ഷെരീഫ് പണ്ട് മുതലേ എഴുതാറുണ്ടോ?’ സാർ എന്നോട് ചോദിച്ചു.
‘കലാലയ ജീവിതത്തിൽ ഞാൻ കുറച്ചൊക്കെ കുത്തികുറിക്കുമായിരുന്നു. ഗൾഫിൽ ചെന്നപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിൽ അതൊക്കെ നിറുത്തി. പിന്നെ ഇപ്പോൾ ഏകദേശം എട്ട് വർഷമായി എഴുതുന്നു. ഉണങ്ങി വരണ്ടു കിടക്കുന്ന ഭൂമിയിൽ ഒരു മഴ പെയ്താൽ ഭൂമിയുടെ ഉള്ളറയിൽ കിടക്കുന്ന പുല്ലുകൾ മുളച്ചു പൊന്തുന്ന പോലെ എന്റെ മനസ്സിന്റെ ഉള്ളറയിൽ കിടക്കുന്ന സാഹിത്യവാസനയെ മഴയാകുന്ന എന്റെ വായനക്കാർ പുറത്തെടുത്തു’
അത് സാറിന് ഇഷ്ടപ്പെട്ടെന്ന് ആ മുഖഭാവം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
‘സാറേ, ഞാനൊരു കാര്യം ചോദിക്കട്ടെ? സാറിന്റെ ആദ്യത്തെ പുസ്തകം അച്ചടിച്ച് വന്നപ്പോൾ സാറിന്റെ വികാരം എന്തായിരുന്നു?’
‘അച്ചടിച്ച ബുക്ക് ആദ്യമായി കിട്ടുമ്പോൾ ഞാനത് പേജുകള്‍ക്കിടയില്‍ മുഖം ചേര്‍ത്ത് വെച്ച് ആസ്വദിക്കും’.
ഇത് പറഞ്ഞു അദ്ദേഹം എന്റെ ബുക്ക് എടുത്തും അത് പോലെ ചെയ്തു. പണ്ടുള്ള കർഷകർ പുതുമഴ ഭൂമിയിൽ പതിക്കുമ്പോഴുള്ള സന്തോഷവും അതിന്റെ മണവും ആസ്വദിക്കുന്നത് ഞാൻ മനോമുകുരത്തിൽ കണ്ടു.
‘ഷെരീഫേ, എന്റെ ആദ്യത്തെ പുസ്തകമായ “കര്‍മ്മം ക്രിയ” തൃശൂരിലെ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച അവസരത്തിൽ ഞാൻ തൃശൂർ ചെന്ന് ആ ഷോപ്പിന്റെ അകത്ത് വില്പനക്ക് വെച്ച ബുക്ക് നോക്കി ഷോറൂമിന്റെ പുറത്തു കുറച്ചു നേരം നിന്നിട്ട് എന്റെ ബുക്ക് ഞാൻ വാങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർക്ക് എന്നെ മനസ്സിലായി’.
സാറിന്റെ മുഖത്ത് നിഷ്കളംഗമായ ഒരു കൊച്ചുകുട്ടിയുടെ മനോവികാരങ്ങൾ ഞാൻ കണ്ടു. ഞാൻ കണ്ണടയെടുത്ത് എന്റെ കണ്ണ് തുടച്ചു.
എനിക്കുണ്ടായ സമ്മിശ്രവികാരങ്ങൾ മറച്ചു വെച്ച് ഞാൻ സാറിന്റെ ചെറുപ്പകാലത്തെപ്പറ്റി വീണ്ടും ചോദിച്ചു.
‘എറവിലെ എന്റെ വീട്ടിൽ നിന്ന് അരിമ്പൂർ ഹൈസ്‌കൂളിലേക്ക് വിദ്യാർത്ഥികൾക്ക് പത്ത് പൈസയാണ് ബസ് ചാർജ്. അത് പോലും ഇല്ലാത്ത ദിവസം ഉണ്ടായിരുന്നു. അമ്മയുടെ കയ്യിലും പൈസ ഇല്ലാതെ വരും. അപ്പോൾ ഞാൻ എന്റെ കൂട്ടുകാരുടെയൊപ്പം അരിമ്പൂരിലേക്ക് നടക്കും. അപ്പോൾ എന്റെ മനസ്സില്‍ നിന്നും മെനഞ്ഞെടുത്ത കഥകൾ സ്‌കൂൾ എത്തുന്നത് വരെ പറയും. അവിടെയുത്തുമ്പോൾ കഥയുടെ ജിജ്ഞാസവരുന്ന രീതിയിൽ ഞാൻ നിറുത്തും. അന്നൊക്കെ ചില നാടകങ്ങളും ഞാൻ എഴുതിയിരുന്നു’. ഇത് കൂടാതെ സുരേന്ദ്രന്‍ സാര്‍ എഴുതിയ നാടകങ്ങള്‍ അമേച്ചർ സമിതികൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഷോര്‍ട്ട് ഫിലിമിനു തിരക്കഥ എഴുതിയിട്ടുമുണ്ട്.
ആയിരത്തൊന്നു അറബികഥകൾ ഞാൻ ഓർത്തു. ഭാര്യ ഭർത്താവിനോട് നേരം വെളുക്കുന്ന വരെ കഥപറയും. നേരം വെളുക്കുമ്പോൾ ‘അപ്പോൾ ആ മുനി പറഞ്ഞ പോലെ’ എന്ന രീതിയിൽ പറഞ്ഞു നിറുത്തും. അതറിയാൻ ഇനി രാത്രിയാവണം. അങ്ങിനെ ആയിരത്തൊന്ന് രാത്രികൾ കഥ പറഞ്ഞു.
‘എന്താണ് സാറിന്റെ പുതിയ രചന?’ ഞാൻ ചോദിച്ചു.
‘ഞാനൊരു പുതിയ നോവലിന്റെ പണിപ്പുരയിലാണ്. അതിൽ ഒരു മുസ്ലിം കഥാപാത്രം ഉണ്ടാവാൻ ഇടയുണ്ട്’.
സാർ ഇത് പറഞ്ഞപ്പോൾ ആ മുസ്ലിം കഥാപാത്രരചനക്കുള്ള എന്തെങ്കിലും എന്റെ അറിവിൽ നിന്ന് വേണമെങ്കിൽ ഞാൻ നൽകാം എന്ന് പറഞ്ഞത് അദ്ദേഹം സസന്തോഷം സ്വീകരിച്ചു.
ഫോട്ടോ എടുക്കേണ്ട സമയമായപ്പോൾ അദ്ദേഹം അതിന് തയ്യാറാവാൻ അകത്തേക്ക് പോയി. ആ സമയം ഷോകേസിലുള്ള സാറിന് കിട്ടിയ പുരസ്കാരങ്ങൾ, മെമെന്റോകൾ ഞാൻ നോക്കുകയായിരുന്നു. പകുതി എത്തിയപ്പോഴേക്കും സാർ ഫോട്ടോ എടുക്കാൻ റെഡിയായി വന്നു. ഒരു പുരസ്‌കാരത്തിന് വിലയുണ്ടാവുന്നത് അത് അർഹതപെട്ടവർക്ക് നൽകുമ്പോഴാണ്. ഒരു സംശയവും വേണ്ട, സാറിന് കൊടുത്ത പുരസ്‌കാരങ്ങൾക്ക് വിലയുണ്ടായിരിക്കുന്നു.
സുരേന്ദ്രൻ മങ്ങാട്ട് സാറുമായി ഒരു മണിക്കൂറിൽ കൂടുതൽ സംസാരിച്ചതിൽ നിന്ന് ഞാനൊരു കാര്യം മനസ്സിലാക്കി. ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിനോട് യോജിച്ച ശരീരഭാഷയിലെ മാനറിസങ്ങളും നവരസങ്ങളും കണ്ടപ്പോൾ നാളെ സിനിമയിലെ ഒരു കഥാപാത്രമായി സുരേന്ദ്രൻ മങ്ങാട്ട് സാർ വന്നാൽ ആരും അതിശയപ്പെടേണ്ടതില്ല. അങ്ങിനെ ആവാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു, അങ്ങിനെ ഒരു ചിന്ത സാറിന് ഇല്ലെങ്കിൽ പോലും.
ഞാനാണെങ്കിൽ അവിലും കൊണ്ട് ശ്രീകൃഷ്ണന്റെ അടുത്തേക്ക് പോയ കുചേലന്റെ അവസ്ഥയും. എന്റെ കയ്യിൽ അവിൽ ഉള്ളൂ. ഭയങ്കര സാഹിത്യപട്ടിണിയും. എന്റെ പട്ടിണി മാറ്റാനുള്ള ഒരുപാട് ഉപദേശങ്ങൾ സാർ എനിക്ക് തന്നു.
‘ഷെരീഫേ, കൂടുതൽ കൂടുതൽ വായിക്കുക, ഒരു പാട് അറിവ് നമുക്ക് അത് കൊണ്ട് കിട്ടും’.
സാറിന്റെ വീട്ടിൽ കുട്ടികൾ ബാഹു’ബലി’ സിനിമ ടീവിയിൽ കാണുകയാണ്. ഓണത്തിന് മഹാ’ബലി’ വന്നാലുള്ള അവസ്ഥയിലാണ് ഞാൻ. എനിക്ക് ഇതൊരു ‘ബലി’പെരുന്നാൾ പോലെ.
ഞാൻ കണ്ട പ്രശസ്തരായ സത്യൻ അന്തിക്കാടിനെ ഒരു സിനിമ സംവിധായകൻ എന്ന നിലയിലല്ല, ഇന്നസെന്റ് സാറിനെ സിനിമാതാരവും താരസംഘടനയായ AMMAയുടെ പ്രസിഡന്റും ബഹുമാനപ്പെട്ട പാർലിമെന്റ് മെമ്പറും എന്ന നിലയിലല്ല, സുരേന്ദ്രൻ മാങ്ങാട്ടിനെ ഉന്നത പോലീസ് ഓഫീസർ എന്ന നിലയിലല്ല, അശോകൻ ചെരുവിലിനെ പു.കാ.സ. മെമ്പർ എന്ന നിലയിലല്ല, അഡ്വക്കേറ്റ് അബ്ദുള്ള സോണയെ നീതിന്യായ മേഖലയിൽ ഉന്നത സ്ഥാനം അലങ്കരിച്ച വ്യക്തി എന്ന നിലയിലല്ല, ബാലചന്ദ്രൻ വടക്കേടത്തിനെ ഒരു രാഷ്ട്രീയ നിരൂപകൻ എന്ന നിലയിലല്ല, നേരെ മറിച്ച് ഇവരെയൊക്കെ സാഹിത്യഎഴുത്തുകാർ എന്ന നിലയിലാണ് ഞാൻ ബന്ധപ്പെട്ടത്.
RELATED ARTICLES

Most Popular

Recent Comments