Sunday, April 28, 2024
HomeLiteratureകോവാലന്റെ "ആഞ്ഞിലിത്തിരി ". (കഥ)

കോവാലന്റെ “ആഞ്ഞിലിത്തിരി “. (കഥ)

കോവാലന്റെ "ആഞ്ഞിലിത്തിരി ". (കഥ)

അനഘ രാജ്. (Street Light fb group)
ഇറയത്തുകിടന്ന പത്തായത്തിന്മേല്‍ കോവാലന്‍ അട്ടം നോക്കി ചിന്താമഗ്നനായി മലര്‍ന്നു കിടന്നു .പത്തായത്തുനുള്ളില്‍ തിന്നാനൊന്നുമില്ലാതെ വിശന്നു പണ്ടാരമടക്കി കടകം പുടകം ഓടിക്കൊണ്ടിരുന്ന എലികളെപ്പോലെ കോവാലന്റെ ചിന്തകളും വാലിനു തീ പിടിച്ച് അച്ചറം പുച്ചറം
പാഞ്ഞുകൊണ്ടിരുന്നു .കാരണം മറ്റൊന്നുമല്ല ,കോവാലന് തോന്നി ഈയിടയായി ആരും തന്നെ ഒരു വിലയും വെക്കുന്നില്ല .കഷ്ടപ്പെട്ടു ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കുന്ന കവിതകള്‍ (സ്വയം പറയണം ) ആരും വായിക്കുന്നില്ലേ എന്നൊരു സംശയം.ലൈക്കും കമന്റും തീരെയില്ല.ഒന്നുരണ്ടു ദിവസം ഗ്രൂപ്പില്‍ ഉണങ്ങാനിട്ട റബ്ബര്‍ഷീറ്റ് പോലെ തൂക്കിയിട്ടാല്‍ ചിലപ്പോ മൂന്നോ നാലോ ലൈക്‌ കിട്ടുംപേരിന് ഒന്നോ രണ്ടോ കമന്റും .
മുന്നേ കേമന്മാരുടെ കൂടെ കൂടി പലരോടും വെറുതെ യുദ്ധത്തിനു പോയിട്ട് അവരെ പിണക്കി എന്നല്ലാതെ കേമന്മാരെ ഒന്നും പിന്നീട് ഒരു സഹായത്തിനു കണി കാണാന്‍ കിട്ടുന്നില്ല.സുകുമാരന്‍ മാഷ് ചക്കപ്പുഴുക്കില്‍ വ്യാകരണം പഠിപ്പിക്കുന്നത് കണ്ടാണ്‌ തെക്കേലെ അമ്മിണിക്കുട്ടീടെ
മലയാള പുസ്തകം മേടിച്ചു അവളോടുതന്നെ ചോദിച്ചു പഠിച്ചു മൂന്നുനാലു വൃത്തോം ലക്ഷണവും ഒക്കെ എഴുതിയത്.എന്നിട്ടും ഫലം തഥൈവ …
ഏതോ ഒരു കുരുത്തംകെട്ട എലി കാലേല്‍ കൂടി കയറി റോക്കറ്റുപോലെ മേത്തൂടി കത്തിച്ചു വിട്ടപ്പോഴാണ് കോവാലന് .ചിന്ത എങ്ങും എത്തിയില്ലല്ലോ എന്ന ചിന്ത വന്നത് .ആകെ മൊത്തം കുലുങ്ങുന്ന പത്തായത്തിന്റെ പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ പണ്ടാറക്കാലന്‍ മുടിഞ്ഞുപോണേ എന്ന് പറഞ്ഞലറിക്കൊണ്ട് വളഞ്ഞുള്ളില്‍ക്കയറിയ പത്തായത്തിന്റെ ഒരു പലക കിര്ര്ര്ര്ര്ര്‍ എന്ന് ഒച്ചയോടെ പുറത്തേക്ക് തെറിച്ചു.ഒച്ചകേട്ട് പുറത്തേക്കു വന്ന ഗോമതി കണവന്‍ വീണില്ലല്ലോ എന്ന് പരിതപിച്ച് തിരികെ അകത്തേക്ക് കയറിയ ഭാവം കണ്ട് ഒരു കട്ടങ്കാപ്പി ചോദിക്കാന്‍ വന്നത് കോവാലന്‍ മനസ്സില്‍ കുടിച്ചു തീര്‍ത്തു.
അപ്പോഴും കോവാലന്റെ ചിന്ത എങ്ങനെ പെരെടുക്കാം എന്നതായിരുന്നു.അപ്പോഴാണ്‌ അയലത്തെ പരദൂഷണ സംഘം വല്ലവും കൊട്ടയും ഒക്കെയായി കണ്ടത്തില്‍ പുല്ലുപറിക്കാന്‍ പോണത് കണ്ടത്…കോവാലന്റെ തലായില്‍ നൂറിന്റെ ഒരു ബള്‍ബു മിന്നി.അതുതന്നെ..അത് മതി.പിന്നെ ഒട്ടും താമസിച്ചില്ല
കോവാലന്‍ സ്വന്തമായി ഒരു ഗ്രൂപ്പ് മുതലാളിയായി.പിന്നെയും പ്രശനം…എന്ത് പേരിടും….കാക്കത്തൊള്ളായിരം ഗ്രൂപ്പും ഉണ്ട് അതിനെല്ലാം നല്ല പേരുകളും ഉണ്ട്…എത്ര ആലോചിച്ചിട്ടും നല്ലൊരു പേര് കിട്ടുന്നില്ല.തലപുകഞ്ഞു പുകഞ്ഞു വീടുമൊത്തം പുകയായി.അപ്പോഴാണ്‌ ഇറയത്ത്‌ വിഷുവിനു റോട്ടില്‍ ആരോ പൊട്ടിച്ചിട്ട് പോട്ടാതിരുന്ന ഓലപ്പടക്കം കത്തിക്കാന്‍ എടുത്തുവന്ന ആഞ്ഞിലിത്തിരി കോവാലന്റെ കണ്ണില്‍പ്പെട്ടത്.അതുതന്നെ പേര്…ആഞ്ഞിലിത്തിരി…പിന്നെ വൈകിയില്ല,കോവാലന്‍ ചക്കപ്പുഴുക്കിലേം കവിതപ്പുരയില്‍നിന്നും ഒക്കെയായി ചില തലമൂത്ത എഴുത്തുകാരേം സംഘടിപ്പിച്ചു പരിപാടി തുടങ്ങി.
കോവാലന് സ്വയം ഒരു വിലയൊക്കെ വന്നു എന്ന് തോന്നിത്തുടങ്ങിയ നേരം.ഇത് പോര വെറൈറ്റി വേണം.എങ്കിലേ കാര്യമുള്ളൂ…പിന്നെയും കോവാലന്‍ തലപുകച്ചു….പുകഞ്ഞു പുകഞ്ഞു വീട് മൊത്തം പുകനിറഞ്ഞു…..
കോവാലന്റെ തലയല്ലേ…നൂറിന്റെ ബള്‍ബു പിന്നേം
മിന്നി …പുകഴ്ത്തല്‍
ഓരോരുത്തരെ ആയി പുകഴ്ത്തുക ..അവര് പിന്നെ പോകില്ല…പിന്നെയും പ്രശ്നം ആരെ ആദ്യം പുകഴ്ത്തും?ചിന്തയ്ക്ക് തീപിടിക്കും മുന്‍പ് പെട്ടന്നാണ് നിമ്മിയെ ഓര്‍ത്തത്.അവളെ സുഖിപ്പിച്ചു കൂടെ നിര്‍ത്താം.
അവളുടെ പോസ്റ്റില്‍ ഒക്കെ ഒന്ന് കയറി, പേജില്‍ ഒക്കെ ഒന്ന് തപ്പി എന്നീട്ട് എഴുത്ത് തുടങ്ങി….
ഇത് നിമ്മി രാജപ്പന്‍ …വളരെ അപാരമായ സര്‍ഗവൈഭവം ഉള്ള എഴുത്തുകാരിയാണ്….മലയാള ഭാഷയുടെ പുതിയ മാണിക്യമാണ് നിമ്മി എന്ന എഴുത്തുകാരി….അവരുടെ എഴുത്തുകള്‍ നമ്മെ അനുഭൂതിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കാണിച്ചുതരും…അവരുടെ “കൊക്ക് കൊത്തിയ പരല്‍മീന്‍” എന്നകവിത മനുഷ്യന്‍റെ നശ്വരമായ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ്…നമ്മുടെ കൂട്ടായ്മയിലെ അംഗമായ അവരെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക..
കട്ടപ്പനക്കാരിയായ ഇവര്‍ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്.ഈ കുട്ടികളെ പരിചരിക്കുന്നതിനു ഇടയിലുള്ള സമയമാണ് അവരുടെ മഹത്തായ സൃഷ്ടികള്‍ പിറക്കുന്നത്‌….നിമ്മിക്ക് ആഞ്ഞിലിത്തിരി ഗ്രൂപ്പിന്‍റെ ആശംസകള്‍ എന്ന് അഡ്മിന്‍ എക്സ് കേണല്‍ G K നായര്‍ ….
ഒരു ദീഘാനിശ്വാസത്തിന്റെ ചുരുള്‍ വിട്ടിരിക്കുമ്പോള്‍ വരുന്നു ദാ ആദ്യത്തെ കമെന്‍റ്.
എടൊ പെരട്ട കിളവാ…തന്നോടാരാ ഞാന്‍ കെട്ടിയതാണെന്നു പറഞ്ഞത്.എനിക്ക് മൂന്നു കുട്ടികള്‍ പോലും..താന്‍ കണ്ടോടോ പിള്ളാരെ? ഞാന്‍ എനിക്കിഷ്ടമുള്ളത് എഴുതും,തന്റെ
സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട ..അയാളുടെ ഒരു ആഞ്ഞിലിത്തിരി….മര്യാദയ്ക്ക് ഡിലീറ്റ് ചെയ്തോ….പിന്നെ എഴുതിയത് അണ്‍ പാര്‍ലമെന്‍ററി ആയതു കൊണ്ട് ഇവിടെ എഴുതുന്നില്ല……പിറ്റേന്ന് മുതല്‍ ആഞ്ഞിലിത്തിരിയുടെ സ്ഥാനത്ത് this link is not existing എന്ന ബോര്‍ഡു തൂങ്ങിത്തുടങ്ങി ..
RELATED ARTICLES

Most Popular

Recent Comments