Friday, November 15, 2024
HomeNewsഅയോദ്ധ്യയില്‍ രാം രാമായണ മ്യൂസിയം വരുന്നു.

അയോദ്ധ്യയില്‍ രാം രാമായണ മ്യൂസിയം വരുന്നു.

അയോദ്ധ്യയില്‍ രാം രാമായണ മ്യൂസിയം വരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:  അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ സരയു നദിക്കരയില്‍ 225 കോടി രൂപ മുതല്‍ മുടക്കില്‍ രാം രാമായണ മ്യൂസിയം വരുന്നു. 25 ഏക്കര്‍ വിസ്തൃതി പ്രദേശത്ത് ക്ഷേത്ര സമാനമായ രീതിയിലാണ് മ്യൂസിയം നിര്‍മിക്കുന്നത്. ഭജനകളും യാഗങ്ങളും നടത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള മുന്നൊരുക്കമാണ് മ്യൂസിയത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്‌. മ്യൂസിയത്തിന്റെ ധാരണാ പത്രം ഒപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയില്‍ ഒരു റാം മ്യൂസിയം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്‌. മ്യൂസിയത്തിനായി അയോദ്ധ്യയില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ മ്യൂസിയത്തിനായി സ്ഥലം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു.
പിടിഐ പുറത്തു വിട്ട ധാരണാ പത്രപ്രകാരം അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയാണ് രാം ദര്‍ബാര്‍ എന്ന പേരിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഭൂമിയില്‍ രാം രാമായണ മ്യൂസിയം നിര്‍മിക്കുന്നത്. 225 കോടി രൂപ ചിലവിട്ട് നിര്‍മിക്കുന്ന മ്യൂസിയം അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുക. വെര്‍ച്വല്‍ റിയാലിറ്റിയും ത്രീഡി ഡിസ്‌പ്ലേകളും എല്ലാം രാമ ചരിതങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സജ്ജീകരിക്കും.
ഒരേ സമയം ഭക്തര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടിയാണ് മ്യൂസിയം നിര്‍മിക്കുന്നതെന്ന ധാരണ പത്രത്തില്‍ പറയുന്നത്. രാമക്ഷേത്രത്തിനോട് സമാനമായ പ്രാര്‍ത്ഥനകളും യാഗങ്ങളും ഇവിടെ നടക്കുമെന്നും ധാരണാ പത്രം തയ്യാറാക്കിയ രാമായണ സര്‍ക്യൂട്ട് ചെയര്‍പേഴ്‌സണ്‍ റാം ഔതര്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ കേവലം പുരാണ കഥാപാത്രം മാത്രമല്ലെന്നും ചരിത്രപുരുഷന്‍ ആണെന്നുമാണ് റാം ഔതര്‍ അവകാശപ്പെടുന്നത്.
രാമന്റെ ശിക്ഷണങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ലോകത്തെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന് അവകാശപ്പെട്ട റാം ഔതര്‍ ശ്രീ രാമന്റെ ആശയങ്ങളുടെ ശാസ്ത്രീയത തെളിയിക്കുന്ന പ്രദര്‍ശങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് ധാരണാ പത്രത്തില്‍ വ്യക്തമാക്കുന്നു. 18 മാസം കൊണ്ട് മ്യൂസിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധാരണ പത്രത്തില്‍ പറയുന്നു. അതായത് 2018 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി റാം മ്യൂസിയം തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments