ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തില്‍ ആയിരം കോടിയുടെ മഹാഭാരതം ഒരുങ്ങുമ്ബോള്‍ അതിനെ വെല്ലാനുള്ള പടപ്പുറപ്പാടിലാണ് തെലുങ്ക് സിനിമ. മഹാഭാരതത്തിലല്ല, രാമായണത്തിലാണ് ടോളിവുഡ് കൈവയ്ക്കുന്നത്. അഞ്ഞൂറ് കോടി രൂപ ബജറ്റില്‍ രാമായണം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ അല്ലു അരവിന്ദും നമിത് മല്‍ഹോത്രയും മധു മന്തേനയും. തെലുങ്കിന് പുറമെ ഹിന്ദിയിലും തമിഴിലും കൂടി ചിത്രം ത്രി ഡിയില്‍ മൂന്ന് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുക.
അണിയറപ്രവര്‍ത്തകര്‍ ഒരു വര്‍ഷമായി തിരക്കഥയുടെ പണിപ്പുരയിലാണ്. മുംബൈ മിറററാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എണ്‍പതുകളില്‍ അരുണ്‍ ഗോവിലും ദീപികയും രാമനും സീതയുമായി ടി.വി. പ്രേക്ഷകര്‍ക്ക് ലഹരിയായി മാറിയ രാമാനന്ദ് സാഗറിന്റെ രാമായണത്തിനും 2008ല്‍ ഗുര്‍മീത് ചൗധരിയെയും ഡെബിന ബാനര്‍ജിയെയും മുഖ്യകഥാപാത്രങ്ങളാക്കി സാഗര്‍ ആര്‍ട്സ് ഇറക്കിയ പരമ്ബരയ്ക്കുംശേഷം ശേഷം രാമായണത്തിന്റെ ഒരു ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടില്ല.
ഗജിനി, മഗഥീര തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മാതാണ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ അച്ഛന്‍ കൂടിയായ അല്ലു അരവിന്ദ്.
ഗോസ്റ്റ്ബസ്റ്റേഴ്സ്, സ്റ്റാര്‍ വാര്‍സ്, ട്രാന്‍സ്ഫോമേഴ്സ്, എക്സ് മെന്‍: അപ്പോകാലിപ്സ്, ദി മാര്‍ഷ്യന്‍ തുടങ്ങിയ വമ്ബന്‍ ഹോളിവുഡ് ചിത്രങ്ങളുടെ സ്റ്റീരിയോ കണ്‍വേര്‍ഷനും വിഷ്വല്‍ ഇഫക്റ്റ്സും കൈകാര്യം ചെയ്ത പ്രൈം ഫോക്കസിന്റെ ഉടമയാണ് അല്ലു അരവിന്ദിന്റെ നിര്‍മാണ പങ്കാളിയായ നമിത് മല്‍ഹോത്ര. പ്രൈം ഫോക്കസിന്റെ പങ്കാളിത്തം ചിത്രത്തിന്റെ സാങ്കേതിക മേന്മ ഉറപ്പാക്കുമെന്ന വിശ്വാസത്തിലാണ് സിനിമാ ലോകം.
സിനിയിലെ താരങ്ങള്‍ ആരൊക്കെയാവും എന്നത് സംബന്ധിച്ചോ ചിത്രീകരണം എപ്പോള്‍ തുടങ്ങും എന്നത് സംബന്ധിച്ചും യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ബാഹുബലിയുടെ അവിശ്വസനീയമായ നേട്ടം തന്നെയാവും പെട്ടന്ന് മറ്റൊരു ഇതിഹാസവുമായി വരാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. തെലുങ്കില്‍ ജന്മമെടുത്ത ബാഹുബലിയുടെ അവസാന ഭാഗം പത്ത് ദിവസം കൊണ്ട് തന്നെ ആയിരം കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്.