ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിന് സാക്ഷ്യം വഹിച്ച് പൂരപ്രേമികള്‍. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ വര്‍ണ്ണക്കുടകളുമായി മത്സരിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി. ക്ഷേത്രമതില്‍ക്കെട്ടിന് അകത്തെ ഇലഞ്ഞിത്തറ മേളത്തിന് ശേഷമായിരുന്നു ദേശങ്ങളുടെ കുടമാറ്റം. നിലക്കുടകള്‍ക്കൊപ്പം രൂപക്കുടകളും നിരന്നു. ശക്തന്‍ തമ്ബുരാന്റെ രൂപവും കുടകളില്‍ നിരന്നു.
51 സെറ്റ് കുടകളാണ് ഇരുവിഭാഗങ്ങളും അണിനിരത്തിയത്. സസ്പെന്‍സ് ഒളിപ്പിച്ചുവെച്ച അഞ്ച് സെറ്റ് കുടകള്‍ പുറത്ത് വന്നതോടെ പൂരം കാണാന്‍ എത്തിയവര്‍ ശരിയ്ക്കും ആവേശത്തിലായി. 1954ലാണ് ആദ്യമായി കുടമാറ്റം സംഘടിപ്പിച്ചത്. ഒരു കുട ഉയര്‍ത്തിയ ശേഷം മൂന്ന് വട്ടം ആലവട്ടവും വെഞ്ചാവരവും വീശിയ ശേഷമാണ് അടുത്ത കുട ഉയര്‍ത്തുക. കുടമാറ്റം കഴിഞ്ഞ് ഏഴാനയും മേളങ്ങളും ആയാണ് പാറമേക്കാവ് ഭഗവതി തിരികെ പോകുന്നത്. തിരുവമ്പാടി വിഭാഗം മണികണ്ഠനാല്‍ പന്തലില്‍ മേളം കലാശിച്ച് തിരികെ പോകും.