Thursday, May 2, 2024
HomeLiteratureഅപ്പുവിന്റെ_സങ്കടം. (കഥ)

അപ്പുവിന്റെ_സങ്കടം. (കഥ)

അപ്പുവിന്റെ_സങ്കടം. (കഥ)

അർഷദ് കരുവാരകുണ്ട്. (Street Light fb group)
കൂട്ടുകാരൻ നമ്പോലന്റെ കല്ല്യാണമായിരുന്നു ഇന്ന്. എസ് എസ് എൽസി ബുക്കിലെ പേര് സുമേഷ് എന്നാണെങ്കിലും ഞങ്ങള്‍ക്കവൻ അന്നും ,ഇന്നും ,എന്നും നമ്പോലൻ തന്നെയാണ്. ഒാരോരോ തമാശകളൊക്കെ പറഞ്ഞ് മണിയറയൊരുക്കുന്ന തിരക്കിലായിരുന്നു ഇന്നലെ രാത്രി ഞങ്ങളെല്ലാവരും. പക്ഷേ എല്ലാത്തിനും കൂടെയുണ്ടെങ്കിലും അപ്പുവിന്റെ മുഖത്ത് മാത്രം സന്തോഷമില്ലായിരുന്നു,
കളിയിയും ചിരിയും തമാശയും ഒന്നുമില്ലായിരുന്നു. അല്ലെങ്കില്‍ ഒരു കല്ല്യാണ വീട് കിട്ടിയാല്‍ മതി അവിടെ മുഴുവന്‍ അവന്റെ കൂക്കുവിളിയും ഗാനമേളയുമായിരിക്കും ,
അവനില്ലാത്ത കല്ല്യാണ വീടുകളും ഞങ്ങളുടെ നാട്ടില്‍ ചുരുക്കം എന്ന് തന്നെ പറയാം ,എല്ലാവരോടും കൂട്ടാണവൻ. കുട്ടികളോടൊത്ത് പക്വതയില്ലാത്ത കുട്ടിയായും, യുവാക്കളോടൊത്ത് നല്ലൊരു കറ കളഞ്ഞ യുവാവായും , ഫ്രീക്കൻമാരോടൊത്ത് ഒരൊന്നൊന്നര ഫ്രീക്കനായും,പ്രായമായവരോടൊത്ത് ഒരു മുതുമുത്തശ്ശനായും നാട്ടില്‍ നിറഞ്ഞ് നൽക്കും
അപ്പുവും ,നമ്പോലനും ,ഞാനും ചെറുപ്പം തൊട്ടേ കൂട്ടുകാരാണ്… അംഗൻവാടി മുതല്‍ ഒരുമിച്ച് പഠിച്ചവർ .ഒരുമിച്ച് കളിച്ചവർ, ഒരുമിച്ച് നടന്നവർ , ഒരേ മനസ്സുള്ളവർ …
ഇന്ന് ജീവിത സാഹചര്യങ്ങൾ എന്നെ ഒരു പ്രവാസിയും നമ്പോലനെ ഒരു അധ്യാപകനുമൊക്കെയാക്കി ഞങ്ങളെ പല വഴികളിലേക്ക് തിരിച്ചെങ്കിലും അപ്പു ഇന്നും പഴയ പോലെ തന്നെ കുട്ടീം കോലും കളിച്ച് നടക്കുകയാണ് .. കൂട്ടത്തില്‍ മൂത്തതും അവൻ തന്നെ
പ്രായം കുറച്ചായെങ്കിലും കല്ല്യാണമൊന്നും കഴിച്ചിട്ടില്ലായിരുന്നു അപ്പു.
നാട്ടുകാരുടെ സ്നേഹം കൊണ്ടും അപ്പുവിനോടുള്ള ആത്മാർത്ഥത കൊണ്ടും അവന് വരുന്ന കല്ല്യാണങ്ങളൊക്കെ ദിവാകരേട്ടന്റെ ചായക്കട വരെ വന്ന് തിരിച്ച് പോവാറാണ് പതിവ് .
പെണ്ണ് കാണാന്‍ നടന്ന് നടുവേദന പിടിച്ച അപ്പുവിന്റെ സങ്കടം കണ്ടിട്ടാണോ അവന്റെ അമ്മയുടെ ഉള്ളുരുകിയുള്ള പ്രാർത്ഥന കേട്ടിട്ടാണോ എന്നറിയില്ല കഴിഞ്ഞ വെക്കേഷന് ഞാന്‍ നാട്ടിലെത്തിയപ്പോഴേക്കും അവന്റെ സ്വപ്നം പൂവണിഞ്ഞിരുന്നു .
സുന്ദരിയായ ഒരു നാടന്‍ പെൺകുട്ടിയെ തന്നെ ദൈവം അവന് നൽകിയിട്ടുണ്ട്
ഒരു വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ചെറിയൊരവധിക്ക് ഇന്നലെയാണ് ഞാന്‍ വീണ്ടും നാട്ടിലെത്തിയത് . അതുകൊണ്ട് തന്നെ ആരോടും അധികം സംസാരിക്കാനുള്ള അവസരവും കിട്ടിയിട്ടില്ല.
എനിക്കൊരു കൂട്ട് കണ്ടെത്തുക എന്നതിലുപരി നമ്പോലന്റെ കല്ല്യാണം കൂടുക എന്നതായിരുന്നു പെട്ടെന്നുള്ള എന്റെയീ വരവിന്റെ ലക്ഷ്യം
ഇന്ന് കല്ല്യാണത്തിന് സംഭവിച്ച പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും ഇന്നലെ രാത്രി കണ്ട അപ്പുവിന്റെ സങ്കടവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കാര്യമായിട്ടെന്തോ അപ്പുവും അവളും തമ്മിലുണ്ടെന്ന് ഇന്നത്തെ രംഗങ്ങൾ കണ്ടാല്‍ ഏതൊരുത്തനും മനസ്സിലാക്കാവുന്നതേയുള്ളൂ.
അല്ലെങ്കില്‍ പിന്നെ എന്തിനാ നമ്പോലന്റെ കയ്യും പിടിച്ച് അവന്റെ വീട്ടിലേക്ക് കയറിവരുന്ന സമയത്ത് അത്രയും ആളുകളെ മുമ്പില്‍ വച്ച് അവള്‍ അപ്പുവിന്‍റെ അടുത്തേക്ക് ഒാടിയത്, ? പരിസരം മറന്ന് കൈകൂപ്പി പൊട്ടിക്കരഞ്ഞത്,? അവൾക്ക് മുഖം കൊടുക്കാതെ അപ്പു അവിടെ നിന്നും സ്ഥലം വിട്ടത് ?
ചോദ്യങ്ങളുടെ ഒരു പ്രവാഹം തന്നെ എന്റെ ചിന്തകളെ വേട്ടയാടി . നമ്പോലന് എന്ത് വിഷമമായിക്കാണും, അത്രയും ആളുകളുടെ ഇടയില്‍ വച്ച് അങ്ങനെ ഒരു നാടകീയ രംഗം,
എല്ലാവരുടെയും കണ്ണുകള്‍ അവരെ രണ്ട് പേരെയും മാറി മാറി നോക്കുന്നത് ഞാന്‍ കണ്ടതാണ് .. അപ്പുവിന്‍റെ ആ പോക്കിലെന്തോ പന്തികേട് എനിക്ക് തോന്നിയത് കൊണ്ട് തന്നെയാണ് ഞാന്‍ രണ്ട് മൂന്ന് പ്രാവശ്യം അവന്റെ മൊബൈലിലേക്ക് വിളിച്ചത്
അപ്പോഴൊക്കെ റിങ് ചെയ്തെങ്കിലും ഫോണെടുത്തില്ല അവന്‍ , തിരിച്ച് വിളിച്ചതുമില്ല .
അത്രയും ആളുകളുടെ മുന്നില്‍ വച്ച് തന്റെ ഭാര്യയായി കൈപിടിച്ച് വരുന്നവൾ മറ്റൊരുത്തനരികിലേക്ക് ഒടിപ്പോയത് നമ്പോലന്റെ മുഖത്തെ സന്തോഷവും കെടുത്തിയിരുന്നു.
കല്ല്യാണബഹളങ്ങളൊക്കെ കഴിഞ്ഞ് നമ്പോലനോട് യാത്ര പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് നടന്നപ്പോഴാണ് എന്റെ ഫോണ്‍ ശബ്ദിച്ചത്
“ഹലോ അനീ.. !!!
“ടാ ഞാനാടാ..അപ്പുവാ..
സോറി ടാ ഇങ്ങോട്ടൊന്നും പറയണ്ട എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം ഞാന്‍ വീട്ടിലുണ്ട് നീ എത്തിയാല്‍ ഉടന്‍ ഇങ്ങോട്ട് വാ..”
ഉള്ളിലുള്ള ദേഷ്യം മുഴുവന്‍ മലയാള അക്ഷരമാല ചേര്‍ത്ത് നാവിൻ തുമ്പിൽ വന്നു നിന്നെങ്കിലും അവന്റെ വാക്കുകള്‍ എന്നെ നിശ്ശബ്ദനാക്കി.
വീട്ടിലെത്തിയ ഉടനെ അമ്മ ഏൽപ്പിച്ച കോടാലി തൈലവും അമൃതാഞ്ജനും അവന്റെ പെണ്ണിന് കൊടുക്കാന്‍ കരുതിയ ഗിഫ്റ്റും കുറച്ച് മിഠായികളുമെടുത്ത് ഞാനിറങ്ങി . ദൂരെ നിന്നും എന്റെ നിഴല്‍ കണ്ടിട്ടായിരിക്കണം അവനും അമ്മയും അവന്റെ പെണ്ണും പുറത്ത് തന്നെ എന്നെ സ്വീകരിക്കാന്‍ നിൽപുണ്ടായിരുന്നു.. ചെന്ന് കയറിയ ഉടനെ തന്നെ അമ്മ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഒരു മുത്തം തന്നു മൂന്നു പേരും ചേര്‍ന്ന് എന്നെ സ്വീകരിച്ച് അകത്തേക്കിരുത്തി .
അമ്മ ഏൽപ്പിച്ച സാധനങ്ങളെല്ലാം ഞാന്‍ അമ്മക്ക് കൊടുത്തു . അപ്പുവിന്റെ പെണ്ണിനുള്ളത്അവൾക്കും .
“എനിക്കൊന്നുമില്ലേ അനീ??
“പിന്നേ നിനക്കുള്ളത് തരാനും കൂടെയല്ലേ ഞാനിങ്ങോട്ട് വന്നത്… പല്ലിറുമ്പി ഞാനവനോട് പറഞ്ഞു..” കല്ല്യാണ വീട്ടിലെ സീനായിരുന്നു അപ്പോഴെന്റെ മനസ്സില്‍ .
കുശലന്വേഷണങ്ങൾക്കിടയിലും എന്റെ കണ്ണുകള്‍ അവന്റെ മുഖത്തേക്കായിരുന്നു
അവന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്.
നമ്പോലന്റെ പെണ്ണ് ഇവന്റെ കാമുകിയോ മറ്റോ ആണോ..??
എന്റെ സംശയം പിന്നെയും ബാക്കി .
അമ്മയും അവന്റെ പെണ്ണും ഉള്ളപ്പോൾ അതെങ്ങനെ ചോദിക്കും ഞാന്‍..?
അമ്മയോട് ഒാരോ തമാശകളൊക്കെ പറഞ്ഞിരിക്കുന്നതിനിടെ അവന്റെ പെണ്ണ് ചായയുമായെത്തി.
“എന്താ പേര്…?”
ഒരു പെണ്ണുകാണൽ ചടങ്ങ് പോലെ എനിക്ക് നീട്ടിയ ചായയും വാങ്ങി സലിം കുമാറിന്റെ ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു ..
അത് കേട്ട് എന്റെ അടുത്തിരുന്ന് അമ്മയും അപ്പുറത്തിരുന്ന് അപ്പുവും പൊട്ടിച്ചിരിച്ചു.
പ്രതീക്ഷിക്കാതെയുള്ള എന്റെ ചോദ്യം കേട്ട് നാണമായെങ്കിലും, ചിരിച്ച് കൊണ്ട്‌ അവൾ മറുപടി തന്നു. ” ‘ലച്ചു…’ അയ്യോ സോറി ട്ടോ… ‘ലക്ഷ്മി’ “
“ഹഹ.. ലച്ചൂന്നാ ഞങ്ങളവളെ വിളിക്കുന്നത്.. അതാ അവള് പെട്ടെന്ന് അങ്ങനെ പറഞ്ഞത് ….”
ചിരിച്ചു കൊണ്ട് അമ്മയുടെ വാക്കുകള്‍ എനിക്ക് നേരെ തിരിഞ്ഞു.
” ആഹാ… എന്തായാലും രണ്ട് പേരും കൊള്ളാം അപ്പോ ഇനി ഞാനും ലച്ചൂന്ന് വിളിക്കാം അതാ എനിക്കും എളുപ്പം. “
ചായ കുടിച്ച് കപ്പ് ലച്ചുവിനെ ഏൽപ്പിച്ച് ഞാന്‍ അപ്പുവിന്റെ റൂമിലേക്ക് ചെന്നു.
എന്തോ ആലോചിച്ച് ബെഡ്ഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അവന്‍.
എന്നെ കണ്ടപാടെ ചാടിയെണീറ്റ് അവന്‍ കതക് അടച്ച് കുറ്റിയിട്ടു..
“അനീ… പ്ലീസ് തെറി പറയരുത്. ഞാന്‍ പറയാം എല്ലാം… “
“നീ ഒന്നും പറയണ്ട… നമ്പോലന്റെ അവസ്ഥ നീ ആലോചിച്ചോ…?? നിന്റെ ലൈനോ മറ്റോ ആണെങ്കില്‍ നിനക്ക് കല്ല്യാണത്തിന് തന്നെ വരാതിരുന്നാൽ പോരേ..?? ഇന്നലെ രാത്രി മണിയറ ഒരുക്കുമ്പോ തൊട്ടേ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.. ഇന്നത്തെ ഈ നാടകം കൂടെ കണ്ടപ്പോള്‍ വെറുത്തു പോയി നിന്നെ…!! ആ കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ലല്ലോ… എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് നടന്ന് കയറിയപ്പോഴല്ലേ നിന്റെ കരിമോന്ത അവിടെ കണ്ടത്..!!”
“അമ്മേം അച്ചൂം ഇവിടെ ഉണ്ടായത് നിന്റെ ഭാഗ്യം ഇല്ലേല്‍ കേട്ടിരുന്നു നീ എന്റെ വായില്‍ കിടക്കുന്നത് മുഴുവന്‍ “
“അനീ.. പ്ലീസ് നീ റൈസാകല്ലേ… എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്..”
“നീ ഒരു കോപ്പും പറയണ്ട.. എനിക്കൊന്നും കേൾക്കണ്ട. എല്ലാം ചെയ്തു വെച്ചിട്ട് ഒാരോ മുടന്തൻ ന്യായം പറയാന്‍ എല്ലാർക്കും അറിയാം”
“അതല്ല ! നീ കേൾക്കണം നമ്പോലന്റെ പെണ്ണും ഞാനുമായിട്ടുള്ള ബന്ധമല്ലേ നിനക്ക് അറിയേണ്ടത്…? എന്തിനാ അവളെന്റടുത്തേക്ക് ഒാടി വന്നതെന്നല്ലേ നിനക്കറിയേണ്ടത്..? അവൾക്ക് മുഖം കൊടുക്കാതെ ഞാനെന്തിന് അവിടെ നിന്ന് പോന്നു എന്നല്ലേ നിനക്ക് അറിയേണ്ടത്..? “
“എന്നാ കേട്ടോ… അതാരാന്ന് അറിയോ നിനക്ക്..? “
“ഒരു വർഷം മുമ്പ് പത്രമാധ്യമങ്ങൾ എന്റെയും ഒരു പെൺകുട്ടിയുടെയും ഫോട്ടൊ മുൻ പേജിലിട്ട് കൊണ്ടാടിയത് ഒാർക്കുന്നുണ്ടോ നീ…??
ആ പെണ്ണാണെടാ അവള്‍…
എനിക്കവളേം അവള്‍ക്കെന്നേം എങ്ങനെ മറക്കാന്‍ പറ്റും.. ??
അവളെ കാണുമ്പോള്‍ എനിക്കെങ്ങനെ നിൽക്കാൻ കഴിയും അവളുടെ മുമ്പില്‍…??”
“നീ പറ നീയായിരുന്നേൽ നിനക്ക് കഴിയോ അവിടെ നിൽക്കാൻ…?? “
അവന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മൗനം സമ്മതിക്കേണ്ടി വന്നു എനിക്ക്.
“ആ പെണ്ണാണോ അത് …???
“അതേടാ.. അവളാണത് . നമ്പോലൻ അവളെ പെണ്ണ് കണ്ടതും കല്ല്യാണമുറപ്പിച്ചതും എല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷേ ഞാന്‍ അവനോടൊന്നും പറഞ്ഞിട്ടില്ല…”
“ഉം…”
“എന്നാലും എനിക്കാ കുട്ടിയെ…”
അവന്റെ ശബ്ദമിടറി.. വാക്കുകള്‍ മുഴുവിക്കാൻ കഴിയാതെ അവന്‍ എന്റെ തോളോട് ചേര്‍ന്നു .
എന്റെ കൈകള്‍ അവനെ പുണർന്നു.. കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴഞ്ഞു
“സാരമില്ലടാ.. പോട്ടെ… “” ശരിക്കും എന്താണ് അന്ന് സംഭവിച്ചത് ..?
ഒരു നിമിത്തമായിട്ടാണ് ഞാനന്ന് ലച്ചൂന്റെ അമ്മാവന്റെ വീട്ടില്‍ എത്തിയത്.. ഒരുൾനാടന്‍ പ്രദേശമാണ് അവിടെ… അവള്‍ടെ അമ്മാവന്റെ വീടടക്കം എട്ടോ പത്തോ വീട് കാണും അവിടെ ചെറിയൊരു സൽക്കാരമായിരുന്നു അന്ന് . ചോറ് കഴിക്കുമ്പോഴാണ് അപ്പുറത്ത് നിന്നും ഒരു കൂട്ടക്കരച്ചിൽ കേട്ടത് ..കയ്യിൽ ഉരുട്ടിയെടുത്ത ചോറുരുള പാത്രത്തില്‍ തന്നെയിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനോടി.. കൂടെ ലച്ചുവും…
കുറേ പെണ്ണുങ്ങള്‍ അപ്പുറത്തെ വീടിന്റെ കിണറ്റിലേക്ക് നോക്കി നിലവിളിക്കുന്നു… ആണുങ്ങളായി ആരുമില്ലായിരുന്നു ആ പരിസരത്ത് എല്ലാവരും കൂപ്പിലെ പണിക്കാരാണ്… അവിടെ കൂടിയ ചേച്ചിമാരൊക്കെ എന്തു ചെയ്യണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി വെപ്രാളത്തോടെ നിൽക്കുന്നു. ഒാടിച്ചെന്ന് ഞാനും ഒന്ന് എത്തി നോക്കി.
കിണറ്റിലാകെയൊരിളക്കം മാത്രം.. നല്ല താഴ്ച്ചയുണ്ട്.
” മക്കളേ…. അയ്യോ…
ഇവിടാരുമില്ലേ എന്റെ മക്കളെ ഒന്ന് രക്ഷിക്കാൻ…?? “
വെള്ളമടിച്ച് ലെക്കു കെട്ട ആ അച്ഛന്റെ നെഞ്ചത്തടിച്ചുള്ള നിലവിളി എന്നെ വല്ലാതെ വേദനിപ്പിച്ചു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി നിലവിളിക്കുന്നു.. ആകെ ഒരു ബഹളവും കരച്ചിലും മാത്രം..
എനിക്കാണേൽ അവിടെ ആരെയും പരിചയവുമില്ല. ആരോ കിണറ്റിൽ വീണതാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആരോടും ചോദിക്കാനൊന്നും നിന്നില്ല എന്റെ കാര്യം പോലും ഒാർത്തില്ല. ചോറ് കുഴച്ച കയ്യോ ഉടുത്ത തുണിയോ ഞാന്‍ നോക്കിയില്ല.. ആഴമുള്ള കിണറാണെന്ന് പോലും ഞാന്‍ മറന്നു .. ദൈവത്തോട് കാത്തോളണേ എന്നും മനസ്സില്‍ പ്രാര്‍ത്ഥിച്ച് ഞാന്‍ കിണറ്റിലേക്ക് എടുത്ത് ചാടി…
കിണറിന്റെ അടിത്തട്ടിൽ എത്തിയപ്പോഴാണ് രണ്ട് ശരീരങ്ങളാണ് അപകടത്തിൽ പെട്ടിട്ടുള്ളതെന്ന് എനിക്ക് മനസ്സിലായത്.. മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളും അവര്‍ക്ക് കിട്ടിയ പിടി വള്ളി പോലെ എന്റെ കൈകളില്‍ പിടിച്ചു തൂങ്ങി.. രണ്ട് പേരും ആകെ തളർന്നിരുന്നു. അവരെ രണ്ട് പേരുടെയും ഭാരം താങ്ങാനുള്ള ശക്തി എനിക്ക് നഷ്ടപ്പെട്ടിരുന്നു.. ഉയര്‍ന്നു നിൽക്കുന്ന വെള്ളവും കിണറിന്റെ താഴ്ചയും എന്നെയും അവശനാക്കി …
ഒരു വിധത്തില്‍ അവരെ പൊക്കിയെടുത്ത് ഞാന്‍ മുകളിലേക്ക് നോക്കി
ഒരു കയറ് കെട്ടിയിറക്കാൻ പോലും ഒരാണിന്റെ ശക്തി അവിടെയില്ല..
എന്റെ നോട്ടം കണ്ടാണെന്ന് തോന്നുന്നു ആരോ കയ്യില്‍ കിട്ടിയ വണ്ണമുള്ള ഒരു കമ്പെടുത്ത് കയറിൽ കെട്ടി താഴോട്ടിറക്കി.
എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…
മുന്നിലെത്തിയ കയറിൽ പിടിച്ച് കമ്പിന്റെ രണ്ട് ഭാഗത്ത് കൂടെയും കാലുകളിട്ട് രണ്ട് പേരെയും ചേര്‍ത്ത് പിടിച്ച് മുകളിലേക്ക് പെട്ടെന്ന് ഉയര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു . അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളെല്ലാവരും ചേര്‍ന്ന് വലിച്ച് മുകളിലേക്കുയർത്തി.
മുകളിലെത്തി കരകയറ്റാൻ ഒരുങ്ങുമ്പോഴേക്കും ഒരു കുട്ടി എന്റെ കയ്യില്‍ നിന്നും ഒന്ന് കുതറി… വീണ്ടും കിണറ്റിലേക്ക് ചാടാൻ ശ്രമിച്ചു .. പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ പ്രവര്‍ത്തി എന്നെ അസ്വസ്ഥനാക്കി കൈവിട്ടെന്ന് കരുതിയ അവളെ മുറുകെ പിടിച്ചപ്പോഴേക്കും മറ്റേ കുട്ടിയിൽ നിന്നും എന്റെ പിടി വിട്ടിരുന്നു… തളർന്ന് പോയ ആ കുട്ടി വീണ്ടും വെള്ളത്തില്‍ ചെന്ന് പതിക്കുന്ന ശബ്ദം കേട്ട് എന്റെ മനസ്സ് തകര്‍ന്നു
“മോളേ…….”
എല്ലാവരും അലറി വിളിച്ചു.
“എന്റെ ധൈര്യമെല്ലാം ചോർന്ന് പോയെടോ… “
പിടി കിട്ടിയവളെ പുറത്തെത്തിച്ച് വീണ്ടും ആ കമ്പിൽ തന്നെ കിണറ്റിലേക്കിറങ്ങി കൈവിട്ട് പോയ ആ ശരീരം പൊക്കിയെടുത്ത് മുകളിലേക്ക് ഉയരുമ്പോൾ തന്നെ ആ ശ്വാസം നിലച്ചത് ഞാന്‍ അറിഞ്ഞിരുന്നു…!!
പുറത്തെത്തി രണ്ട് പേരെയും ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എന്റെ സംശയം പോലെ തന്നെ ആ കുട്ടിയുടെ ജീവന്‍ ദൈവം എടുത്തിരുന്നു….
“അവിടെ ഞാന്‍ പരാജയപ്പെട്ടു അനീ….
ആ കുട്ടിയെ എനിക്ക്…. “
അവന്റെ വാക്കുകള്‍ മുറിഞ്ഞു…
“ചെറുപ്പത്തിലേ ഒരു ആക്സിഡന്റിൽ അമ്മ നഷ്ടപ്പെട്ട ഇരട്ട കുട്ടികളാണവർ… കള്ള് കുടിയനായ ആ തന്തയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ജീവന്‍ നശിപ്പിക്കാൻ എടുത്ത് ചാടിയതാണ് ഒരു കുട്ടി.. അവളെ രക്ഷിക്കാന്‍ വേണ്ടിയാ അനിയത്തിയും കൂടെ ചാടിയത്…
മുകളിലേക്കെത്തിയപ്പോൾ ഒന്നുമറിയാതെ പോലെയുള്ള ആ തന്തയുടെ മോങ്ങുന്ന മോന്ത കണ്ടിട്ടായിരിക്കും ഇവൾ രണ്ടാമതും ചാടാൻ ശ്രമിച്ചത് ..
പിന്നെ ഇന്നാണ് ഞാനവളെയും അവളെന്നെയും കാണുന്നത് . നമ്പോലന്റെ
പെണ്ണായി കയറി വരുന്ന സമയത്ത് … പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ നഷ്ടപ്പെട്ടു പ്പോയ സങ്കടം ഒാർത്ത് പോയിക്കാണും അവള്… അത്രയും ആളുകള്‍ക്കിടയിൽ നിന്നും നിയന്ത്രണം വിട്ട ഒാടിവന്ന് കൈ കൂപ്പിയപ്പോൾ അവളുടെ തേങ്ങലും കരച്ചിലും കണ്ട് നിൽക്കാൻ എനിക്കും കഴിഞ്ഞില്ല…
“സോറി ഡാ ” അതു കൊണ്ടാ ആരോടും ഒന്നും മിണ്ടാതെ ഞാന്‍ അവിടുന്ന് പോന്നത് ”
ആ അനിയത്തിക്കുട്ടി ഇപ്പോള്‍ സ്വർഗ്ഗത്തിൽ കിടന്ന് സന്തോഷിക്കുന്നുണ്ടാവും…. “””
അവന്റെ വാക്കുകള്‍ തേങ്ങലായി മാറി…..
എന്ത് പറയണമെന്നറിയാതെ ഞാന്‍ തരിച്ച് നിന്നു പോയി…
” അപ്പൂ …. സാരമില്ലടാ…”
അവന്റെ തോളില്‍ തട്ടി ഞാന്‍ ആശ്വസിപ്പിച്ചു …
“ഇത് കണ്ടോ. ഇതെല്ലാം എന്റെ ധീരതക്ക് എനിക്ക് കിട്ടിയ ഉപഹാരങ്ങളാണ് .. നിരവധി ക്ലബ്ബുകളും ,സംഘടനകളും ,മന്തിമാരും എന്നെ വാനോളം പുകഴ്ത്തി ..
“ഒരു ജീവന്‍ എന്റെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് .. പിന്നെ ഞാനെങ്ങനെ ഈ ഉപഹാരങ്ങൾക്ക് അർഹനാകും..?? നീ പറ.. ?”
എല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു… വാക്കുകള്‍ മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു.. കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു..
“അതൊക്കെ ദൈവത്തിന്റെ വിധിയാണ് അപ്പൂ “
അവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ എന്റെ കയ്യിലില്ലായിരുന്നു..
“ങ്ഹാ.” ടാ എനിക്ക് ഉമ്മാടെ വീട്ടിലൊന്ന് പോണം.. പോയി വന്നിട്ട് ഞാന്‍ വിളിക്കാം “
“അമ്മേ… ലച്ചൂ… ഞാനിറങ്ങട്ടെ പിന്നെ വരാട്ടോ.
“വറുത്തരച്ച് വച്ച അമ്മേടെ സാമ്പാറ് കൂട്ടി കുറേ ചോറ് തിന്നണം എനിക്ക് .. “
“എന്റെ കുട്ടിക്കുള്ള ഒരുപിടി ചോറ് എന്നും ഈ വീട്ടിലുണ്ടാകും…”
അതെനിക്ക് അറിയാലോ അമ്മേ… ഇങ്ങളെന്റെ ചക്കര അമ്മയല്ലേ…”
“ലച്ചൂ ഇവനെ ശരിക്ക് നോക്കിക്കോ ട്ടോ.. കാഞ്ഞ വിത്താണ്..!! “
“ടാ അനീ…….വേണ്ടട്ടോ…!!!
“ശരി ഏട്ടാ..അത് ഞാന്‍ നോക്കിക്കോളാം..”
അച്ചുവിന്‍റെ മറുപടി കിട്ടിയപ്പോള്‍ ഞാന്‍ ഹാപ്പി .
ഇറങ്ങിയ തക്കത്തിൽ അപ്പുവിനിട്ട് എന്നത്തേയും പോലെ ചെറിയൊരു തട്ട് കൊടുത്തതാ …. എന്നും അമ്മയോടാ പറയാറ്… ഇന്ന് അതില്‍ മാത്രം ചെറിയൊരു മാറ്റം… ഹിഹി..
“എന്റെ അപ്പൂ…
നീ എന്റെ കൂട്ടുകാരനായതിൽ ഞാനേറെ അഭിമാനിക്കുന്നെടാ…!! “
ഞാന്‍ വീട്ടിലേക്ക് നടക്കുന്നതിനിടെ
എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു..
അല്ലെങ്കിലും അവന്റെ ചിന്തകളും പ്രവര്‍ത്തികളും അങ്ങനെയാണ്..
നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാവും അവന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും
പണ്ടും അവന്‍ അങ്ങനെ തന്നെയായിരുന്നു. അഞ്ചാം ക്ലാസ്സിലെ രമണി ടീച്ചര്‍ പറഞ്ഞതാണ് എനിക്കിപ്പോൾ ഒാർമ്മ വരുന്നത്.
ഒരു ദിവസം ടീച്ചര്‍ ഞങ്ങളോട് ഇഷ്ടപ്പെട്ട ഒരു ഫോട്ടോ വരക്കാൻ ആവശ്യപ്പെട്ടു. ഫോട്ടോ വരച്ചാൽ മാത്രം പോര അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കുകയും വേണം . നന്നായി അവതരിപ്പിക്കുന്നവർക്ക് നൂറ് രൂപ ടീച്ചര്‍ സമ്മാനം തരുമെന്നും പറഞ്ഞു .
ഞങ്ങളെല്ലാവരും വരക്കാൻ തുടങ്ങി ടീച്ചര്‍ പറഞ്ഞ സമയം കഴിഞ്ഞ് ഒാരോരുത്തരും അവര്‍ വരച്ച ഫോട്ടോയും പൊക്കിപ്പിടിച്ച് കൊണ്ട് സംസാരിക്കുന്നു..
ഞാന്‍ വരച്ചത് ഒരു ആനയെയായിരുന്നു.ഞാനും എനിക്ക് അറിയുന്ന പോലെ ആനയെ കുറിച്ച് സംസാരിച്ചു . പിന്നെ അപ്പുവിന്റെ അവസരമായിരുന്നു അപ്പുവും അവൻ വരച്ച ഫോട്ടോ ഉയര്‍ത്തി അതിനെ കുറിച്ച് സംസാരിച്ചു… അവസാനം ടീച്ചര്‍ സമ്മാനം പ്രഖ്യാപിച്ചത് അപ്പുവിന്റെ പേരായിരുന്നു…
ഞങ്ങളുടെ മുന്നില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങിയപ്പോൾ അവന്‍ സംസാരിച്ചത് മറ്റൊന്നായിരുന്നു….
“ഞാൻ ഈ സമ്മാനത്തിന് അർഹനല്ല…!!
കാരണം എന്റെ ചിത്രത്തില്‍ ഞാന്‍ വരച്ചത് വെള്ളത്തില്‍ ഒലിച്ച് പോകുന്ന രണ്ട് ഉറുമ്പുകളെയാണ് അവരെ രക്ഷിക്കാന്‍ മരച്ചില്ലയിലെ പ്രാവ് ഇട്ട് കൊടുത്ത ഇല ഒന്നുകൂടെ വലുതാക്കിയിരുന്നെങ്കിൽ
രണ്ടു പേരും രക്ഷപ്പെട്ടേനെ… ഒരു ഉറുമ്പിനെ മാത്രമേ എന്റെ ചിത്രത്തിനു രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ….. അതുകൊണ്ട് ഈ സമ്മാനത്തിന് എനിക്ക് യോഗ്യതയില്ല ടീച്ചര്‍…. !!! “
“നിന്റെ ഈ വലിയ മനസ്സിനാണ് എന്റെ സമ്മാനം “
അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ടീച്ചര്‍ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും നിറഞ്ഞ കണ്ണുകളോടെ കയ്യടിച്ചു.
ആ നല്ല ഒാർമ്മകൾ എനിക്കിന്ന് വീണ്ടും സന്തോഷം നൽകി…
വീട്ടിലെത്തി ഞാനെന്റെ പെട്ടിതുറന്നു…
അതില്‍ ഞാന്‍ സൂക്ഷിച്ച് വെച്ച ആ പത്രക്കട്ടിങ്ങെടുത്തൊന്ന് നോക്കി ..
ഒരു വർഷം മുമ്പുള്ള ഒരു ഞായറാഴ്ച ,
പത്രമാധ്യമങ്ങൾ കൂട്ടുകാരനെ പുകഴ്ത്തിയത് കണ്ട് മണലാരണ്യത്തിലിരുന്ന് കണ്ണീരോടെ സന്തോഷിച്ച ദിവസമായിരുന്നു അത് .
മന്ത്രിമാരുടെയും പ്രമുഖ വ്യക്തികളുടെയും മാധ്യമ പ്രവര്‍ത്തകരുടേയും മുന്നില്‍ വെച്ച് ധീരതക്കുള്ള അവാര്‍ഡ് വാങ്ങിക്കൊണ്ട് അപ്പു പറഞ്ഞ വാക്കുകളായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയതും എനിക്കേറെ സന്തോഷം നൽകിയതും.
കട്ടിയുള്ള അക്ഷരങ്ങളിൽ എഴുതിയ ആ വാര്‍ത്ത കുറിപ്പ് ഞാൻ ഒന്നുകൂടെ വായിച്ചു ..
അന്ന് രമണി ടീച്ചറോട് പറഞ്ഞ അതേ വാക്കുകളെ സ്മരിക്കുന്നതായിരുന്നു ആ ചടങ്ങില്‍ അവന്‍ പറഞ്ഞ വാക്കുകള്‍…
” ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ എനിക്ക് സാധിച്ചില്ല… അതുകൊണ്ട് തന്നെ ഇന്ന് ഞാന്‍ സന്തുഷ്ടനല്ല… “
“മരിക്കുവോളം തീരാത്ത ഒരു സങ്കടം ബാക്കിയായെങ്കിൽ
ഈ അവാര്‍ഡിന് ഞാന്‍ അർഹനല്ല…. “
*********

 

RELATED ARTICLES

Most Popular

Recent Comments