Tuesday, April 16, 2024
HomeLiteratureസംഗമം. (കഥ)

സംഗമം. (കഥ)

സംഗമം. (കഥ)

സനു  മാവടി.. (Street Light fb group)
തിളച്ചുമറിയുന്ന ഉച്ചവെയിലിൽ,
ടാർ നിരത്തിൽ നിന്നു വമിച്ച പൊള്ളുന്നചൂടിൽ അയാൾ നന്നേ വിയർത്തൊലിച്ചിരുന്നു.
ഭൂതകാല സ്മരണകളുടെ കുത്തൊഴുക്കിൽ ഭാവിതാങ്ങി നടന്നിരുന്ന അയാളുടെ കണങ്കാലുകൾ താളം മറന്ന് ഇടയ്ക്ക് കൂട്ടിമുട്ടി.
ഓർമ്മകളുടെ പുളിച്ചുതികട്ടലാവാം ഇടയ്ക്ക് അയാളിൽ നിന്നും ഉയരുന്ന പിറുപിറുക്കലുകൾ.
കാലം തെറ്റിപ്പെയ്യുന്ന മഴപോലെ നെറ്റിയിൽ നിന്നൊലിച്ച വിയർപ്പുതുള്ളികൾ കൺപീലികളെ പുണർന്ന് അടർന്നുവീണു.
കാഴ്ച്ച തടസ്സപ്പെടുന്നത് കൊണ്ടാവാം അയാൾ കൂടുതൽ അസ്വസ്ഥനായി.
പുനഃസമാഗമത്തിന്റെ ചിന്തകൾ നൽകിയ
പ്രേരണയാൽ അകാലത്തിൽ അസ്തമിച്ച യൗവനത്തെ തിരിച്ചുകൊണ്ടുവരാനായി നടത്തിയ ബലപ്രയോഗത്തിന്റെ തെളിവായി നെറ്റിത്തടത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളികൾ ഇളം കറുപ്പ് നിറത്തെ പരിണയിച്ചിരുന്നു.
കൂണുപോലെ മുളച്ചുപൊന്തിയ ചിന്തകൾ
അയാളെ യൗവ്വനത്തിലേയ്ക്കും കൗമാരത്തിലേയ്ക്കും ഒടുക്കം അവളിലേയ്ക്കും തള്ളിമറിച്ചിട്ടു.
ആരായിരുന്നവൾ എന്തായിരുന്നവൾ എല്ലാമായിരുന്നവൾ റിസ ഫാത്തിമ വറ്റിവരണ്ട ചുണ്ടുകൾ അസ്പഷ്ടമായി പിറുപിറുത്തു.
കേവലം ഇരുപത്തൊന്നുകാരന് പതിനേഴ്കാരിയോട് തോന്നിയൊരു ആകർഷണം മാത്രമായിരുന്നില്ലത് ഹൃദയത്തിന്റെ ഉള്ളറകളിൽ ആഴത്തിൽ വേരോടിയ ദേവദാരുവൃക്ഷം പോലെ അവളിന്നും ഹരിതശോഭയോടെ…
ദാരിദ്ര്യം കൂടുകൂട്ടിയ ദ്രവിച്ച കഴുക്കോലുകൾക്കടിയിൽ നിന്നും ചുട്ടുപഴുത്ത മണൽക്കാടുകളിലേയ്ക്കായിരുന്നു യാത്ര.
പ്രവാസം എന്നും പ്രയാസം തന്നെ ഓർമ്മകൾ ഉടുക്കുകൊട്ടിക്കൊണ്ടിരുന്നു…
കൂടിക്കാഴ്ചകളിൽ നാവ് പലപ്പോഴും നിശ്ചലമായിരുന്നു.
പക്ഷേ കണ്ണുകൾ തുടർചലനങ്ങളിൽ വാചാലമായിരുന്നു…
വികാരനിർഭരമായ നിമിഷങ്ങളിൽ കോർത്തുപിടിച്ച വിരലുകൾ സ്നേഹത്തിന്റെ നനുത്ത സ്പർശം പകർന്ന് ഹൃദയത്തെ തരളിതമാക്കിയിരുന്നു..
പ്രീഡിഗ്രി പഠനത്തിന് ശേഷം വിദ്യാഭ്യാസം
അയാൾക്ക് ഭ്രഷ്ട് കല്പിച്ചിരുന്നു.
ഒത്താശ ചെയ്തത് പലപ്പോഴും അടുപ്പുകല്ലുകൾക്കിടയിൽ തീകെടുത്തിയ ദാരിദ്ര്യത്തിന്റെ കറുത്തകൈകൾ തന്നെ.
പിന്നീട് വിരളമായ കൂടിക്കാഴ്ച്ചകൾക്ക്
മുഖ്യ കാർമ്മികത്വം വഹിച്ചത് പൊട്ടിപൊളിഞ്ഞ ആ ആൽത്തറയാണ്
അവസാന കണ്ടുമുട്ടലിനും മൂകസാക്ഷി
ആൽത്തറ തന്നെ.
പക്ഷേ അന്നുവരെ കാണാത്ത ഒരുഭാവം അന്നവളുടെ കണ്ണുകളിൽ അയാൾ കണ്ടറിഞ്ഞു കാത്തിരിപ്പിന്റെ യാചനയുടെ നിസ്സഹായതയുടെ നിഴൽ കൂത്ത്‌…..
നീണ്ട നാല് വർഷങ്ങൾ പ്രാരാബ്ധങ്ങളുടെ നിലയില്ലാക്കയത്തിൽ അയാൾ മുങ്ങിയും പൊങ്ങിയും നീന്തി.
പുരനിറഞ്ഞ പെങ്ങന്മാർ രണ്ടാളും രണ്ട് പുതിയ പുരകളിലേയ്ക്ക് ചേക്കേറി ചെറുതെങ്കിലും കോൺക്രീറ്റ് വീടിന്റെ സുരക്ഷയിൽ ഉമ്മയും ഉപ്പയും ഉറങ്ങിത്തുടങ്ങി.. പക്ഷേ ഇടയ്ക്കിടയ്ക്ക്
ഫോണിന്റെ മറുതലയ്ക്കൽ
ഏറെ നേരത്തെ മൗനത്തിനു ശേഷം കേൾക്കാറുള്ള മുളച്ചീന്തും പോലുള്ള കരച്ചിൽ ചീളുകളുടെ എണ്ണം
കുറഞ്ഞു കുറഞ്ഞു വന്ന് ഒടുക്കം കാതുകൾക്കന്യമായി…
ഒടുവിൽ തിരിച്ചുവരവിന്റെ സാധ്യതകൾ
പുതുവഴി വെട്ടിയപ്പോൾ മണൽക്കാടുകൾക്ക് താൽക്കാലിക വിട നൽകി ഗ്രഹതുരത്വത്തിന്റെ പച്ചപ്പുകളിലേയ്ക്ക് മടക്കം.
അവളെന്നെ പ്രതീക്ഷ കരിന്തിരി കത്തിത്തുടങ്ങിയിരുന്നു..
വീട്ടിൽ കാലുകുത്തി നാലാം മണിക്കൂറിൽ പെട്ടിപൊട്ടിക്കാൻ വന്ന പെങ്ങളെന്ന കൊടുങ്കാറ്റ് അവളെന്നെ കരിന്തിരിയെ എന്നേയ്ക്കുമായി ഊതിയണച്ചു..
അഗാധമായ ഗർത്തത്തിൽ നിന്നെന്നവണ്ണം അവളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നു
ഇക്ക ഓൾടെ നിക്കാഹു കഴിഞ്ഞേക്കണ് ബല്യ പുരയ്ക്കാ അയച്ചേക്കണേ..
കാതുകൾക്കരികെ കരിവണ്ടു മൂളുന്ന
ശബ്ദം നേർത്ത് തുടങ്ങിയത് ഒടുക്കം കർണ്ണപുടങ്ങൾ കൊട്ടിയടച്ചു..
ഒന്നാമത് വല്യ തറവാട്ടിലെ കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല അതുകൊണ്ട് ആരാലും ഒന്നും അറിയാനുമായില്ല.
ഒരുമൂളലിൽ ഉറഞ്ഞുപോയ ചിന്തകൾ
പിന്നീട്‌ ഉറക്കം ഞെട്ടിയത് മടക്കയാത്രയുടെ അന്ത്യനിമിഷങ്ങളിൽ.
ശബ്ദമുഖരിതമായ ക്യാപും, റൂമും അയാളുടെ ചിന്തകളെ തെല്ലും അലോസരപ്പെടുത്തിയില്ല.
ഇടയ്ക്കൊക്കെ ഊതിപ്പറത്തിയ ചുരുട്ടിന്റെ പുകയ്ക്കുള്ളിൽ അയാൾ അവളുടെ മുഖം വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്നു…
ഒടുവിൽ പതിവുപോലെ കുത്തിക്കെടുത്തുന്ന ചുരുട്ടുകുറ്റിയ്ക്കൊപ്പം ഓർമ്മൾക്ക് വേഗപ്പൂട്ടിട്ട് നിദ്രയുടെ ആഴങ്ങളിൽ ഊളയിട്ടുകൊണ്ടിരുന്നു…
തീർത്തും അവിചാരിതമായാണ് സമീറിന്റെ കല്യാണ ഫോട്ടോയിൽ വീണ്ടും അവളുടെ
മുഖം കണ്ണുകവർന്നത്.
അനന്തരം ചിന്തകൾ വെറി പിടിച്ച പേപ്പട്ടിയ്ക്ക് തുല്യം.
അവസാനം സ്വന്തം കൈപ്പടയാൽ എഴുതപ്പെട്ട അവളുടെ ലാൻഡ്‌ ഫോൺ നമ്പർ ഒരിക്കൽ കൂടി വായിച്ചു തൃപ്തി അടയുന്ന നേരം വരെ അയാൾ എന്തിനൊക്കെയോ വേണ്ടി തിക്കുമുട്ടിക്കൊണ്ടിരുന്നു..
ഇല്ലാത്ത അസുഖം വിളിച്ചുവരുത്തി അടുത്ത പകൽ അവളുടെ ശബ്ദത്തിനായി അയാൾ നീക്കിവച്ചു.
ഒരു മുഴുവൻ റിങിനു ശേഷം മറുവശം
പ്രതികരണം ഇല്ലാതായപ്പോൾ അൽപ്പമൊന്ന് വിമ്മിട്ടപ്പെട്ട അയാളുടെ
സ്വരത്തിന്റെ വിറയൽ അടുത്ത റിങിന്റെ
ആദ്യപകുതിയിൽ ഫോണെടുത്ത അവൾക്ക് അയാളുടെ ചിലമ്പിച്ച സ്വരം
സമ്മാനിച്ചു. മറുതലയ്ക്കലെ അവളുടെ
പതിഞ്ഞ സ്വരം അയാളിൽ പാദം മുതൽ
നിറുക വരെ നേരിയ ഒരു വിറയൽ പടർത്തി.
ഉയർന്നു കേട്ട അയാളുടെ ശ്വാസതാളം
അവളുടെ തലച്ചോറിൽ പക്ഷേ മിന്നൽ പിണരുകളാണ് തീർത്തത്.
ഒരു ജന്മം മുഴുവൻ സംസാരിയ്ക്കുവാനുള്ളത് അയാളുടെ നാവിൻ തുമ്പിൽ കുരുങ്ങിനിന്നു.
അവൾ കുലീനയായ കുടുംബിനി ഏതാനും നിമിഷങ്ങളിൽ തുടങ്ങി അവസാനിപ്പിച്ചു.. കണ്ഠമിടറി ചതഞ്ഞരഞ്ഞ വാക്കുകൾ പുറത്തേയ്ക്ക് തെറിച്ചു..
ഒന്ന് കാണണം ആ സ്വരത്തിന്റെ വേവറിഞ്ഞത്‌ കൊണ്ടാവാം അവൾ തിടുക്കത്തിൽ സ്ഥലവും സമയവും പറഞ്ഞു തീർത്തു.
നടപ്പ് നിർത്തി ഒരുനിമിഷം നിശ്ചലനായി നിന്ന അയാൾ നെറ്റിയൊന്ന് അമർത്തിയുഴിഞ്ഞു.
അഴിഞ്ഞു വീണ ഓർമ്മയുടെ ഭാണ്ഡം ഒന്നുകൂടി മുറുക്കികെട്ടി കാലുകൾ നീട്ടിവലിച്ചു നടന്നു.
അല്പമകലെ കുന്നിൻ മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വീട് കാണാം. താഴെ മുതൽ തുടങ്ങുന്ന ബന്ധുവീടുകളുടെ നീണ്ട നിരയാണ് വണ്ടി പകുതി വഴിയ്ക്ക് ഉപേക്ഷിച്ച് പൊരിവെയിലത്തെ നടപ്പിന് അയാൾക്ക് പ്രേരണ നൽകിയത്.
കാലം തെറ്റിയ ഈ കൂടിക്കാഴ്ച്ച അവൾക്ക് ഒരു ദുഷ്‌പേര് സമ്മാനിയ്ക്കരുതല്ലോ…
നേരിയ കിതപ്പോടെ പടിക്കെട്ടുകൾ കയറിയ അയാൾ വിറപടർന്ന കരമുയർത്തി കോളിംഗ് ബെല്ലിൽ വിരലമർത്തി.
കാത്തിരുന്നിട്ടെന്നവണ്ണം
പൊടുന്നനെ തുറന്ന വാതിൽ പാളിയ്ക്കിടയിലൂടെ ആദ്യം പുറത്ത് ചാടിയത്‌ ഒരാൺ കുട്ടിയാണ് അപരിചിതനെ കണ്ടിട്ടാവാം ഉമ്മാന്ന വിളിയോടെ വന്നവഴിയെ അവൻ തിരിഞ്ഞോടി..
തൊട്ടുപിറകിൽ വെണ്ണിലാവിന്റെ കീറുപോലവൾ റിസ…. ഒരുനിമിഷം അയാൾ അറിയാതെ തന്നെ അധരങ്ങൾ തുറന്നടഞ്ഞു. കയറിവരു അവൾക്കു പിന്നിലായി യാന്ത്രികമായി അയാൾ നടന്നു.
സിറ്റൗട്ടിൽ അവൾക്കഭിമുഖം ഇരിക്കവെ
കരുത്താവഹിച്ചുയർത്തിപിടിച്ച അയാളുടെ ശിരസ്സ് പതിയെ താഴ്ന്ന് കണ്ണുകൾ തറയിൽ വെറുതെ പരതി നടന്നു. മൗനത്തിന്റെ കഴുത്തറത്തത് അവൾ തന്നെ.
യാതൊരു തിടുക്കവുമില്ലാതെ അവൾ സംസാരിച്ചു തുടങ്ങി.. എന്തേ ഇപ്പോ…
മുഴുപ്പിയ്ക്കും മുൻപേ അയാൾ റിസ..
മ്മ്മം വിധി എത്ര ക്രൂരനാണ് നിനക്ക് സുഖമല്ലേ കുടുംബം കുട്ടികൾ അയാൾ ന്യായങ്ങളുടെയും ചോദ്യങ്ങളുടെയും കെട്ടഴിച്ചുവിട്ടു.
അവളുടെ ഉത്തരത്തിന് കാക്കാതെ അയാൾ സംസാരിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് ഒന്ന് തലയുയർത്തി നോക്കിയ
അയാൾക്ക് ഒരു നിസ്സംഗത അല്ലാതെ മറ്റൊന്നും ആ കണ്ണുകളിൽ നിന്നും വായിക്കാൻ കഴിഞ്ഞില്ല..
ഒരു കിതപ്പോടെ നിർത്തിയ അയാൾക്ക് മുന്നിൽ അവൾ സംസാരിച്ചു തുടങ്ങി.
നോക്കു ആത്മർഥ പ്രണയം വിധിയുടെ മുന്നിലും അടിപതറാതെ എന്ന് കേട്ടിട്ടുണ്ട്.
കുന്നിൻ ചെരുവിൽ പകുതി പൂത്ത
ആ ഗുൽമോഹർ കാണുന്നുണ്ടോ ?
അത് പൂത്തുതുടങ്ങുമ്പോൾ ഞാൻ നമ്മുടെ പ്രണയം ഓർക്കും.
ഓരോ പൂക്കളും ഓരോ സ്വപ്നങ്ങൾ
ഒടുക്കം വസന്തം പടിയിറങ്ങിപ്പോകുമ്പോൾ അവസാന പൂവിനായ്‌ ഞാൻ തിരയാറുണ്ട്
നമ്മുടെ പ്രണയത്തെ അതിലാവാഹിച്ചു
ഖബറടക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല..
പക്ഷേ ഈ പൂക്കാലം എന്റെതാണ് എന്റേത് മാത്രം അവസാന പൂവിനെ കാക്കാതെ ഞാൻ അടക്കം ചെയ്യുന്നു നമ്മുടെ പ്രണയത്തെ…
എത്തിപ്പിടിയ്ക്കാമായിരുന്നു ഒരുവിളിക്കായ് കാതോർക്കാത്ത നിമിഷങ്ങളില്ല.
വിധിയ്ക്ക് മുന്നിൽ എന്റെ പ്രണയത്തെ
വലിച്ചെറിഞ്ഞു മൗനത്തിന്റെ പുതപ്പിനുള്ളിൽ നീ പൂണ്ടുറങ്ങുമ്പോൾ
മണിയറ വാതിൽക്കൽ പോലും ഞാൻ
സംശയിച്ചു നിന്നിട്ടുണ്ട്
നിന്റെ ശബ്ദത്തിനായ്‌.. ആളിക്കത്താതെ അവൾ പുകഞ്ഞുകൊണ്ടിരുന്നു…
വികാരവേലിയേറ്റത്താൽ അവളുടെ അധരങ്ങൾ ചെറുതായി വിറച്ചുകൊണ്ടിരുന്നു.
നോക്കു ഇപ്പോൾ എന്നെ അതിരറ്റ് സ്നേഹിയ്ക്കുന്ന ഭർത്താവുണ്ട് എന്റെ കുട്ടികൾ പ്രായമായ മാതാപിതാക്കൾ ഞാൻ സന്തുഷ്ടയാണ്
എന്നോ മരിച്ച പ്രണയത്തിന്റെ ഗതികിട്ടാത്ത ആത്മാവുമായി ഞാൻ കാലം കുറേ നീറി..
ഇന്നതിന് മോക്ഷം കിട്ടി
മറക്കും എന്ന് കള്ളം പറയുന്നില്ല മായ്ക്കാൻ കഴിയാത്ത വിധം ഹൃദയത്തിന്റെ ആഴങ്ങളിൽ എഴുതപ്പെട്ടതാണ് ഈ പേര്… പക്ഷേ..
വീണ്ടും മറ്റൊരു വാക്കിന് കാതു നൽകാതെ അയാൾ എഴുന്നേറ്റ്
നടന്നുതുടങ്ങി ഒരു പിൻവിളി, തിരിഞ്ഞു നോട്ടം, അയാളോ അവളോ ആഗ്രഹിച്ചിരുന്നില്ല..
അവളുടെ മറുപടികളും അയാളുടെ ന്യായങ്ങളും തമ്മിൽ തല്ലി ചത്തിരുന്നു..
ശൂന്യമായ മനസ്സോടെ നടന്നു നീങ്ങുമ്പോൾ ചിന്തകളുടെ മരണം അയാളിൽ കുറ്റബോധത്തിന്റെ വിത്തുകൾ പാകാൻ
ശ്രമിച്ചു പരാചയപ്പെട്ടുകൊണ്ടിരുന്നു…
അയാൾ പരകായപ്രവേശനം നടത്തുന്നു
അയാളെന്ന സത്യം ഞാനെന്ന യാഥാർഥ്യത്തിലേയ്ക്ക്…..

 

RELATED ARTICLES

Most Popular

Recent Comments