Sunday, May 5, 2024
HomeKeralaനെല്ലുസംഭരണത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല: പ്രതിഷേധവുമായി കര്‍ഷകര്‍.

നെല്ലുസംഭരണത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല: പ്രതിഷേധവുമായി കര്‍ഷകര്‍.

നെല്ലുസംഭരണത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല: പ്രതിഷേധവുമായി കര്‍ഷകര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: നെല്ലുസംഭരണത്തിന്റെ അവസാനഘട്ടത്തിലും കര്‍ഷകരും മില്ലുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സപ്ലൈകോ അധികൃതര്‍ക്ക് കഴിയുന്നില്ല. നെടുമുടി, തകഴി, ചമ്പക്കുളം, അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കൈനകരി തുടങ്ങിയ പാടശേഖരങ്ങളിലാണ് സംഭരണം നടക്കാനുള്ളത്.
ഈ പാടശേരങ്ങളിലെ നെല്ലിന് ഗുണനിലവാരം കുറവാണെന്ന വാദമുയര്‍ത്തി മില്ലുകാര്‍ സംഭരണത്തിന് തയ്യാറാവുന്നില്ലന്ന് കര്‍ഷകര്‍ ആരോപിച്ചു. കിഴിവിനത്തില്‍ മില്ലുടമകള്‍ ഈടാക്കുന്ന തൂക്കത്തിന് ആനുപാതികമായി നഷ്ടപരിഹാരം കൃഷിവകുപ്പ് നല്‍കുമെന്ന ഉറപ്പിന്മേലാണ് നിലവില്‍ കിഴിവ് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാവുന്നത്.
എന്നാല്‍ ഈ തീരുമാനത്തിന് ശേഷം മില്ലുടമകള്‍ അധികമായി കിഴിവ് കര്‍ഷകരില്‍ നിന്നും ഈടാക്കുകയാണ്. നല്ല നെല്ലിന് പോലും അഞ്ചുമുതല്‍ എട്ടുകിലോഗ്രാം വരെ ക്വിന്റലിന് കിഴിവ് എടുക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. കൈനകരി പഞ്ചായത്തിലെ ഉദിമട പാടശേഖരത്ത് വിളവെടുപ്പ് പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നെല്ലുസംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറായിട്ടില്ല.
നെല്ലില്‍ പതിരിന്റെ അളവ് കൂടുതലാണെന്നാണ് മില്ലുടമകളുടെ വാദം. അതേ സമയം 17 മുതല്‍ 20 കിലോഗ്രാം വരെ ക്വിന്റലിന് കിഴിവ് നല്‍കിയാല്‍ സംഭരിക്കാമെന്ന് മില്ലുടമകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് പാഡി മാര്‍ക്കറ്റിംഗ് അധികൃതര്‍ പാടശേഖരത്ത് എത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ കിഴിവ്
മില്ലുടമകളുടെ ഏറ്റവും വലിയ ചൂഷണത്തിന് കര്‍ഷകര്‍ ഇരയായത് ഈ സീസണിലാണ്. നെല്ലിന് ഗുണനിലവാരം ഇല്ലന്ന് കാട്ടി അഞ്ച് മുതല്‍ 30 കിലോഗ്രാം നെല്ലുവരെയാണ് ക്വിന്റലിന് കര്‍ഷകരില്‍ നിന്ന് മില്ലുടമകള്‍ ഈസീസണില്‍ ഈടാക്കിയത്. സാധാരണ വേനല്‍ മഴയാണ് നെല്‍ക്കാര്‍ഷിക മേഖലയ്ക്ക് ഭീക്ഷണിയാവാറുള്ളതെങ്കില്‍ ഇക്കുറി മില്ലുടമകളുടെ ചൂഷണമാണ് കര്‍ഷകരെ വെട്ടിലാക്കിയത്. മികച്ച വിളവ് പ്രതിക്ഷിച്ചാണ് കര്‍ഷകര്‍ വിളവിറക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി നദികളിലേക്ക് ഓരുവെള്ളം കടന്ന് വന്നതോടെയാണ് കര്‍ഷക സ്വപ്നങ്ങള്‍ക്ക് മേല്‍ കറവലിന്റെ രൂപത്തില്‍ കരിനിഴല്‍ വീണത്.
ഏക്കറിന് 30,000 രൂപ മുടക്കിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ മുടക്ക് മുതലിന്റെ പകുതി തുക പോലും പല പാടശേഖരങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. പാഡി ഓഫീസറില്ലാതായിട്ട് രണ്ടാഴ്ച നെല്ലുസംഭരണം പ്രതിസന്ധിയിലൂടെ ഇഴഞ്ഞ് നീങ്ങുമ്പോഴും പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ പാഡി ഓഫീസറടക്കം ആവശ്യത്തിന് ജീവനക്കാരില്ല. നിലവില്‍ പാഡി ഓഫീസിന്റെ പ്രവര്‍ത്തതനം തന്നെ താളം തെറ്റിയിരിക്കുകയാണ്.
പാടശേഖരങ്ങളില്‍ പാഡി ഓഫീസര്‍ നേരിട്ടെത്തി മില്ലുടമകളുടെയും കര്‍ഷകരുടെയും സാന്നിദ്ധ്യത്തില്‍ ഗുണനിലവാര പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. പാഡി ഓഫീസര്‍ ഇല്ലാതെ ആയതോടെ ഏക ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധനയും ഓഫീസ് കാര്യങ്ങളും നടക്കുന്നത്. സംഭരണവില വിതരണം ആരംഭിച്ചു
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിതുടങ്ങി. 296 കോടി രൂപയില്‍ 72 കോടിരൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 7.80 പൈസ നിരക്കിലുള്ള ആറ് കോടിരൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 14.70 പൈസ് നിരക്കിലുള്ള 66 കോടി രൂപയുമാണ് വിതരണം ചെയ്തിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments