Sunday, May 12, 2024
HomeAmericaഷിക്കാഗോ സാഹിത്യവേദിയില്‍ "മാതൃത്വം കവിതകളിലൂടെ' പ്രബന്ധം അവതരിപ്പിച്ചു.

ഷിക്കാഗോ സാഹിത്യവേദിയില്‍ “മാതൃത്വം കവിതകളിലൂടെ’ പ്രബന്ധം അവതരിപ്പിച്ചു.

ഷിക്കാഗോ സാഹിത്യവേദിയില്‍ "മാതൃത്വം കവിതകളിലൂടെ' പ്രബന്ധം അവതരിപ്പിച്ചു.

ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 201-മത് സമ്മേളനം ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച ടോണി ദേവസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. “മാതൃത്വം കവിതകളിലൂടെ’ എന്ന പ്രബന്ധം ശ്രീമതി ഉമാ രാജ അവതരിപ്പിച്ചു. ഇത്ര മഹനീയമായ, മധുരമായ, ലളിതമായ ഈ വിഷയത്തെക്കുറിച്ച്- അമ്മയെപ്പറ്റി, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെപ്പറ്റി, അമ്മിഞ്ഞപാലിന്റെ മാധുര്യത്തെപ്പറ്റി, സ്വര്‍ഗ്ഗം പോലും അമ്മയുടെ കാല്‍ക്കീഴിലാണ് എന്നതിനെപ്പറ്റി, പ്രപഞ്ച മാതാവിനെപ്പറ്റി – ഒക്കെ പല കവികളും വര്‍ണ്ണിച്ചിട്ടുണ്ടല്ലോ?
ഒ.എന്‍.വി കുറുപ്പിന്റെ പ്രസിദ്ധമായ “അമ്മ’ എന്ന കവിതയില്‍ തുടങ്ങി, ശ്രീ ശങ്കരാചാര്യര്‍, വള്ളത്തോള്‍, ഉള്ളൂര്‍, വൈലോപ്പള്ളി, ഇടശേരി, അക്കിത്തം, വയലാര്‍ രാമവര്‍മ്മ, കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി ടീച്ചര്‍, “മാതൃത്വത്തിന്റെ ഗായിക’ ആയ ബാലാമണിയമ്മ, സന്തോഷ് നെടുങ്ങാടി, മൃദുല, രമാ രാജ, റഫീഖ് അഹമ്മദ് ഇവരുടെയൊക്കെ വരികള്‍ക്കു പുറമെ വിശുദ്ധ ബൈബിള്‍, പരിശുദ്ധ ഖുര്‍ആന്‍, അദ്ധ്യാത്മ രാമായണം എന്നിവയില്‍ നിന്നും പ്രസക്ത ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത്, അതിലെയൊക്കെ വരികള്‍ കോര്‍ത്തിണക്കി, നമുക്ക് ജന്മം തന്ന നമ്മുടെ അമ്മമാരെ നമിക്കുകയാണ് ഉമാ രാജ ഏപ്രില്‍ മാസ സാഹിത്യവേദിയില്‍ ചെയ്തത്. സദസ്യരെ കണ്ണീരണിച്ച ഈ അവതരണത്തെ തുടര്‍ന്നു സദസ്യരും ഈ വിഷയത്തെക്കുറിച്ച് തങ്ങളുടെ വികാരവിചാരങ്ങള്‍ പങ്കുവെച്ചു.
“മദേഴ്‌സ് ഡേ’ അടുത്തവരുന്ന സമയത്ത് ഷിക്കാഗോ സാഹിത്യവേദിയിലെ ഈ വിഷയം വളരെ അവസരോചിതമായി എന്നു മാത്രമല്ല, വര്‍ഷത്തില്‍ ഈ ഒരു ദിവസം മാത്രമല്ല, ജീവിതം മുഴുവന്‍ നമ്മള്‍ നമ്മുടെ അമ്മമാരെ സേവിക്കുകയും, സ്മരിക്കുകയും, നമിക്കുകയും ചെയ്യേണ്ടതാണെന്നും, മാതാപിതാഗുരു ദൈവം എന്നതാവണം നമ്മുടെ ജീവിതദര്‍ശനം എന്നതിന്റേയും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ വേദി.
സാഹിത്യവേദി സംഘാടകന്‍ ആയ ജോണ്‍ ഇലക്കാടിന്റെ സ്വാഗതത്തോടുകൂടി ആരംഭിച്ച ഈ വേദിയില്‍ ഡോ. ഹരികുമാര്‍ പദ്മനാഭകുറുപ്പ് മുഖ്യാതിഥിയായിരുന്നു. ഷാജന്‍ ആനിത്തോട്ടത്തിന്റെ കൃതജ്ഞതയോടെ രവീന്ദ്രന്‍- ഗീതാഞ്ജലികദമ്പതികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഏപ്രില്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.
RELATED ARTICLES

Most Popular

Recent Comments