Sunday, May 19, 2024
HomeLiteratureവിഷു സന്ധ്യകൾ. (കഥ)

വിഷു സന്ധ്യകൾ. (കഥ)

വിഷു സന്ധ്യകൾ. (കഥ)

സന്തോഷ് ചെറുപറമ്പിൽ. (Street Light fb group)
“വിഷുവെത്തുംമുൻപേ കൊന്ന മരം പൂവിട്ടു,പൂക്കളെല്ലാം കൊഴിഞ്ഞു പോയി, ഇനി കണി കാണാൻ ഒരു കുല കൊന്നപ്പൂവിനെന്താ ചെയ്യുക? നേരും നെറിയുമില്ലാത്ത കാലമായതോടെ മഴയും വെയിലുമൊക്കെ തോന്നിയതു പോലെയായി പിന്നെ കൊന്നപ്പൂവിന്റെ കാര്യം പറയണോ?” തന്റെ മെലിഞ്ഞുണങ്ങിയ കൈകൾ കൊണ്ട് അയാളുടെ തലയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു കൊണ്ടിരുന്നു, അയാൾ കണ്ണുകൾ പകുതിയടച്ച് ചാരുകസേരയിൽ അമ്മ പറയുന്നതും കേട്ടിരുന്നു.” പണ്ട് വിഷു എന്നത് എന്തൊരാഘോഷമായിരുന്നു, അന്ന് അമ്പലത്തിനു മുമ്പിലെ കൊന്നമരം വിഷുവെത്തുന്നതും കാത്ത് നിൽക്കും പൂവിടാൻ…കണി വക്കാനുള്ള പൂക്കള് ഈ ദേശക്കാര് മുഴുവൻ അതിൽ നിന്നും പൊട്ടിച്ചു കൊണ്ടു പോയാലും, പക്ഷികൾക്കും മൃഗങ്ങൾക്കും കണി കാണാൻ അഞ്ചാറു കുല കൊന്നപ്പൂവ് വിഷുവിന്റെ അന്ന് അതിന്റെ മുകളിൽ ഉണ്ടാവും, അച്ഛൻ പടക്കവും, മേശപ്പൂവും, നിലചക്രവും വാങ്ങിച്ചു കൊണ്ടു വരുന്നതും കാത്ത് നിങ്ങള് കുട്ട്യോള് കാത്തുനിൽക്കും…. അന്നൊക്കെ പത്തുറുപ്പികക്ക് പടക്കംവാങ്ങിച്ചാൽ രാത്രി മുഴുവൻ പൊട്ടിക്കാനുള്ള പടക്കം ഉണ്ടാവും…….
അമ്മ എന്തോ ഒന്ന് ഓർത്തെടുക്കും പോലെ ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി.. ‘ഒരു വിഷുവിന്റെ അന്ന് മാലപ്പടക്കം പൊട്ടിച്ച് കഴിഞ്ഞപ്പോൾ പൊട്ടാതെ കിടന്ന ഒരു പടക്കം എടുത്ത് നമ്മുടെ രവി അവന്റെ പോക്കറ്റിലിട്ടു… അവനന്ന് ചെറിയ കുട്ടിയാണ്, ആ പടക്കം അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ കിടന്നു പൊട്ടി ‘………..
ഈ കഥ കുറേ കേട്ടതാണ് എന്ന ഭാവത്തിൽ അയാൾ അമ്മയെ നോക്കി….. അമ്മ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തുടർന്നു…..
“പണ്ടൊക്കെ വിഷുവിന്റെ തലേന്ന് രാത്രി അനിയൻ വാര്യരും, നിന്റെ അച്ഛനും, കുട്ടൻ നമ്പീശനും പിന്നെ ഉണ്ണി വാര്യരുമൊക്കെ കൂടി നമ്മുടെ അമ്പലത്തിലെ ബലിക്കൽപ്പുരയിലാണ് കിടക്കുക, വിഷൂന്റെ അന്ന് പുലർച്ചെ തടിച്ച എമ്പ്രാന്തിരി വിഷുക്കണി ഉണ്ടാക്കി ഭഗവതിയെ കാണിച്ച് അവരെ വിളിച്ചുണർത്തി കണി കാണിക്കും, പിന്നെ അവരെല്ലാവരും കൂടെ നമ്മുടെ വീട്ടിൽ ആ കണി കാണിച്ച് തൊഴുത്തിലെ കന്നുകാലികളെ കൂടി കാണിച്ച് ആ കണിയുമായി വാര്യത്തേക്കും നമ്പീശന്റെ വീട്ടിലേക്കും പോവും”…..
അമ്മ അതു പറഞ്ഞപ്പോഴാണ് അയാൾക്ക് തെക്കേ വാര്യത്തെ അനിയൻ വാര്യരെ ഓർമ്മ വന്നത്…” അനിയൻ വാര്യര് ഇപ്പോൾ പാലക്കാടാണ് വീടുവച്ച് താമസിക്കുന്നത് അല്ലേ അമ്മേ? ” അമ്മ അതേ എന്ന അർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് തുടർന്നു…..
“അന്നൊക്കെ വിഷുക്കണി കണ്ടു കഴിഞ്ഞാൽ നിങ്ങള് കുട്ട്യോള് മൽസരിച്ച് പടക്കം പൊട്ടിക്കാൻ തുടങ്ങും.. അപ്പുറത്തെ വീട്ടിൽ ഒരു പടക്കം പൊട്ടിച്ചാൽ നിങ്ങള് രണ്ടു പടക്കം പൊട്ടിക്കും… അച്ഛൻ എല്ലാവരേയും വിളിച്ച് വിഷുക്കൈനീട്ടം തരുന്നത് വരെ മുറ്റത്ത് മൽസരമല്ലേ?……. ഇന്ന് ഒരു ശകലം പടക്കം കിട്ടാൻ എന്ത് ബുദ്ധിമുട്ടാണ് എന്നറിയോ?… നിന്റെ നിർബന്ധം കാരണം അച്ഛൻ എവിടെയൊക്കെയോ പോയി കുറച്ച് പടക്കം ഒപ്പിച്ചതാണ് ഇന്ന് “………
“അമ്മേ…… അപ്പോൾ തിരൂര് മുമ്പുണ്ടായിരുന്ന വിഷുപ്പാടം ഇപ്പോഴില്ലേ?………
“അറിയില്ല മോനേ…വിഷുപ്പാടം ഇപ്പോൾ ഉണ്ടോ എന്ന്… ഒന്നാമത് അതുവരെ പോവാൻ അച്ഛന് വയ്യാതായില്ലേ?…. എന്നാലും…….പത്തിരുപത് വർഷമായില്ലേ നീ നാട്ടിൽ വിഷു കൂടീട്ട്.. അതാണ് നീ പറഞ്ഞപ്പോൾ തന്നെ അച്ഛൻ പടക്കം വാങ്ങിച്ചു കൊണ്ടുവന്നത്”…
അയാൾ തല ചെരിച്ച് അമ്മയെ നോക്കി പിന്നെ പറഞ്ഞു “അവധി കിട്ടാഞ്ഞിട്ടല്ലേ അമ്മേ? അറബികൾക്കെന്ത് വിഷു? ഇപ്പോൾ തന്നെ ഈ ലീവ് കിട്ടിയത് തന്നെ എന്തൊക്കെ ചെയ്തിട്ടാണ് എന്നറിയോ?”…..
അയാൾ പിന്നെ പുറത്തെ ഇരുട്ടിലേക്ക് നോക്കി എവിടെയെങ്കിലും പടക്കം പൊട്ടുന്നുണ്ടോ എന്ന് ചെവിയോർത്തു……. അപ്പോൾ അയാളുടെ മനസ്സിൽ കണിക്കൊന്നപൂത്ത പോലൊരു മുഖം തെളിഞ്ഞു… തന്റെ ബാല്യവും കൗമാരവും യൗവനവും കണി കാണാൻ ആഗ്രഹിച്ച മുഖം… അപ്പോൾ ഒരു കുളിർമ അയാളുടെ ഹൃദയത്തിലും ഒരു ചെറു ചിരി അയാളുടെ മുഖത്തും നിറഞ്ഞു… “എന്താണ് ഒറ്റക്കിരുന്ന് ചിരിക്കുന്നത്?” ടിവിയിൽ നിന്നും മുഖമുയർത്തി അയാളെ നോക്കിക്കൊണ്ട് ഭാര്യ അത് ചോദിച്ചപ്പോൾ കള്ളം കണ്ടു പിടിക്കപ്പെട്ട കുട്ടിയെ പോലെ അയാൾ പരിഭ്രമിച്ചു, ഭാര്യയുടെ അടുത്ത ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ അയാൾ അമ്മയുടെ നേരെ തിരിഞ്ഞു.
“അമ്മേ…. പടക്കവും മേശപ്പൂവും, നിലചക്രവുമൊക്കെ വാങ്ങിയിട്ടില്ലേ?” അയാൾ അമ്മയോടായി ചോദിച്ചു.. അമ്മ ഒരു ചെറു ചിരിയോടെ തലയാട്ടി…
” ഒറ്റക്ക് പടക്കം പൊട്ടിക്കാൻ ഒരു രസവുമില്ല അമ്മേ…. അവളെ കൂടി വിളിക്കാം ല്ലേ “?….. പിന്നെ അയാൾ തിരിഞ്ഞ് ഭാര്യയെ വിളിച്ചു.
” ഞാനേ…. ഈ സീരിയൽ കണ്ടൊന്ന് മുഴുവനാക്കട്ടെ ,അതു കഴിഞ്ഞിട്ട് വരാമെന്നേ…. ” ഭാര്യയുടെ മറുപടി അയാളെ ചെറുതായൊന്ന് ദേഷ്യം പിടിപ്പിച്ചു.
പിന്നെ ഉമ്മറത്തെ തൂണിൽ ചാരിയിരുന്ന് മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന മകനെ വിളിച്ച് അയാൾ പറഞ്ഞു…
” നീ വാടാ… നമുക്ക് പടക്കം പൊട്ടിക്കാം… അല്ലെങ്കിലും വിഷു ആഘോഷിക്കേണ്ടത് കുട്ടികളാണ് “…. മൊബൈലിലേക്ക് മുഖം ഒന്നുകൂടി പൂഴ്ത്തി മകൻ “ഇല്ല ” എന്നു തലയാട്ടി
‘ഇപ്പോഴത്തെ കുട്ടികൾക്ക് മൊബൈല് കിട്ടിയാൽ ഭക്ഷണം പോലും വേണ്ട മോനേ.. ‘അമ്മ ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു
‘ആരും വേണ്ട അമ്മേ… ഞാനെന്റെ കൂട്ടുകാരോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്… അവര് വരും ഇപ്പോൾ… അമ്മ കണ്ടോളൂ ഞങ്ങളുടെ തലമുറയുടെ ആവേശവും ആഘോഷവുമൊക്കെ…….. എന്റെ കൂട്ടുകാരൻ ഉണ്ണിയെ ഫോണിൽ വിളിച്ച് നാളെ വിഷുവല്ലേ നമുക്ക് പൊട്ടിക്കണ്ടേ ഉണ്ണിയേ… എന്ന് ചോദിച്ചപ്പോൾ അവൻ പറയുകയാണ് നീ സമയം പറഞ്ഞാൽ മതി ഞങ്ങളവിടെ ഉണ്ടാവും എന്ന്…. അവർ വരാറായിരിക്കുന്നു അമ്മേ”…… അയാളത് പറഞ്ഞു തീരും മുമ്പ് അയാളുടെ കൂട്ടുകാർ പടി കടന്നു വന്നു.. ഉറക്കെചിരിച്ച് ഉണ്ണി അയാളെ കെട്ടിപ്പിടിച്ചു, പിന്നെ തിരിഞ്ഞ് അയാളുടെ മറ്റ് കൂട്ടുകാരോടായി പറഞ്ഞു..
” കണ്ടോ?…. ഇവന്റെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല… നമ്മളില്ലാതെ പണ്ടും ഇവന് ഒരാഘോഷമില്ല… നമുക്ക് ‘ പൊട്ടിക്കാം ‘അല്ലേ? എനിക്ക് ധൃതിയായി തുടങ്ങി “…..
അയാൾ അഭിമാനത്തോടെ അമ്മയെ നോക്കി…” കണ്ടോ അമ്മേ ഇവരെ? അവളോടും മകനോടുമൊക്കെ ഇവരെ കണ്ട് പഠിക്കാൻ പറയൂ… ആണ്ടറുതികൾ ആഘോഷിക്കാനുള്ളതാണ്”..
അമ്മ ചിരിച്ചു കൊണ്ട് അത് സമ്മതിച്ചു…
“എന്നാൽ പൊട്ടിക്കാനുള്ള സാധനം ഇങ്ങോട്ടെടുത്തോളൂ” ഉണ്ണിയും കൂട്ടുകാരും വീണ്ടും ധൃതികൂട്ടി
“അമ്മേ……. ആ പൊട്ടിക്കാനുള്ളത് ഇങ്ങോട്ടെടുത്തോളൂ.. അവർക്ക് ധൃതിയായി തുടങ്ങി “…….
അകത്തു നിന്നും അമ്മ പടക്കത്തിന്റെ ഒരു പൊതിയും എടുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു…
“എവിടെ പൊട്ടിക്കാനുള്ളത് ?” ഉണ്ണിയും കൂട്ടുകാരും അക്ഷമയോടെ വീണ്ടും ചോദിച്ചു…
“ഇത് തന്നെ പടക്കം” അമ്മയുടെ കയ്യിലെ പടക്കപ്പൊതി ചൂണ്ടി അയാൾ പറഞ്ഞു..
“അപ്പോൾ ഇത്രയും നേരം നീ പൊട്ടിക്കാം, പൊട്ടിക്കാം, എന്ന് പറഞ്ഞു കൊണ്ടിരുന്നത് പടക്കം പൊട്ടിക്കുന്ന കാര്യമാണോ”? ഉണ്ണി ദേഷ്യത്തോടെ അയാളോട് ചോദിച്ചു…
അയാൾ അതേയെന്ന് പതുക്കെ തലയാട്ടി…
ഉണ്ണി കടുത്ത ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് വന്നു പിന്നെ പറഞ്ഞു തുടങ്ങി..
“എടാ ഇവിടത്തെ ബാറുകൾ പൂട്ടി…പോരാത്തതിന് ബിവറേജസും പൂട്ടി… ഒന്ന് തൊണ്ട നനക്കാൻ ഒരു തുള്ളി മദ്യം കിട്ടാനില്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ്…’ പൊട്ടിക്കുകയല്ലേ, പൊട്ടിക്കുകയല്ലേ ‘ എന്ന് ചോദിച്ച് നിന്റെ വിളി വരുന്നത്.. ഞങ്ങളറിഞ്ഞോ നിനക്ക് നട്ടപ്പിരാന്ത് കയറിട്ട് പടക്കം പൊട്ടിക്കാനാണ് വിളിക്കുന്നതെന്ന്?.. ഞങ്ങൾ കരുതിയത് നീ കൊണ്ടുവന്ന ഫോറിൻ കുപ്പി പൊട്ടിക്കുന്ന കാര്യമാണ് നീ പറയുന്നതെന്നാണ്… എടാ… മനുഷ്യനെ ഇങ്ങനെ ആശിപ്പിക്കരുതെടാ… അവന്റെയൊരു പടക്കം.. കൊണ്ടുപോയി പുഴുങ്ങി തിന്നെടാ…………… വരീനെടാ… നമുക്ക് കളത്തിലെ പറമ്പിലെ മൂലക്കല് പോയി നോക്കാം… വല്ല ഭാഗ്യമുണ്ടെങ്കിൽ ഒരു തുള്ളി കള്ള് അവിടെ നിന്നും തൊണ്ട നനക്കാൻ കിട്ടും “….
ഉണ്ണിയും കൂട്ടരും ചവിട്ടി തുള്ളി ഇരുട്ടിലേക്ക് നടന്നു. അപ്പോൾ അയാളുടെ മകൻ മൊബൈൽ ഫോണിൽ പടക്കം പൊട്ടിക്കുന്ന ഗെയിം കളിക്കാൻ തുടങ്ങിയിരുന്നു………..
RELATED ARTICLES

Most Popular

Recent Comments