Monday, May 6, 2024
HomePoemsഒരു ചുംബനത്തിന്റെ ഓർമ്മയ്ക്ക്. (കവിത)

ഒരു ചുംബനത്തിന്റെ ഓർമ്മയ്ക്ക്. (കവിത)

ഒരു ചുംബനത്തിന്റെ ഓർമ്മയ്ക്ക്. (കവിത)

രാഹുൽ. (Street Light fb group)
കോപത്തിൻ കനലൊളിഞ്ഞിരിക്കും നിന്റെ,
ചേലൊത്ത നാസികത്തുമ്പിൽ ,
ഒരു നഖക്ഷതം കൊണ്ടു ഞാൻ മുഗ്ദമാം-
ഒരു മൂക്കുത്തികൂടി അണിയിച്ചോട്ടെ.
ആലിംഗനത്തിന് നിർവൃതിയിൽ –
നിശബ്ദരാവണമെന്നോതിയെന്റെ,
അരിയ കവിളിൽ കരതലത്താൽ –
മൃദുവായി നുളളിയതോർക്കുന്നുവോ?
കൺപീലി കൊണ്ടൊരു പൂമ്പാറ്റ ചുംബനം –
ഏറ്റുവാങ്ങിയെന്റെ പ്രാണൻ,
സങ്കല്പ ലോകത്തെ രാജാവായെത്ര –
യാത്രകൾ നിന്നോടൊത്തു നടത്തി.
പ്രണയത്തിൻ ചൂടിൽ പൊള്ളിച്ചു പൊള്ളിച്ചെൻ –
ജീവനെ മന്ദം അപഹരിച്ചന്നു നീ ,
ഒരു ചുംബനത്തിലൂടെന്റെ പ്രാണൻ –
കടമായെത്രയോ ചോദിച്ചിരുന്നന്ന്.
കുഞ്ഞായി നിന്നെ ലാളിക്കവേണമെന്നെന്നോട് –
ചൊല്ലി നീ മടിയിലെ തൊട്ടിലിൽ,
കിടത്തി, പല പാട്ടുകൾ ചിലമ്പിയ –
താളത്തിൽ മൃദുവായി ചെവിയോരം മൂളി .
മുഖക്കുരു പൂമൊട്ടു വിരലാലിറുത്തു ഞാൻ –
കരളിലെ പ്രണയത്തിൻ നെറുകയിൽ ചാർത്തവെ,
കടിച്ചു നീയെന്റെ വിരൽത്തുമ്പൊരു –
കസ്തൂരി മാമ്പഴം പോലെ.
പുൽക്കൊടിതുഞ്ചത്ത് വീഴാതെ നിൽക്കും –
കൊച്ചു നീർമണി തുള്ളികൾ നിന്റെ ,
നെറ്റിയിൽ ചിരിതൂകി വീഴാതെ നിൽക്കുന്ന –
പ്രണയകന്യകൾ വേർപ്പു തുള്ളികൾ,
പലകുറി ചുണ്ടിനാൽ പകുത്തെടുത്തു ഞാൻ –
കദളി കുടപ്പൻ തേൻതുള്ളി പോലെ.
കവിളിലെ നുണക്കുഴിത്തടത്തിൽ വിരലാൽ-
അഴകെഴും എത്രയോ ചിത്രം വരച്ചു ഞാൻ,
ഇതു വേണ്ടെന്നോതി വാശി പിടിച്ചു നീ –
ഇരു കൈകളാലാ ചിത്രം മായ്ച്ചു.
അതുകണ്ട് മുഖമൊട്ട് വാടി ഞാൻ നിൽക്കുമ്പോൾ –
പൊട്ടിച്ചിരിച്ചു നീ കവിളിൽ നുള്ളും.
സ്വർണ്ണ ശലഭങ്ങളായിരമപ്പോൾ –
മൽ പ്രേമ മധുനുകരുവാനണയും.
എന്റെ കൈവിരൽ ഞൊട്ടപൊട്ടിച്ചു നീ-
ചൊല്ലിയതെല്ലാം കവിതയായിരുന്നു,
അലസമായെന്റെ മുടിയിൽ തഴുകി –
വിരലാൽ വരഞ്ഞതോ പ്രണയ ചിത്രവും,
ഇളം ചൂടുള്ള ഉമിനീരുപ്പോർമയിൽ വരുമ്പോൾ –
ഇന്നും തേടുന്നു ഞാനാ,
കവിതയും കാണാചിത്രങ്ങളും.
RELATED ARTICLES

Most Popular

Recent Comments