Thursday, April 18, 2024
HomeKeralaധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് എംടി.

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് എംടി.

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് എംടി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് എംടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും. നോട്ട് നിരോധനത്തെക്കുറിച്ച്‌ എംടി നടത്തിയ തുഗ്ലക് പരിഷ്കാരമെന്ന വിമര്‍ശനത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് തന്റെ പ്രസംഗത്തിലുടനീളം എം.ടി കഥാപാത്രങ്ങളെയും കൃതികളെയും നിരവധി തവണ അദ്ദേഹം ഉദാഹരിച്ചു.
എം.ടിയുടെ ജനനകാലം മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് കേരളത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗത്തുണ്ടായ പരിണാമത്തെ തോമസ് ഐസക് വിവരിച്ചത്. എംടിയുടെ ‘നാലുകെട്ട്’ എന്ന കൃതിയിലെ അപ്പുണ്ണിയുടെ സ്വപ്നം പോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത്.
നാലുകെട്ടിന്റെ തകര്‍ച്ചയും ഫ്യൂഡല്‍ വ്യവസ്ഥയില്‍നിന്നുള്ള പരിണാമവും കടന്ന് ഇന്ന് പുതിയ സ്വപ്നങ്ങളിലാണ് കേരളത്തിലെ യുവജനങ്ങള്‍ എത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘നാലുകെട്ടി’ലെ വലിയമ്മാമയെ സ്മരിച്ചുകൊണ്ടാണ് റേഷന്‍ പ്രതിസന്ധിയെ തോമസ് ഐസക് ചൂണ്ടിക്കാട്ടിയത്. പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയെപ്പോലെയാണ് കേന്ദ്രം റേഷന്റെ കാര്യത്തില്‍ പെരുമാറുന്നത്. ഇതാണ് കേരളത്തിലെ റേഷന്‍ പ്രതിസന്ധിയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എംടിയുടെ ‘മഞ്ഞി’ലെ നൈനിറ്റാള്‍ തടാകം കേരളത്തിന്റെ പ്രകൃതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ ഉദാഹരിച്ചപ്പോള്‍, ‘കുട്ട്യേടത്തി’യും ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധനും നിരാലംബരായ മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി. കിഫ്ബിയിലെ ബോണ്ട് പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കവെ, നാലുകെട്ടിലെ ആമിന കുറിയെ കുറിച്ചു പറയുന്ന സന്ദര്‍ഭമാണ് ഉദാഹരിക്കപ്പെട്ടത്. കേരളീയരുടെ സമകാലിക ജീവിത സാഹചര്യത്തെക്കുറിച്ച്‌ പറയാന്‍ എംടിയുടെ ചില ചെറുകഥകളിലെ സന്ദര്‍ഭങ്ങളെയും മന്ത്രി ഉപയോഗപ്പെടുത്തി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധത്തെ തുഗ്ലക് പരിഷ്കാരമെന്ന് എം.ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചത് കേരളത്തിലെ ബിജെപി നേതാക്കളുടെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. നോട്ട് നിരോധനത്തെക്കുറിച്ച്‌ തോമസ് ഐസക് എഴുതിയ ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് എം.ടി നോട്ടു നിരോധനത്തിനെതിരെ ആഞ്ഞടിച്ചത്. തുടര്‍ന്ന് എംടിയ്ക്കെതിരായി പ്രസ്താവനയുമായി ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണ്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ എം.ടി പ്രതിരോധിച്ചുകൊണ്ട് തോമസ് ഐസക് അടക്കമുള്ള ഇടതുപക്ഷ നേതാക്കളും പ്രസ്താവനകള്‍ ഇറക്കിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments