Friday, April 26, 2024
HomePoemsശിലകൾ_തുടിക്കുമ്പോൾ... (കവിത).

ശിലകൾ_തുടിക്കുമ്പോൾ… (കവിത).

ശിലകൾ_തുടിക്കുമ്പോൾ... (കവിത).

കുവ (Street Light fb group).
ഒരു കാറ്റുവന്നു തട്ടിവിളിച്ചപ്പോൾ അയാൾ മയക്കം ഞെട്ടി പിടഞ്ഞെഴുന്നേറ്റു കഠിനമായി അദ്ധ്വാനിച്ചതിന്റെ ക്ഷീണം മുഖത്തുണ്ടായിരുന്നു. മധ്യാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ശിലകളിൽ നിന്നും താപം പുറത്തേക്ക് വമിക്കുന്നു .
അയാൾ വീണ്ടും പണിയിലേക്ക് തിരിഞ്ഞു ..
എത്രയെത്ര ശില്പങ്ങൾ , വിഗ്രഹങ്ങൾ … പക്ഷെ ഈ വിഗ്രഹത്തിന്റെ പണി തുടങ്ങിയപ്പോൾ മുതൽ മറ്റേതോ ഒരു ലോകത്ത് ആയത് പോലെ തോന്നി അയാൾക്ക്.
ആളുകൾ പറയും ഭ്രാന്തനായ ശിൽപ്പി എന്ന് . ശിലകൾക്കു ജീവനുണ്ടോ ഇല്ലയോ എന്ന് അയാൾക്ക് അറിയില്ല പക്ഷെ ജീവൻ തുടിക്കും ആ കരവിരുതിൽ. ഇനി രണ്ടു നാൾ കൂടി കഴിഞ്ഞാൽ പണി പൂർത്തിയാകും കുറച്ചു മിനുക്ക് പണികൾ മാത്രമേ ഉള്ളൂ. എന്തോ ആ വിഗ്രഹത്തിനെ പിരിയാൻ അയാൾക്ക് മനസ്സ് വന്നതേ ഇല്ല അയാൽ ഏകാന്തതയിൽ കൃഷ്‌ണവിഗ്രഹത്തോട് കഥകൾ,സ്വപ്‌നങ്ങൾ,മോഹങ്ങൾ , സങ്കടങ്ങൾ എല്ലാം പറയും. അയാൾ പണിയിൽ വ്യാപൃതനായി. പെട്ടെന്നൊരു തണുത്ത കാറ്റ് കൂടി വീശി. കൊത്തി വച്ച ശിലയിലെ പീലിത്തിരുമുടി ഒന്നിളകിയോ..? അതോ തോന്നിയതാണോ..
എന്റെ കൃഷ്ണാ എന്ന് അയാൾ ഒന്നുരുകി വിളിച്ചു ..
കലയെ ജീവിതത്തിൽ സാന്നിവേശിപ്പിച്ച ആ ശില്പി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി ഒന്നു പുഞ്ചിരി തൂകി വിഗ്രഹം മിഴികൾ തുറന്നടഞ്ഞു വിഗ്രഹത്തിന്റെ പാദങ്ങൾ തൊട്ടു പതിയെ അയാൾ വിഗ്രഹത്തെ ആലിംഗനം ചെയ്തു അതീന്ദ്രിയമായ ഒരനുഭൂതി അയാളിലേക്ക് ഇരച്ചു കയറി… ബോധം മറഞ്ഞു ഇരുൾ കയങ്ങളിലേക്കു പോകുന്ന പോലെ തോന്നി അയാൾക്ക് ….
ബോധത്തിനും അബോധത്തിനുമിടയിൽ അയാൾ ഒഴുകി നടന്നു. അയാളുടെ മാനസിക സംഘർഷങ്ങളെ ഒരു പുഞ്ചിരിയാൽ മാറ്റി. സന്തോഷങ്ങളിൽ പൊട്ടിച്ചിരിച്ചു. അയാളുടെ തീവ്രദുഖങ്ങളിൽ വിഗ്രഹം കണ്ണീർപൊഴിച്ചു.. മനസ്സ് കടലിന് മീതെ തിരകൾക്കൊപ്പം ചാഞ്ചാടിക്കൊണ്ടിരിന്നു. ഒരായിരം പീലിത്തിരുമുടികൾ അയാൾക്ക്‌ ചുറ്റിനും. അനന്തമായ നിർവൃതിയിൽ അയാൾ അലിഞ്ഞു….
തണുത്ത ജലസ്പർശത്താൽ ശില്പി ഞെട്ടിയെഴുന്നേറ്റു. പണിശാലയ്ക്കും ചുറ്റും ആളുകൾ കൂടിയിരിക്കുന്നു. വിഗ്രഹം ഏറ്റുവാങ്ങാൻ വന്ന ആളുകൾ ആണ് . അവർ പറഞ്ഞാണ് അയാൾ അറിഞ്ഞത് അഞ്ചു ദിവസമായി അയാളെയും കാത്ത് അവർ പണിശാലയ്ക്ക് വെളിയിൽ നിൽക്കുക ആയിരുന്നു എന്ന്. അയാൾ നിശ്ശബ്ദനായി ഒന്നും ഉരിയാടാതെ ഇരുന്നു.. വിഗ്രഹത്തിലേക്ക് ഒന്ന് നോക്കി അവിടെയും ഒരു നിശബ്ദത പരന്നു നിൽക്കുന്ന പോലെ വിഗ്രഹം ഏറ്റുവാങ്ങി അവർ നടന്നു അയാൾ പിറകെയും..
പിറ്റേന്ന് പ്രതിഷ്ഠാ കർമങ്ങൾ
ജനസഹസ്രങ്ങൾക്കിടയിൽ, വാദ്യഘോഷപ്പെരുമയിൽ , പൂജാ മന്ത്രങ്ങളുടെ ധ്വനിയിൽ കർമ്മങ്ങൾ നടന്നു, അതിനിടയിൽ അയാളും ഭക്തിപൂർവ്വം അർദ്ധനിമീലിത നേത്രങ്ങളോടെ .. ഭക്തി പാരവശ്യത്തോടെ കൂപ്പു കൈകളുമായി നിന്നു പെട്ടെന്ന് വിഗ്രഹം അയാളെ നോക്കി പുഞ്ചിരി തൂകി,മിഴികൾ തുറന്നടഞ്ഞു പീലിത്തിരുമുടി ഇളകിയാടി… കടലാഴങ്ങളിലേക്ക് ബോധം നീലിമതേടി പീലിത്തിരുമുടിയിലെ വർണ്ണങ്ങളുമായി ലയിച്ചു…..
ഒടിച്ചുകുത്തിയ വേദന ശരീരമാകെ.. ഇഴഞ്ഞിഴഞ്ഞു ഒനങ്ങി തല ഉയർത്തി നോക്കി അയാൾ. ഇരുട്ട് പടർന്നിരുന്നു കൈകാലുകൾ വേച്ചു അയാൾ ഒന്ന് നിവർന്നു.. ബോധത്തിന്റെ അരണ്ട കോണുകളിൽ ഒരു ആലിംഗനത്തിന്റെ നനുത്ത സ്പർശം ആക്രോശം, അട്ടഹാസം പിന്നെ അബോധത്തിലേക്കും ബോധത്തിലേക്കും മാറിമറിച്ചിൽ താഢനങ്ങളുടെ അങ്ങേയറ്റത്തു ശ്വാസം കെട്ടിയൊരു ഞരക്കം…
വേച്ചെഴുന്നേറ്റ അയാൾ പിന്നെ മണ്ണിലേക്ക് ഊർന്നു വീണു …
അപ്പോൾ വിഗ്രഹത്തിന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ ഉതിർന്നു വീണു.
അയാൾമണ്ണിൽ പുതഞ്ഞ് ശിലയായി ഉറച്ച് തിളച്ചുരുകി… ദ്രവശിലയായി…. വർണ്ണപ്പൊട്ടുകളിലെ അനന്തമായ ഒരു ബിന്ദുവിലേക്ക് കണ്ണിചേർന്നു….
RELATED ARTICLES

Most Popular

Recent Comments