Wednesday, May 8, 2024
HomeSTORIESആദ്യ കവിതയെഴുത്ത്.. (കഥ)

ആദ്യ കവിതയെഴുത്ത്.. (കഥ)

ആദ്യ കവിതയെഴുത്ത്.. (കഥ)

അജ്മല്‍.സി.കെ. (Street Light fb group)

ആറാം ക്ലാസില്‍ സകല ഉഴപ്പിന്റേയും അപ്പോസ്തലനായി വിലസി നടക്കുമ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്, കവിയാകണം. അതിനൊരു കാരണവുമുണ്ട്. ആയിടക്ക് കുട്ടികള്‍ക്ക് വേണ്ടി കേരള സാഹിത്യവേദികളിലേതോ ഒന്നു സംഘടിപ്പിച്ച കവിത
രചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാമതായ് തെരഞ്ഞെടുക്കപ്പെട്ടത്
എന്റെ സ്‌കൂളില്‍ 7ല്‍ പഠിക്കുന്ന രാഹുലിന്റെ കവിതയായിരിന്നു. മാത്രമല്ല
അവരുടെ മാഗസിനില്‍ അവന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അവിടെയും തീര്‍ന്നില്ല സ്‌കൂളില്‍ ഒരു ദിവസം ഉച്ചക്ക് ശേഷം രാഹുലിന് വലിയ തോതില്‍ സ്വീകരണവും നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍ രാഹുല്‍ ചെറിയ പ്രായത്തിലെ അങ്ങ് ഹിറ്റായി. സ്‌കൂളിലെ സ്വീകര പരിപാടിക്ക് ശേഷമാണ് ഞാന്‍ ആ തീരുമാനത്തിലെത്തിയത്. കവിതയെഴുതണം എന്നിട്ട് പ്രശസ്തനാകണം. സ്‌കൂളില്‍ എനിക്കും ഒരു സ്വീകരണം സംഘടിപ്പിക്കണം. അല്ലെങ്കിലും സ്വപ്‌നം കാണാന്‍ അന്നും ഇന്നും എനിക്ക് ഭയങ്കര മിടുക്കാണ്.
ബോധോദയമുണ്ടായെങ്കിലും എങ്ങനെയാണ് കവിതയെഴുതുക എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടിയില്ല. രാഹുലിനോട് പോയ് ചോദിക്കാമെന്നു വെച്ചാല്‍ അവനിപ്പോള്‍ ഒടുക്കത്തെ ജാഡയാണേ.. എന്നാലും ഈഗോ ഒക്കെ മാറ്റി വെച്ച് അവനോട് എങ്ങനാ കവിതയെഴുതുകയെന്ന് ആരാഞ്ഞപ്പോള്‍ പരിഹസിച്ചൊരു ചിരിയും
കൂട്ടത്തിലൊരു ഡയലോഗും. മോനേ.. ഇതേ കൊച്ചു പിള്ളേര്‍ക്ക് പറ്റിയ
പരിപാടിയല്ല, തലയ്ക്കകത്ത് ഇത്തിരി ആള്‍ താമസമുള്ളോര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാ.. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.. തിരിച്ച് ക്ലാസിലേക്കൊരു ഓട്ടമായിരുന്നു. എങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല എന്റെ ബാല്യം. എങ്ങനെയെങ്കിലും കവിതയെഴുതണം.. രാഹുലിന്റെ മുമ്പില്‍ എന്റെ തലയ്ക്കകത് ആള്‍താമസമുണ്ടെന്ന് തെളിയിക്കണം. പക്ഷെ എങ്ങനെ.. ഇങ്ങനെ ഒരോ
ദിവാസ്വപ്‌നങ്ങളില്‍ മുഴുകി കൊണ്ടിരിക്കുമ്പോഴാണ് രാജന്‍ മാഷ്
ക്ലാസിലേക്ക് വന്നത്. ഉടനെ എന്റെ റൂട്ട് ക്ലിയറായ്, രാജന്‍ മാഷിനോട്
കാര്യങ്ങള്‍ ചോദിച്ചറിയാം.. രാജന്‍മാഷിന് പണ്ടേ എന്നെ ഭയങ്കര കാര്യമാണേ..
ക്ലാസ് കഴിഞ്ഞ് വരാന്തയിലൂടെ രാജന്‍ മാഷ് ഓഫിസിലേക്ക് പോകും വഴി ഞാന്‍ ഓടി മാഷെ മുമ്പില്‍ കയറി ബ്ലോക്കിട്ടു. പെട്ടെന്ന് ഞാന്‍ ചാടി വീണപ്പോള്‍ സാര്‍ ഒന്നു ബേജാറായി, എന്താ എന്തു പറ്റീന്ന് ചോയ്ച്ചു. കേട്ട പാതി ഞാന്‍ ചോദ്യശരം സാര്‍ന് നേരെ എഴ്തു. മാഷേ എങ്ങനെയാ ഈ കവിത എഴുതുക. സാറാകെ ഒന്നമ്പരന്നു. എങ്കിലും സമനില വീണ്ടെടുത്ത് സാര്‍ എന്നോട് കാര്യങ്ങളൊക്കെ പതിയെ ചോദിച്ചറിഞ്ഞു അതിന് ശേഷം സ്വലൂഷനും തന്നും. ഒരു പാട് വായിക്കണം
എന്നാലെ കവിത എഴുതാന്‍ പറ്റു. അപ്പോ ഞാന്‍ പറഞ്ഞു, സാറേ ബാലരമേ
ബലമംഗളോമൊക്കെ ഞാന്‍ ദിവസോം വായിക്കാറുണ്ട് പക്ഷെ ഇതുവരെ കവിതയൊന്നും വന്നില്ല. സാര്‍ പുഞ്ചിരിച്ചോണ്ട് പറഞ്ഞു. അതിന് ആ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ പോര, പകരം വേറേം കുറച്ച് പുസ്തകങ്ങള്‍ വായിക്കണം, ഇതും പറഞ്ഞ് എന്നോടെ കയ്യോടെ കൂട്ടിക്കോണ്ട് പോയി. ചങ്ങമ്പുഴയുടെ രമണനും വേറെയേതോ ബുക്കും വായിക്കാന്‍ തന്നു.
വീട്ടില്‍ ചെന്ന് തലങ്ങും വിലങ്ങും വായിച്ചിട്ടും ഒന്നും
മനസ്സിലായുമില്ല. കവിതയൊട്ടും വന്നതുമില്ല. അപ്പോഴാണ് അന്നത്തെ എന്റെ
കളിക്കൂട്ടുകാരന്‍ നമീസ് വേറെ ഒരു ഐഡിയ പറഞ്ഞത്.. കവിത എഴുതണമെങ്കില്‍ ഭാവന വരണമെത്രെ… ഭാവന വരണമെങ്കില്‍ ഏകാന്തത വേണം…. ഹൊ ഇത്രേം മെനക്കേടുണ്ടായിരുന്നെങ്കില്‍ ഈ പണിക്കിറങ്ങില്ലായിരുന്നെന്ന് മനസ്സില്‍ കരുതിയെങ്കിലും എന്തായാലും നനഞ്ഞ് ഇനി കുളിച്ചു കേറീട്ടെന്നെ കാര്യം എന്ന് നമീസിനോട് പറഞ്ഞ് അന്നു മുതല്‍ ഏകാന്തതയും ഭാവനയും തേടി മലയാളം
നോട്ടു ബുക്കും പെന്‍സിലുമെടുത്ത് വീടിനടുത്തുള്ള പുഴത്തീരത്തും
വിശാലമായിക്കിടക്കുന്ന വയല്‍ വരമ്പുകളിലുമൊക്കെ പോയിരുന്നു. ഒടുക്കം
രണ്ടാഴ്ച്ച കൊണ്ട് 10 വരിയുള്ള കവിത രചിച്ചു… ഇനിയെന്താ
ചെയ്യേണ്ടതെന്നോര്‍ത്തിരിക്കുമ്പോഴാണ് നമീസ് പറഞ്ഞതോര്‍ത്തത് കവിതയെഴുതി കഴിഞ്ഞാല്‍ വിവരമുള്ള ആരുടേലും കയ്യില്‍ കൊടുത്ത് എഡിറ്റ് ചെയ്യണം…
നാട്ടില്‍ അന്ന് അത്യാവശ്യം കവിതകള്‍ ഒക്കെ അച്ചടിച്ച് വന്ന് ഫെയ്മസ്
ആയിക്കൊണ്ടിരുന്ന കവിയുണ്ടായിരുന്നു, വിമീഷ്. എന്റെ അയല്‍ക്കാരനാണ്.
പുള്ളീടെ അടുത്ത് ആരും കാണാതെ ഈ കവിതയും കൊണ്ട് ചെന്നു. പുള്ളിക്ക്
പാടിക്കേള്‍പ്പിച്ചു കൊടുത്തു. ഗംഭീരമായിട്ടുണ്ടെന്ന് പുള്ളി തോളില്‍
തൊട്ട് അഭിനന്ദിച്ചതും. ഞാനങ്ങ് സ്വര്‍ഗലോകത്തെത്തിയെന്നതാണ് സത്യം..
ചങ്ങമ്പുഴയുടേയും കുമാരനാശാന്റേയും കവിതകളൊക്കെ എന്റെ കവിതയുടെ മുമ്പില്‍ ഒന്നുമല്ലെന്ന് മനസ്സിലൊരു ഇതൊക്കെ വന്നു.. ഇനിയിപ്പോള്‍ ഞാന്‍ കവിയായ വിവരം സ്‌കൂളില്‍ എല്ലാരേം അറിയിക്കണം. അതിനൊരു മാര്‍ഗം ഞാന്‍ തന്നെ കണ്ടെത്തി. സ്‌കൂളില്‍ മാസത്തില്‍ ഒരിക്കല്‍ ഉച്ചക്ക് ശേഷം 1 മണിക്കൂര്‍ കുട്ടികളുടെ കലാപരിപാടികള്‍ക്ക് വേണ്ടി മാറ്റി വെക്കാറുണ്ട്. അതില്‍ എന്റെ മഹാകാവ്യം ആലപിക്കണം. അങ്ങനെ കാലേക്കൂട്ടി പരിപാടിയില്‍ എന്റെ കവിത ആലാപനം രേഖപ്പെടുത്തി. അങ്ങനെ കാത്തിരുന്ന സുദിനം വന്നെത്തി. അന്ന് നേരത്തെ കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെയിട്ട് സ്‌കൂളിലെത്തി.
എന്തുകൊണ്ടോ അന്ന് ഉച്ചയാവാന്‍ സമയം ഒരുപാടെടുത്തെന്നു തോന്നി..
ക്ലോക്കിലെ സൂചിക്ക് പനി പിടിച്ചോന്ന് വരെ ഞാന്‍ സംശയിച്ചു. ഒരു വിധം
ഉച്ചയായി പ്രോഗ്രാം തുടങ്ങി. പാട്ടും കഥയും ആട്ടവുമൊക്കെ
അരങ്ങേറിക്കൊണ്ടിരുന്നു. ഒടുക്കം എന്റേ പേരു വിളിച്ചു കൂട്ടത്തില്‍ കവിത
എന്നു കേട്ടപ്പോള്‍ കൂട്ടുകാരും സാറന്മാരുമൊക്കെ അവിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോഴേ എന്റെ പകുതി ജീവന്‍ പോയിരുന്നു. സദസ്സില്‍ നിന്ന് മുരടനക്കി നോക്കിയപ്പോള്‍ സൗണ്ട് പുറത്തു വരുന്നില്ല. ഒടുക്കം കണ്ണുമടച്ചു പിടിച്ച് വരുന്നിടത്ത് വെച്ച് കാണാമെന്ന് പറഞ്ഞ് കവിത പാടിയങ്ങ് തുടങ്ങി. സത്യം പറയാലോ പടി മുഴുമിക്കും വരെ മുഴുവന്‍ എല്ലാവരും സൈലന്റായിരുന്നു. ഞാന്‍ കരുതി എന്റെ കവിതയുടെ മഹാത്മ്യം കൊണ്ടാവും എല്ലാവരും മൗനികളായതെന്ന്്. ഉള്ളില്‍ സന്തോഷം അലതല്ലി.. പാടി മുഴുവിച്ചതും കാക്കക്കൂട്ടില്‍ കല്ലിട്ടപ്പോലെ സാറന്മാരും കുട്ട്യോളും എല്ലാരും കൂടി തലതല്ലി ചിരിക്ക്ണു… രാജന്‍മാഷ് മാത്രം തോളില്‍ തട്ടി നന്നായിരിക്ക്ണു ഇനിയും എഴുതണമെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഏതായാലും മൊല്ലാക്കയുടെ മരുമോന്‍ എന്ന് വിളിച്ച് കളിയാക്കിയിരുന്ന സ്‌കൂള്‍ പിള്ളേര്‍ക്ക് മറ്റൊരു പേരു കൂടി കിട്ടി എന്നെ വിളിക്കാന്‍ കപി…
രാഹുലിന്റെ നോട്ടമാണ് സഹിക്കാന്‍ തീരെ പറ്റാതിരുന്നത്.
ഇതൊക്കെ പറയാന്‍ കാരണം അന്നെഴുതിയ എന്റെ ആ വിശ്യവിഖ്യാത സാഹിത്യം വീടിലെ അലമാറ വൃത്തിയാക്കിയപ്പോള്‍ എന്റെ കൈയ്യില്‍ കിട്ടി. ഇന്നത്് വായിച്ച് ഞാന്‍ തന്നെ ഒരു പാട് തലതല്ലിചിരിച്ചു. കവിതയുടെ ആദ്യ രണ്ട് വരി ഇങ്ങനെയായിരുന്നു..
പാറി നടക്കുന്ന പറവകളെ ….
കെണിവെച്ചു പിടിക്കുന്ന മനുഷ്യമൃഖമേ…
നീ ഓര്‍ക്കുന്നുണ്ടോ…
(ബാക്കി എഴുതിയാല്‍ ശരിയാവില്ല നിര്‍ത്തുന്നു…)
RELATED ARTICLES

Most Popular

Recent Comments