Saturday, April 20, 2024
HomeSTORIESഒരു മഞ്ഞ മന്ദാരം. (ചെറുകഥ)

ഒരു മഞ്ഞ മന്ദാരം. (ചെറുകഥ)

അനിൽ ജിത്ത്. (Street Light fb group)
കോഫി ഷോപ്പിലെ തിരക്കൊഴിഞ്ഞ മൂലയിലായിരുന്നു അവർ..
അന്നയും സജിത്തും.
സൈഡിലെ ചില്ലു ഭിത്തിയിലൂടെ ഒരു നിമിഷം തെരുവ് കാഴ്ചകൾകളിലേക്ക് പോയ അവന്റെ കണ്ണുകൾ അവളിലേക്ക് പെട്ടെന്ന് മടങ്ങിയെത്തി..
“അന്നാ എനിക്ക് മടുത്തു..
ഒറ്റക്കു തുഴഞ്ഞ് തുഴഞ്ഞ്..!!!
തീരം അണയുന്നതിനു മുമ്പേ എന്റെ തുടിപ്പുകൾ നിലച്ചുപോകുമോയെന്ന് ഞാൻ ഭയപ്പെടുന്നു..” സജിത്ത് പറഞ്ഞു കൊണ്ടിരുന്നു.
കോഫി എത്തി…ചൂടിനൊപ്പം നറുമണം ഉയർന്നു..
അയാൾ കാപ്പിക്കപ്പ് കൈയ്യിലെടുത്തു ചുണ്ടോടു ചേർത്തു.
“കാപ്പിയുടെ ഗന്ധം നുകർന്ന് ചില്ലുഭിത്തിയോട് ചേർന്നുള്ള ഈ സീറ്റിൽ ഇരിക്കുമ്പോൾ ഇത്തരം ചിന്തകൾ എനിക്കു പതിവാണ്..” സജിത്ത് തുടർന്നു.
“എന്തിനാണ് ചിന്തകൾക്ക് ഭാരം കൊടുക്കുന്നത്?..
കണ്ടെത്തിക്കൂടെ?ഒരുമിച്ചു തുഴയാനൊരാളെ?”
അന്നയുടെ ചോദ്യം അയാളിൽ പുഞ്ചിരി നിറച്ചു.
“അന്ന തനിക്കറിയാമല്ലൊ?
ഒരിക്കൽ ഞാൻ തിരഞ്ഞു മടുത്തതാണ്…
ആർക്കും വേണ്ട എന്നേപ്പോലെ ഹൃദയത്തിൻെറ തുടിപ്പുകൾ വാടിയൊരാളെ…”
ചുണ്ടിൽ പടർന്ന കോഫിക്കൊപ്പം
അലക്ഷ്യമായ മറുപടി അന്നയെ തേടിയെത്തി.
“അന്ന നിൻെറ കാര്യമെന്തായി?” സജിത്ത് അന്നയിലേക്ക് ചോദ്യമെറിഞ്ഞു.
“ഞാനും കാത്തിരിക്കുകയാണ്…
എൻെറ കുറവുകളെ ഇഷ്ടപ്പെടുന്ന ഒരാൾ വരുന്നതിനു വേണ്ടി..!!!
വിടരാൻ കാത്തിരിക്കുന്ന
മഞ്ഞ മന്ദാരം പോലെ”…!!! അവൾ പെട്ടെന്ന് മറുപടി പറഞ്ഞു
“ഉം..എന്താണ് ഇന്ന് കാണണമെന്നു പറഞ്ഞത്?” സജിത്ത് വീണ്ടും ചോദിച്ചു.
“വെറുതെ..
നിന്നെ കാണുവാൻ തോന്നി…
നിൻെറ കൂടെ ഇരിക്കുമ്പോൾ വല്ലാത്ത ശാന്തതയാണ് മനസ്സിന്…
അലകടൽ ശാന്തമായതു പോലെ..”
അന്നയുടെ മറുപടി കേട്ട് സജിത്ത് പൊട്ടിച്ചിരിച്ചു..
“അന്ന,ആദ്യമായാണ് ഒരാൾ എന്നിൽ ശാന്തത കാണുന്നത്…
അത് നീയായതിൽ എനിക്ക് സന്തോഷമുണ്ട്…”
കാപ്പി ആസ്വദിച്ചു കുടിക്കുന്ന സജിത്തിനെ നോക്കി അവൾ പുഞ്ചിരിയോടെയിരുന്നു.
“അന്നാ നിനക്കു അറിയാമല്ലോ,
ജീവനും മരണത്തിനും ഇടയിലൂടെ നടക്കുന്നവനാണ് ഞാൻ…
ഒരുപറ്റം ടാബ്‌ലറ്റുകൾക്കിടയിലാണ് എൻെറ ജീവിതം..”
അയാൾ തെരുവിൻെറ തിരക്കിലേക്കു കണ്ണുകൾ പായിച്ചു..ഓർമ്മകൾക്കുമേൽ ഭാരമേറിയ എന്തോ പതിച്ചതു പോലെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.
“സജിത്ത് ” അവൾ അലിവോടെ വിളിച്ചു.
“ഞാൻ വിടരട്ടെ നിൻെറ മേൽ..
ഒരു മഞ്ഞ മന്ദാരമായ്..? അവൾ മെല്ലെ അവൻെറ കൈകളിൽ തൊട്ടു.
“അന്നാ..” അപ്രതീക്ഷിതമായ ചോദ്യത്തിന് മുന്നിൽ പതറിക്കൊണ്ട് അയാൾ വിളിച്ചു.
“സജിത്ത്,സത്യത്തിൽ ഞാൻ ഇന്നു കാണണമെന്നു പറഞ്ഞത് ഇത് പറയാനാണ്..” അവൾ അവനിൽ നിന്നും മിഴികൾ പിൻവലിച്ചു.
നിശബ്ദനിമിഷങ്ങൾ കടന്നു പോയി.
“വരൂ അന്നാ നമുക്ക് പുറത്തേക്ക് പോകാം..!
ബിൽ കൊടുത്ത് അയാൾ പുറത്തിറങ്ങി.
കോട്ടമൈതാനം ചുറ്റിയെത്തുന്ന പാലക്കാടൻ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അയാൾ ബൈക്കിൽ കയറി..
ഒരു നിമിഷം അവളെ നോക്കി നിന്നു.. പിന്നീട് യാത്ര പറയാതെ അകന്നുപോയി..
ഒരു ചെറുകാറ്റ് പോലെ ഒഴുകി നീങ്ങുന്ന ബൈക്ക് നോക്കി അന്ന വിഷണ്ണയായി നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“തന്റെ ഒരേയൊരു സുഹൃത്താണ് സജിത്ത്..
അവനോട് താൻ..
വേണ്ടായിരുന്നു..”
കണ്ണുനീർ കവിളിൽ ചാലുകൾ തീർത്തപ്പോൾ അവൾ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങി.
റെയിൽപ്പാത മുറിച്ചു കടന്നതും പിന്നിൽ ഒരു നീലത്തീവണ്ടി പാഞ്ഞു പോയതും റോഡ് നിറഞ്ഞൊഴുകുന്ന വാഹനങ്ങളും അവൾ കണ്ടതേയില്ല.
പിറകിൽ പാഞ്ഞു വന്ന ബൈക്ക് സഡൻ ബ്രേക്ക് ചെയ്തു.അവൾ ഞെട്ടി പിന്നോട്ടു മാറി.ബൈക്കിൽ തൻെറ നേരെ നോക്കി നിൽക്കുന്ന സജിത്ത്.അവൻ തന്റെ കരതലം നീട്ടുന്നു.
ഒരു നിമിഷം അവളുടെ തേങ്ങൽ ഉയർന്നു..
“പോടാ..”തല വെട്ടിച്ചു കൊണ്ട് അവൾ അവൻെറ കരതലം കവർന്നു..
കരച്ചിലിനൊപ്പം വിടർന്ന പുഞ്ചിരിക്ക് അപ്പോൾ ഒരു മഞ്ഞ മന്ദാരത്തിൻെറ ഭംഗിയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments