Thursday, March 28, 2024
HomeSTORIESകടലാസ്സിൽ പൊതിഞ്ഞ പട്ടിണി (കഥ).

കടലാസ്സിൽ പൊതിഞ്ഞ പട്ടിണി (കഥ).

(ചിത്രം – കടപ്പാട് – ജിന്നി സൂസൻ ജോൺ).
കാർത്തിക മോഹൻ (Street Light fb group).
എന്നോ ചാണകം മെഴുകിയിട്ട തിണ്ണയുടെ ഒരറ്റത്ത് നനയാൻ ലവലേശം എണ്ണയില്ലാതെ ആടിത്തളർന്ന് ഒടുങ്ങിത്തീരാൻ തുടങ്ങുന്ന ചിമ്മിനിവിളക്കിന്റെ തിരി വലതുകൈ കൊണ്ട് വീശിക്കെടുത്തി കോലായിലേക്കു നീക്കിവെയ്ക്കാൻ തുടങ്ങുമ്പോഴാണ് ചീരു മുറ്റത്തൊരു കാലനക്കം കേട്ടത്. ചിമ്മിനി പണിമുടക്കിയ സന്ദർഭത്തിൽ നേരവും കാലവും നോക്കാതെയും, ഒരു വാക്ക് ചോദിക്കാതെയും കുടിലിൽ വന്നു കേറിയ കൂരിരുട്ടിൽ, കരിവീട്ടി പോലെ കറുത്ത, കുറുകിയ കേളപ്പനെന്ന തന്റെ ആമ്പ്രന്നോനെ അയാളുടെ കാലൊച്ചയൊന്നു മാത്രം കൊണ്ട് തിരിച്ചറിയാൻ ചീരുവിന് ആറാമിന്ദ്രിയമൊന്നും വേണ്ടിയിരുന്നില്ല, മറിച്ച് മനസ്സു കൊണ്ടും ശരീരം കൊണ്ടും താനിതേവരെ നേരാംവണ്ണം കണ്ടിട്ടുള്ള ഒരേയൊരു ആൺജന്മത്തിന്റെ ഗന്ധം മാത്രം മതിയായിരുന്നു.. ചീരു കാണുന്ന കാലം തൊട്ടേ കേളപ്പനുണ്ടായിരുന്ന ഒരേയൊരു ഗന്ധം – പാടത്തെ മണ്ണിന്റെ; കുഴഞ്ഞ ചേറിന്റെ നനവുള്ള ഗന്ധം.
“എന്ത്യേടി ചീരുവേ.. എണ്ണ തീരെയും ഇല്ലേ പാട്ടേല്?” കേളപ്പൻ ആഞ്ഞൊന്നു ചവുട്ടിക്കൊണ്ട് കോലായിലേക്ക് കയറുന്നതിനിടയിൽ ഉച്ചത്തിൽ ചോദിച്ചു. “എണ്ണയില്ലാതെ പാട്ടയമ്പിടിയും ഉണങ്ങിക്കരിഞ്ഞെന്റെ മനുഷ്യാ..”, കോലായിന്റെ അരികിലെവിടെ നിന്നോ ചീരുവിന്റെ പതിഞ്ഞ ശബ്ദം അയാളുടെ കാതുകളിലേക്ക് ഇരുട്ടിലൂടെ തപ്പിത്തടഞ്ഞെത്തി. “ഊം, നീയ്യാ തെക്കേതിലെ കാളിപ്പെണ്ണിന്റെ കൈയ്യീന്നെ ഇച്ചിരെ എണ്ണ വാങ്ങിച്ചേ നാളെ, അടുത്ത റേഷനിൽ തിരിച്ചു കൊടുത്തേക്കാം”, കേളപ്പൻ ചീരുവിന്റെ ശബ്ദം തുടങ്ങിയിടമെന്നു തോന്നിപ്പിച്ച കോലായിന്റെ പൊട്ടിപ്പൊളിഞ്ഞ മൂലയിലെ കറുപ്പിനെ നോക്കിക്കൊണ്ടു പറഞ്ഞു. അയാളുടെ കാതുകൾ ഒരു ഞൊടി നേരം മറുപടിക്കായി കാത്തു നിന്നെങ്കിലും ഒടുവിലവയ്ക്ക് ആക്കത്തിലുള്ള ഒരു ദീർഘനിശ്വാസം മാത്രം കേട്ട് തൃപ്തിയടയേണ്ടി വന്നു.
കേളപ്പൻ തന്റെ മടിക്കുത്തിൽ തിരികിയിരുന്ന തീപ്പെട്ടിയിൽ നിന്നും ഒരു കൊള്ളി വലിച്ചെടുത്ത്, ഉരച്ച് കോലായിന്റെ മറ്റേ അരികിലായി മുഷിഞ്ഞ കയറിൽ കെട്ടിത്തൂക്കിയിട്ടിരുന്ന ഒരു പിടി ചൂട്ടെടുത്ത് അതിലേക്കു ചേർത്തുവെച്ചു. തീ ചൂട്ടിന്റെ ഒരു ഭാഗത്തുനിന്നു തുടങ്ങി, പതിയേ, പിന്നെ വേഗത്തിൽ, എല്ലാ ഭാഗത്തേയ്ക്കും പടർന്നു പിടിച്ചു. വേണ്ടത്ര ഓലക്കീറുകളെ തീറ്റയായികിട്ടിയപ്പോൾ തീയങ്ങ് ആളി, കൂടെ കേളപ്പന്റെ ചുറ്റും സാമാന്യം നല്ല വെളിച്ചവും വളർന്നു. തിണ്ണയേയും അതിന്മേൽ ചുവരുംചാരി നിൽക്കുന്ന ചീരുവിനേയും അയാൾക്കിപ്പോൾ വ്യക്തമായി കാണാം. ചൂട്ടെടുത്ത് ഉമ്മറത്തുള്ള ജാതിമരത്തിന്റെ താഴേക്കൊമ്പിൽ തിരുകിവെച്ച് തോളിൽ കിടന്നിരുന്ന കാലപ്പഴക്കമേറെയുള്ള തോർത്തെടുത്ത് ദേഹവും കൈകളും കാലുകളും തുടച്ചു. അതയാളുടെയൊരു പതിവായിരുന്നു.. മനയ്ക്കലെ പാടത്തെ പണികഴിഞ്ഞ് അങ്ങേ അതിരിലുള്ള തോട്ടിലിറങ്ങി മുങ്ങിയൊരു കുളിയും, അതേപടി തന്റെ കുടിലിലേക്കുള്ള നടത്തവും. കുടിലിലെത്തുമ്പോഴേക്കും തോട്ടിലെ വെള്ളത്തുള്ളികളെല്ലാം അയാളുടെ തലയിൽ നിന്നും ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങി ചെങ്കല്ലു നിറഞ്ഞ വഴിയിലെ കല്ലുകളെയും ഇലകളെയുമെല്ലാം നനച്ചിരിയ്ക്കും. വഴി നീളെ നനവെറിഞ്ഞ് അവസാനം  കൂരയിലെത്തുമ്പോൾ അയാളുടെ തോളിലുള്ള ജീർണിച്ച തോർത്തിനെ പുണരാനായി ശരീരത്തിൽ അവിടവിടെ വിയർപ്പുതുള്ളികൾ ജനിച്ചിരിയ്ക്കും. കോലായിലേക്ക് കയറി സ്വയം തുടച്ചെടുക്കുന്നതുവരെ അവ എവിടെയും വീണുപോകാതെ അയാളിൽത്തന്നെ പറ്റിപ്പിടിച്ചിരിക്കും.
പിന്നാമ്പുറത്തുനിന്ന് പറിച്ചെടുത്ത മുളകും കടിച്ച് ഓരോപിടി കഞ്ഞിയും കുടിച്ച് രണ്ടുപേരും തഴപ്പായുടെ മേൽ നടുചായ്ച്ചു. എന്നത്തേയും പോലെ തറയിൽക്കിടന്നുകൊണ്ടു നോക്കിയാൽ കാണുന്ന ചിതലു വിഴുങ്ങിയ ഓലക്കീറുകൾക്കുള്ളിലൂടെ നക്ഷത്രങ്ങൾ കേളപ്പനും ചീരുവുമാവുന്ന ജന്മങ്ങളെ നോക്കിനിന്നു. പക്ഷേ കേളപ്പനോ ചീരുവോ നക്ഷത്രങ്ങളോ, ആരും തന്നെ ഒന്നും മിണ്ടിയില്ല, രാത്രി ഏറെ വൈകിയിട്ടും ഇവരാരും തന്നെ ഉറങ്ങിയില്ലെന്നുള്ളത് ആ ദ്രവിച്ച കുടിലിലിറങ്ങിയ മറ്റൊരു സത്യം.
ഉറക്കം നിന്ന്; വീങ്ങിയ കണ്ണുകൾ കൊണ്ട് തുറിച്ചുനോക്കി ആഞ്ഞും അല്ലാതെയും ഊതിപ്പെരുക്കിയ തീയ്ക്ക് മുകളിലിരുന്ന് കേളപ്പനു കുടിക്കാനുള്ള തേയിലവെള്ളം വെട്ടിത്തിളച്ചു. ചീരു അതൊരു കോപ്പയിലേയ്ക്ക് പകർന്ന് മുറ്റത്തേയ്ക്കു കൊണ്ടുചെന്നപ്പോൾ അയാൾ തന്റെ ഒരേയൊരു കുപ്പായം ഇളംചൂടാർന്ന ദേഹത്തോട്ടണിഞ്ഞ് രണ്ടു കൈകൊണ്ടും എണ്ണത്തിൽ വിരളമായ തലനാരുകൾ ഒതുക്കിവയ്ക്കുകയായിരുന്നു. ചീരു കൈയിലിരുന്ന കോപ്പ തിണ്ണയുടെ മേലെവെച്ച് അകത്തേക്കുപോയി അവിടെയുണ്ടായിരുന്ന തുരുമ്പു പിടിച്ച ഇരുമ്പുപെട്ടി തുറന്ന്  കടലാസ്സിന്മേൽ വെളുത്ത നൂലുകൊണ്ടു കെട്ടി സൂക്ഷിച്ച പൊതി എടുത്തുകൊണ്ടുവന്ന് കോപ്പയ്ക്കാരികിലായിവച്ചു. പൊതി തിണ്ണയെതൊട്ടപ്പോഴുണ്ടായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കേളപ്പൻ പതിയേ ചെന്ന് പൊതിയെയൊന്നു നോക്കി കോപ്പ കൈയിലെടുത്തു. പാതിയോളം കുടിച്ചുതീർത്തശേഷം കോപ്പ കൈയ്യിൽ കൊടുത്തതും അതിലെ മിച്ചം വന്ന തേയിലവെള്ളം ചീരുവിന്റെ ക്ഷീണിച്ച മുഖത്തെ സ്നേഹത്തോടെ നോക്കി. ചീരു വേഗം തന്നെ അതിനെ തന്റെ ചുണ്ടിനോടു ചേർത്തു. കേളപ്പൻ ഒന്നും മിണ്ടാതെ തന്നെ പൊതിക്കെട്ടെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. അയാളുടെ കൂരയിലേക്കെത്തിപ്പെടാൻ മടിച്ച് സൂര്യവെളിച്ചം ഇടവഴിയിൽ പാത്തും പതുങ്ങിയും നിൽപ്പുണ്ടായിരുന്നു. കേളപ്പൻ കണ്ണിൽനിന്നു മറയുന്നതു വരെ ചീരു അതേ സ്ഥാനത്ത് ഒരേ നില്പ്പുനിന്നു.
കവലയിൽച്ചെന്ന് ആദ്യം വന്ന ബസ്സിൽ കയറി ജനാലയ്ക്കരികിലുള്ള സീറ്റിലിരുന്നപ്പോൾ അയാൾക്ക് തെല്ലൊരു ക്ഷീണം അനുഭവപെട്ടു. പക്ഷേ, ഈ യാത്രയുടെ പ്രാധാന്യം നന്നായറിയുന്ന കേളപ്പൻ  ക്ഷീണത്തെ പാടേ അവഗണിച്ചു. എങ്കിലും അവസരം വരുമ്പോൾ ആക്രമിക്കാനുറച്ച് ക്ഷീണം അയാളെത്തന്നെ ചുറ്റിപ്പറ്റിനിന്നു. ബസ്സ് വലിഞ്ഞുഞ്ഞരങ്ങി ടാറിട്ടതും ഇടാത്തതുമായ റോഡുകൾ, അനേകം കവലകൾ എന്നിവയൊക്കെ പിന്നിട്ട് മണിക്കൂറുകൾക്കുശേഷം ഒരു വലിയ ഗേയ്റ്റിന്റെ മുൻവശത്തൂന്ന് അല്പദൂരം മാറി അനങ്ങാതെ നിന്നു.  ബസ്സിന്റെ മുരൾച്ചയിൽ അയാളുടെ കെട്ടുപൊട്ടിയ  ചിന്തകൾ യാത്രയവസാനിപ്പിച്ച് തിരികെ അയാളിലേയ്ക്കുതന്നെ കയറിക്കൂടി. കേളപ്പൻ തന്റെ മടിയിലിരുന്ന പൊതിക്കെട്ടുമെടുത്ത് ബസ്സിന് വെളിയിലിറങ്ങി ഗെയ്റ്റിനു നേർക്ക് നടന്നു. ഗെയ്റ്റിനു പുറത്തുനിന്നു തുടങ്ങി  അകത്തു സന്ദർശകമുറിയെത്തുന്നതുവരെ അനുവാദം വാങ്ങേണ്ട ഏമാൻമാരുടെ മുഖങ്ങൾ അയാൾക്ക് മനഃപാഠമായിരുന്നു. ഏകദേശം എട്ടുവർഷങ്ങളോളമായി അയാൾ ഈ വരവു തുടങ്ങിയിട്ട്. ഇനിയും കുറെയധികം വർഷങ്ങൾ.. മരിക്കാനായ ഒരു നെടുവീർപ്പോടെ സന്ദർശകമുറിയുടെ ഓരത്തുള്ള ബെഞ്ചിലേയ്ക്ക് അയാൾ അമർന്നിരുന്നു. കേളപ്പന്റെ വരവ് ഇഷ്ടപ്പെടാത്തതുപോലെ വയസ്സൻ ബെഞ്ച് അല്പസ്വല്പം ശബ്ദമുണ്ടാക്കുകയും ചെയ്തു.
കുറച്ചുനേരത്തെ കാത്തിരിപ്പ് ക്ഷമയോടെ കടന്നുപോയി. പക്ഷേ, തുടർന്നുവന്ന നിമിഷങ്ങളിൽ അയാൾക്കുള്ളിലെ അക്ഷമ തന്റെ തലയും ഉടലും ഒരുപോലെ പൊക്കി നീണ്ട ഒരു ചുമയായ് പുറത്തുചാടി. ഈ ഭൂമിയിൽ കേളപ്പനും ചീരുവിനും ജീവിക്കാനുള്ള ഒരേയൊരു പ്രതീക്ഷയായ ആ കാത്തിരിപ്പിനുമപ്പുറം അവരുടെ ബാലനുണ്ടായിരുന്നു, തളർന്ന ശരീരത്തിനുള്ളിൽ ഏറെ ഉണർന്ന മനസ്സുമായി ജീവിക്കുന്ന അവരുടെ മകൻ.
മെലിഞ്ഞുണങ്ങിയ ബാലന്റെ രൂപം ഇരുമ്പുകൊണ്ടു ശക്തിപ്പെടുത്തിയ വാതിലിനു പിന്നിൽ കണ്ടതും കേളപ്പൻ ബെഞ്ചിൽനിന്നുമെഴുന്നേറ്റ് അവനുനേർക്ക് നടന്നു. കടലാസ്സുപൊതി അപ്പുറം നിന്നിരുന്ന ഏമാന്റെ കൈയ്യിൽ കൊടുത്ത് അയാൾ അഴിക്കരികിൽച്ചെന്നുനിന്ന് തന്റെ മകനെ നോക്കി. അവന്റെ മുടിയിഴകളിൽ പുതുതായിവന്ന വെളുത്ത ചിലത് കേളപ്പനെ എത്തിയെത്തി നോക്കുന്നുണ്ടായിരുന്നു. അപ്പനും മകനും ഒന്നും മിണ്ടിയില്ല. അനുവദിച്ച സമയം മുഴുവൻ മുഖത്തോടുമുഖം നോക്കി കമ്പികൾക്ക് അപ്പുറത്തും ഇപ്പുറത്തുമായി ചലനമറ്റുനിന്നൂ. ഏമാന്റെ കൈയ്യിലെ ലാത്തി അവ തോളിൽവന്നു തൊട്ടപ്പോൾ കേളപ്പൻ ഒന്നു ഞെട്ടിത്തരിച്ച് അയാളേയും പിന്നെ ബാലനേയും നോക്കി. എന്നിട്ട് വളരെ സാവധാനത്തിൽ തിരിഞ്ഞുനടന്നു.
ബാലന്റെ നോട്ടം കേളപ്പനിൽ നിന്നു മാറി ഏമാന്റെ കൈയിലെ പൊതിയിലേക്ക് പാഞ്ഞു ചെന്നു. അതുകണ്ടതും അയാൾ ദേഷ്യത്തിലൊന്നിരുത്തി മൂളി എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ ആ പൊതിയൊന്നഴിച്ച് അതിനുള്ളിലെന്താണെന്നു നോക്കി തിട്ടപ്പെടുത്തി. താക്കോലിനാൽ ബന്ധിക്കപ്പെട്ടിരുന്ന അഴിവാതിൽ തുറക്കപ്പെട്ടതും ബാലൻ കടലാസ്സുപൊതി കൈനീട്ടി വാങ്ങി. അവന്റെ കൈകളിലേയ്ക്കത് വച്ചുകൊടുക്കുമ്പോൾ ഏമാൻ പുച്ഛത്തോടെ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.. ” ഇരുപത്തിയാറാം വയസ്സിൽ ജന്മിയെ കുത്തിക്കൊന്ന് വിപ്ലവം നടത്തിയ മകന് ശേഷിച്ച വിപ്ലവം പഠിയ്ക്കാൻ പട്ടിണി കിടന്ന് വിപ്ലവപുസ്തകം വാങ്ങി ജയിലിലേയ്ക്കെത്തിക്കുന്ന തന്ത..” ഏമാന്റെ ആത്മഗതം അവിടത്തെ ഓരോ കമ്പിയിലും തട്ടി ഇരുവശത്തും പ്രതിധ്വനിച്ച് അപ്പന്റെയും മകന്റെയും നാലു കാതുകളിലേക്കും തുടർന്ന് അവരുടെ പ്രജ്ഞയിലേക്കും തുളച്ചുകയറി. തീപ്പൊരി പാറുന്ന നാലു കണ്ണുകൾ അകലങ്ങളിൽ നിന്നും പരസ്പരമുടക്കുന്നതുകണ്ട പൊലീസ്സേമാന്റെ മുഖത്തെ പുച്ഛം സന്ദർശകമുറിയിലാകെ തിങ്ങിനിറഞ്ഞു. പക്ഷേ, ആ പുച്ഛത്തിന് കേളപ്പന്റെയും ബാലന്റെയും മനസ്സുകളുടെയത്ര വീര്യമോ നിലനിൽപ്പോ ഉണ്ടായിരുന്നില്ലെന്നു കടിഞ്ഞാണില്ലാതെ പാഞ്ഞുകൊണ്ടിരുന്ന കാലം തെളിയിച്ചു..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments