Wednesday, April 24, 2024
HomeSTORIESമൈക്കാക്കി........ (കഥ)

മൈക്കാക്കി…….. (കഥ)

മൈക്കാക്കി........(.കഥ )

ശിവരാജ് കോവിലഴികം. (Street Light fb group)
നാരായണന്‍, നാട്ടില്‍ എല്ലാവര്‍ക്കും അദ്ദേഹം നാരായണേട്ടനാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഇഷ്ടം. ഇലക്ട്രിസിറ്റി ലൈൻമാൻ …. ഏതുപാതിരാത്രിയിലും ആരുവിളിച്ചാലും എന്തു സഹായത്തിനും ആളോടിയെത്തും. ഒരു നിര്‍ബന്ധം മാത്രമേഉള്ളൂ നാരായണേട്ടന്. അന്തിയായാല്‍ കള്ളിത്തിരി മോന്തണം. പിന്നെ ഉറക്കെ പാട്ടുപാടി, കുട്ടികള്‍ക്കു പലഹാരവും വാങ്ങി വീട്ടിലേക്കു തിരിക്കും. കിട്ടുന്ന ശമ്പളത്തില്‍ പകുതിയും ഷാപ്പില്‍ കൃത്യമായി എത്തും.വലിയ കുട്ടി ഭാര്യ പാറുക്കുട്ടിയമ്മതന്നെ. ഈകുട്ടിക്കാണു പലഹാരമെന്നതു രഹസ്യം.രണ്ടു മക്കള്‍,
മകളുടെ വിവാഹം കഴിഞ്ഞു . മകന്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു സൈക്കിളും ചന്തിക്ക് കീഴില്‍വച്ച് ഊരുതെണ്ടുന്നു……
ഒരിക്കല്‍ നാരയണേട്ടനെ പോലിസ് പിടിച്ചു……അദ്ദേഹം കള്ളിന്റെ നല്ല ലഹരിയില്‍…… ചേട്ടന്‍ നോക്കിയപ്പോള്‍ പോലീസിനും, തനിക്കും ഒരേ യൂണിഫോം – കാക്കി. പിന്നെ നരായണേട്ടന്‍വക ഒരു ഡയലോഗ്. മൈ കാക്കി യുവര്‍ കാക്കി….നമ്മള്‍ ആള്‍ കാക്കി…….പറഞ്ഞുപൂര്‍ത്തിയാകുംമുന്നേ അവര്‍ തൂക്കി, ജീപ്പിലിട്ടു. ആള്‍ നിരുപദ്രവകാരിയെന്നറിഞ്ഞു പിറ്റേന്ന് കള്ളിന്റെ കെട്ടിറങ്ങിയപ്പോള്‍ പഞ്ചായത്ത് മെമ്പറുടെ ജാമ്യത്തില്‍ വിട്ടയച്ചൂ. പക്ഷേ നാട്ടുകാര്‍ നാരായണേട്ടനു മറ്റൊരു പേരുകൂടിനല്കി…” മൈക്കാക്കി” ഒരിക്കല്‍ പറഞ്ഞ കാര്യം നാരയണേട്ടന്‍ ഒരിക്കലും മാറ്റിപ്പറയില്ല. പ്രത്യേകിച്ചും വയസ്സിന്റെ കാര്യത്തില്‍. അമ്പത്തിരണ്ടു വയസ്സായെങ്കിലും പത്തു വര്‍ഷത്തിനു മുമ്പ് പറഞ്ഞ നാല്പ്പത്തിരണ്ടില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്ക്കുന്നു. …
അന്നൊരോണക്കാലമായിരുന്നു. കര്‍ക്കിടകത്തിന്റെ കരിമുഖം ആവണിയിലും തെളിഞ്ഞില്ല. മഴ പെയ്ത് പാടവും പറമ്പും തടാകങ്ങളായി. കൃഷികള്‍ നശിച്ചു. മരങ്ങള്‍ കടപുഴുകിവീണു. വൈദ്യുതി നിലച്ചു. ഇങ്ങനെ ഒരു മഴ അടുത്തൊന്നും ഉണ്ടായിട്ടില്ലെന്നു പഴമക്കാര്‍. പൂരാടം വെളുത്തപ്പോള്‍ മാനം തെളിഞ്ഞു. നാരായണേട്ടനും കൂട്ടുകാര്‍ക്കും ജോലിത്തിരക്കുതന്നെ. ലൈന്‍കമ്പിയില്‍ പിഴുതുവീണ മരങ്ങള്‍ വെട്ടിമാറ്റുന്നതും മറ്റ് അറ്റകുറ്റപ്പണികളുമായി അവര്‍ പാഞ്ഞുനടന്നു.
പതിവിലും വൈകിയാണ് അന്ന് അദ്ദേഹം വീട്ടിലേക്ക്‌ തിരിച്ചത്. പതിവുപോലെ അന്തിക്കള്ളും മോന്തി, പലഹാരവും വാങ്ങി, കള്ളിന്റെ ലഹരിയില്‍ ഓണപ്പാട്ടും പാടി ആ യാത്ര.
വഴിവക്കില്‍ അദ്ദേഹം അന്ന് പണികള്‍ ചെയ്ത ട്രാന്‍സ്ഫോർമാർ കണ്ടൂ. അദ്ദേഹം അതിലേക്കു സൂക്ഷിച്ചുനോക്കി. “ഛെ ഇതുപിന്നയും ചത്തോ!! അയ്യാള്‍ അതിനടുത്തേക്കു ചെന്നു. ഓണമായിട്ട് ആള്‍ക്കാരുടെ തെറിവിളി കേള്‍പ്പിക്കാന്‍ ഒരു വയസ്സന്‍ ട്രാന്‍സ്ഫോമര്‍. നാട്ടിലുള്ളവര്‍ക്കെല്ലാം കറന്റ് കൊടുക്കണം. ഉള്ളതോ ലോഡ് തങ്ങാത്ത ഈ കുന്തവും. ആഹാ ദൈവമേ ഫ്യുസ് കുത്തിയില്ലായിരുന്നോ ? പിന്നെങ്ങനാ കറന്റു വരുന്നേ……എന്റെ ഒരു മറവി…… എന്തായാലും നോക്കിയതു കാര്യമായി.” അദ്ദേഹം കമ്പിവേലി തുറന്ന് അകത്തു കയറി. ഫ്യുസ് എടുത്തു ഹോള്‍ഡറില്‍ തിരുകിവച്ചൂ. ട്രാന്‍സ്ഫോമറിലെ ബള്‍ബ്‌ തെളിഞ്ഞു. “ഇനി നീ പോകല്ലേ മോനെ..നിന്നു കത്തണം,.ഞാന്‍ പോയി ഒന്ന് ഉറങ്ങട്ടെ”. നല്ല ക്ഷീണം’ അയ്യാള്‍ അടുത്ത പാട്ടുമായി വീട്ടിലേക്കു നടന്നു.
ഉത്രാടം പുലര്‍ന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായായിരുന്നു. ലൈന്‍മാന്‍ ദിവാകരന്‍ പോസ്റ്റില്‍നിന്നു വീണുമരിച്ചു. രാത്രിയില്‍ പോസ്റ്റില്‍ കയറി ഫ്യുസ് നന്നാക്കുന്നതിനിടയില്‍ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നുവത്രേ !! രാവിലെ മകന്‍ പറഞ്ഞ വിവരം കേട്ട്, നാരായണന്‍ മകന്റെ സൈക്കിളും എടുത്തു സംഭവസ്ഥലത്തേക്കു പാഞ്ഞു. പക്ഷേ അപ്പോഴേക്കും ആംബുലന്‍സ് എത്തി ബോഡി പോസ്റ്റുമാര്‍ട്ടത്തിനു കൊണ്ടുപോയിരുന്നു. താഴെ വീണു തല പൊട്ടിപ്പിളര്‍ന്നിരുന്നുവെന്നും കൈകാല്‍ ഓടിഞ്ഞിരുന്നുവെന്നും കാഴ്ചക്കാരില്‍നിന്ന് അയാളറിഞ്ഞു.
നാരായണന്റെ മനസ്സിലൂടെ കഴിഞ്ഞ ദിവസത്തെ കാര്യങ്ങള്‍ ഓടിമറഞ്ഞു. അപ്പോള്‍ ദിവാകരന്‍ ഊരിവച്ചിരുന്ന ഫ്യുസ് ആണ് താന്‍ രാത്രിയില്‍ ഹോള്‍ഡറില്‍ തിരുകിവച്ചത്. ദൈവമേ!!! എന്റെ കൈകൊണ്ട് എന്റെ സ്നേഹിതന്‍ ………! അയാളില്‍ ഒരു നിലവിളി വെളിയിലേക്ക് വരാതെ തൊണ്ടയില്‍ കുടുങ്ങി.. ഏതു ശപിക്കപെട്ട നിമിഷമാണ് തനിക്കു അതുതോന്നിയത്? അയാള്‍ നിലത്തു തളര്‍ന്നിരുന്നു.
അന്ന് വൈകിട്ട് കറുത്ത ബാഡ്ജും ധരിച്ചു ദിവാകരന്റെ വീട്ടില്‍ നില്ക്കുമ്പോള്‍, ഈഭൂമിപിളര്‍ന്നു താനും അങ്ങ് ഇല്ലാതായിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു. ഉള്ളിലെ സത്യം ആരോടും പറയാനാകുന്നില്ല. താന്‍ ഒരു കൊലപാതകിയാണ്. ഒന്ന് പൊട്ടിക്കരയുവാന്‍പോലും തനിക്കാകുന്നില്ല. അയാള്‍ തിരിഞ്ഞുനടന്നു… നേരെ ഷാപ്പിലേക്ക്, കള്ളുകുപ്പി കൈയി ലെടുത്തപ്പോള്‍ ദിവാകരന്റെ മുഖം അതില്‍ തെളിഞ്ഞു വന്നു…പിന്നെ അലമുറയിടുന്ന മൂന്ന് പെണ്‍കുട്ടികളും .
അയാള്‍ ആകുപ്പി വലിച്ചെറിഞ്ഞു, ഷാപ്പിനു വെളിയിലേക്ക് നടന്നു. രോദനങ്ങള്‍ പിന്തുടരുന്നു.. അശാന്തിയുടെ ഓര്‍മ്മച്ചിത്രങ്ങള്‍ മാത്രം തെളിയുന്നു. ശാന്തിയുടെ ,ഏകാന്തതയുടെ തുരുത്തുതേടി ആയാത്ര……. പിന്നീട് ആരും നാരായണനെ കണ്ടിട്ടില്ല. കാലം കഴിയുമ്പോള്‍ മറവികള്‍ നാരായണനെയും മറച്ചു……. ഇന്ന് നാടിനു പറയുവാന്‍ ഒരു കഥയുണ്ട്. എങ്ങോ മറഞ്ഞ ………………………. മൈകാക്കിയുടെ കഥ……………………………..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments