Saturday, May 4, 2024
HomeSTORIESഅച്ചുവിന്റെ_സ്വപ്നം. (​കഥ)

അച്ചുവിന്റെ_സ്വപ്നം. (​കഥ)

അച്ചുവിന്റെ_സ്വപ്നം. (​കഥ)

അർഷദ് കരുവാരകുണ്ട്. (Street Light fb group)
ഇന്ന് എല്ലാവരും വലിയ സന്തോഷത്തിലാണ്…
സ്കൂള്‍ കുട്ടികളും, അദ്ധ്യാപകരും, നാട്ടുകാരും എല്ലാവരും എത്തിയിരിക്കുന്നു … അവളെ യാത്രയയക്കാൻ,,
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെല്ലാം ആശംസകളുമായിട്ട് എത്തിയിരിക്കുന്നു … സ്കൂള്‍ ഗ്രൗണ്ടിൽ കൂടിയ ജനക്കൂട്ടങ്ങളെയും അദ്ധ്യാപകരെയും, കൂട്ടുകാരെയും കൈ കൂപ്പി വണങ്ങി രാജൻ മാഷിന്റെ കൂടെ അവള്‍ വാഹനത്തിൽ കയറി… ഇരുളിൻ കുന്ന് നിവാസികളുടെ നിറഞ്ഞ ആശീർവ്വാദത്തോടെ,,,, ആ വാഹനം മുന്നോട്ട് നീങ്ങി …
രാജൻ മാഷ് വലിയ സന്തോഷത്തിലാണ്,,, അതിലുപരി വലിയൊരു ഉത്തരവാദിത്വം ഏറ്റതിന്റെ ടെന്‍ഷനും ആ മുഖത്ത് പ്രകടമാകുന്നുണ്ട്,,,,,!!
ആദ്യമായിട്ടാണ്
ഇത്ര വലിയൊരു കായിക മാമാങ്കത്തിലേക്ക് ഒരു മൽസരാർത്ഥിയുടെ പരിശീലക വേഷത്തിൽ…
റയിൽവേ സ്റ്റേഷൻ വരെ പിടിഎ പ്രസിഡന്റിന്റെ വാഹനത്തിലാണ് പോകുന്നത്…
അച്ചു മോളേ ,, പേടിയുണ്ടോ നിനക്ക് ,,,?
അവള്‍ ഭയങ്കര ആവേശത്തിലാണ് ഷൗക്കു… പേടിയൊന്നും അവളെ തളർത്തില്ല..!
പിടിഎ പ്രസിഡന്റ് ഷൗക്കത്തിക്കയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് രാജൻ മാഷായിരുന്നു…
അല്ലേ അശ്വതി..?
ഉം , അവളൊന്നുമൂളി..
റയിൽവേ സ്റ്റേഷനില്‍ എത്താന്‍ ഇനിയും ഒരുപാട് സമയമെടുക്കും…
അവള്‍ പതിയെ സീറ്റിലേക്ക് ചേര്‍ന്നിരുന്നു..
പഴയ ചില ഒാർമകളിലേക്ക്,,,,!!!
അന്ന് ആദ്യമായിട്ടാണ് സ്കൂള്‍ കായിക മേളയിൽ പങ്കെടുക്കുന്നത്,,
നൂറ് മീറ്റര്‍ , ഇരുന്നൂറ് മീറ്റർ , നാനൂറ് മീറ്റര്‍ എന്നീ മൂന്ന് ഇനങ്ങളിലും ഗ്രീന്‍ ഹൗസിന്റെ ഒാട്ടക്കാരിയായി ഹൗസ് ലീഡര്‍ പേര് കൊടുത്തത് എന്റെയായിരുന്നു…
കഴിഞ്ഞ രണ്ട് തവണയും നമ്മള്‍ ഉയർത്തിയ ഒാവറോൾ ചാമ്പ്യൻകിരീടം ഇത്തവണയും നമുക്ക് തന്നെ ഉയര്‍ത്തിപ്പിടിക്കണം. ഈ സ്കൂളിലെ കായിക താരങ്ങൾ നമ്മള്‍ ഗ്രീന്‍ ഹൗസിലെ കുട്ടികള്‍ മാത്രമാണെന്ന് നമുക്ക് ഒരിക്കൽ കൂടെ തെളിയിക്കണം,
ഹൗസ് ലീഡര്‍ സുജിത്തേട്ടന്റെ ആവേശമുയർത്തുന്ന വാക്കുകള്‍ ഒരു മൽസര ബുദ്ധിയോടെ ഞങ്ങള്‍ ഏറ്റെടുത്തു … അച്ചൂ…
നിന്റെ ഇനങ്ങൾക്കാണ് പ്രാധാന്യം … ആദ്യമായാണ് പങ്കെടുക്കുന്നത് എന്ന ചിന്ത മാറ്റി വെച്ച് ഞാന്‍ നേടും എന്ന ആത്മ വിശ്വാസത്തോടെ വേണം ട്രാക്കിലിറങ്ങാൻ,
ഞങ്ങള്‍ എല്ലാവരും ഉണ്ട് നിന്റെ കൂടെ…!
ഈ സ്കൂളില്‍ ഇതുവരെ ഇല്ലാത്ത ഒരു ഹാട്രിക് ചാമ്പ്യൻ പട്ടമാണ് ഇത് നമ്മള്‍ നേടിയാൽ നമ്മുടെ ഗ്രൂപ്പിന് കിട്ടാന്‍ പോകുന്നത്..
സ്കൂളിന്റെ കായിക ചരിത്രത്തില്‍ നമ്മുടെ ഇൗ ഗ്രൂപ്പ് ,ഇൗ ഗ്രീന്‍ ഹൗസ് സ്ഥാനം പിടിക്കണം..
മറ്റു ഹൗസ് ലീഡര്‍മാരെല്ലാം നമ്മളെ തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ്..
അതിന് നമ്മള്‍ അനുവദിച്ചു കൂടാ..!!
നമുക്ക് നല്ല ശ്രമം നടത്താം..
എല്ലാവരും സധൈര്യം പങ്കെടുക്കുക.. നമ്മുടെ കൂട്ടായ ശ്രമം നമുക്ക് വിജയം നൽകും…
നാളെയാണ് ട്രാക്ക് മൽസരങ്ങൾ… എല്ലാവരും നന്നായി പ്രാക്ടീസ് ചെയ്ത് ട്രാക്കിലിറങ്ങണം…
സുജിത്തേട്ടന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് ആത്മബലം നൽകി..
ആദ്യ മൽസരാർത്ഥി എന്ന നിലക്ക് എനിക്കും അത് കൂടുതല്‍ കരുത്ത് നൽകി,
എല്ലാവരും ഒാ കെ പറഞ്ഞ് പിരിഞ്ഞു ..
പിറ്റേന്ന് ദൈവത്തോട് പ്രാർത്ഥിച്ച് അമ്മക്കൊരു മുത്തവും കൊടുത്ത് ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങി…
എല്ലാവരും നേരത്തേ തന്നെ എത്തിയിരിക്കുന്നു ,
കാണികളും വന്ന്തുടങ്ങി..
നമ്മുടെ സ്കൂള്‍ കായികമേള ഇന്നിവിടെ ആരംഭിക്കുകയാണ്… കഴിഞ്ഞ രണ്ട് വർഷവും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി റഡ് ഹൗസിനേയും ബ്ലൂ ഹൗസിനേയും യെല്ലോ ഹൗസിനേയും പരാജയപ്പെടുത്തി
ഒാവറോൾ കിരീടമണിഞ്ഞ ഗ്രീൻ ഹൗസിന്റെ ചുണക്കുട്ടികൾ ഹാട്രിക് കിരീടമുയർത്താൻ കച്ച കെട്ടി ട്രാക്കിലിറങ്ങുമ്പോൾ…
ഇനിയൊരു കാലത്തും ഗ്രീന്‍ ഹൗസിനെ ഈ സ്കൂളിന്റെ കായിക ചാമ്പ്യൻ കിരീടം നേടാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ റഡ് ഹൗസും
ഇത്തവണ കിരീടം ഞങ്ങള്‍ക്കുള്ളതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബ്ലൂ ഹൗസു, വാക്കിലും നാക്കിലുമല്ല ട്രാക്കിൽ മറുപടി പറയാമെന്നറിയിച്ച് യെല്ലോ ഹൗസും,
ഗ്രൗണ്ടിന്റെ നാലു ഭാഗങ്ങളിലും ഉയർന്ന് പറക്കുന്ന തങ്ങളുടെ കൊടികൾക്കു കീഴില്‍ അണി നിരന്നിരിക്കുന്നു…
നമ്മുടെ സ്കൂളിലെ വേഗതയേറിയ ഒാട്ടക്കാരനെയും ഒാട്ടക്കാരിയെയും കുതിച്ചുയരുന്നചാട്ടക്കാരനെയുംചാട്ടക്കാരിയെയും കണ്ടെത്തുന്ന കായിക മാമാങ്കം ഏതാനും നിമിഷങ്ങള്‍ക്കകം ആരംഭിക്കുകയായി…
ദേവാനന്ദൻ മാഷിന്റെ മനോഹരമായ അനൗൺസ് ഞങ്ങളെ കൂടുതല്‍ ആവേശത്തിലാക്കി..
സ്കൂള്‍ മൈതാനംകാണികളെക്കൊണ്ട് നിറഞ്ഞു…
സ്കൂള്‍ കുട്ടികളെ വട്ടമിട്ട് നടക്കുന്ന പൂവാലൻമാരും, അവരോട് ആരും കാണാതെ ഇളിച്ച് കാണിക്കുന്ന കള്ളികളും, ഹൗസ് റിബൺ കെട്ടി നമ്പര്‍ കുത്തി തന്റെ ഉൗഴം കാത്ത് നിൽക്കുന്ന മൽസരാർത്ഥികളും,
അങ്ങോട്ടുമിങ്ങോട്ടും ടെന്‍ഷനടിച്ച് നടക്കുന്ന ഹൗസ് ലീഡര്‍മാരും മൽസരം കാണാനെത്തിയ നാട്ടുകാരും,
എല്ലാം സമാധാനമായി തീരട്ടേയെന്ന് നെഞ്ചില്‍ കൈ വെച്ച് പ്രാർത്ഥിക്കുന്ന ടീച്ചർമാരും, കുട്ടികളെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്ന വളണ്ടിയർമാരും, എല്ലാം ഒരു രസക്കാഴ്ച തന്നെയായിരുന്നു ,,,
ഒരു ഉൽസവ പ്രതീധി നൽകുന്ന ആരവങ്ങൾ…
എല്ലാ മൽസരാർത്ഥികൾക്കും ആശംസയറിയിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്കൂള്‍ കായിക മേള ഉദ്ഘാടനം ചെയ്തപ്പോള്‍ കരഘോഷങ്ങളുടെ പെരുമ്പറ ഉയര്‍ന്നു .
ട്രാക്ക് മൽസരങ്ങളാണ് ഈ ഗ്രൗണ്ടിൽ ആദ്യമായി ആരംഭിക്കുന്നത്,,,നൂറ് മീറ്റര്‍ ,ഇരിന്നൂറ് മീറ്റര്‍ ,നാനൂറുമീറ്റർ, ഒാട്ടമൽസരങ്ങൾക്ക് പേര് നൽകിയ കുട്ടികള്‍ ചെസ് നമ്പരുകള്‍ കൈ പറ്റി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്… ദേവാനന്ദൻ മാഷിന്റെ അനൗൺസ് വന്നപ്പോള്‍ ഞങ്ങളെല്ലാവരും ഉടന്‍ തന്നെ ചെസ് നമ്പരുകള്‍ വാങ്ങി റിപ്പോര്‍ട്ട് ചെയ്തു …
സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൽസരങ്ങൾ വലിയ ആവേശത്തോടെ കഴിഞ്ഞു …
ജൂനിയര്‍ വിഭാഗം ആൺകുട്ടികളുടെയും മൽസരങ്ങൾ ജയ പരാജയങ്ങൾ നിശ്ചയിച്ചു …
ജൂനിയര്‍ വിഭാഗം പെൺകുട്ടികളുടെ നൂറുമീറ്റർ ഒാട്ടമൽസരത്തിൽ പേര് നൽകിയ നൂറ്റി ഒന്ന് ,നൂറ്റിരണ്ട്,നൂറ്റി മൂന്ന് , നൂറ്റി എട്ട് ,ഇരുന്നൂറ് ,ഇരുന്നൂറ്റി ഒന്ന് , എന്നീ ചെസ് നമ്പരുള്ള കുട്ടികൾ ഉടന്‍ തന്നെ തയ്യാറായി ട്രാക്കിൽ ഇറങ്ങേണ്ടതാണ്….
ദൈവമേ,,,,…!!!
ദേവാനന്ദൻ മാഷിന്റെ അനൗൺസ്,, എന്റെ നെഞ്ചിടിപ്പ് കൂടി…
കാരണം ഇരുന്നൂറ്റി ഒന്ന് എന്റെ നമ്പരാണ്..
എല്ലാവരും നല്ല സപ്പോര്‍ട്ട് തന്നു… അച്ചു നിനക്ക് നേടാന്‍ കഴിയും, സുജിത്തേട്ടനും എനിക്ക് നല്ല പിന്തുണ നൽകി…
ഒരു നിമിഷം ദൈവത്തോട് പ്രാർത്ഥിച്ച് ഞാന്‍ ട്രാക്കിലേക്ക് നടന്നു…
എല്ലാവരും എന്നെക്കാള്‍ വലിയ കുട്ടികളാണ്,
മാത്രമല്ല കഴിഞ്ഞ വർഷങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചവരുമാണ്… ചെറിയൊരു ഭയത്തോടെ അതിലേറെ ആത്മ വിശ്വാസത്തോടെ ഞാന്‍ സെക്കന്റ് ട്രാക്കിൽ നിന്നു …
എല്ലാവരും റെഡിയായി….
വിസിൽ ശബ്ദമുയർന്നു…
നമ്മുടെ സ്കൂളിലെ വളര്‍ന്നുവരുന്ന ഒാട്ടക്കാരികളെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുക..
ദേവാനന്ദൻമാഷിന്റെ അനൗൺസ് വല്ലാത്തൊരു ആവേശം നൽകി…
കാണികളെല്ലാം കയ്യടിച്ച് ആർപ്പു വിളിക്കുന്നു…
ലക്ഷ്യത്തിലെത്താൻ കുതിരശക്തിയോടെ വീറും വാശിയും കാലുകളില്‍ ആവാഹിച്ച് ശരവേഗത്തിൽ കുതിക്കുന്ന നമ്മുടെ സ്കൂളിന്റെ മിന്നും താരങ്ങൾ…
സ്കൂളിലെ വേഗതയേറിയ ജൂനിയർ മാലാഖയെ നമുക്ക് തിരഞ്ഞെടുക്കാം,,,, അപ്,,,അപ്,,,_അപ്,,,,
ദേവാനന്ദൻ മാഷിന്റെ ശബ്ദം
ഒരു പ്രചോദനമായി കാതുകളിലെത്തി…
ആവേശവും ആത്മ ബലവും നൽകിയ കരുത്ത് കൊണ്ട് എന്റെ കാലുകളുടെ വേഗത കൂടി…
മിനിറ്റുകൾ വ്യത്യാസത്തിൽ ആദ്യം ഫിനിഷിംഗ് പോയിന്‍റ് കടന്നതും ഞാന്‍ എന്ന ഒാട്ടക്കാരിയെ എനിക്ക് നൽകിക്കൊണ്ടായിരുന്നു …
സന്തോഷം കൊണ്ടെന്റെ കണ്ണുകളെ ഈറനണിയിച്ചു…
പിന്നീട് ഇരുന്നൂറ് മീറ്റര്‍ ,നാനൂറ് മീറ്റര്‍ ഇനങ്ങളിലും ഒന്നാമതായി ഞാന്‍ ഫിനിഷ് ചെയ്തു …
മൽസരങ്ങൾക്കും ആരവങ്ങൾക്കുമൊടുവിൽ….
ഞങ്ങളുടെ ഗ്രീന്‍ ഹൗസ് തന്നെ അവിടെ
സ്കൂള്‍ കായിക ചരിത്രത്തില്‍ ആദ്യമായി ഹാട്രിക് ചാമ്പ്യൻമാരായി കിരീടമുയർത്തി..
ജൂനിയർ വിഭാഗത്തിലെ മിന്നും താരമെന്ന ബഹുമതി എന്റെ മൽസര വിജയങ്ങൾ എനിക്ക് സമ്മാനിച്ചു…
ലോകമറിയുന്നൊരു ഒാട്ടക്കാരിയാകണമെന്ന ആഗ്രഹത്തോടെ
ആദ്യമായി കിട്ടിയ ട്രോഫിയുമായി ഞാന്‍ വീട്ടിലേക്ക് ഒാടി… അമ്മയെ കാണിക്കാന്‍ എന്റെ സന്തോഷം പങ്കുവെക്കാൻ…
ആ ഒാട്ടത്തിന് മൽസരത്തേക്കാൾ വേഗതയായിരുന്നു…
റോഡിലൂടെയുള്ള എന്റെ ഒാട്ടത്തിന് വീടെത്തണം എന്ന ലക്ഷ്യം മാത്രം…
ഉൗടുവഴികൾ കടന്ന് ഞാനെന്റെ വീടിനുമുന്നിലെത്തി…
അമ്മേ,,,,,, അമ്മേ,,,,,,, ഇത് നോക്ക് അമ്മേ ,,,, എനിക്ക് ട്രോഫി സമ്മാനം കിട്ടി…
ആ ട്രോഫിയും ഉയർത്തിപ്പിടിച്ച് ഒാലമേഞ്ഞ എന്റെ കൊച്ചു വീടിന്റെ അടുക്കള വാതില്‍ക്കലൂടെ ഞാന്‍ അകത്തേക്ക് കയറി…
എവിടെയായിരുന്നെടീ നീ ഇത്ര നേരം,,,?
മീന്‍ നന്നാക്കിക്കൊണ്ടിരുന്ന അമ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം എന്റെ മുഖത്തെ സന്തോഷം കെടുത്തി….
അമ്മേ ഇതെനിക്ക് ഒാട്ട മൽസരത്തിൽ ഫസ്റ്റ് കിട്ടിയതിന് സമ്മാനം കിട്ടിയ ട്രോഫിയാണ്…
അവളുടെ ഒരു ട്രോപ്പി പോയി പുസ്തകമെടുത്ത് വായിച്ച് പഠിക്കെടീ…
ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ ഒാടാനും ചാടാനുമൊന്നും പോകരുതെന്ന്…. നാലക്ഷരം പഠിച്ചാലേ നിനക്കൊക്കെ ജീവിക്കാന്‍ പറ്റുള്ളൂ, ഈ ട്രോപ്പി കൊണ്ടൊന്നും ഒരു കാര്യോം ഇല്ല,
വിവരോം വിദ്യാഭ്യാസോം ഒന്നുമില്ലെങ്കിൽ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ആരുമുണ്ടാവില്ല …
നേരം വൈകിയതിന് എന്നെ കുറേ ചീത്തയും പറഞ്ഞു രണ്ടടിയും തന്നു അമ്മ..
അടുത്ത വീട്ടിലുള്ള എന്റെ കൂട്ടുകാരികളെല്ലാം എനിക്ക് കിട്ടിയ സമ്മാനം കാണാന്‍ വളരെ സന്തോഷത്തോടെയെത്തി..
ഞാനെന്റെ ട്രോഫിയെടുത്ത് അവര്‍ക്കരികിലേക്ക് ചെന്നു…
അച്ചൂ,,,,,
നിന്നോട് ഞാന്‍ പഠിക്കാനല്ലേ പറഞ്ഞത്..
ആ കുന്ത്രാണ്ടം ഞാന്‍ വാങ്ങി എറിയേണ്ടെങ്കിൽ പോയി പുസ്തകമെടുത്ത് വായിക്ക്….
അമ്മയുടെ ദേഷ്യം കലർന്ന സംസാരം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു അഞ്ജുവും പൊന്നുവുമെല്ലാം അവരുടെ വീടുകളിലേക്ക് തന്നെ തിരിച്ച് പോയി,
എന്റെ സന്തോഷവും സ്വപ്നവുമെല്ലാം ഒരു നിമിഷം കൊണ്ട് കെട്ടടങ്ങി…!!
ആദ്യമായ് കിട്ടിയ എന്റെ സമ്മാനത്തിൽ കണ്ണീരോടെ ഒരു മുത്തവും കൊടുത്ത് ഞാനാ ട്രോഫി കട്ടിലിനടിയിലേക്ക് നീക്കി വെച്ചു,
എന്നിട്ട് മനസ്സില്ലാമനസ്സോടെ പുസ്തകമെടുത്തു…
അമ്മയെ കുറ്റപ്പെടുത്താൻ എനിക്കാവില്ല
വിവരോം വിദ്യാഭ്യാസവുമില്ലാത്തതിന്റെ പേരില്‍ അമ്മ അനുഭവിച്ച പരിഹാസങ്ങൾ കുറച്ചൊന്നുമല്ല…
സ്നേഹിച്ച് കല്ല്യാണം കഴിച്ചതാണെങ്കിലും ഇന്നത്തെ അച്ഛന്റെ സ്റ്റാറ്റസിന് അമ്മയുടെ വിദ്യാഭ്യാസം ഒരു വിലങ്ങുതടിയായത് കൊണ്ടാണത്രേ,,,, എന്നെയും അമ്മയെയും ഇവിടെയിട്ട് മറ്റൊരു വിവാഹം കഴിച്ച് അച്ഛന്‍ വിദേശത്ത് താമസിക്കുന്നത്,
ഈ അടുത്ത കാലത്ത് അമ്മ വിവാഹമോചനത്തിന് സമ്മതപത്രത്തിൽ കയ്യൊപ്പു വെക്കുമ്പോൾ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു,,, അതും ഇന്നൊരു തേങ്ങലായി മനസ്സിലുണ്ട്…
എന്തിന് എന്നെ ഒന്ന് കാണാന്‍ പോലും അച്ഛന്‍ ശ്രമിച്ചിട്ടില്ല,
ഇനിയോട്ട് എനിക്ക് കാണുകയും വേണ്ട…!
പലരുടെയും വീടുകളില്‍ അടുക്കളപ്പണിയെടുത്തും മറ്റു വീട്ടുജോലികൾ ചെയ്തുമാണ് എന്റെ അമ്മ എന്നെ ഇത്രയും വളര്‍ത്തിയത്..
ഇനി അമ്മക്ക് ഇഷ്ടമില്ലാത്ത ഒരു കളിക്കും ഞാന്‍ പോവില്ല,,,_ എനിക്ക് ഒാട്ടക്കാരിയും ചാട്ടക്കാരിയുമൊന്നും ആവണ്ട….
എന്റെ നിറഞ്ഞ കണ്ണുകള്‍ പുസ്തകം വായിക്കാൻ സമ്മതിക്കുന്നില്ല..
വലിയൊരു ഒാട്ടക്കാരിയാവണമെന്ന് വെറുതെ ആഗ്രഹിച്ച് പോയി …
വേണ്ട ,എനിക്ക് അതിനുള്ള യോഗ്യതയില്ല…
“സബ്ജില്ലയും ,ജില്ലയും, സംസ്ഥാനവും കീഴടക്കി ഒരിക്കല്‍ രാജ്യങ്ങള്‍ കീഴടക്കാൻ നിന്റെ വേഗതക്ക് കഴിയു,,,”
രാജൻമാഷിന്റെ വാക്കുകള്‍ ഒരു തേങ്ങലോടെ എന്റെ മനസ്സിലേക്കോടിയെത്തി…
അമ്മയുടെ ചീത്തവിളിയും പഠിക്കാന്‍ പറഞ്ഞുള്ള ഉപദേശവും കേട്ട് കേട്ട് തല പെരുക്കുന്നുണ്ടെനിക്ക്…!!!
തീരെ ഇഷ്ടമില്ലാതെയാണ് ഞാനീ പുസ്തകം തുറന്ന് വെച്ചിരിക്കുന്നത്,
പഠിക്കാന്‍ താൽപര്യമില്ലാഞ്ഞിട്ടല്ല… പഠിക്ക് പഠിക്ക് എന്ന് പറഞ്ഞുള്ള അമ്മയുടെ നിരന്തരമായ ഒാർമ്മപ്പെടുത്തലുകൾ
പലപ്പോഴും എന്റെ ആഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നു,
കൂട്ടുകാരികളോടൊത്ത് ഒന്ന് കളിക്കാന്‍ പോലും സമ്മതിക്കില്ല..
വിദ്യാഭ്യാസമില്ലെങ്കിൽ ആരും കെട്ടിക്കൊണ്ട് പോകില്ലത്രേ,,,,, !!!
അതാണ് അമ്മയുടെ വാദം…!!
അമ്മയുടെ അനുഭവങ്ങളായിരിക്കാം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്,
വലിയ വിദ്യാഭ്യാസ പുരോഗതിയൊന്നുമില്ലാത്ത ഇരുളിൻകുന്നെന്ന് പറയുന്ന കൊച്ചുഗ്രാമത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്…
ഒാല മേഞ്ഞ എന്റെ ചെറിയ വീടിന് ചേര്‍ന്ന് അതികം ആൾതാമസമൊന്നുമില്ല,
എന്റെ കുഞ്ഞു വീടും അടുക്കളയുമാണ് അമ്മയുടെ ലോകം…!!!
കുറച്ച് ദൂരെയായി അഞ്ജുവിന്റെയും പൊന്നുവിന്റെയും വീടുണ്ട് …
അവരാണ് എന്റെ കൂട്ടുകാരികള്‍ അവരുടെ അമ്മ സിന്ധു ച്ചേച്ചി ഒളിമ്പിക്സിലൊക്കെ പങ്കെടുത്ത് ഒരുപാട് മെഡലുകളൊക്കെ വാങ്ങിയിട്ടുണ്ട്…
ഇടക്ക് ഞാനവിടെ ടിവി കാണാന്‍ പോകുമ്പോള്‍ കാണാറുണ്ട് അലമാരയിൽ സൂക്ഷിച്ച് വെച്ച ട്രോഫികൾ
രാജൻ മാഷിന്റെ നിർബന്ധപ്രകാരം അമ്മയറിയാതെ ഒരുപാട് സബ്ജില്ല,ജില്ല,സംസ്ഥാന കായിക മേളകളിൽ ഞാന്‍ പങ്കെടുത്തു ….!!
എല്ലായിടത്തും വേഗതേറിയ താരമായി ഞാന്‍ മാറുമ്പോഴും
അമ്മ അറിയാതെയുള്ള,അമ്മയുടെ പ്രോൽസാഹനം കിട്ടാതെയുള്ള, അമ്മയുടെ ആശീർവ്വാതമേൽക്കാതെയുള്ള ഒാരോ നേട്ടങ്ങളും സങ്കടങ്ങൾമാത്രം സമ്മാനിച്ചുകൊണ്ടിരുന്നു…
പേടിയാണ് സമ്മാനങ്ങളുമായി വീട്ടില്‍ ചെല്ലാൻ,,,
എനിക്ക് കിട്ടിയ മെഡലുകളും ട്രോഫികളുമെല്ലാം രാജൻ മാഷിന്റെ വീട്ടിലാണിന്ന് സൂക്ഷിച്ച് വെച്ചിരിക്കുന്നത്…
എന്നെ ഇന്നൊരു ഒാട്ടക്കാരിയാക്കാൻ എന്റെ പരിശീലകനായും, ആത്മ വിശ്വാസം നൽകിയും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്റെ രാജൻമാഷ്,
എനിക്ക് പരിശീലനത്തിനുള്ള വസ്ത്രങ്ങളും മറ്റും ആരോ സ്പോണ്‍സര്‍ ചെയ്യുന്നുണ്ടെത്രേ….
ഞാന്‍ അറിയാതെ ആരാണ് എന്നെ ഇത്രമാത്രം സ്നേഹിക്കുന്നത്..
ഒാരോ മൽസരങ്ങളിലും ഒാടാൻ ഞാന്‍ ഉപയോഗിക്കുന്ന സ്പൈക്ക്
ഒരുപാട് വിലവരുന്നതാണ്…
ആരായാലും എനിക്ക് നൽകുന്ന ഈ സപ്പോര്‍ട്ടും സ്നേഹവും വീണ്ടും എന്റെ ആഗ്രഹങ്ങളെ ഉണർത്തുകയാണ്…
ഇന്ന് ഈ യാത്ര പോകുമ്പോഴും എന്റെ അമ്മക്ക് അറിയില്ല ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന്..
പഠനത്തോടനുബന്ധിച്ചുള്ള ഒരു യാത്രയാണെന്ന് രാജൻമാഷ് നേരിട്ട് വന്ന് പറഞ്ഞത്കൊണ്ടാണ് അമ്മ ഇന്നെന്നെ പോവാന്‍ സമ്മതിച്ചത്…
വലിയൊരു ദൗത്യം തന്നെയാണ് എന്റെ തലയിലുള്ളതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്…
എന്നെ സഹായിക്കുന്ന ആ വ്യക്തി ,എന്റെ രാജൻ മാഷ്,അതിലുപരി
എന്റെ രാജ്യം മുഴുവന്‍ എന്നില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ട്,,
ഇത്രയും വലിയൊരു മൽസരം തീർത്തും എനിക്ക് പേടി നൽകുന്നുണ്ടെങ്കിലും
എന്റെ നാട്ടുകാരുടെയും എന്റെ രാജ്യത്തിന്റെയും,,, പ്രാർത്ഥനയും,എനിക്ക് നൽകുന്ന സപ്പോര്‍ട്ടും എനിക്ക് കൂടുതല്‍ കരുത്ത് നൽകുന്നുണ്ട്,
പിന്നെ എന്റെ രാജൻ മാഷിന്റെ പിന്തുണയും കരുതലും എന്നെ കൂടുതല്‍ ആവേശത്തിലാക്കുന്നു…
നേടാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തോടെ ഞാന്‍ നാളെ ട്രാക്കിലിറങ്ങും,..
നാട്ടിലുടനീളം ക്ലബ്ലുകളും വീടുകളും ടിവിയും ഒാൺ ചെയ്തിരിക്കുകയാണ്…
ഈ കൊച്ചു ഗ്രാമത്തിലെ സ്കൂൾ മുറ്റത്ത് അടുത്തുള്ള ക്ലബ്ലുകാർ നിർമ്മിച്ച വലിയ സ്ക്രീനിൽ അച്ചുവിന്‍റെ ആദ്യ ഒളിമ്പിക്സ് മൽസരം കാണാന്‍ കൂട്ടുകാരും നാട്ടുകാരും എല്ലാം നിറഞ്ഞിരിക്കുന്നു…
ത്രിവർണ്ണ നിറം നെഞ്ചോട് ചേര്‍ത്ത് പൂശിയ വെള്ള ജെഴ്സിയണിഞ്ഞ് അച്ചു ട്രാക്കിലേക്കിറങ്ങി….
ഇന്ത്യാ,,,,ഇന്ത്യാ,,,,,,,
ആ വലിയ സ്ക്രീനിൽ തെളിഞ്ഞ പതിനായിരങ്ങൾ ആർത്തു വിളിക്കുന്ന ശബ്ദം ,
ഇവിടെ സ്കൂള്‍ മുറ്റത്ത് തടിച്ച് കൂടിയവർ ഒന്നടങ്കം അത് കേട്ട് ആവേശത്തോടെ വിളിച്ചു…
അച്ചൂ,,,,,അച്ചൂ,,,_,,,,,,,,,അച്ചൂ,,,,,,,,
പ്രാർത്ഥനകളും പ്രതീക്ഷകളും അച്ചുവിന്‍റെ പാതങ്ങളിലേക്ക് മാത്രം …
ഒാല മേഞ്ഞ ആ കൊച്ചു വീട്ടിലേക്ക് സിന്ധു ഒാടി വന്നു …
സുമതിച്ചേച്ച്യേ….!!!!!! നിങ്ങളെവിടെയാ, ഇവിടൊന്നു വന്നു നോക്യേ ടിവിയില്‍ ആരാണെന്ന് ,,,,,???
ഞാൻ മീന്‍ നന്നാക്കുവാണ് , പിന്നെ വരാം!!!!
ഉച്ചയൂണിന് കറിവെക്കാൻ മീന്‍ നന്നാക്കിക്കൊണ്ടിരുന്ന സുമതിച്ചേച്ചി സിന്ധുവിന് മറുപടി കൊടുത്തു …
അതൊക്കെ അവിടെയിട് എന്നിട്ട് വേഗം വരൂ…
എന്താ സിന്ധു പുതിയ വല്ല സീരിയലും തുടങ്ങിയോ…??
സീരിയലും സിനിമയുമൊന്നുമല്ല നിങ്ങളൊന്ന് വന്ന് നോക്ക്..!!!
ഈ പെണ്ണിന്റെ ഒരു കാര്യം ദാ വര്ണു…
എന്തൊക്കെയോ പിറുപിറുത്ത് മീനെല്ലാം എടുത്ത് വെച്ച് സുമതിച്ചേച്ചി സിന്ധുവിന്റെ വീട്ടിലേക്ക് നടന്നു …
ടിവിയില്‍ ഏതോ വലിയ മൽസരത്തിൽ ഒാടാൻ തയ്യാറായി അച്ചു നിൽക്കുന്നു .
അച്ചുവിന് ആവേശം പകരുന്ന ജനക്കൂട്ടങ്ങൾ,
ആർപ്പു വിളിക്കുന്ന ശബ്ദങ്ങൾ,
അപ്പുറത്ത് എന്തൊക്കെയോ ആംഗ്യം കാണിച്ച് അച്ചുവിനെ പ്രോൽസാഹിപ്പിക്കുന്ന രാജൻമാഷ്…
എന്റെ മോള്..!! സുമതിച്ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു ..
ഇവിടെ ഇരിക്ക് ചേച്ചി മോള് ഫസ്റ്റ് മേടിക്കുന്നത് കാണണ്ടേ….????
ടിവിക്ക് മുന്നില്‍ കണ്ണുകള്‍ തുടച്ച് അവരിരുന്നു…
മൽസരം സ്റ്റാർട്ട് ചെയ്തു.. ആവേശങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയിൽ അച്ചുവിന്‍റെ പാതങ്ങൾ മുന്നോട്ട് ചലിച്ചു….
ഇന്ത്യാ,,,,,,,ഇന്ത്യാ,,,
എന്ന ആരവം അവളുടെ കാലുക്ക് വേഗതയേകി..
ഏറ്റവും വേഗതയേറിയ താരമെന്ന വിശേഷണത്താൽ അശ്വതി എന്ന മലയാളി പെൺകുട്ടി
നൂറുമീറ്റർ ഇനത്തില്‍ ചരിത്ര നേട്ടത്തോടെ ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമുയർത്തി..
ഇന്ത്യന്‍ പതാകയുമേന്തി അവള്‍ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് ട്രാക്കിന് ചുറ്റും വലംവെച്ചു..
ആരവങ്ങളും ആർപ്പു വിളികളും ദേശീയഗാനത്തിന്റെ ഈണത്തിൽ അലയടിച്ചു..
ഒാടിയെത്തി രാജൻമാഷിന്റെ കാലുകളില്‍ അവളുടെ കൈകള്‍ പതിഞ്ഞു,___,
കണ്ണുനീരോടെ രാജൻമാഷ് അവളെ ചേര്‍ത്ത് പിടിക്കുന്നത് ജന ലക്ഷങ്ങള്‍ നിറഞ്ഞ കണ്ണുകളോടെ ടിവിയില്‍ കണ്ടു ..
സ്കൂള്‍ മുറ്റത്തെ ജനക്കൂട്ടങ്ങളും ആവേശത്തോടെ അച്ചുവിനെ ഉച്ചത്തില്‍ വിളിച്ചു…
എന്താണ് അശ്വതി ഈ ചരിത്ര നേട്ടത്തിൽ പറയാനുള്ളത്..?
ഈ സുവർണ്ണ നേട്ടം സമ്മാനിച്ച സന്തോഷ നിമിഷത്തിൽ എന്താണ് അശ്വതിക്ക് പറയാനുള്ളത് ഞങ്ങളുമായി ഒന്നു പങ്കു വെക്കൂ…
ഒരു മലയാളി വാര്‍ത്താ ലേഖകന്‍ മൈക്കുമായി അച്ചുവിന്‍റെ അരികിലെത്തി.
ഉടന്‍ തന്നെ എനിക്കെന്റെ വീട്ടിലെത്തണം, ഈ മെഡൽ എന്റെ അമ്മക്ക് സമ്മാനിക്കണം,…!!
എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി …
അവളുടെ വാക്കുകള്‍ മുറിഞ്ഞു…
അച്ചുവിന്‍റെ വാക്കുകള്‍ ടിവിയില്‍ കേട്ട് നിയന്ത്രണം വിട്ട് സുമതിച്ചേച്ചി പൊട്ടിക്കരഞ്ഞു….
സുമതിച്ചേച്ചി മാത്രമല്ല ആ രംഗം ടിവിയില്‍ കണ്ട എല്ലാവരും കണ്ണുകളെ നിയന്ത്രിക്കാന്‍ പാട്പെട്ടു,
പ്രധാനമന്ത്രിയുടെ ബഹുമതിയും അവാര്‍ഡും ഏറ്റുവാങ്ങി….. ഇന്ത്യന്‍ ജനതയുടെ , മലയാള മണ്ണിന്റെ ആദരവും സ്വീകരണവും ഏറ്റുവാങ്ങി അവള്‍ ട്രെയിനിറങ്ങി …
അച്ചു എന്ന മലയാളി പെൺകുട്ടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു …. പത്രമാധ്യമങ്ങളിൽ
അച്ചുവും പരിശീലകൻ രാജൻമാഷും നിറഞ്ഞു….._
“”ഒാലക്കുടിലിൽ നിന്നൊരു സ്വർണ്ണത്തിളക്കം ” പല പത്രങ്ങളും വെണ്ടക്ക അക്ഷരത്തിൽ അവളെ വാനോളം പുകഴ്ത്തി….
ആയിരങ്ങളുടെ സ്വീകരണത്തോടെ റയിൽവേ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തിൽ നാട്ടുകാരെ സ്നേഹാഭിവാദ്യങ്ങളർപ്പിച്ച് അവര്‍ വീട്ടിലേക്ക് നീങ്ങി…
ആദ്യമായി സമ്മാനം കിട്ടിയ ട്രോഫിയുമായി ഒാടിച്ചെന്ന് അമ്മയുടെ മുന്നില്‍ നിന്ന പന്ത്രണ്ടുകാരിയുടെ മുഖം ആ യാത്രയില്‍ അവളുടെ ഒാർമ്മകളിൽ തെളിഞ്ഞു ….
കൂട്ടുകാരും നാട്ടുകാരും നിറഞ്ഞു നിൽക്കുന്ന സ്കൂളിലേക്കായിരുന്നു അച്ചുവും രാജൻമാഷും ആദ്യം ചെന്നത്….
ആവേശത്തോടെ നാട്ടുകാര്‍ അവരെ സ്വീകരിച്ചു …
എല്ലാവരോടും സ്നേഹവും നന്ദിയും അറിയിച്ച് വീട്ടിലേക്ക് നീങ്ങുന്ന നേരം
ആൾകൂട്ടത്തിനിടയിൽ കുറച്ച് ദൂരെ അവളെ ആദ്യമായി മൽസരത്തിന് പേര്നൽകി ഒരുപാട് പ്രോൽസാഹനവും സഹായവും നൽകി
സ്വർണ്ണ മെഡൽ നേടുമ്പോൾ കാലിലണിഞ്ഞ സ്പൈക്കും ജഴ്സിയും സമ്മാനിച്ച ഗ്രീന്‍ ഹൗസിന്റെ ലീഡറായിരുന്ന സുജിത്തേട്ടനെ അവള്‍ കണ്ടു…
പുഞ്ചിരിയോടെ അവളെ കണ്ണുകള്‍ കൊണ്ട് ആശംസകളറിയിച്ചപ്പോൾ തുറന്ന വാഹനത്തിൽ നിന്നുമിറങ്ങി അവള്‍ സുജിത്തേട്ടന്റെ അരികിലേക്ക് ചെന്നു..
കൈ കൂപ്പി നന്ദി അറിയിച്ച് പൊട്ടിക്കരഞ്ഞ് അവനെ കെട്ടിപ്പിടിച്ചു…
സുജിത്തേട്ടനേയും വിളിച്ച് വാഹനത്തിൽ രാജൻ മാഷിന്റെ അടുത്തിരുത്തി അവള്‍ അമ്മയുടെ അടുത്തേക്ക് പുറപ്പെട്ടു …
വീടിന്റെ കുറച്ച് അകലെയുള്ള റോഡില്‍ വാഹനം നിർത്തി…
വീട്ടിലേക്കുള്ള നടവഴിയിലൂടെ ആ പന്ത്രണ്ട്കാരിയെപ്പോലെ അവളോടി…
ഉയര്‍ത്തിപ്പിടിച്ച സ്വർണ്ണ മെഡലുമായി ഒാലമേഞ്ഞ വീടിന്റെ അടുക്കള വാതില്‍ തുറന്നവൾ അകത്തേക്ക് കയറി… അമ്മേ,,__,, അമ്മേ,,,, ഇത് കണ്ടോ അച്ചുവിന് സ്വർണ്ണമെഡൽ കിട്ടി…
വർഷങ്ങൾക്ക് മുമ്പ് അച്ചു കട്ടിലിനടിയിലേക്കിട്ട ട്രോഫിയും നെഞ്ചോട് ചേര്‍ത്ത് ഏങ്ങലടക്കാൻ കഴിയാതെ കരയുന്ന അമ്മയെ അവള്‍ മാറോട് ചേര്‍ത്തു പിടിച്ചു …..
ഒന്നും സംസാരിക്കാന്‍ കഴിയാതെ മാപ്പിരക്കുന്ന അമ്മയുടെ ചുണ്ടുകള്‍ അവള്‍ തടഞ്ഞു …
ഒരു പൊട്ടിക്കരച്ചിലോടെ അവളാ ഉയര്‍ത്തിപ്പിടിച്ച മെഡൽ അമ്മക്ക് സമ്മാനിച്ചു….
അവളെ സ്വീകരിക്കാന്‍ ആ വീടിന്റെ പരിസരത്തേക്കോടിയെത്തിയ ഇരുളിൻ കുന്ന് നിവാസികളും പത്രക്കാരും, നാട്ടുകാരും, രാജൻമാഷും , സുജിത്തും,,,, കണ്ണുനീരിന്റെ നനവോടെ കലർപ്പില്ലാത്ത ആ സ്നേഹത്തിന്റെ വികാര നിർഭയമായ നിമിഷത്തിന്റെ ദൃക്സാക്ഷികളായി,,,,,,_,,

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments