Thursday, April 25, 2024
HomeLiterature"പരേതനായ മകൻ" (കഥ).

“പരേതനായ മകൻ” (കഥ).

കാർത്തിക മോഹനൻ (Street light fb group).
ഇന്നാണ് ആ ദിവസം.. നേരം നന്നേ പുലരും മുൻപേ തന്നെ ലീലയമ്മ ഉറക്കമുണർന്നു. എന്നിട്ട് രാവിലെത്തെ കാപ്പിയ്ക്കുള്ളതും കുഞ്ഞുണ്ണിയ്ക്ക് സ്‌കൂളിൽ കൊണ്ടുപോകാനുള്ള ഊണും കാലാക്കി. അതുകഴിഞ്ഞ് അതിവേഗത്തിൽ ഒരു കാക്കക്കുളിയും പാസ്സാക്കി വയൽക്കരയ്ക്കക്കരെയുള്ള ഭഗവതിക്ഷേത്രത്തിലേക്കോടി. “ഇങ്ങോട്ടേക്കൊരു വരവുണ്ടാവ്വ്വോ ഇനി ?”, ഇരുൾ പരന്ന  ഇടവഴിയിലൂടെ തിരികെ നടക്കുമ്പോൾ ലീലയമ്മ മനസ്സിലോർത്തു.
മനസ്സിലൊരുനൂറു ചോദ്യങ്ങൾ പേറി ഓടിയും നടന്നും വീടിൻ്റെ പടിയ്ക്കലെത്തിയപ്പോൾ രാജിയുടെ ശകാരം ബെഡ്‌റൂമിൻ്റെ നാല് ചുവരിലും തട്ടി ചിലമ്പിച്ചു പുറത്തേക്കുവരുന്നത് കണ്ടു. വിനയൻ മുറ്റത്ത് കാർ സ്റ്റാർട്ട് ചെയ്തുനിർത്തിയിരുന്നു. എപ്പോഴത്തെയും പോലെ അയാൾ ഇന്നും ലീലയമ്മയെ ദയനീയമായി നോക്കി. അവർ അവനെ നോക്കി പതിവിലുമധികം പുഞ്ചിരിച്ചുകൊണ്ട് വേഗത്തിൽ അകത്തേയ്ക്കു കയറിപ്പോയി.അടുക്കളയോടു ചേർന്ന ചായ്പ്പിലേയ്ക്ക് കയറിച്ചെന്ന് തലേന്ന് രാത്രി തന്നെ തയ്യാറാക്കി വെച്ചിരുന്ന തോൾബാഗ് കൈയ്യിലെടുത്ത് അതേ വേഗത്തിൽ തന്നെ പുറത്തു വന്നു.
ഹാളിലെത്തിയപ്പോൾ അരികെയുള്ള ബെഡ്‌റൂമിലേയ്ക്ക് തളർച്ചയോടെ ഒന്നെത്തിനോക്കീയവർ.. “കുഞ്ഞുണ്ണി ഉറങ്ങുകയായാണ്. വേണ്ട, ഉണർത്തണ്ട, ഉണർന്നാൽ പിന്നെ കരച്ചില് തുടങ്ങും കുട്ടി..” അവർ തന്നോടുതന്നെയൊന്നു പറഞ്ഞ് മുറ്റത്തേക്കിറങ്ങി ധൃതിയിൽ ചെരുപ്പിട്ടു കാറിനടുത്തേയ്ക്ക് നടന്നു. ഉമ്മറത്തെ തുളസ്സിച്ചെടിയിൽ നിന്നും വേഗത്തിലൊരു കതിർ നുള്ളിയെടുത്തു നടത്തത്തിനിടയിൽ തന്നെ മുടിയിൽ തിരുകുകയും ചെയ്തു.
കാറിന്നടുത്ത് രാജി അക്ഷമയായി ലീലയമ്മയെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ” ഇന്നൊരു ദിവസത്തേയ്ക്കെങ്കിലും കാലത്തേയുള്ള ഈ അമ്പലസർക്കീട്ട് ഒന്ന് വേണ്ടെന്നുവെച്ചൂടെ നിങ്ങൾക്ക്? ഇന്നലെ രാത്രി കൂടി നൂറുവട്ടം ഓതിയതാ പുലർച്ചെ പുറപ്പെടണംന്ന് ..”, ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവൾ ലീലയമ്മയെ ഒന്ന് നോക്കി ദഹിപ്പിച്ചു. അവർക്കു ചിരി വന്നു. കാറിനടുത്തുചെന്ന് തിരിഞ്ഞു നോക്കി അവർ മറുപടിയെന്നപോലെ പറഞ്ഞു: “ഇനിയില്ലല്ലോ മോളേ, ശെരി, അമ്മയിറങ്ങട്ടെ.. ” . “ങാ”, അവരുടെ മുഖത്തുനോക്കാതെയുള്ള രാജിയുടെ മറുപടി അതിവേഗത്തിൽ ലീലയമ്മയുടെ ചെവിയിൽത്തട്ടി കാറിനുള്ളിലേക്ക് കയറി, പിന്നാലെ ലീലയമ്മയും കയറി. ഡോറടച്ചുകൊണ്ട് രാജി ഡ്രൈവർ സീറ്റിലേക്ക് നോക്കി കണ്ണുരുട്ടികൊണ്ടുപറഞ്ഞു: ” പെട്ടെന്നിങ്ങു തിരിച്ചു പോന്നേക്കണം, നേരത്തോടെ പുറപ്പെട്ടാലേ നാളെ മുഹൂർത്തതിനുമുന്നേ അങ്ങെത്താൻ പറ്റൂ..” . വിനയൻ അവളെനോക്കാതെ തന്നെ തലയാട്ടി, ഒപ്പം കാറ് മുൻപോട്ടെടുത്തു.
വഴിയിൽ അമ്മയും മകനും ഒന്നും സംസാരിച്ചില്ല. അവർക്കിടയിലെ മൗനം വിങ്ങിയും ചിലനേരങ്ങളിൽ വിങ്ങാതെയും ഉരുണ്ടുകൂടി കാറിനുള്ളിൽ തലയും താഴ്ത്തിയിരുന്നു. ലീലയമ്മ കാറിനു പുറത്തേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. വിനയനാകട്ടെ, മിററിലൂടെ അവരെയും.
വഴിയരികിൽ കണ്ട ഏതോ ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി തല പിറകിലേയ്ക്ക് തിരിച്ചുവെച്ച് അയാൾ ചോദിച്ചു: “അമ്മയ്ക്ക് പ്രാതൽ കഴിക്കണ്ടേ?”, അനുസരണയില്ലാതെ കാറിനുപുറത്തേയ്‌ക്ക്‌ പാഞ്ഞുപോയ്‌ക്കൊണ്ടിരുന്ന ലീലയമ്മയുടെ ചിന്തയെ ആ ചോദ്യം ആക്കത്തിൽ പിടിച്ചു നിർത്തി, അവർ തെല്ലൊന്നു ഞെട്ടി!! അവർ ഞെട്ടിയതറിഞ്ഞതും ചിന്ത കാറിനുള്ളിലേക്ക് തിരിച്ചു കയറി വന്നു, അമ്മ പുഞ്ചിരിച്ചുകൊണ്ട് മകനോട് പറഞ്ഞു: “വേണംന്നില്ല, അവിടെച്ചെന്നാൽ ഊണുതന്നെ ആകാല്ലോ, നിനക്കു നേരം വൈകിക്കണ്ട”, വിനയൻൻ്റെ കണ്ണുകൾ അവരെ തളർച്ചയോടെ തുറിച്ചു നോക്കി. അയാൾ തിരിഞ്ഞിരുന്ന് വീണ്ടും കാർ സ്റ്റാർട്ടാക്കി.
കാർ നിരത്തിലൂടെ നിർത്താതെ ഓടിക്കൊണ്ടിരുന്നു. സമയം രണ്ടരയോളമായി. അയാൾ മിററിലൂടെ വീണ്ടും പിറകിലേക്ക് നോക്കി. അമ്മ ചാരിയിരുന്ന് നല്ല ഉറക്കമാണ്. ഉണർത്താതിരിക്കാൻ റോഡിലെ കുഴികളോരോന്നിനും അരികിലൂടെ കാർ വെട്ടിച്ചുകൊണ്ടിരുന്നു വിനയൻ. അയാൾക്കരികിലിരുന്ന മൗനം തലയുയർത്തിപ്പിടിച്ചുകൊണ്ടൊന്നു മനസ്സിലോർത്തു:”എത്ര നല്ല മകനാണിയാൾ!!”.
ഏകദേശം അരമണിക്കൂർ കൂടി പിന്നിട്ടു അവർ സ്നേഹസദനത്തിലെത്തുമ്പോൾ. കാർ, തുറന്നുകിടന്ന ഗേറ്റിനകത്തേക്ക് കടന്ന് സാവധാനത്തിൽ അതിൻ്റെ യാത്ര അവസാനിപ്പിച്ചു. വിനയൻ പിന്തിരിഞ്ഞ് അമ്മയെ ഒന്ന് നോക്കി, ലീലയമ്മ പൊടുന്നനെ അയാളെനോക്കി പുഞ്ചിരിച്ചു. വിനയന് എന്തെന്നില്ലാത്ത ഒരു വല്ലായ്മ തോന്നി. അയാൾ പുറത്തേക്കിറങ്ങി പിന്നിലെ ഡോറുതുറന്നു. ലീലയമ്മ തൻ്റെ തോൾബാഗുമെടുത്ത് കാറിനു പുറത്തിറങ്ങി. അവരൊന്നു ചുറ്റിനും നോക്കി, എന്നിട്ട് തന്നോടു തന്നെ പറഞ്ഞു: “കൊള്ളാം, നല്ല ഭംഗിയുള്ള സ്ഥലം”. വിനയനെ വിട്ടുമാറാൻ മടിച്ചിട്ടെന്നപോലെ വല്ലായ്മ അയാളെയും ചുറ്റിപ്പറ്റിനിന്നു. “‘അമ്മ വരൂ..”, അയാൾ വല്ലായ്മയേയും കൊണ്ട് അമ്മയ്ക്ക് മുന്നിലായി ഓഫീസ്‌മുറിയ്ക്കു നേരെ നടന്നു.
ഓഫീസ്‌മുറിയ്ക്കു മുന്നിലെ നീണ്ട ഇടനാഴിയിലൂടെ നടക്കെ, നന്നേ പ്രായമായ ഒരു സ്ത്രീ വന്ന് ലീയമ്മയുടെ ശോഷിച്ച കൈയ്യിൽ പിടിച്ചു. “തൻ്റെ അമ്മയേക്കാൾ ഒത്തിരി പ്രായക്കൂടുതലുണ്ടാവും അവർക്ക്”, വിനയൻ മനസ്സിലോർത്തു. ലീലയമ്മ അവരെ നോക്കി പുഞ്ചിരിച്ചു. “മകനാണോ?”, അവർ വിനയൻ്റെ മുഖത്തേക്കുനോക്കി സംശയത്തോടെ ചോദിച്ചു. ഇപ്രാവശ്യം വല്ലായ്മ അയാളുടെ തൊണ്ടയെ ശക്തിയായി ഞെക്കിപ്പിടിച്ചു . അതുകൊണ്ടുതന്നെ  “അതേ”യെന്ന് മറുപടി പറയണമെന്നുണ്ടായിട്ടും അയാളിൽനിന്ന് ഒരുവിധത്തിലുള്ള ശബ്ദവും പുറത്തു വന്നില്ല. തലയാട്ടുകയാവും ഭേദമെന്നു മനസ്സിലാക്കി അത് മാത്രം ചെയ്തു. പക്ഷെ, ലീലയമ്മയുടെ ശബ്ദത്തിൽ “അതേ”യെന്ന മറുപടി കേട്ട പ്രായമായ സ്ത്രീ യാതൊരു ഭാവഭേദവുമില്ലാതെ ലീലയമ്മയെ നോക്കി പറഞ്ഞു: ” നമുക്ക് അകത്തേക്ക് ചെല്ലാം, ഓഫീസ്‌മുറിയിൽ നമ്മുടെ ആവശ്യമില്ലെന്നേ”. ലീലയമ്മ  അവരോട് ചിരിച്ചുകൊണ്ട് വിനയൻ്റെ മുഖത്തേയ്ക്കു നോക്കി, എന്നിട്ട് പതിയെ തലയാട്ടി, പിന്നെ മുൻപേ നടന്ന സ്ത്രീയുടെ പുറകിലായി നടന്നകന്നു.
അമ്മ കണ്ണിൽനിന്നു മറയുന്നതു നോക്കി അൽപനേരം കൂടി അവിടെനിന്ന ശേഷം വിനയൻ ഓഫീസ് മുറിയിലേക്ക് ചെന്നു.  അവിടുത്തെ ഫോർമാലിറ്റികൾ തീരാൻ കുറച്ചു സമയമെടുത്തു. അതെല്ലാം തീർത്തു പണമടച്ചു രശീത് കൈപ്പറ്റി ഓഫീസ് മേലധികാരി പറഞ്ഞതെല്ലാം തലകുലുക്കിക്കേട്ട് അയാൾ കസേരയിൽനിന്നെഴുന്നേറ്റു. പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ വിനയൻ്റെ ചെവി പിറകിൽ നിന്നു വന്ന ശബ്ദം വ്യക്തമായി കേട്ടു: ” ഇടയ്ക്ക് വന്നൊന്നു തിരക്കിയേക്കണം, ഇവിടെ നിന്നും മരണം അറിയിയ്ക്കാൻ വേണ്ടി കാത്തുനിന്നേക്കരുത് ..”. ചെവി ശക്തമായിത്തന്നെയൊന്നു നടുങ്ങി, തിരിഞ്ഞൊന്നു നോക്കാനോ, മറുപടി പറയാനോ, എന്തിന് .. തലയാട്ടാൻ പോലുമോ ഉള്ള ശക്തി വിനയനുണ്ടായില്ല. അതിവേഗത്തിൽ കാലുകൾ വലിച്ചുവെച്ച് അയാൾ കാറിനുനേർക്ക് നടന്നു.
കാറിനുള്ളിലേക്കു ബദ്ധപ്പെട്ടു കയറിയിരുന്ന് ഒന്നുകൂടി പുറത്തേക്കുനോക്കി. ഇല്ല, ഒന്നും കാണാൻ സാധിക്കുന്നില്ല, കണ്ണുകൾ നിറഞ്ഞ് കാഴ്ച മറഞ്ഞിരുന്നു. വിനയൻ കാർ ഗേറ്റിനു പുറത്തേയ്‌ക്കെടുത്തു. അതിനു വേഗത നന്നേ കുറവാണെന്നു തോന്നി അയാൾക്ക്‌. പിന്നെയും  വേഗം കൂട്ടി. വഴിയ്ക്ക് ഇടയ്ക്കെവിടെയോ കാർ നിർത്തി കുറച്ചു നേരം സ്റ്റിയറിങ്ങിൽ തലവെച്ചു മയങ്ങി. ചുറ്റിനും ഇരുളു പടർന്നു തുടങ്ങിയിരുന്നു. സീറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ  ശബ്‌ദിക്കുന്നതു കേട്ടാണ് വിനയൻ ഉണർന്നത്. രാജിയുടെ കോളാണ്. ഫോൺ കൈയിലെടുത്ത് രണ്ടാമതൊന്നാലോചിക്കാതെ കോൾ ഡിസ്കണക്ട് ചെയ്തു. മുഖമൊന്നുമർത്തിത്തുടച്ച് അയാൾ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു.
അന്തരീക്ഷം കറുപ്പ് മാറ്റി വെള്ളയെടുത്തണിഞ്ഞു. നേരം പുലർന്നു തുടങ്ങി. അമ്പലമുറ്റത്തെ നദിയും ആൽമരവും അഷ്ടപദി കേട്ട് അതുവഴിയേ മൂളിപ്പാറിവന്ന കാറ്റും വിനയനെ കണ്ടു. അവർക്കു മുൻപിൽ ദേഹത്തോടൊട്ടിയ ഈറനുമുടുത്ത് അയാൾ മണലിൽ കാൽമുട്ട് കുത്തിയിരുന്നു. ദർഭയണിഞ്ഞ വിരലുകളും അവയെത്താങ്ങിയ കൈകളാകെയും വിറച്ചുകൊണ്ടിരുന്നു. മുൻപിലിരുന്ന  ബ്രാഹ്മണൻ നിർത്താതെ മന്ത്രങ്ങൾ ജപിച്ചു. അദ്ദേഹം ഇടയ്ക്കെന്തോ വിനയനോട് ചോദിച്ചു, ചോദ്യം വിനയൻ്റെ രണ്ടു  ചെവികളിലും തട്ടി ചുറ്റുപാടും വ്യാപിച്ചു. മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ അദ്ദേഹം ഒരിക്കൽ കൂടി ആരാഞ്ഞു: “പരേതൻ്റെ നാമം??”. ഇക്കുറി ചോദ്യം വിനയൻ്റെ ചുണ്ടുകളെക്കൂടി വിറകൊള്ളിച്ചു. അയാൾ സ്വയമറിയാതെത്തന്നെ ഉരുവിട്ടു: “വിനയൻ, നക്ഷത്രം – പൂരം”. പറഞ്ഞുതീർന്നതും ചൂടാർന്ന ഒരു കണ്ണീർത്തുള്ളി അയാളിൽ നിന്നടർന്ന് ഇടതു കൈയിലെ ദർഭയിൽത്തട്ടി താഴെ ഇലക്കീറിൽ വെച്ചിരുന്ന അരിയ്ക്കും എള്ളിനും മീതേ വീണു ചിതറി.
തീരേ അനുസരണയില്ലാതെ വിനയൻ്റെ ചുണ്ടുകൾ പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നു: “പരേതൻ – വിനയൻ, നക്ഷത്രം – പൂരം”. വിറബാധിച്ച ആ ശബ്ദം അയാളെത്തന്നെ നോക്കിനിന്നിരുന്ന കാറ്റിലലിഞ്ഞ്‌ ആൽമരത്തിൻ്റെ ഉയരത്തിലൊന്നു തട്ടി നദിയിൽച്ചെന്ന്‌ വീണു. കുറ്റബോധത്തിൻ്റെയും നിസ്സഹായതയുടെയും ആഴങ്ങൾക്കുള്ളിൽ വിനയൻ്റെ മറുപടി അലയടിച്ചുകൊണ്ടിരുന്നു. അത് കേട്ട് അവിടേക്കെത്തിച്ചേർന്ന വിശന്നുവലഞ്ഞ ഒരു ബലിക്കാക്ക അയാൾക്കരികേ വന്നു നിന്ന് അയാളെത്തന്നെ ചാഞ്ഞുനോക്കി…
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments