Monday, May 6, 2024
HomeSTORIESഅന്നയും റസൂലും (കഥ).

അന്നയും റസൂലും (കഥ).

സായി ബ്രോ   (for street light fb group).
അളിയാ എക്സാം നാളെ തീരും, നമുക്ക് അലക്സിന്റെ നാട്ടിലേക്ക് പോയാലോ ?   അവന്ടെ ഇടവക പെരുന്നാള് കൂടീട്ടു വരുകയും ചെയ്യാം…
എപ്പടി മച്ചാ എന്ടെ ഐഡിയ ???
ശ്യാമിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാനൊന്നു ആലോചിച്ചു..
അലക്സ്,  ശ്യം, മോബിൻ, പിന്നെ റസൂൽ  എന്ന ഈ ഞാൻ,  ഞങ്ങൾ ഒരുമിച്ചു ഒരേ  കോളേജിൽ പഠിക്കുന്നു,  ഒരേ ഹോസ്റ്റലിൽ താമസിക്കുന്നു..
അലക്സ് ന്ടെ വീട് ഇടുക്കിയിലാണ്.. അവന്ടെ നാട്ടിലെ പള്ളിപെരുനാൾ തൃശ്ശൂര് പൂരത്തിനേക്കാൾ കേമം എന്നാണ് അലക്സിന്റെ പക്ഷം..
അങ്ങനെ ആലോചിച്ചു കൂട്ടത്തിലെ പ്രമാണിയായ ഞാൻ ഒരു തീരുമാനമെടുത്തു, 
നാളെ എക്സാം തീരുമ്പോൾ ഞങ്ങൾ മൂന്നുപേരും അലക്സിന്റെ നാട്ടിലേക്ക് പോകുന്നു,  അവന്ടെ ഇടവക പള്ളി പെരുന്നാളും കൂടി  ഒരാഴ്ച അവിടെ താമസിച്ചിട്ടേ തിരിച്ചുവരവുള്ളു ഹോസ്റ്റലിലേക്ക്..
എക്സാം കഴിഞ്ഞു ബസ് കേറി ഞങ്ങൾ  ഇടുക്കിയിൽ എത്തിയപ്പോൾ തന്നെ പാതിരാത്രി ആയി… ബസ് നിർത്തിയിടത്തു നിന്നും പത്തു കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചിട്ടാണ് അലക്സിന്റെ വീടെത്തിയത്.. ആ വഴിയിലൂടെ ജീപ്പ് മാത്രമേ പോകു,  അത്രക്കും മോശം..
ഓട് മേഞ്ഞതെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളതായിരുന്നു അലക്സിന്റെ വീട്..
ഒത്തിരി  ആളുണ്ടായിരുന്നു അവിടെ.. പള്ളി പെരുന്നാള് പ്രമാണിച്ചു ബന്ധുക്കൾ നേരത്തെ എത്തിക്കാണും…
അലക്സിന്റെ റൂമിൽ ബാഗ് കൊണ്ടുവെച്ച ഉടൻതന്നെ മോബിൻ അലക്സ് പറഞ്ഞ വീരകഥകളിലെ അത്ഭുത വസ്തുവിനെ കാണാനായി തിരക്ക് കൂട്ടി…
ധൃതി വെക്കല്ലേ അളിയാ, കാട്ടിത്തരാം എന്നുപറഞ്ഞു അലക്സ് അവനെ സമാധാനിപ്പിക്കുണ്ടായിരുന്നു..
റസൂ,   നമുക്ക് കുളി പുഴയിലാക്കിയാലോ എന്ന് അലക്സ് ചോയ്ച്ചപ്പോൾ പിന്നെ ഞങ്ങൾ ഒന്നും ആലോചിക്കാതെ പുഴയെ ലക്ഷമാക്കി ഇരുട്ടിലൂടെ നടന്നു തുടങ്ങി..
മക്കളെ സൂക്ഷിക്കണേ, കയം കാണും.. അങ്ങോട്ടൊന്നും പോയേക്കരുത്,
അലക്സിന്റെ അമ്മച്ചി  പിറകിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഞങ്ങൾ മൂന്നുപേർക്കും ആ പുഴ ഒരു അത്ഭുതമായിരുന്നു… കൂവിയാർത്തുകൊണ്ട് മോബിനും ശ്യാമും ഞാനും പുഴയിലേക്കെടുത്തു ചാടി…
അതെ സമയം അലക്സ് പറയിടുക്കിലേക്കു ചെന്നു പുഴയിലേക്ക് നീണ്ടു കിടന്നിരുന്ന നൈലോൺ നൂല് പതുക്കെ വലിച്ചു കയറ്റുകയായിരുന്നു..
ഡാ  റസൂ,  അതെന്തായിരിക്കും ??
ശ്യാമിന് സംശയം..
ചൂണ്ട ആയിരിക്കും മോബിൻ ഉറപ്പിച്ചു..
മക്കളെ ഇത് മറ്റവനാടാ, 
എന്ന് പറഞ്ഞു ഞാൻ അലക്സിന്റെ അടുത്തേക്ക് ഓടിച്ചെന്നു..
അതെ,  മുൻപേ മോബിൻ തിരക്കിയ ആ അത്ഭുത സംഭവം…
നാടൻ വാറ്റു ചാരായം !!!!
അതായിരുന്നു ആ നൂലിന്റെ അറ്റത്തു…
പുഴയിൽ കെട്ടി താഴ്ത്തിയ വാറ്റുചാരായും കയ്യില്പിടിച്ചിരിക്കുമ്പോൾ   ഇച്ചായാ  എന്നുവിളിച്ചു ഒരുപെണ്കുട്ടി പുഴക്കരയിലേക്കു ഓടിവന്നു..
അലക്സിന്റെ പുന്നാര പെങ്ങൾ സിസിലി.. കയ്യിൽ എന്തോ പൊതിയും ഉണ്ട്..
ഇതെന്നതാ സിസിലി മോളെ.. ??
കപ്പ പുഴുങ്ങിയതാ ഇച്ചായ,
അമ്മച്ചി തന്നുവിട്ടതാ… ചാരായം കുടിച്ചു ചങ്ക് വാട്ടല്ലേ ന്ന് പറയാൻ പറഞ്ഞു അമ്മച്ചി…
കയ്യിലിരിക്കുന്ന പൊതി അലക്സിനെ ഏല്പിച്ചു  ഞങ്ങളെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് സിസിലി ഓടിപോയി..
ആ മണൽതിട്ടയിൽ ഇരുന്നു കപ്പ പുഴുങ്ങിയതിന്ടെ പിൻബലത്തിൽ ഞങ്ങൾ വീര്യമേറിയ ആ ദ്രവകം പതിയെ സേവിച്ചു  തുടങ്ങി…
പിന്നെ അവിടെ സംഭവിച്ചതൊന്നും ഓർമകിട്ടുന്നില്ല… എങ്ങിനെയോ അലക്സിന്റെ വീട്ടിൽ എത്തിയതും ഭക്ഷണം കഴിക്കാനായി ഊണുമേശക്കു ചുറ്റും ഇരുന്നതും ഓർമയുണ്ട്..
മോബിനും ശ്യാമും എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു..
കഴുത്തിൽ ഉറച്ചു നിൽക്കാതെ താഴേക്ക് ഊർന്നുകൊണ്ടിരിക്കുന്ന എന്ടെ സ്വന്തം ശിരസ്സിനെ  ഇടതുകൈകൊണ്ട്   നേരെ  നിർത്തുന്നതിനിടക്കാന് ഞാൻ   ആ കാഴ്ച കണ്ടത്….!!
ഒരു മാലാഖ അതാ എന്ടെ അടുത്തേക്ക് പയ്യെ നടന്നു വരുന്നു.. ഞാൻ കണ്ണുകൾ ഒന്നടച്ചു തുറന്നു…
അതെ.. മാലാഖ തന്നെ, പക്ഷെ സ്ഥിരം മാലാഖമാരുടെ വേഷമല്ല.. ചുരിദാർ
ആണ് ഈ മാലാഖ ഉടുത്തിരിക്കുന്നത്…
പതിയെ എന്ടടുത്തെത്തിയ മാലാഖ എനിക്ക് ചോറും കോഴിക്കറിയും വിളമ്പി തന്നു.. പിന്നൊരു ഗ്ലാസ്സ് ചൂടുവെള്ളവും…
അന്ന് പാതിരാത്രി എനിക്ക് പനിച്ചു തുടങ്ങി… നേരം വെളുത്തപ്പോഴേക്കും പനി കൂടി, … അലക്സും മോബിനും ശ്യാമും കൂടി അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി എളിയിൽ ഒരു ഭീകര ഇൻജെക്ഷൻ എടുത്തപ്പോഴാണ് പനി അല്പം കുറഞ്ഞത്..
പക്ഷെ ശരീരത്തിന് നല്ല ക്ഷീണം ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അവർ മൂന്നുപേരും പുറത്തോട്ടു കറങ്ങാൻ പോയപ്പോൾ ഞാൻ മാത്രം റൂമിൽ മൂടിപുതച്ചിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ സിസിലി കുശലം പറയാനെത്തി,
അവളുടെ ചറപറാ സംസാരം കേട്ടപ്പോൾ സമയം പോയതറിഞ്ഞില്ല… ഇന്നലെ ഭക്ഷണം വിളമ്പിത്തന്ന മാലാഖയുടെ പേര് അന്ന എന്നാണെന്നു അതിനിടയിൽ ഞാൻ സിസിലിയിൽ നിന്നും മനസിലാക്കി..
ചേട്ടായിക്ക് വിശക്കുന്നില്ലേ ? കഞ്ഞി എടുക്കട്ടേ.. എന്നവൾ ചോദിച്ചപ്പോൾ ഞാൻ പതിയെ തലയാട്ടി..
ജനാലയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചിരിക്കുമ്പോഴാണ് പിറകിൽ ഒരനക്കം കേട്ടത്…
തിരിഞ്ഞു നോക്കിയപ്പോൾ ഒന്ന് കണ്ണുചിമ്മിപ്പോയി…
ഇന്നലെ രാത്രി എനിക്ക് ഭക്ഷണം വിളമ്പിയ അതെ മാലാഖ… ഇന്നവൾ വീണ്ടും കഞ്ഞിയുമായി എന്ടെ കണ്മുൻപിൽ നില്കുന്നു…
പടച്ചോനെ.. … !!

കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും മേശയിൽ വെച്ചു തന്നിട്ട് അന്ന  അവളുടെ വഴിക്ക് പോയി…

ഇന്നലെ കഴിച്ച ചാരായം വയറ്റിലുള്ള എല്ലാത്തിനെയും ദഹിപ്പിച്ചിരുന്നതിനാൽ ഞാനാ ചൂട് കഞ്ഞി മോന്തി കുടിച്ചു തീർത്തു..
അന്ന് ആ റൂമിൽ നിന്നും ഞാൻ പുറത്തിറങ്ങിയില്ല,  ഇടക്കൊന്നു ഏന്തിവലിഞ്ഞു പുറത്തേക്ക് നോക്കി അന്നയെ  കാണുമോ എന്നറിയാൻ.. പക്ഷെ സാധിച്ചില്ല..
അടുത്ത ദിവസം രാവിലെ മുതൽ അലക്സ് പള്ളി കാര്യങ്ങളുമായി തിരക്കിലായിരുന്നു.. അവനെ സഹായിക്കാനായി മോബിനും ശ്യാമും ഒപ്പം പോയി.. വയ്യാത്തതിനാൽ എന്നെ ആ ദുഷ്‌ടന്മാർ കൂടെ കൂട്ടിയില്ല
അന്നും ഭക്ഷണ സമയങ്ങളിൽ മാത്രം ഞാൻ അന്നയെ  കണ്ടു… പക്ഷെ അവൾ എന്നെ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു…
പിറ്റേന്ന് പള്ളി പെരുന്നാൾ… അലക്സിന്റെ കുടുംബത്തോടൊപ്പം ഞങ്ങളും പകലുമുഴുവൻ പള്ളിയിൽ കഴിഞ്ഞു.. അന്നയും  ഉണ്ടായിരുന്നു കൂട്ടത്തിൽ…
അവളുടെ മുഖത്തു സങ്കടത്തിന്റെ ചെറിയൊരു പാട ഉള്ളപോലെ എനിക്കൊരു തോന്നൽ.. അവൾ ആരോടും അതികം സംസാരിച്ചുകണ്ടില്ല… സിസിലിയോട് മാത്രം ഇടക്കിടക്ക് എന്തോ പറയുന്നുണ്ടായിരുന്നു…
രാവിലെ മുതൽ വെയില് കൊണ്ടതുകൊണ്ടാവും വൈകീട്ടായപ്പോൾ എനിക്ക് പനിച്ചു തുടങ്ങി..
രാത്രിയിലെ ബാൻഡ്‌സെറ്റും നാടകവും കാണാൻ നിൽക്കാതെ ഞാൻ അലക്സിന്റെ വീട്ടിലേക്ക് മടങ്ങി…
സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം ദൈവത്തിന്റെ കളികൾ ആണെന്ന് അലക്സിന്റെ വീട്ടിൽ എത്തിയപ്പോഴാണ് എനിക്ക് മനസിലായത്..
അലക്സിന്റെ ഏതോ വല്യമ്മക്കു ആസ്മയുടെ ശല്യം കൂടിയതുകൊണ്ട് വല്യമ്മക്ക് കൂട്ടിനായി അന്നയും  ഉണ്ടായിരുന്നു അപ്പോൾ ആ വീട്ടിൽ..
മൗനം ഉറങ്ങുന്ന ആ വീട്ടിൽ ഞങ്ങൾ പരസ്പരം ഒന്നുംതന്നെ സംസാരിച്ചില്ല…
വല്ലാത്ത തളർച്ചയും ക്ഷീണവും ഉള്ളതുകൊണ്ട് ഞാൻ പതിയെ ബെഡിലേക്ക് ചാഞ്ഞു…
ഇടക്കെപ്പോഴോ അന്ന റൂമിലേക്ക് കഞ്ഞിയുമായി വന്നത് ഞാനറിഞ്ഞു…
പനി കുറവുണ്ടോ ?…
അന്നയുടെ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യം തൊട്ടടുത്ത് നിന്നും കേട്ടപ്പോൾ കണ്ണ്‌ തുറക്കണം എന്നും,  അവളെയൊന്നു നോക്കണം എന്നും ഉണ്ടായിരുന്നു..
പക്ഷെ ,  ശരീരത്തിന്റെ ക്ഷീണം എന്നെ അതിന് അനുവദിച്ചില്ല..
എന്തോ പന്തികേട് തോന്നിയിട്ടാവണം അവൾ നെറ്റിയിൽ കൈവെച്ചു ചൂട് നോക്കിയത്,..
അയ്യോ,  നല്ല ചൂടുണ്ടല്ലോ… അതും പറഞ്ഞു മേശപ്പുറത്തിരുന്ന മരുന്നെടുത്തു അവൾ എന്നെകൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചു..
പനിയുടെ കാഠിന്യം മൂലം ശരീരം വിറച്ചുകൊണ്ടിരിക്കുമ്പോൾ  അന്ന ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ സ്പൂണിൽ കഞ്ഞി കോരി എന്ടെ വായിൽ വെച്ചു തന്നു..
കുറച്ചു കഴിച്ചപ്പോഴേക്കും ഞാൻ മതിയാക്കാൻ ശ്രമം നടത്തി തുടങ്ങി..
ശൂ, എന്ന ശബ്ദം  ഉണ്ടാക്കി അവൾ സ്പൂണുകൊണ്ട് കവിളിൽ ഒരു കുഞ്ഞടി വെച്ചു തന്നു..
ഇതുമുഴുവനും കഴിച്ചു,  ഒന്ന് ഉറങ്ങി എണീറ്റാൽ ചേട്ടായിടെ പനി പമ്പകടക്കുട്ടോ.. എന്ന് പറഞ്ഞു അവൾ നിര്ബന്ധിപ്പിച്ചു പിന്നെയും എന്നെ കഞ്ഞി കുടിപ്പിച്ചു..
ഇനി  ഉറങ്ങിക്കോട്ടോ… നേരം വെളുക്കുമ്പോ  ചേട്ടായി മിടുക്കൻ ആയി എണീക്കും നോക്കിക്കോ, 
എന്ന് പറഞ്ഞു കട്ടിയുള്ള കരിമ്പടംകൊണ്ട് എന്നെ ഭദ്രമായി പുതപ്പിച്ചു അന്ന തിരിഞ്ഞു നടക്കവേ ഞാൻ ആ കൈകളിൽ പതിയെ ഒന്ന് തൊട്ടു..
ഉം ?
  
ചോദ്യഭാവത്തിൽ അവളെന്നെ നോക്കി..
കുറച്ചു സമയംകൂടി ഇവിടെ ഇരിക്കാവോ…
ചുണ്ടിൽ ഒരു മന്ദസ്മിതം വിരിയിച്ചു അന്ന ഞാൻ ഉറങ്ങുവോളം എനിക്ക് കൂട്ടായിരുന്നു…
ഇടക്കെപ്പോഴോ ഞെട്ടി എണീറ്റപ്പോൾ അന്നയുടെ കൈകൾ എന്ടെ ചുമലിൽ പതിയെ തടവുന്നത് ഞാൻ അറിഞ്ഞു…
അന്നയുടെ സാമിപ്യത്തിലും, ആ മൃദുലമായ കരങ്ങളുടെ തലോടലിലും അലിഞ്ഞു  ഞാൻ പെട്ടെന്നുറങ്ങി..
പിന്നീടുള്ള മൂന്ന് ദിവസങ്ങൾ പ്രണയത്തിന്റെതായിരുന്നു… മറ്റാരും കാണാതെ ഒരു നോട്ടം, ഒരു പുഞ്ചിരി…. അതിലൂടെ പരസ്പരം ഹൃദയം പങ്കിട്ടു ഞാനും അന്നയും…
പക്ഷെ സിസിലി അതി ബുദ്ധിമതി ആയിരുന്നു..
കൂട്ടുകാർക്കുപോലും സംശയത്തിന് ഇടകൊടുക്കാതെ ഞാൻ സൂക്ഷിച്ചു കൊണ്ടുനടന്ന അന്നയോടുള്ള എന്ടെ പ്രണയത്തെ വളരെ പെട്ടെന്ന് സിസിലി കണ്ടുപിടിച്ചു കളഞ്ഞു..
പക്ഷെ സിസിലി ഞങ്ങളുടെ പ്രണയത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു..
അവളാണ് അന്നയെക്കുറിച്ചു എന്നോട് കൂടുതൽ പറഞ്ഞുതന്നത്..
അലക്സിന്റെ അമ്മച്ചിയുടെ അനുജത്തിയുടെ മകളാണ് അന്ന..
അന്നയെ പ്രസവിച്ച ഉടനെ അമ്മ മരിച്ചുപോയി..
അതിന് ശേഷം അന്നയുടെ അപ്പൻ ഭർത്താവ് മരിച്ച,  ആ ബന്ധത്തിൽ ഒരാണ്കുട്ടിയുള്ള  മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു, അങ്ങനെ  അന്നക്ക് ഒരു സഹോദരനെ  കിട്ടി…
പക്ഷെ രണ്ടാനമ്മയുടെ വരവോടുകൂടി അന്നയുടെ അപ്പൻ മുഴു കുടിയനായി മാറി,  രണ്ടാനമ്മയുടെ  മകനും വളർന്നു വന്നപ്പോൾ ഒട്ടും മോശമായില്ല.. അപ്പനെക്കാൾ വലിയ മദ്യപാനിയും ചട്ടമ്പിയുമായി മാറി അവൻ..
അന്ന വളർത്തുന്ന  ആടുകളാണ് ആ  കുടുംബത്തിന്ടെ ഇപ്പോഴത്തെ ഉപജീവന മാർഗം..

ചേട്ടായിക്ക്‌ അന്നചേച്ചിയോടു തോന്നിയ ഇഷ്ടത്തിൽ ഇത്തിരിയെങ്കിലും  ആത്മാർത്ഥത ഉണ്ടെങ്കിൽ ചേച്ചിയെ ആ ശാപം പിടിച്ച വീട്ടിൽ  നിന്നും  എങ്ങിനെയെങ്കിലും രക്ഷിക്കണം…..
ഇടറിയ ശബ്ദത്തിൽ സിസിലി പറയുമ്പോൾ ഞാൻ നിശബ്ദനായി അത് കേട്ടുകൊണ്ടിരുന്നു..

പിറ്റേന്ന് രാവിലെ ഒരു ബഹളം കേട്ടാണ് ഞങ്ങൾ എണീറ്റത്.. മോബിൻ പോയി സിസിലിയോട് കാര്യങ്ങൾ തിരക്കുന്നത് കണ്ടു..
അളിയാ അവിടെ  അന്നയുടെ ചേട്ടൻ ആൽബി എന്നൊരുത്തൻ വന്നിട്ടുണ്ട്,
അവളെ വിളിച്ചോണ്ട് പൂവനായിട്ട്..  അവനവിടെ  അലക്സ് ആയിട്ട് വഴക്കടിക്കുവാ..
കട്ടിലിൽ നിന്നും ചാടി എണീറ്റു ഞാൻ ഉമ്മറത്തേക്കോടി ചെന്നു..
അവിടെ ഒരു ആജാനുബാഹു നില്പുണ്ട്.. കണ്ണൊക്കെ ചുമന്നു, …
ഇവനാണോ അന്നയുടെ സഹോദരൻ ??
അലക്സ് അവനെ എന്തൊക്കെയോപറഞ്ഞു സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ അവൻ വീണ്ടും ശബ്ദം ഉയർത്തുന്നുണ്ട്..
ഇച്ചായാ മതി,  നിർത്തിക്കെ… ഞാൻ ഇതാ വന്നു.. നമുക്ക് പുവാം..  എന്നുപറഞ്ഞു അന്ന തോളിൽ ഒരു ബാഗുമായി മുറ്റത്തേക്കിറങ്ങി വന്നു..
പെട്ടെന്ന് അന്തരീക്ഷം നിശബ്ദമായി…
യാത്രപറഞ്ഞിറങ്ങുമ്പോൾ അന്ന എന്നെ ഒരു നോട്ടം നോക്കി… ചങ്കിൽ തറക്കുന്ന ഒരു നോട്ടം !!
അന്ന് ഉച്ചതിരിഞ്ഞു ഞാനും മോബിനും ശ്യാമും നാട്ടിലേക്ക് യാത്ര തിരിച്ചു….
രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല…
ഇത്രേം പ്രശനം ഉള്ള ഒരു ഫാമിലിയിലെ പെണ്ണിനെ ഇനീം പ്രേമിക്കണോ ??
ഞാൻ എന്ടെ മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരുന്നു……
നേരം വെളുക്കാറായപ്പോഴേക്കും ഞാനൊരു തീരുമാനമെടുത്തു..
പുലർച്ചെ 6മണി ആയപ്പോൾ അലക്സിനെ ഫോൺ വിളിച്ചു..
ഭാഗ്യത്തിന് സിസിലി ആണ് കാൾ എടുത്തത്..
അന്നയുടെ വീടും അഡ്രസ്സും അവളോട്‌ ചോദിച്ചു മനസിലാക്കി..
ഉമ്മച്ചി എഴുന്നേൽക്കുന്നതിനു മുൻപേ ഞാൻ യാത്ര തിരിച്ചു..
എന്ടെ അന്നയെ തേടി,  അവളുടെ നാട്ടിലേക്ക്…
ഒരു കുന്നിന്ചെരുവിൽ ആയിരുന്നു അന്നയുടെ വീട്…. പകുതി ഓടും ബാക്കി ഓലയും മേഞ്ഞ ചെറിയൊരു വീട്…
നാലഞ്ചുപേർ തിണ്ണയിൽ ഇരുന്നു ചീട്ടു കളിക്കുന്നുണ്ട്,  ഒപ്പം മദ്യപാനവും നടക്കുന്നുണ്ടെന്ന് തോന്നുന്നു.. കൂക്കിവിളിയും ആക്രോശവും ഉയർന്നു കേൾക്കുന്നുണ്ട്..
പടച്ചോനെ, ഇവറ്റകളുടെ ഇടയിലാണോ അന്ന കഴിയുന്നത്… ? എന്ടെ കണ്ണുകൾ അന്നയെ അവിടെ തിരഞ്ഞു…
ഡാ,…. നീ ആരാ. ??
കൂട്ടത്തിലെ ഒരാൾ ശബ്ദമുയർത്തി ചോദിച്ചു…
ഒഹ്.. ആൽബി,  അന്നയുടെ സഹോദരൻ… നന്നായി വീശിയിട്ടുണ്ടെന്നു തോന്നുന്നു.. സംസാരം ആകെ കുഴഞ്ഞപോലുണ്ട്…
ഞാൻ…
ഞാൻ,   അന്നയെ ഒന്നുകാണാൻ…. അവൾ ഇവിടെ ഇല്ലേ ??
എന്ടെ മറുപടി കേട്ടതും അവർ ഒരുനിമിഷം നിശബ്ദരായി….
അവളുടെ സഹോദരൻ ആൽബി  ആടിയാടി എന്ടെ അടുത്തോട്ട് വന്നു..
നിന്നെ എവിടെയോ കണ്ടപോലെ…. ഇന്നലെ ഇടുക്കില് അലക്സിന്റെ വീട്ടിൽ വെച്ചു… അത് നീയല്ലേടാ.. ??
അയാൾ എനിക്ക് ചുറ്റും പതിയെ നടന്നു…
അതെ,  
ഞാൻ അലക്സിന്റെ  സുഹൃത്താണ്..  പേര് റസൂൽ.. തൃശൂർ ആണ് വീട്,  എനിക്ക് അന്നയെ ഇഷ്ട്ടായി,  അവളെ വിവാഹം ചെയ്യാൻ  താല്പര്യം ഉണ്ട്.. അത് ആൽബിയോട്  പറയാനും, അന്നയെ  ഒന്ന് കാണാനും വേണ്ടീട്ടാണ് ഞാൻ വന്നത്..
എവിടെന്നോ സംഭരിച്ച ധൈര്യത്തിൽ ഒറ്റ ശ്വാസത്തിൽ ഞാൻ കാര്യം പറഞ്ഞു അവസാനിപ്പിച്ചു…
ഒരു കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദത പോലെ.. ആരും ഒന്നും മിണ്ടുന്നില്ല… അകലെ എവിടെയോ ഒരു ആട്ടിന്കുട്ടിയുടെ കരച്ചിൽ കേൾക്കണപോലെ തോന്നി ഞാൻ നോക്കിയപ്പോൾ അതാ അന്ന പതിയെ നടന്നു വരുന്നു.. ഒപ്പം അവളുടെ  ആടുകളും
ഹഹ… നല്ല സമയം,  നായകൻ അന്വേഷിച്ചു വന്നപ്പോൾ അതാ നായിക ആടിനെയും മേച്ചുകൊണ്ട് വരുന്നു… ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!
അതുപറഞ്ഞു അയാൾ അട്ടഹസിച്ചപ്പോൾ,  തിണ്ണയിൽ ഇരുന്നവരും ഒപ്പം അലറി ചിരിച്ചു…
ഞാൻ പതിയെ അന്നയുടെ അടുത്തെത്തി..
അന്ന… ,
നിന്നെ  കൊണ്ടുപോകാനാ ഞാൻ വന്നത്,  വായോ നമുക്ക് എന്ടെ വീട്ടിലേക്കു പുവാം… അതുംപറഞ്ഞു അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചപ്പോൾ അവൾ വിസ്മയത്തോടെ എന്നെ ഒന്ന് നോക്കി..
അന്നയുടെ കൈപിടിച്ച് ഞാൻ തിരിഞ്ഞത് ആൽബിയുടെ മുഖത്തേക്കായിരുന്നു…
ഇച്ചായാ,… എന്ന് അന്നയുടെ വിളി മുഴുവൻ ആവും മുൻപേ അവളുടെ ചെവിടടച്ചു അടി വീണു..
അടിയുടെ ശക്തിയിൽ അന്ന വേച്ചു വേച്ചു പിറകോട്ടു പോയി…
അങ്ങനെ ഒരുത്തൻവന്നു വിളിച്ചപ്പോഴേക്കും നീ അങ്ങു പോകും അല്ലെടി…………… മോളെ.
ആൽബി അവളുടെ മുടിയിൽ കുത്തിപിടിച്ചു അലറി..
ആൽബി പ്ളീസ്,..
അവളെ ഇനി ഉപദ്രവിക്കരുത്.. ഞാൻ അയാളുടെ കൈകളിൽനിന്നും അന്നയെ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു..
നായിന്റെ മോനെ, 

എന്ന് അലറിക്കൊണ്ട് അയാൾ ഇടതുകാൽ എന്ടെ അടിവയറ്റിനുനേരെ ഉയർത്തിയത് ഓർമയുണ്ട്…

വയറ്റിൽനിന്നും എന്തോ ഒന്ന് മുകളിലേക്ക് ഉരുണ്ടു കയറുന്നപോലെ…
ശ്വാസം ലഭിക്കാതെ ഞാൻ തല ശക്തിയായി കുടഞ്ഞു..
വയറ്റിലാകെ ഒരു മരവിപ്പ്.. അതുകൊണ്ടായിരിക്കാം വേദന അറിയാത്തത്..
എന്തൊക്കെയോ അലറിവിളിച്ചുകൊണ്ട് ആൽബി  അന്നയുടെ മുടിയിൽ കുത്തിപിടിച്ചുകൊണ്ട് ഇരു കവിളിലും മാറിമാറി അടിക്കുകയാണ്…
ചുറ്റും പരതിയപ്പോൾ അടുത്തു കിടന്ന ഇഷ്ടിക കയ്യിൽ തടഞ്ഞു…
പെട്ടെന്നൊരാവേശത്തിനു ചാടി എണീറ്റ്,  അന്നയെ വീടിലേക്ക്‌ വലിച്ചിഴച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്ന ആൽബിയുടെ തലയിൽ ഇഷ്ടികകൊണ്ട് ആഞ്ഞടിച്ചു….
മുഖത്തേക്ക് ചീറ്റിയ ചോര ഇടതുകൈയാൽ വടിച്ചു കളഞ്ഞു പേടിച്ചു വിറച്ചു നിൽക്കുന്ന അന്നയുടെ കൈപിടിച്ച് ഞാൻ ബൈക്കിനടുത്തേക്കു ഓടി…
പെട്ടെന്ന്  ഒപ്പം ഓടുന്ന അന്നയുടെ വേഗം കുറഞ്ഞപോലെ… ഞാൻ തിരിഞ്ഞു നോക്കി…
അന്നയുടെ മിഴികൾ എന്ടെ മുഖത്തു തറഞ്ഞു നില്കുന്നു.. അവളുടെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണീർ ഇറ്റുവീണു…
പെട്ടെന്നാണ് ഞാൻ അതുകണ്ടത്.. അന്ന ധരിച്ചിരുന്ന വെളുത്ത ചുരിദാറിന്റെ വയറു ഭാഗത്തു ഒരു ചുവന്ന വട്ടം….. നിമിഷങ്ങൾക്കുള്ളിൽ ആ വട്ടത്തിനു വലുപ്പം കൂടി കൊണ്ടിരുന്നു…,രക്തം അവിടെ നിന്നും ഇറ്റിറ്റു വീണുകൊണ്ടിരുന്നു..
അന്നയുടെ പിറകിലൂടെ തുളച്ചു കയറ്റിയ മൂർച്ചയേറിയ കത്തി വലിച്ചെടുത്തുകൊണ്ട് ആൽബി എന്നെ നോക്കി ഒന്ന് വികൃതമായി  ചിരിച്ചു…
താഴെ വീണു പിടയുന്ന എന്ടെ ജീവനെ ഞാൻ കോരി എടുത്തു…
റസൂ.. ഞാൻ… ഞാൻ…. എനിക്ക് ഭാഗ്യം ഇല്ല റസൂ നിൻടെകൂടെ ജീവിക്കാൻ…
അവൾ എന്ടെ കൈകളെ മുറുകെ പിടിച്ചു….
പിറകിൽ എന്തോ മൂളിപ്പറക്കുന്ന ശബ്ദം കേട്ടതും, എന്തോ കൂർത്ത ലോഹത്തിന്ടെ മരവിപ്പിക്കുന്ന തണുപ്പ് വാരിയെല്ലുകൾക്കിടയിലൂടെ  തുളച്ചു കയറിയതും ഞാൻ അറിഞ്ഞു….
ആൽബി എന്ടെ  പിറകിലൂടെ കയറ്റിയ കത്തി വയറു തുളച്ചു എന്ടെ മടിയിൽ കിടക്കുന്ന അന്നയുടെ കവിളിൽ മുട്ടി നിന്നു…
റസൂ……..
അന്ന ഒന്നുകൂടെ പിടഞ്ഞു… ചെറുതായൊന്നു ഞെരങ്ങി… എന്നെ മുറുകെ പിടിച്ചിരുന്ന അവളുടെ കൈകൾ ഒന്നയഞ്ഞു…..
ശ്വാസം നേർത്തു വരുന്നത് ഞാനറിയുന്നുണ്ട്… ചുറ്റിനും ആരൊക്കെയോ കൂടി നില്പുണ്ട്.. ആരെയും കാണാൻ വയ്യ.. കണ്ണിൽ ഇരുട്ട് കയറി തുടങ്ങി.. കാഴ്ച മങ്ങി… മടിയിൽ നിശ്ചലമായി കിടക്കുന്ന അന്നയെ ഞാനൊന്നു വാരി പുണർന്നു…
പതിയെ അന്നയുടെ  ശരീരത്തിലേക്ക്,  അവളുടെ ആത്മാവിലേക്ക് ഞാൻ ഒഴുകി പരന്നു…
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments