Thursday, February 29, 2024
HomeKeralaഓര്‍മ്മയിലെ എന്‍റെ ഓണം.

ഓര്‍മ്മയിലെ എന്‍റെ ഓണം.

സന്ധ്യ ജലേഷ്.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്പ്പാടങ്ങളും, തലയാട്ടി നില്ക്കുന്ന റബ്ബര്‍ മരങ്ങളും, തെങ്ങിന്‍ തോപ്പുകളും, ഇടതൂര്‍ന്നു വളരുന്ന വൃക്ഷങ്ങളും സര്‍പ്പക്കാടും, കുളവുമൊക്കെയുള്ള, അച്ഛന്‍റെ തറവാട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. ഓടിട്ട വീടിന്റെ ഉമ്മറത്തു ചവിട്ടുപടിയോടു ചേര്ന്നു തന്നെ മാനംമുട്ടെ വളര്ന്നു നില്ക്കുന്ന കൂറ്റനൊരു തെങ്ങുണ്ട്. കാറ്റും, മഴയും വരുമ്പോള്‍ ഈ തെങ്ങിന്റെ മണ്ട നോക്കിയിട്ടാണ് കാറ്റിന്‍റെ ഗതി മുത്തച്ഛന്‍ നിരീക്ഷിക്കുന്നത്. തട്ടിട്ട മുറികള്‍, വലിയ നെടുമ്പുര. നെടുമ്പുരയില്‍ നിന്നും വലത്തോട്ട് ചെറിയൊരു വാതിലില്‍ കൂടി കടന്നാല്‍ അടുക്കളയായി. വിറകു കത്തിക്കുന്ന അടുപ്പും, ഉറിയില്‍ ഒന്നിനുമുകളില്‍ ഒന്നായി തൂക്കിയിട്ടിരിക്കുന്ന കൊണ്ടാട്ടക്കലങ്ങളും, മോരും പാലും നെയ്യും സൂക്ഷിച്ചിരിക്കുന്ന വലിയ ചീന ഭരണികളും, കരിപിടിച്ച ചുമരുകളും ചേരുമുള്ള അടുക്കള. അടുപ്പിനു മുകളിലായി അഴികളുള്ള ചേരിലാണ് ഉണങ്ങാനുള്ള വിറകുകള്‍ അടുക്കി വയ്ക്കുന്നത്. അടുക്കളയില്നിന്നും പുറത്തേക്കുള്ള ഇടനാഴിയില്‍ പഴമയുടെ ഗന്ധം എപ്പോഴും തങ്ങി നില്ക്കുന്നുണ്ടാകും. ഇടനാഴിക്കപ്പുറമുള്ള നീണ്ട കോലായിലിരുന്നാണ് പുറംപണിക്കാര്‍ കഞ്ഞി കുടിക്കുന്നത്. കഞ്ഞിയില്‍ മോരോ നെയ്യോ ചേര്ത്ത്, മൂവാണ്ടന്‍ മാങ്ങ നുറുക്കിയതോ, മാങ്ങാഞ്ചിയോ ചേര്‍ത്ത് അരകല്ലില്‍ മയത്തില്‍ അരച്ചെടുത്ത ചമ്മന്തിയും, കടുമാങ്ങാ അച്ചാറും കൂട്ടി നിലത്തു ചമ്രം പടിഞ്ഞിരുന്നാണ് പണിക്കാര്‍ കഞ്ഞി കുടിക്കുന്നത്. അടുക്കളമുറ്റത്തെ വിറകടുപ്പില്‍ വച്ച് ഓടിന്റെ അപ്പക്കാരയില്‍ നിന്നും ഉണ്ണിയപ്പം ഉണ്ടാക്കുന്ന മണം ചാവടിയും കഴിഞ്ഞു പൂഴി മണ്ണ്‍ പാകിയ നടപ്പാത വരെയെത്തുമായിരുന്നു.
ഓണക്കാലമായാല്‍ ഉച്ച മയങ്ങുമ്പോള്‍ ഭരണികളില്‍ കയ്യിട്ടു ഉപ്പേരിയും,ഉണ്ണിയപ്പവും, നെയ്യപ്പവും വട്ടയിലയില്‍ പൊതിഞ്ഞെടുത്തു, പച്ചത്തെങ്ങോല കൊണ്ട് മെനഞ്ഞെടുത്ത പൂവട്ടികളുമായി കോട്ടായി മലയിലേക്കു ഞങ്ങള്‍ കുട്ടിപ്പടകള്‍ പൂവ് പറിക്കാനിറങ്ങും. അച്ഛന്റെ ഇളയ പെങ്ങളായ കുഞ്ഞാന്റിയായിരുന്നു ഞങ്ങളുടെ നേതാവ്. വേലി കടന്നാല്‍ പച്ചയും മഞ്ഞയും നിറം കലര്‍ന്ന മുളം കാടുകളാണ്. കാറ്റ് വീശാന്‍ ആരംഭിച്ചാല്‍ മുളം കാടുകളില്‍ നിന്നും സംഗീതം കേള്ക്കാം. പോകുന്ന വഴിയില്‍ വട്ടയിലപ്പൊതി തുറന്നു കൂടെയുള്ളവര്ക്കെ ല്ലാം വീതിച്ചു കൊടുത്തു ചവച്ചരച്ചു കൊണ്ട് ആര്ത്തുല്ലസിച്ചു കൊണ്ടാണ് മല കയറുന്നത്. നാലര ഏക്കറില്‍ കശുമാന്തോപ്പും, കള്ളിമുള്ചെമടികളും, കാരമുള്ളുകളും, കുറ്റിക്കാടുകളും , വള്ളിപ്പടര്പ്പുകളുമൊക്കെയായി ഇഴ ജന്തുക്കളും വിഷ സര്പ്പ്ങ്ങളും വിഹരിക്കുന്ന കോട്ടായി മലയില്‍ ഒരു കൈയില്‍ പൂവട്ടിയും പിടിച്ചു അരിപ്പൂക്കളും, അരളിപ്പൂക്കളും, തൊട്ടാവാടിപ്പൂക്കളും, കലംമൊട്ടപ്പൂക്കളും ഇറുത്തെടുക്കാന്‍ മത്സരമായിരുന്നു.
കാട്ടുചെത്തിപ്പഴങ്ങളും, ചെനച്ചു നില്ക്കു ന്ന ഞാറപ്പഴവും, വെള്ള നിറത്തില്‍ ചെറിയ കുലകളായി കുറ്റിച്ചെടികളില്‍ പാകമായി നില്ക്കു ന്ന പൂച്ചപ്പഴങ്ങളും പറിച്ചു തിന്നു, ഓടിനടന്നു പൂക്കള്‍ ശേഖരിച്ചു പൂവട്ടിയില്‍ നിറക്കുമ്പോള്‍ മനസ്സില്‍ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. ഇടയ്ക്കു കുറ്റിച്ചെടികളുടെയിടയില്‍ നിന്നും ചാര നിറത്തിലുള്ള മുയലുകള്‍ പുറത്തേക്കോടി മറയുന്നത് കാണാമായിരുന്നു. പൂക്കൂട നിറഞ്ഞു തുടങ്ങുമ്പോള്‍ കുട്ടികളെല്ലാവരും ഒത്തൊരുമിച്ചു പച്ച നിറത്തില്‍ തൂങ്ങിക്കിടക്കുന്ന ഇളം കശുവണ്ടികള്‍ പറിച്ചെടുത്തു തലയെടുപ്പോടെ ചില്ലകള്‍ വിരിച്ചു നില്ക്കു ന്ന ഞാവല്‍ മരത്തിന്റെ തണലിലില്‍ പോയിരിക്കും. കൂര്ത്ത വെള്ളാരം കല്ലുകള്‍ കൊണ്ട് ചെനച്ചു തുടങ്ങിയ കശുവണ്ടികള്‍ കുത്തിപ്പൊട്ടിച്ചു സ്വാദേറിയ കശുവണ്ടിപ്പരിപ്പു തിന്നുകൊണ്ട്‌ കലപില വര്ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ സന്ധ്യ മയങ്ങുന്നത്‌ അറിയുകയേയില്ലായിരുന്നു. പൂക്കൂട നിറയെ പല വര്ണ്ങ്ങളിലുള്ള പൂക്കളുമായി സായാഹ്നം ഇരുളുമ്പോഴായിരിക്കും വീട്ടിലേക്കു തിരിക്കുന്നത്. വാഴയിലയില്‍ വെള്ളം തളിച്ച് പൂക്കള്‍ നിരത്തി ഉമ്മറക്കോലായില്‍ ഒരു കോണിലായി വയ്ക്കാന്‍ അച്ഛമ്മയും സഹായിക്കും. അത്തം മുതല്‍ പത്തു ദിവസം വരെ പൂക്കളമിടാനുള്ള ആവേശത്തിമര്പ്പി ല്‍ അതിരാവിലെതന്നെ എഴുന്നേറ്റു കുളത്തിലെ തണുത്ത വെള്ളത്തില്‍ പോയി മുങ്ങിക്കുളിക്കും. കുളിച്ചു വരുമ്പോഴേക്കും അമ്മ മുറ്റത്ത്‌ ചാണകത്തറ ഒരുക്കിയിട്ടുണ്ടാകും. അലക്കുകാരത്തില്‍ പുഴുങ്ങി കഞ്ഞിപ്പശയില്‍ മുക്കിയെടുത്ത വസ്ത്രങ്ങളുടുത്തു എപ്പോഴും ശുഭ്രവസ്ത്രധാരിയായി നടക്കുന്ന അച്ഛമ്മ എല്ലാത്തിനും നേതൃത്വം നല്കും. അമ്മയോടും സഹോദരങ്ങളോടുമൊപ്പം ചാണകം മെഴുകിയ തറയില്‍ ഓണപ്പൂക്കളമിടാനുള്ള ഉത്സാഹം ഒന്നുവേറെ തന്നെയായിരുന്നു.
തിരുവോണത്തലേന്നു ഓണത്തപ്പന് ചാര്ത്താനുള്ള തുമ്പക്കുടം പറിക്കാന്‍ പോകുമ്പോള്‍ അമ്മ തന്നയച്ചിരുന്നത് ചൂരല്‍ കൊണ്ടുണ്ടാക്കിയ വലിയ കുട്ടയായിരുന്നു.. പറമ്പുകള്‍ വിശാലമാണ്. നീരോലിയും ശീമക്കൊന്നയും ചെമ്പരത്തിയും മെരുക്കി നിര്ത്തി യിട്ടിരിക്കുന്ന വേലിക്കെട്ടുകള്‍… പറമ്പുകളില്‍ നിന്ന് പറമ്പുകളിലേക്ക് ഞങ്ങള്‍ തുമ്പക്കുടവും തേടി നടക്കും. മണ്ണ് കുഴച്ചു തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ മുതിര്ന്നവരും കൂടും. പലരീതിയിലുള്ള രൂപങ്ങളെ ഞങ്ങള്‍ കുട്ടികള്‍ കുഴമണ്ണില്‍ നിന്നും വാര്ത്തെ ടുക്കും.എന്നിട്ടത് വെയിലത്ത്‌ ഉണങ്ങാന്‍ വയ്ക്കും. ലേശം വെള്ളത്തില്‍ കലക്കിയെടുത്ത അരിപ്പൊടിയില്‍ രണ്ടു കൈയും മുക്കി ചുമരില്‍ പതിപ്പിക്കാന്‍ വല്ലാത്തൊരാവേശമായിരുന്നു. തുമ്പപ്പൂക്കുടവും, തുമ്പപ്പൂവിട്ടു നിരത്തിയുണ്ടാക്കിയ ഓട്ടടയും, ശര്ക്ക്രയടയും , അരിപ്പൊടിയുമൊഴിച്ചു മുറ്റത്ത്‌നിന്നും പടിവാതില്ക്ക ല്വകരെ ഓണത്തപ്പനെ എതിരേല്ക്കുമമ്പോള്‍ വീട്ടിലെ സ്ത്രീജനങ്ങളെല്ലാം വായ്ക്കുരവയിടുമായിരുന്നു.
തിരുവോണത്തിന്‍റെ അന്ന് വെളുപ്പിനെ ഉണര്ന്നു മുതിര്ന്നവരോടൊപ്പം അമ്പലത്തില്‍ പോകും. ശങ്കരാഭരണത്തിന്‍റെ പട്ടുപാവാടയും ജമ്പറുമിട്ടു ഒട്ടൊരു ഗമയോടെയാണ് ഇരുവശവും കറുകപ്പുല്ലുകള്‍ തിങ്ങി വളരുന്ന ഒറ്റയടിപ്പാതയിലൂടെ രണ്ടു ഫര്ലോഇങ്ങ്‌ ദൂരെയുള്ള നെന്മേനി മനയിലെ ദേവിയെ തൊഴാന്‍ പോകുന്നത്. തിരുവോണ നാളില്‍ ഊണിനു മുന്പേ എല്ലാ വിഭവങ്ങളും ചേര്ത്ത് തൂശനിലയില്‍ കത്തിച്ച നിലവിളക്കിനു മുന്പില്‍ വിളമ്പും. തൂശനിലക്കരികിലായി തെങ്ങ് ചെത്തുകാരന്‍ തങ്കപ്പന്റെ ചെത്തുകുടത്തില്‍ നിന്നും വാങ്ങിയ അന്തിക്കള്ള് ഒരു ഗ്ലാസ്സും, പുകയില ചേര്ത്ത ഒരു മുറുക്കാനും വയ്ക്കും. ‘പിതൃക്കള്ക്ക് വീതി വച്ചിരിക്കുകയാണ്…തൊട്ടു തൊഴുതു നമസ്കരിച്ചോ..പിതൃക്കള്‍ സംതൃപ്തരാണെങ്കിലെ നമുക്ക് ഗതിയുണ്ടാകൂ ‘ എന്നാണ് അച്ഛമ്മ പറയാറ്. എരിശ്ശേരിയും , പുളിശ്ശേരിയും ,ഓലനും കാളനുമൊക്കെയായി പത്തിരുപതു കൂട്ടം വിഭവങ്ങളുണ്ടാകും ഇലയില്‍. പൊടിയുടെയും ഓട്ടുവിളക്കിന്റെയും ഗന്ധം തങ്ങി നില്ക്കുന്ന ചായ്പില്‍ മരം കൊണ്ടുണ്ടാക്കിയ ഒട്ടേറെ കളി സാമഗ്രികളുണ്ട് . ഊണ് കഴിഞ്ഞു അതെല്ലാമെടുത്തു വരിക്കപ്ലാവിന്റെ ചോട്ടില്‍ പോയിരുന്നു ഞങ്ങള്‍ പെണ്കുട്ടികള്‍ കളിക്കുമ്പോള്‍ ആണ്കുട്ടികള്‍ ഊഞ്ഞാലാട്ടത്തിലാണ് സന്തോഷം കണ്ടെത്തുന്നത്. വടക്കേപ്പുറത്തെ പനച്ചിമാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാലാടിക്കളിക്കാനായി ചുറ്റുവട്ടത്തുള്ള കുട്ടികളെല്ലാവരുമെത്തും. ഊഞ്ഞാലാട്ടത്തില്‍ നിന്ന് കൊണ്ട് ഊഞ്ഞാലാടുന്നതിനെ ചില്ലാട്ടം പറക്കല്‍ എന്നാണ് പറയുന്നത്. ഏറ്റവും ഉയരത്തില്‍ ആടുന്നവന്‍ കേമനായി വരുന്ന ഈ കളിയില്‍ ആണ്കുട്ടികളാണ്‌ എപ്പോഴും മുന്നിലെത്തുന്നത്. ഓണ നാളുകളില്‍ താവഴിയിലെ കുട്ടികളുമൊത്ത് മഞ്ചാടിക്കുരു പെറുക്കാന് വലിയ ഉത്സാഹമാണ്. പക്ഷികള്‍ കൊത്തിയിട്ട പഴുത്ത വാളന്പു്ളി എടുത്തു കുരു കളഞ്ഞു അതില്‍ ഉപ്പു വച്ച് കൈവെള്ളയില്‍ വച്ച് ഉരുട്ടി ചപ്പി കഴിക്കും.. നാവിലപ്പോള്‍ സ്വാദുമുകുളങ്ങളുടെ ഒരു പടയോട്ടം തന്നെയാണ്..
ഞങ്ങള്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു പൊട്ടന്‍ കുമാരന്‍! വീട്ടുപടിക്കല്‍ വന്നെത്തി നോക്കിയിട്ട് മുറ്റത്ത്‌ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടവും മാങ്ങ പൂളിയതും എടുത്തു ഒറ്റയോട്ടമാണ്. മുതിര്ന്നവര്‍ കുട്ടികളെ മെരുക്കിയെടുക്കുന്നത് പൊട്ടന്‍ കുമാരന്റെ പേരുപറഞ്ഞാണ്.
ഒരു ഓണത്തിന് ചതയത്തിന്റെേ അന്ന് കുളിച്ചു കുറിയും തൊട്ടു ചന്ദനക്കളറുള്ള പട്ടുപാവാടയും ജമ്പറുമിട്ടു ഉമ്മറത്ത്‌ പൊടിപോലെ പെയ്യുന്ന ചാറ്റല്‍ മഴയും ആസ്വദിച്ചിരിക്കുകയാണ് ഞാന്‍ . മഴ ചന്നം പിന്നം പെയ്യുന്നതുകൊണ്ട് വെളിയില്‍ കളിക്കാന്‍ പോകാന്‍ അനുവാദമില്ല. ഉമ്മറത്തെ വരാന്തയില്‍ ഇരുന്നാല്‍ അഞ്ചു ഇതളുകളുള്ള ചുവന്ന ചെമ്പരത്തിച്ചെടിയെ കൈനീട്ടി തൊടാം. കുഞ്ഞിക്കിളികള്‍ തേന്‍ കുടിക്കാന്‍ വരുന്ന ചാഞ്ഞുനില്ക്കു ന്ന അശോകചെത്തിയെ ഓമനിക്കാം. ഓടിന്‍ തുമ്പില്‍ നിന്നും വള്ളിപൊട്ടാതെ വെള്ളം താഴേക്കിറങ്ങി മുറ്റത്തു കുമിളകള്‍ കൂട്ടുകൂടി വഴക്കിട്ടു പൊട്ടിയമരുന്നത് കൌതുകത്തോടെ നോക്കിയിരിക്കുമ്പോഴാണ് പടി കടന്നു ആരോ വരുന്നതു കണ്ടത്.. “പൊട്ടന്‍ കുമാരന്റെ കിടാത്തിയും കുട്ടിയുമാണല്ലോ വരുന്നത്…..” അച്ഛമ്മ ആത്മഗതം പോലെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ചതുരക്കളങ്ങളുള്ള ഒരു കൈലിയും , ഒരു ചുവന്ന ജാക്കറ്റും , മാറിനു കുറുകെ ഒരു വെള്ളത്തോര്ത്തുമാണ് കിടാത്തിയുടെ വേഷം. മുറുക്കിച്ചുവപ്പിച്ചു, മുടി ഉച്ചിയില്‍ വാരിക്കെട്ടി വെച്ച് ഒരു ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി വച്ചിട്ടുണ്ട്.സിന്ദൂരം പുരണ്ട കാല്‍ കൊണ്ട് ആന നെറ്റിയില്‍ ചവിട്ടിയത് പോലെ വലിപ്പമുള്ള പൊട്ടാണ് തൊട്ടിരിക്കുന്നത്. ഇടം കൈവിരല്‍ പിടിച്ചു കീറിത്തുന്നിയ പാവാടയും ജാക്കറ്റും ധരിച്ച ഒരു പത്തുവയസ്സുകാരി പെണ്കുട്ടി. എണ്ണക്കറുപ്പുള്ള മുഖത്തിന്‌ അസാധാരണമായ വശ്യത..തിളങ്ങുന്ന കണ്ണുകളില്‍ രണ്ടു ചെറു സൂര്യന്മാര്‍ ഒളിഞ്ഞിരിക്കുന്നു. ‘ ഓണായിട്ട് വീട്ടില്‍ പട്ടിണിയാണ്, കുറച്ചു നെല്ല് കിട്ടുമോന്നറിയാന്‍ വന്നതാ‘ …തളര്ന്നി സ്വരത്തില്‍ കിടാത്തി അച്ഛമ്മയോട്‌ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ എവിടെ നിന്നോ ഒരു വേദന അരിച്ചു കയറുന്നതായി ഞാനറിഞ്ഞു. ‘പിന്നാമ്പുറത്തേക്ക് ചെന്നോള്, ഊണു കഴിച്ചിട്ട് നെല്ല് തരാം.’ സ്വതേ ഉദാരശാലിയായ അച്ഛമ്മ തെല്ലൊരു സഹതാപത്തോടെയാണ് പറഞ്ഞത്. ചാരുകസേരയില്‍ പാളവിശറി ആട്ടിക്കൊണ്ടിരുന്ന മുത്തച്ഛന്‍ മുണ്ടിന്റെെ കോന്തലയില്‍ മടക്കി കെട്ടിയിരുന്ന പൊതിയഴിച്ചു , അതില്‍ നിന്നും പണമെടുത്തു കിടാത്തിക്കു വച്ചുനീട്ടുന്നത് കണ്ടപ്പോള്‍ ഞാനോടി അച്ഛമ്മക്കരികിലെത്തി കാതിലൊരു രഹസ്യം ചോദിച്ചു. അമ്പരപ്പോടെ എന്നെ നോക്കിയ അച്ഛമ്മ പുഞ്ചിരിയോടെ തലയാട്ടി.ഞാന്‍ അകത്തുപോയി ട്രങ്ക് പെട്ടിയില്‍ നിന്നും കാവിലെ എഴുന്നെള്ളത്തിനു വാങ്ങിയ സില്ക്കി ന്റെ പട്ടുപാവാടയും ജമ്പറും എടുത്തുകൊണ്ടുവന്നു ആ പെണ്കു ട്ടിക്ക് നേരെ നീട്ടി. ആ വലിയ കണ്ണുകളില്‍ അത്ഭുതം. ” വാങ്ങിച്ചോ കുട്ടി.. സന്തൂട്ടി സന്തോഷത്തോടെ തരുന്നതല്ലേ? “ നെല്ലിനോടൊപ്പം ഭരണികളിലിരുന്ന ഉപ്പേരിയും ശര്ക്കടരവരട്ടിയും തേക്കിലയില്‍ പൊതിഞ്ഞു കൊടുക്കുന്നിതിനിടയില്‍ അമ്മ പറഞ്ഞു. അമ്മ നിര്ബന്ധിച്ചപ്പോള്‍ കിടാത്തിയുടെ പുറകില്‍ മറഞ്ഞു നിന്ന് കൊണ്ട് വലം കൈ നീട്ടി അവളതു വാങ്ങി. “സന്തൂട്ടിക്ക് ഓല കൊണ്ടുള്ള വാച്ച് വേണോ?? “ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചഴിച്ചു അവളെനിക്കു തന്നപ്പോള്‍ എന്റെ കണ്കോണുകളില്‍ ചൂട് നിറയുന്നതും തൊണ്ടയില്‍ ഒരു കനം നിറയുന്നതും എനിക്കനുഭവപ്പെട്ടു.. എന്നെത്തന്നെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ ഒതുക്കുകല്ലുകളിറങ്ങിപ്പോകുന്ന അവളുടെ വൈഡൂര്യംപോലെ പ്രകാശിക്കുന്ന മുഖം ഇന്നും വാടാത്തൊരോര്മ്മയായി എന്നിലവശേഷിക്കുന്നു.
ഇന്ന് വീടുകളില്‍ പൂക്കളമിടുന്നത് വിരളമായിരിക്കുന്നു. കുറ്റിക്കാടുകളും കള്ളിമുള്ച്ചെ ടികളും മുഴുവന്‍ വെട്ടിത്തെളിച്ച് കോണ്ക്രീ റ്റ് സൌധങ്ങള്‍ തലയുയര്ത്തി നില്ക്കുന്ന കോട്ടായി മലയില്‍ ഇപ്പോള്‍ ഒരു തുമ്പപ്പൂ പോലും കാണാനില്ല. വട്ടയിലയും പൂക്കൂടയും പിടിച്ചു പൂവ് പറിക്കാന്‍ പോകുന്ന ചായം പുരണ്ട അസ്തമയം ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു. അന്യദേശങ്ങളില്‍ നിന്നും വരുന്ന പൂക്കളെക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. ക്ലബുകളിലും മറ്റും പൂക്കളമിട്ട് ഓണം കൊണ്ടാടുന്ന കാഴ്ചയാണ് ഇപ്പോള്‍ എവിടെയും കാണാനുള്ളത്. കാലം ഒരു പോറല്‍ പോലും ഏല്പ്പി്ക്കാതെ ഓണത്തിന്റെ ആ നല്ല നാളുകളെക്കുറിച്ചുള്ള വര്ണ്ണാ ഭമായ മഞ്ഞില്‍ പൊതിഞ്ഞ ഒരുപിടി ഓര്മ്മ കളില്‍… ഈ ഓണാഘോഷത്തിന്റെ നിറവില്‍… എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments