Thursday, April 25, 2024
HomeSTORIESമറിമായം (കഥ).

മറിമായം (കഥ).

ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
അനവധി വർഷത്തെ പ്രവാസ ജീവിതത്തിന്നൊടുവിൽ ഞാൻ ഗൾഫ്‌ ഉപേക്ഷിച്ചു പോന്നു. എന്നിട്ടും ഗൾഫിനെ പറ്റി ഇപ്പോഴും ഞാൻ നന്ദിയോടെ ഓർക്കാറുണ്ട്. ദാരിദ്ര നാരായണനായ ഞാൻ ഈ നിലയിൽ പട്ടിണി കൂടാതെ ജീവിക്കാനും മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചു കൊടുക്കാനും ഒരു ചെറിയ വീട് ഉണ്ടാക്കാനും കഴിഞ്ഞത് ഈ ഗൾഫ്‌ കാരണമാണെന്ന് ഞാൻ എപ്പോഴും ഓർക്കും.
വയസ്സായെങ്കിലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തത്കൊണ്ട് എന്തെങ്കിലും കച്ചവടം ചെയ്തു ജീവിക്കാമെന്ന് കരുതി. ഗ്രാമത്തിലുള്ള ഒരു കെട്ടിടത്തിൽ നല്ലൊരു സംഖ്യ പകിടി കൊടുത്ത് ഒരു റൂം തരപ്പെടുത്തി. ഒരാൾ നടത്തിയിരുന്ന പച്ചക്കറിക്കട ഉപകരണങ്ങളടക്കം വാങ്ങി. കച്ചവടം തുടങ്ങി. സമരങ്ങൾ, ഹർത്താൽ തുടങ്ങിയവയുള്ള ദിവസം കട അടച്ചിടുന്നത് കൊണ്ട് സാധനങ്ങൾ ചീത്തയായി പോകുന്നത് കൊണ്ട് നഷ്ടങ്ങൾ വരാറുണ്ട്.
കട തുടങ്ങിയിട്ട് ആറേഴ് മാസമായി. ഒരു ദിവസം കുറച്ചാളുകൾ കടയിൽ വന്ന് അളവ് തൂക്ക മെഷീൻ പരിശോധിക്കാൻ വന്നവരാണെന്ന് പരിചയപ്പെടുത്തിയിട്ട് ചോദിച്ചു.. ‘ആരാണീ സ്ഥാപനത്തിന്റെ ഉടമസ്ഥൻ?’
ഞാനാണെന്ന് പറഞ്ഞു. പേര് ചോദിച്ചപ്പോൾ ഞാൻ പേര് പറഞ്ഞു കൊടുത്തു.
അവർ മെഷീൻ പരിശോധിച്ചിട്ട് പറഞ്ഞു ‘നോക്കൂ, വാസുദേവൻ ഈ മെഷീൻ കേടാണ്. സീൽ വെപ്പിച്ചിട്ടുമില്ല. അതിനാൽ നിങ്ങൾ ഫൈൻ അടക്കേണ്ടി വരും.’
ഗുരുവായൂരപ്പനാണെ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പക്ഷെ അതൊന്നും അവരോട് പറഞിട്ട് കാര്യമില്ല. അടക്കേണ്ട പിഴ അടച്ചു.
വെയിൽ നേരിട്ട് കടയിലേക്ക് അടിക്കുന്നത് കൊണ്ട് പച്ചക്കറികൾ ചീഞ്ഞു പോകുന്നു. അതിന്നൊരു പരിഹാരമായി കടയുടെ മുന്നിൽ ചെറുതായി ഒരു ടാർപോളിൻ പന്തൽ കെട്ടി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഞ്ചായത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ വന്ന് ആ പന്തൽ പൊളിച്ചു മാറ്റാൻ പറഞ്ഞു. വഴി നടക്കുന്നവർക്ക് ബുദ്ധിമുട്ടാണ് എന്നതാണത്രേ കാരണം. അനുസരിക്കുകയല്ലാതെ മറ്റ് മാർഗമില്ലാത്തത് കൊണ്ട് അത് പൊളിച്ചു മാറ്റി.
വീണ്ടും വെയിലിന്റെ കാഠിന്യം കാരണം പച്ചക്കറികളെല്ലാം കേട് വരുന്നത് കൊണ്ട് കച്ചവടം നഷ്ടമായി. ഞാനാ കച്ചവടം നിറുത്തി.
അതേ കടയിൽ ഞാനൊരു പലചരക്ക് കച്ചവടം തുടങ്ങി. കച്ചവടം പൊടിപൊടിച്ചു. ഗ്രാമത്തിലായത് കൊണ്ട് എല്ലാവരും പരിചയക്കാരാണ്‌. ഭൂരിപക്ഷം കച്ചവടവും കടമാണ്. ഒരു പാട് പേര് കടം വെച്ചവർ പൈസ തരാനുമുണ്ട്. ചോദിച്ചാൽ കടം വെച്ചത് തരില്ലെന്ന് മാത്രമല്ല, പിന്നെ ഇങ്ങോട്ട് വരികയുമില്ല. സഹിക്കുക തന്നെ.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സൈൽസ് ടാക്സ് ഓഫീസിൽ നിന്ന് പരിശോധനക്ക് വന്നു. രെജിസ്ട്രേഷൻ എടുക്കാൻ ആവശ്യപ്പെട്ടു. അത് എടുക്കുകയും ചെയ്തു. പിന്നീടാണ് ലേബർ വകുപ്പിൽ നിന്നും ഇതേ പോലെ പരിശോധനക്ക് വന്നിട്ട് ലൈസെൻസ് എടുക്കാൻ പറഞ്ഞത്. മറ്റാരും ഇല്ലാതെ ഞാൻ തനിച്ചാണല്ലോ കച്ചവടം നടത്തുന്നത് എന്ന് ഭവ്യതയോടെ ചോദിച്ചപ്പോളും ലൈസെൻസ് വേണമെന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ മറുപടി. തിരുവായ്ക്ക് എതിർവാ ഇല്ലല്ലോ? അതും അനുസരിച്ചു.
ഒരു ദിവസം ഹെൽത്ത്‌ ഇൻസ്പെക്ടർ വന്ന് പരിശോധിച്ചിട്ട് പറഞ്ഞു. ‘വാസുദേവൻ ഈ മുളക് പൊടിയിൽ മായം ചേർത്തിയിട്ടുണ്ട്. അത് വലിയ ശിക്ഷയും പിഴയുമുള്ള കാര്യമാണ്’.
‘സാർ, അത് ഞാൻ പൊടിക്കുന്നതല്ല. ഞാൻ വാങ്ങിയ സ്ഥലം പറയാം’ ഞാൻ ഭവ്യതയോടെ പറഞ്ഞു.
‘അതൊന്നും ഞങ്ങൾക്ക് കേൾക്കേണ്ട. ഞങ്ങളുടെ നിയമപ്രകാരം ഷോപ്പുകാരാണ് കുറ്റക്കാർ’ അദ്ധേഹത്തിന്റെ മറുപടിയിൽ ഒരു ദയയും കണ്ടില്ല.
പിന്നെയും ശിക്ഷയെപറ്റിയൊക്കെ അദ്ദേഹവും മറ്റ് ഉദ്യോഗസ്ഥന്മാരും പറഞ്ഞു കൊണ്ടിരുന്നു. ഞാനാകെ ഭയപ്പെട്ടു. അപ്പോൾ ഒരു ഉദ്യോഗസ്ഥൻ എ ന്നോട് രഹസ്യമായി പറഞ്ഞു. ‘ കുറച്ച് പൈസ കൊടുത്താൽ നമുക്കീ പ്രശ്നം ക്ലിയർ ആക്കാം’.
ഞാനെന്താണീ കേൾക്കുന്നത്? ഗാന്ധിജിയുടെ നാട്ടിൽ ഗാന്ധിയനായ ഞാൻ കൈക്കൂലി കൊടുക്കേ … ആലോചിക്കാൻ വയ്യ.
‘നോക്കൂ ഞാനൊരു ഗാന്ധിയാണ്. കൈക്കൂലി കൊടുക്കില്ല, മറ്റ് ഒരു വഞ്ചനയും ചെയ്യില്ല’ ഞാനെന്റെ പോളിസി പറഞ്ഞു
‘ഞങ്ങളും ആവശ്യപ്പെട്ടത് ഗാന്ധിജിയുടെ പടമുള്ള നോട്ട് ആണ്’. നിസ്സാരഭാവത്തിൽ ആ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞാൻ അതിന്ന് തയ്യാറായില്ല. ശിക്ഷ ഏറ്റുവാങ്ങി.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം ഒരു വർഷം കഴിഞ്ഞപ്പോൾ കട പൂട്ടി. പൂട്ടിച്ചു എന്ന് പറയുന്നതായിരിക്കും ശെരി.
വെറുതെ ഇരിക്കാൻ മനസ്സ് വരുന്നില്ല. ഇനി എന്ത് ചെയ്യണമെന്ന് ജബ്ബാറിന്റെ ഉപദേശം തേടി ചെന്നു.
ജബ്ബാറിനോട് എല്ലാ വിവരവും പറഞ്ഞു. ജബ്ബാറിന്റെ ഉപദേശപ്രകാരം മൂന്ന് തട്ട് വണ്ടികൾ ഉണ്ടാക്കിച്ചു. വീടിന്റെ മുൻഭാഗത് റോഡിനോട് ചേർന്ന് മൂന്ന് വണ്ടികൾ സ്ഥാപിച്ചു. സർക്കാർ വക സ്ഥലത്ത് പകിടിയോ അഡ്വാൻസൊ വാടകയോ ഇല്ലാതെ കച്ചവടം ചെയ്യാമെന്ന് ജബ്ബാർ ഉപദേശിച്ചു.ഒരു വണ്ടിയിൽ പച്ചക്കറികളും മറ്റേതിൽ ചായക്കടയും ഒടുവിലെത്തേതിൽ ചെറിയ പലചരക്ക് സാധനങ്ങളും വിൽക്കാൻ വെച്ചു. പഴയ തൂക്കമെഷീൻ തന്നെ ഉപയോഗിച്ചു. സഹായത്തിന്നായി രണ്ട് ബംഗാളികളെ ജോലിക്കെടുത്തു.
ഞങ്ങളുടെ ചുറ്റുമുള്ള പീടികകളുടെ മുന്നോട്ട് ഇറക്കി കെട്ടിയ ട്രസ്സ് പൊതുമരാമാത്തുകാർ പൊളിക്കാൻ ആവശ്യപ്പെട്ടു. വഴിയാത്രക്കാർക്ക് നടക്കാൻ ബുദ്ധിമുട്ടാണത്രെ. എന്നാൽ എന്റെ മൂന്നു തട്ടുകടകളും റോഡിലായിട്ട് പോലും അവർ അത് മാറ്റാൻ പറഞ്ഞില്ല.
കുറച്ചു ദിവസം .കഴിഞ്ഞപ്പോൾ ഹെൽത്ത് വകുപ്പിൽ നിന്ന് പരിശോധിക്കാൻ ആളുകൾ വന്നു. എന്റെ തട്ടുകടയിൽ വന്നില്ല. ഞാൻ ആലോചിക്കുകയായിരുന്നു, എന്തായിരിക്കും അതിനു കാരണമെന്ന്. അപ്പോഴാണ്‌ ജബ്ബാർ വന്നത്.
ഞാൻ വിവരം ജബ്ബാറിനോട്‌ പറഞ്ഞു.
‘എന്റെ ചായക്കടയിൽ ജോലി ചെയ്യുന്ന ബംഗാളികൾ തീരെ വൃത്തിയില്ലാത്തവരാണ്. ഗ്ലാസുകൾ കഴുകുന്നത് ഒരു ചെറിയ പ്ലാസ്റ്റിക് വട്ടപാത്രത്തിൽ വൃത്തിയല്ലാത്ത വെള്ളത്തിലാണ്, വടകളും മറ്റും സൂക്ഷിച്ചിരിക്കുന്നത് ഈച്ച അറക്കുന്നിടത്തും. അത് എല്ലാവർക്കും ഈ ആപ്പീസർമാർക്കും നേരിട്ട് കാണാം. ഒരു പരാതിയുമില്ല. എന്താണ് കാരണം ജബ്ബാറെ?’
‘ഞാൻ അതിന്ന് മറുപടി പറയാം. അതിന്നു മുമ്പ് അങ്ങൊട്ട് ഒന്ന് നോക്കിയേ. അവിടെ തൂക്കമഷീൻ പരിശോധിക്കുന്നവർ വരുന്നു.” ഇതായിരുന്നു ജബ്ബാറിന്റെ മറുപടി.
ഞാനാകെ പേടിച്ചു. അന്ന് പരിശോധിച്ച് കേടാണെന്ന് പറഞ്ഞ മെഷീൻ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നല്ലൊരു പിഴ വരും എന്ന് ഉറപ്പാണ്.
പക്ഷെ, അവർ എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ തട്ടുകടയുടെ മുന്നിലൂടെ എതിർദിശയിലേക്ക് പോയി.
അപ്പൊൾ ജബ്ബാർ എന്റെ ചോദ്യത്തിന്നു മറ്റൊരു രീതിയിൽ മറുപടി തന്നു.
‘വാസുവേട്ടാ, ചേട്ടൻ ആദ്യം ഷോപ്പ് വാടകക്കെടുത്തു അതിന് പകിടിയും വാടകയും കൊടുത്തു കച്ചവടം ചെയ്തപ്പോൾ സർക്കാരിലേക്ക് സൈൽസ്ടാക്സ് അടച്ചു. പക്ഷെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായി. ഒരു പാട് നഷ്ടങ്ങളുണ്ടായി അല്ലെ?’
‘അതെ. പക്ഷെ ഇപ്പോൾ ഞാൻ ലൈസൻസ് എടുക്കുന്നില്ല, ഒരു ടാക്സും അടക്കുന്നില്ല, പകിടിയോ വാടകയോ ഇല്ലാതെ സർക്കാരിന്റെ സ്ഥലത്ത് കച്ചവടം നടത്തുന്നു. ഒരു വകുപ്പുകാരും കട പരിശോധിക്കുകയോ ചെയ്യുന്നില്ല. എന്താണ് കാരണം?’ ഞാൻ എന്റെ ചോദ്യം ആവർത്തിച്ചു.
‘അതാണ്‌ ഞാൻ പറഞ്ഞു വരുന്നത്… ചങ്ങമ്പുഴയുടെ കവിത വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ താഴെ മേമ്പോടിയിൽ ചേട്ടന്റെ കഥ എഴുതുന്ന ആൾ എഴുതും. അതാണ്‌ അതിന്റെ കാര്യം’ ജബ്ബാർ പറഞ്ഞു നിർത്തി.
അത്താണ് അത്താണ് കാര്യം.
———————–
മേമ്പൊടി:
കപടലോകത്തിലാൽമാർത്തമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments