Friday, May 17, 2024
HomeKeralaടോംസ്‌ (86) നിര്യാതനായി. (ബോബനും മോളിയും)

ടോംസ്‌ (86) നിര്യാതനായി. (ബോബനും മോളിയും)

ജോണ്‍സണ്‍ ചെറിയാന്‍
കോട്ടയം : ബോബനും മോളിയും കാര്‍ട്ടൂണിലെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്‌ഠ നേടിയ ടോംസ്‌ (അത്തിക്കളം വാടയ്‌ക്കല്‍ തോപ്പില്‍ വി.ടി. തോമസ്‌ -86) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. 1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ്‌ ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ്‌ സൈന്യത്തില്‍ ജോലി ചെയ്‌തിട്ടുള്ള ടോംസ്‌ കാര്‍ട്ടൂണിസ്‌റ്റായ ജ്യേഷ്‌ഠന്‍ പീറ്റര്‍ തോമസിനെ്‌ പിന്തുടര്‍ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്‌ക്കെത്തുന്നത്‌.
പിന്നീട്‌ അയല്‍വീട്ടിലെ കുട്ടികളായ ബോബനും മോളിയുമാണു വിഖ്യാതമായ ബോബനും മോളിയ്‌ക്കും നിമിത്തമായത്‌. ദീപികയില്‍ കാര്‍ട്ടൂണിസ്‌റ്റായി തുടങ്ങിയ ടോംസ്‌ 1961 മുതല്‍ 1987 വരെ മലയാള മനോരമയിലും കാര്‍ട്ടൂണിസ്‌റ്റായി. വരകളിലൂടെയും വാക്കുകളിലൂടെയും മലയാളിയുടെ സങ്കുചിതത്വവും പിന്തിരിപ്പന്‍ ചിന്താഗതിയും കോറിയിട്ട് ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കിയ ഉത്സവമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തിയത് തന്റെ ജന്മഗ്രാമമായ ആലപ്പുഴയിലെ വെളിയനാട്ടുനിന്നായിരുന്നു. അരനൂറ്റാണ്ടിലേറെ തുടര്‍ച്ചയായി വരച്ചിരുന്ന ടോംസ്‌ ഒരു വര്‍ഷം രോഗബാധിതനായതിനെത്തുടര്‍ന്നാണു വര നിര്‍ത്തിയത്‌. അയല്‍വീട്ടിലെ കുട്ടികളായിരുന്ന ബോബനും മോളിയും വേലി ചാടി തന്റെ വീടിന്റെ അടുക്കള വഴി സ്‌കൂളിലേക്കു പോയിരുന്നതില്‍ നിന്നാണു മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ബോബനു മോളിയും പിറന്നത്‌. ടോംസിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ കഥാപാത്രങ്ങളുടെ പേരുകള്‍ പിന്നീട്‌ സ്വന്തം മക്കള്‍ക്കും നല്‍കിയിരുന്നു. ആനുകാലിക സംഭവങ്ങളെ ഇത്രത്തോളം ലളിതമായി കാര്‍ട്ടൂണിലെ അപഗ്രഥിച്ച മറ്റൊരു കാര്‍ട്ടൂണിസ്‌റ്റുമുണ്ടാകില്ല. രാഷ്‌ട്രീയ, മത മേലധ്യക്ഷന്‍മാരെയെല്ലാം രൂക്ഷമായി കാര്‍ട്ടൂണിലെ വിമര്‍ശിച്ചിരുന്നുവെങ്കിലും ഒരാള്‍ പോലും അദ്ദേഹത്തെ എതിര്‍ത്തിരുന്നില്ല.
ഭാര്യ:  ത്രേസ്യാക്കുട്ടി
മക്കള്‍ : ബോബന്‍ (ടോംസ്‌ പബ്ലിക്കേഷന്‍സ്‌), മോളി, റാണി(ആരോഗ്യവകുപ്പ്‌), ഡോ. പീറ്റര്‍(യു.കെ.), ബോസ്‌ (ടോംസ്‌ പബ്ലിക്കേഷന്‍സ്‌), ഡോ. പ്രിന്‍സി( സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍, ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍ മുംബൈ).
മരുമക്കള്‍ : ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍, പോള്‍ ഐസക്‌ നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. റ്റോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ).
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments